തിരുവനന്തപുരം > പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിൻവാതിൽനിയമനങ്ങൾ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രിവരെ ഇതുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണ്. നാല് വർഷം ഏഴ് മാസക്കാലയളവിൽകഴിഞ്ഞ യുഡിഎഫ് സർക്കരിനേക്കാൾറാങ്ക്‌ലിസ്‌റ്റ് ഈ സർക്കാർ പ്രസിദ്ധീകരിച്ചു. പൊലീസിൽ 13825 നിയമനം നടത്തി. യുഡിഎഫ് ഭരണകാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. എൽഡിസിയിൽ 19120. യുഡിഎഫ് കാലയളവിൽ ഇത് 17711 മാത്രമായിരുന്നു. കേവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടാണ് സർക്കാർ ഈ രീതിയിൽ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,57,990 നിയമന ശുപാർശകളാണ് ഈ സർക്കാരിന്റെ കാലത്ത് പിഎസ്‌സി നൽകിയത്. 27000 സ്ഥിരം തസ്‌തികകൾ സൃഷ്‌ടിച്ചു. ഇതുൾപ്പെടെ 44000 പുതിയ തസ്‌തികകളാണ് സൃഷ്‌ടിച്ചത്. ഈരീതിയിൽ നിയമനങ്ങളും നിയമന ശുപാർശകളും നടപ്പാക്കി എന്നതാണ് കണക്ക്. പ്രധാന തസ്‌തികകളിലെ കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
എൽഡിസിയിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 1,77,11 നിയമനങ്ങൾ നടത്തിയപ്പോൾ എൽഡിഎഫ് 1,91,20 നിയമനങ്ങൾ നടത്തി. പൊലീസ്: യുഡിഎഫ് (4796), എൽഡിഎഫ് (13825). എൽപിഎസ്‌എ (എൽ പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ് (1630), എൽഡിഎഫ് (7322). യുപിഎസ്‌എ (യു പി സ്‌കൂൾ അസിസ്റ്റന്റ്): യുഡിഎഫ് (802), എൽഡിഎഫ് (4446). സ്‌റ്റാഫ് നഴ്‌സ് ഹെൽത്ത്: യുഡിഎഫ് (1608), എൽഡിഎഫ് (3607). അസിസ്‌റ്റന്റ് സർജൻ ഹെൽത്ത്: യുഡിഎഫ് (2435), എൽഡിഎഫ് (3324). സ്‌റ്റാഫ് നഴ്‌സ് മെഡിക്കൽ: യുഡിഎഫ് (924), എൽഡിഎഫ് (2200). ഇതുകൂടാതെ ആദിവാസി വിഭാഗത്തിൽ നിന്ന് സ്‌പെഷ്യൽ പൊലീസ്, എക്‌സൈസ് വകുപ്പുകളിൽ നിയമനം നടത്തിയിട്ടുണ്ട്.
പ്രതിപക്ഷ സമരം യഥാർത്ഥത്തിൽ സംസ്ഥാനത്തെ ഉദ്യോഗാർത്ഥികളുടെ താൽപര്യത്തിന് വിരുദ്ധമാണ്. എല്ലാ അപവാദ പ്രചാരണങ്ങളും കുത്സിത നീക്കങ്ങളും പൊളിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്. റാങ്ക് ലിസ്‌റ്റിലുള്ള മുഴുവൻപേർക്കും നിയമനം എന്നത് പ്രായോഗികമാണെന്ന് മുൻ മുഖ്യമന്ത്രിക്ക് പറയാൻ കഴിയുമോ?. കാലാവധി കഴിഞ്ഞ ലിസ്‌റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്തണണെന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രിതന്നെ രംഗത്തുവരുന്നത് ആശ്ചര്യകരമായ കാര്യമാണ്. സമരത്തെ ഉപയോഗിച്ച് രാഷ്‌ട്രീയനേട്ടം കൊതിക്കുന്ന പ്രതിപക്ഷത്തിന്റേത് കുത്സിത നീക്കമണ്. 2020 ജൂണിൽ കാലാവധി അവസാനിച്ച സിപിഒ റാങ്ക് ലിസ്‌റ്റ് പുനരുജ്ജീവിപ്പിക്കണം എന്നതാണ് ഒരാവശ്യം. കാലഹരണപ്പെട്ട ലിസ്‌റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക?. അങ്ങനെ ഏതെങ്കിലും നിയമം നാട്ടിലുണ്ടോ?. അതറിയാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാക്കൾ അടിസ്ഥാനമില്ലാത്ത കാര്യം ഉന്നയിച്ച് സമരം നടത്തുന്നത്. ഉദ്ദ്യോഗം മോഹിക്കുന്ന യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ.
സിപിഒ റാങ്ക്‌ലിസ്‌റ്റിൽ സർക്കാർ ഏതെങ്കിലും തരത്തിലുള്ള അലംഭാവം കാണിച്ചിട്ടുണ്ടോ?. അവർക്ക് അവസരം നിഷേധിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായോ?. 2021 ഡിസംബർ വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയാണ് ഉണ്ടായത്. പിഎസ്‌സി ഉദ്യോഗാർത്ഥികൾ നാടിന്റെ സന്തതികളാണ്. ചെയ്യാൻ കഴിയുന്നത് പരമാവധി ചെയ്യുക എന്ന സമീപനമാണ് സർക്കാരിനുള്ളത് - മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂള്‍ അടച്ചുപൂട്ടലല്ല, ഏറ്റെടുക്കലാണ് എല്‍ഡിഎഫ് നയം: മുഖ്യമന്ത്രി
തിരുവനന്തപുരം > പൊതുവിദ്യാലയങ്ങളെ സംരക്ഷിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടത്തിലാകുന്ന എയ്ഡഡ് സ്‌കൂളുകള്‍ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തില്‍ അതിവിദൂരമായിരുന്നില്ല. എന്നാല്‍ സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരിണിത്. അതുകൊണ്ടു തന്നെ പൊതുവിദ്യാലയങ്ങള്‍ പൂട്ടിപ്പോകുന്നത് നോക്കിനില്‍ക്കാതെ, അവ ഏറ്റെടുക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്കുയര്‍ത്താനും ആവശ്യമായ ശ്രമങ്ങളാണ് ആദ്യ നാളുകള്‍ മുതല്‍ നടത്തി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നയത്തിന്റെ ഭാഗമായി പുതുതായി 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എല്‍.പി.എസ്. (കഞ്ഞിപ്പാടം), എന്‍.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എല്‍.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നിവയാണ് ആ സ്‌കൂളുകള്‍.
ഈ വിദ്യാലയങ്ങള്‍ ഏറ്റെടുക്കുക മാത്രമല്ല, ഏറ്റവും നല്ല സൗകര്യങ്ങളൊരുക്കി ആ പ്രദേശത്തെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുമെന്നു കൂടെ സര്‍ക്കാര്‍ ഉറപ്പു വരുത്തും. വിദ്യാലയങ്ങള്‍ ഭാവിയിലേയ്ക്കുള്ള നിക്ഷേപങ്ങളാണ്. അതിനാല്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഈ സര്‍ക്കാര്‍ തയ്യാറല്ല. പൊതുസമൂഹത്തെ കൂടെ നിര്‍ത്തി നമ്മുടെ പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്‍പോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
No comments:
Post a Comment