Tuesday, February 9, 2021

തിരിച്ചുവരവിന്റെ പാതയില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍; കെല്ലില്‍ പവര്‍ ട്രാന്‍ഫോര്‍മര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കൊച്ചി > സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ തിരിച്ചുവരവിന്റെ പാതയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  2016ല്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ വ്യവസായിക മേഖല വലിയ തളര്‍ച്ച നേരിടുകയായിരുന്നു. കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷം നാം നടപ്പിലാക്കിയ ആധുനികവത്കരണവും വൈവിധ്യവത്കരണവും വന്‍തോതിലുള്ള പുരോഗതിയാണ് ഈ മേഖലക്ക് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ വ്യവസായ സ്ഥാപനം  കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ (കെല്‍) മാമല യൂണിറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പവര്‍ ട്രാന്‍ഫോര്‍മര്‍ പ്ലാന്റിന്റെയും ഇ- വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ യുവതയുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദൗത്യമാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ജയരാജന്‍ വ്യക്തമാക്കി.  വൈദ്യുതിവകുപ്പ്  മന്ത്രി എം എം മണി ചടങ്ങില്‍ വിശിഷ്ട അതിഥിയായി.

കെഎസ്ഇബിക്ക് പുറമെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന കെല്‍ പവര്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്. 12.5 കോടി രൂപ മുതല്‍മുടക്കിലാണ് 10 മെഗാവോള്‍ട്ട് ആംപിയര്‍ വരെയുള്ള പവര്‍ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റ് സജ്ജമാക്കിയത്. ഇലക്ട്രിക് വാഹന നയം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്ക് മുതല്‍കൂട്ടാണ് ചാര്‍ജ്ജിംഗ് സ്റ്റേഷന്‍. ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള പദ്ധതിയും കെല്‍ നടപ്പാക്കുന്നുണ്ട്.  ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിക്കുന്ന ഇന്‍ഡസ്ട്രി-യൂണിവേഴ്‌സിറ്റി ചെയറിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. പൊതുമേഖലയില്‍ ഗവേഷണത്തിനുള്ള അപര്യാപ്തത പരിഹരിച്ച് നൂതനമായ ഉത്പ്പന്നങ്ങളുടെ വ്യാവസായിക നിര്‍മ്മാണത്തിന് വഴിയൊരുക്കുകയാണ്  ഇന്‍ഡസ്ട്രി-യൂണിവേഴ്‌സിറ്റി ചെയറിന്റെ ദൗത്യം. കോഴിക്കോട് എന്‍ഐടി, തിരുവനന്തപുരം എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി റിസര്‍ച്ച് പാര്‍ക്ക്, തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കുസാറ്റ് തുടങ്ങിയ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് കെല്ലിന്റെ ഈ പ്രവര്‍ത്തനം.

വി.പി. സജീന്ദ്രന്‍ എം എല്‍ എ , കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.കുമാരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്., കെല്‍ ചെയര്‍മാന്‍ വര്‍ക്കല വി രവി കുമാര്‍, കെല്‍ എം.ഡി ഷാജി.എം.വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

ഓട്ടോകാസ്റ്റിന് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സില്‍ നിന്ന് 27 കോടിയുടെ ഓര്‍ഡര്‍

തിരുവനന്തപുരം > സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡുമായി കൈകോര്‍ത്ത് മൂല്യവര്‍ധിത കാസ്റ്റിങ് കയറ്റുമതി രംഗത്തെ പ്രമുഖ സ്ഥാപനം ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ്. 27 കോടി രൂപയുടെ വാര്‍ഷിക ഓര്‍ഡര്‍ കൈമാറി. തിരുവനന്തപുരത്ത് വ്യവസായമന്ത്രി ഇ പി ജയരാജന്റെ സാന്നിധ്യത്തില്‍ ഓര്‍ഡര്‍ കൈമാറി. ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് സിഇഒ എസ് ജ്ഞാനശേഖര്‍,  ബിസിനസ് മാനേജര്‍  അര്‍ഷാദ് മുഹമ്മദ് തന്‍വീര്‍, ഓട്ടോകാസ്റ്റ് എംഡി അനില്‍കുമാര്‍, ചെയര്‍മാന്‍ കെഎസ് പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യുകെയിലേയും ഇറ്റലിയിലേയും വിവിധ പദ്ധതികള്‍ക്കായാണ് ക്യൂ ആന്‍ഡ് ക്യൂ സൊല്യൂഷന്‍സ് ഓട്ടോകാസ്റ്റില്‍ നിന്ന് കാസ്റ്റിങ്ങുകള്‍ വാങ്ങുന്നത്. ജെസിബി വാഹനങ്ങള്‍ക്കായുള്ള ഫ്‌ളാഞ്ച് ഹബ്ബ്, വ്യവസായ ഹൗസിങ് കാസ്റ്റിങ്, വിവിധ ബിയറിങ് ബ്രാക്കറ്റ്, ഗിയര്‍ബോക്‌സ് സപ്പോര്‍ട്ട് എന്നിങ്ങനെ 12 കാസ്റ്റിങ്ങുകള്‍ക്കായാണ് ഓര്‍ഡര്‍. പ്രതിമാസം രണ്ടേകാല്‍ കോടി രൂപയുടെതാണ് ഓര്‍ഡര്‍. മാസത്തില്‍ 265 മെട്രിക് ടണിന്റെയും വര്‍ഷത്തില്‍ 3200 മെട്രിക് ടണിന്റെയും കാസ്റ്റിങ് ഓട്ടോകാസ്റ്റ് നിര്‍മ്മിച്ച് നല്‍കും.

മാരുതിയ്‌ക്കും ഇന്ത്യന്‍ റെയില്‍വേയ്‌ക്കും പിന്നാലെ കൂടുതല്‍ ഓര്‍ഡറുകളെത്തുന്നത് ഓട്ടോകാസ്റ്റ് ലിമിറ്റഡിന് മുതല്‍കൂട്ടാണ്. പ്രതിമാസം 500 മെട്രിക് ടണ്‍ ഉത്പാദനം എന്ന പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുകയാണ് സ്ഥാപനം. നഷ്ടത്തിലേക്ക് കൂപ്പുകുത്തി തകര്‍ച്ചയുടെ വക്കിലായിരുന്ന സ്ഥാപനമാണ് ജീവനക്കാരുടെ കൂട്ടായ പ്രയത്‌നത്തിന്റെ കൂടി ഫലമായി മുന്നേറുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഓട്ടോകാസ്റ്റിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ്.

ഓട്ടോകാസ്‌റ്റിൽ വാഹനചാർജിങ്‌ സ്‌റ്റേഷനായി; ഇനി മാസാമാസം ലാഭം 20 ലക്ഷം

ആലപ്പുഴ > ചേർത്തല ഓട്ടോകാസ്‌റ്റിൽ  ഇലക്‌ട്രിക് വാഹന ചാർജിങ് സ്‌റ്റേഷനും ബോഗി നിർമാണത്തിനുള്ള ആർക്ക് ഫർണസും ഉദ്‌ഘാടനംചെയ്‌തു.  രണ്ട്‌ മെഗാ വാട്ടിന്റെ സൗരോർജ പ്ലാന്റിന്റെയും നിർമാണവും തുടങ്ങി. പ്ലാന്റ്‌ യാഥാർഥ്യമാകുന്നതോടെ മാസം 20 ലക്ഷമാണ്‌ ഓട്ടോകാസ്‌റ്റിന്‌ ലാഭിക്കാനാകുക. മന്ത്രി ഇ പി ജയരാജനാണ്‌ പദ്ധതികൾ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തത്‌.

 അനർട്ടിന്റെ സഹായത്തോടെയാണ്‌ ജില്ലയിലെ ആദ്യ ചാർജിങ്‌ സ്‌റ്റേഷൻ. ഒരേ സമയം മൂന്ന്‌ വാഹനങ്ങൾക്ക്‌ ഇവിടെ ചാർജ്‌‌ ചെയ്യാനാകും. കൂടാതെ 500 ടണ്ണെന്ന പ്രഖ്യാപിത ഉൽപ്പാദന ലക്ഷ്യത്തിലേക്കും ഓട്ടോകാസ്‌റ്റ്‌ അടുത്തു. ഡിസംബറിൽത്തന്നെ 400 മെട്രിക് ടൺ ഉൽപ്പാദനം കൈവരിച്ചിരുന്നു. അടുത്ത വർഷംമുതൽ 500 ടണ്ണിലേക്ക്‌ എത്താനാകുമെന്നാണ്‌ പ്രതീക്ഷ. മന്ത്രി  തോമസ് ഐസക് അധ്യക്ഷനായി. കാസ്‌റ്റിങ്ങുകളുടെ ക‌ൃത്യത ഉറപ്പാക്കുന്ന കംപ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ മെഷീൻ, ഹൈഡ്രോളിക് പ്രസ്, ട്രാൻസ്‌ഫോർമറുകൾ എന്നിവ മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനംചെയ്‌തു.

 ഷോട്ട് ബ്ലാസ്‌റ്റിങ് മെഷീൻ എ എം ആരിഫ് എംപിയും നോളജ് സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ ജി രാജേശ്വരിയും ഉദ്ഘാടനംചെയ്‌തു. കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, ഓട്ടോകാസ്‌റ്റ്‌ ഡയറക്‌ടർ കെ രാജപ്പൻനായർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, ചെയർമാൻ കെ എസ് പ്രദീപ്‌കുമാർ, ഡയറക്‌ടര്‍ എസ് രാധാക‌ൃഷ്‌ണൻ, എംഡി വി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment