ന്യൂഡൽഹി > ബിഹാറിൽ കോവിഡ് സ്ഥിതിവിവരകണക്കുകളിൽ കൃത്രിമം കാണിച്ച് വൻ തട്ടിപ്പ്. പരിശോധനാകണക്കുകളിൽ കൃത്രിമം കാണിച്ചാണ് അധികൃതർ കോവിഡ് നിയന്ത്രണവിധേയമായെന്ന് അവകാശപ്പെടുന്നതെന്ന് ‘ഇന്ത്യൻ എക്‌സ്‌പ്രസ്’ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. കോവിഡ് കണക്കുകളിലെ ഗുരുതരമായ വൈരുധ്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ബിഹാർ ആരോഗ്യവകുപ്പ് അറിയിച്ചു.
ജനുവരി 16,18,25 തിയതികളിൽ ജമുയ് ജില്ലയിലെ മൂന്ന് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ 588 പേർ കോവിഡ് പരിശോധനയ്‌ക്ക് വിധേയരായെന്നാണ് ഔദ്യോഗിക കണക്ക്. 588 പേരിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ‘ഇന്ത്യൻ എക്‌സ്‌പ്രസ്’ നടത്തിയ അന്വേഷണത്തിൽ 120 പേർ മാത്രമാണ് യഥാർഥത്തിൽ പരിശോധനയ്‌ക്ക് വിധേയരായിട്ടുള്ളതെന്ന് തെളിഞ്ഞു. പരിശോധനയ്‌ക്ക് വിധേയരായെന്ന് കണക്കിൽ പറഞ്ഞിട്ടുള്ള ബാക്കി 468 ആൾക്കാരുടെയും പേരുകളും മേൽവിലാസങ്ങളും മൊബൈൽനമ്പറുകളും വ്യാജമാണ്.
രേഖയിൽ കാണിച്ചിട്ടുള്ള ഭൂരിഭാഗം മൊബൈൽനമ്പറുകളും നിലവിൽ ഇല്ലാത്തതാണ്. ചില നമ്പറുകൾ മറ്റ് സംസ്ഥാനങ്ങളിലോ ജില്ലകളിലോ താമസിക്കുന്നവരുടേതാണ്. ഇവർക്ക് കോവിഡ് പരിശോധനയുമായി യാതൊരു ബന്ധവുമില്ല. പ്രാഥമികആരോഗ്യകേന്ദ്രങ്ങളിലെ ചില ജീവനക്കാരുടെ നമ്പറുകളും പരിശോധന നടത്തിയവരുടേതെന്ന് അവകാശപ്പെട്ട് നൽകിയിട്ടുണ്ട്. ജമുയ് ജില്ലയ്‌ക്ക് പുറമേ പട്‌ന, ഷെയ്‌ക്ക്‌പുര ജില്ലകളിലും കോവിഡ് പരിശോധനാകണക്കുകളിൽ വൻതട്ടിപ്പ് നടത്തിയതായി ‘ഇന്ത്യൻ എക്‌സ്‌പ്രസ്’ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് പശ്‌ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലെടുത്തിരുന്ന 20 ലക്ഷത്തോളം അതിഥിതൊഴിലാളികൾ മടങ്ങിയെത്തിയതിനെ തുടർന്ന് ബിഹാറിൽ ആരോഗ്യമേഖലയിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച രീതിയിലുള്ള പ്രശ്‌നങ്ങൾ ഒന്നും ഇതുവരെ അവിടെ ഉണ്ടായില്ലെന്ന് ഔദ്യോഗികകണക്കുകൾ വ്യക്തമാക്കുന്നു.
ഇതുവരെ 2,61,447 പോസിറ്റീവ് കേസുകളും 1,518 മരണങ്ങളുമാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. സംസ്ഥാനത്ത് നിലവിൽ 718 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോവിഡിനെ നിയന്ത്രണ വിധേയമാക്കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബിഹാറിനെ കണക്കാക്കുന്നത്. കണക്കുകളിൽ വലിയ കൃത്രിമം കാണിച്ചാണ് ഈ നിലയിലേക്ക് എത്തിയതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ബിഹാറിൽ മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളിലും കോവിഡ് പരിശോധനയുടെയും സ്ഥിതിവിവരകണക്കുകളുടെയും കാര്യത്തിൽ കൃത്രിമം നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനങ്ങൾ പുറത്തുവിടുന്ന കണക്കുകൾ സൂക്ഷ്‌മമായി വിശകലനം ചെയ്യാനോ പരിശോധനകൾക്ക് മേൽനോട്ടം വഹിക്കാനോ ആവശ്യമായ സംവിധാനങ്ങൾ നിലവിൽ ഇല്ലെന്നതും വസ്‌തുതയാണ്. ചില പ്രാഥമികആരോഗ്യകേന്ദ്രങ്ങളിൽ ടെസ്‌റ്റ്‌കിറ്റുകളുടെ പേരിൽ വലിയ അഴിമതി നടക്കുന്നുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
No comments:
Post a Comment