Thursday, February 11, 2021

ഭീമ കൊറഗാവ്: സാമൂഹിക പ്രവര്‍ത്തകരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണം: പിബി

ന്യൂഡല്‍ഹി> ഭീമ കൊറഗാവ് സംഭവത്തില്‍ സാമൂഹികപ്രവര്‍ത്തകരുടെ പേരില്‍ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സാമൂഹികപ്രവര്‍ത്തകന്‍ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമച്ചുവെന്ന് രാജ്യാന്തരവിദഗ്ധര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് പിബി ആവശ്യപ്പെട്ടു.

റോണ വില്‍സന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഇ--മെയില്‍ വഴി അദ്ദേഹത്തിന്റെ കപ്യൂട്ടറില്‍ മാല്‍വെയ്ര്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്നും ഹാക്കിങ്ങിനു വഴിയൊരുക്കിയെന്നും അമേരിക്കയിലെ ഫൊറന്‍സിക് ലാബ് കണ്ടെത്തി. വിദഗ്ധര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.  അദ്ദേഹത്തിന്റെ അറസ്റ്റിനു രണ്ട് വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ മെയിലുകള്‍ അയച്ചത്. 'ഗൂഢാലോചനയ്ക്ക്' തെളിവായി എന്‍ഐഎ അവകാശപ്പെട്ടത് ഈ മെയിലുകളാണ്. റോണ വില്‍സന്‍ ഈ മെയിലുകളുടെ കാര്യം അറിഞ്ഞിട്ടില്ല.

   ഭീമ കൊറഗാവ് കേസില്‍ കംപ്യൂട്ടര്‍ ഹാക്കിങ് വഴി മാരകമായ സാങ്കേതിക ആയുധമാണ് മോഡിസര്‍ക്കാര്‍ ഉപയോഗിച്ചത്. ഭാവിയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെയും ഇതു പ്രയോഗിച്ചേക്കാം. പ്രാഥമിക അന്വേഷണത്തില്‍ നടന്നതുപോലെ ഇക്കാര്യം മൂടിവയ്ക്കാന്‍ അനുവദിക്കരുതെന്നും വസ്തുത പുറത്തുവരണമെന്നും  പിബി ആവശ്യപ്പെട്ടു.

ഭീമ കൊറേഗാവ്‌ കേസ് :ലാപ്‌ടോപ് തെളിവുകൾ വ്യാജമെന്ന്‌ റിപ്പോർട്ട്‌

ന്യൂഡൽഹി> ഭീമ കൊറേഗാവ്‌ കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശപ്രവർത്തകരെ കുടുക്കിയ "തെളിവുകൾ' ലാപ്‌ടോപ്പിൽ ഹാക്കർമാർ തിരുകിയതാണെന്ന്‌ ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ട്‌.

മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ആഴ്സണൽ കൺസൾട്ടിങ്‌ ഡിജിറ്റൽ ഫോറൻസിക് ലാബാണ്‌ പരിശോധനനടത്തിയത്‌. അറസ്‌റ്റിലായ റോണ വിൽസണിന്റെ ലാപ്‌ടോപ്പിന്റെ ഇലക്ട്രോണിക്‌ പതിപ്പ്‌ അഭിഭാഷകന്റെ അപേക്ഷ പ്രകാരമാണ്‌ പരിശോധിച്ചത്‌.

വാഷിങ്‌ടൺ പോസ്‌റ്റിന്റെ അഭ്യർഥന പ്രകാരം പരിശോധനാഫലം വിലയിരുത്തിയ മൂന്നംഗ വിദഗ്‌ധസംഘം ഈ കണ്ടെത്തൽ സാധുവാണെന്ന്‌ വ്യക്തമാക്കി. ഈ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതിയിൽ റോണ വിൽസണെതിരായ കേസ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകൻ സുദീപ്‌ പസ്‌ബോള അപേക്ഷ നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാൻ മാവോയിസ്‌റ്റുകൾ പദ്ധതിയിട്ടു എന്നാരോപിച്ചാണ്‌ അഭിഭാഷകരും കവികളും അടക്കം ഒരു ഡസനിലേറെ മനുഷ്യാവകാശ പ്രവർത്തകരെ അറസ്‌റ്റുചെയ്‌തത്‌.

എൻഐഎ അന്വേഷിക്കുന്ന കേസിൽ കവി വരവരറാവു, വൈദികൻ സ്‌റ്റാൻ സ്വാമി, സുധഭരദ്വാജ്‌‌ തുടങ്ങിയവർ രണ്ടുവർഷമായി തടവിലാണ്‌.

No comments:

Post a Comment