തിരുവനന്തപുരം> കേരളത്തില്‍ എല്ലാ മേഖലയിലും വലിയ മാറ്റമുണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ നിന്നും കേരളം ഒരുപാട് മാറി. നാം ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. കേരളത്തിന്റെ യശസ് എല്ലാ തലത്തിലും ഉയര്‍ന്നു. ഒരു ചെറിയ സംസ്ഥാനമാണെങ്കിലും പ്രവൃത്തികള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലായെന്നും അദ്ദേഹം വ്യക്തമാക്കി. വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇതൊന്നും നടക്കില്ല എന്നതിന് മാറ്റം വന്നു എന്നത് തന്നെയാണ് ഓരോ മേഖലയും എടുത്താല്‍ കാണാനാകുക. കേരളത്തിലെ ജനങ്ങള്‍ തന്നെയാണ് ഇതിനിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളാണ് 5 വര്‍ഷക്കാലം കേരളം നേടിയ നേട്ടങ്ങളുടെയെല്ലാം നേരവകാശി. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തുവെന്ന ഹുങ്കില്ല. കാലാനുസൃതമായി മാറ്റം വേണമെന്ന് മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞത്. റോഡില്‍ ആളുകള്‍ ധാരാളം സമയം ചെലവഴിക്കുന്ന വിഷയത്തില്‍ പരിഹാരമുണ്ടാകണമായിരുന്നു. അതിനാവശ്യമായി ഭൂമി ഏറ്റെടുത്തേ മതിയാകു. അതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി ന്യായമായ നഷ്ടപരിഹാരവും ആവശ്യമായ പുനരധിവാസവുമൊക്കെ ഉറപ്പുവരുത്തി. ജനത്തിന് സംശയമുണ്ടായില്ല. ദേശീയ വാതാ വികസനത്തിനായി അവര്‍ പൂര്‍ണമായി സഹകരിച്ചു. ഇന്ന് ദേശീയ പാതാ വികസനം യാഥാര്‍ഥ്യമാകാത്ത ഒന്നാണെന്ന് ആര്‍ക്കും പറയാനാകില്ല.
കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഒന്നായിരുന്നു ഗെയില്‍ പൈപ്പ് ലൈന്‍. അത് നാട്ടുകാരുടെ ആകെ സഹകരണത്തോടെ പൂര്‍ത്തിയാക്കി. ഇതാണ് നാം കാണേണ്ടത്. നാടിന്റെ മാറ്റം ജനങ്ങള്‍ തന്നെ മുന്‍കയ്യെടുത്തുകൊണ്ടായിരുന്നു; അദ്ദേഹം പറഞ്ഞു
കിഫ്ബി വഴി 50,000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാര്‍ പറഞ്ഞതിന് വലിയ തോതില്‍ ആക്ഷേപം കേട്ടു. എന്നാലിപ്പോള്‍ 63,000 കോടിയുടെ പദ്ധതിയാണ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. സ്‌കൂള്‍,ആരോഗ്യ സ്ഥാപനം, റോഡ് എന്നിവയുടെയെല്ലാം അടിസ്ഥാന വികസനത്തിന് കിഫ്ബി വഴിയാണ് പണം കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുണ്ടാകും. അവരവരുടേതായ നയം പ്രചരിപ്പിക്കും.
എന്നാല്‍ ഈ കഴിഞ്ഞ 5 വര്‍ഷക്കാലം ഒട്ടേറെ കാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഏതെങ്കിലും ഒന്നിന് പ്രതിപക്ഷം അനുകൂലമായി ശബ്ദിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.എന്തിന് എതിര്‍ക്കുന്നു, എന്തിന് ജനത്തിന് ഉപകാരപ്രദമാകുന്നതിനെ എതിര്‍ക്കുന്നു. നാടിന് മുതല്‍ക്കൂട്ടാകുന്ന കാര്യത്തെ പോലും പരിഹസിച്ചു. എല്ലാ പ്രശ്‌നത്തിലും ഇതാണ് കാണാന്‍ കഴിഞ്ഞത്.
കോവിഡിനെ എങ്ങനെയാണ് നാം നേരിട്ടത്. ഒരുമയും ഐക്യവും അതിജീവന ശക്തിയുമാണ് നമ്മുടെ ജനത. അങ്ങനെയല്ലെ നാം അതിനെ അതിജീവിച്ചത്. നാടിന്റെ പ്രതികരണ ശേഷി കാണാതിരിക്കരുത്. ഡിജിറ്റല്‍ വിദ്യാഭ്യാസം ഏറ്റവും നന്നായി കൈകാര്യം ചെയ്തത് കേരളമാണെന്ന് ഇന്ത്യ കാണുന്നു. ഇതുമായി സഹകരിച്ച ജനങ്ങളോട് ഒരു നല്ല വാക്കെങ്കിലും പറയാന്‍ പ്രതിപക്ഷത്തെ ആരെങ്കിലും തയ്യാറായോ.നിങ്ങള്‍ അപനമാനിക്കുന്നത് ജനങ്ങളെയാണെന്ന് കണ്ടുകൊള്ളണം.
ഇത്തരത്തിലുള്ള വികസനമൊന്നും മുമ്പ് സ്വപ്‌നം കാണാന്‍ കഴിയുമായിരുന്നില്ല. നാടിന്റെ ആകെ വികസനം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എല്ലാ വിഭാഗം ആളുകളേയും സ്പര്‍ശിക്കുക എന്നതാണ്. എല്‍ഡിഎഫിന്റെ വികസന നയം സാമൂഹ്യ നീതിയിലധിഷ്ടിതമായ സര്‍വതല സ്പര്‍ശിയായ വികസനമെന്നാണ്. എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദനുഭവിക്കാന്‍ കഴിയുക എന്നതാണ്. നാടിന്റെ ക്ഷേമ പ്രവര്‍ത്തനം രാജ്യം ശ്രദ്ധിക്കുന്ന ഒന്നാണ്.
എല്‍ഡിഎഫ് അധികാരത്തിലെത്തുമ്പോഴുള്ള ക്ഷേമപ്രവര്‍ത്തനത്തിന്റെ സ്ഥിതി ഇതായിരുന്നില്ല. 18 മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശികയായിരുന്നു. ഇതാണവസ്ഥ. ഇന്നാ നിലയില്ല. എല്ലാവര്‍ക്കും കൃത്യമായി പെന്‍ഷന്‍ ലഭിക്കുകയാണ്. ചെയ്യാന്‍ പറ്റുന്നതെ പറയു. പറയുന്നത് ചെയ്തിരിക്കും. അതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍
നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നല്ലോ. എന്നാല്‍ നാടും സര്‍ക്കാരും അണിനിരന്നപ്പോള്‍ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞു. നാടിന്റെ അവസ്ഥയും രാജ്യത്തിന്റെ നിലയും പരിശോധിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ വലിയ തോതിലാണ് തകരുന്നത്. പൊതുമേഖല സ്ഥാപനത്തെ വിറ്റഴിച്ച് കാശുണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേരളം നല്ല നിലയില്‍ ബദല്‍ സൃഷ്ടിച്ചു. നാം പല ദുരന്തങ്ങള്‍ നേരിട്ടു. നല്ല രീതിയില്‍ നാം അതിനെ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ഗുരുതരമായ പ്രശ്‌നമാണ് തൊഴിലില്ലായ്മ. രാജ്യത്തിന്റെയും പ്രശ്‌നമാണത്. തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജാഥ അവസാനിക്കുന്ന ദിവസം കണക്കാക്കി അതിന്റെ അടുത്ത ദിനത്തില്‍, ഒരു വലിയ തെറ്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നു എന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നു. ആഴക്കടല്‍ മത്സബന്ധനവുമായി ബന്ധപ്പെട്ടായിരുന്നു അത്. നമ്മുടെ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ കാര്യത്തിലും എല്‍ഡിഎഫ് നയമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നാദ്യം മനസിലാക്കണം. നയം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പാര്‍ലമെന്റില്‍ എംപിമാര്‍ നിലപാട് സ്വീകരിച്ചത്.
വിദേശ ശക്തികള്‍ക്ക് ആഴക്കടല്‍, മത്സബന്ധനം നടത്തുന്നതിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് ഭരണ കാലത്താണ്. അന്നതിന് എല്‍ഡിഎഫ് എതിര്‍പ്പ് രേഖപ്പെടുത്തി. കോണ്‍ഗ്രസ് തിരുത്തിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
No comments:
Post a Comment