Monday, February 15, 2021

ബിപിസിഎൽ: കേന്ദ്രത്തിന്റെ ഇരട്ട വഞ്ചന

പ്രധാനമന്ത്രി ഇന്നലെ കൊച്ചിയിൽ ബിപിസിഎൽ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്റ്റൻഷൻ കോംപ്ലക്സ് ഉദ്ഘാടനംചെയ്‌തു. പ്രധാനമന്ത്രി നേരിട്ടെത്തിയതിൽനിന്ന് പദ്ധതിക്ക് നൽകിയിട്ടുള്ള പ്രാധാന്യമാണ് ജനങ്ങളുടെ മനസ്സിലേക്ക് വരുന്നത്. എന്നാൽ, ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം ബിപിസിഎൽ എന്ന മഹാരത്നം വിൽക്കാൻ തീരുമാനിക്കുകയും ഈവർഷം ജൂണിനു മുമ്പായിത്തന്നെ വിൽപ്പന നടപടികൾ പൂർത്തീകരിക്കുമെന്നുമുള്ള കേന്ദ്ര ധനവകുപ്പിന് കീഴിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ്‌ പബ്ലിക് അസെറ്റ് മാനേജ്മെന്റ് (ദിപം) അറിയിച്ച വാർത്തയാണ്‌. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്‌ ഒരു പദ്ധതി നൽകി എന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അതേസമയം വാങ്ങാൻ നിശ്ചയിച്ചിട്ടുള്ള കോർപറേറ്റുകൾക്ക്‌ സഹസ്രകോടികളുടെ സമ്മാനം നൽകാനുമാണ്‌ പ്രധാനമന്ത്രി തയ്യാറായിട്ടുള്ളത്‌.

കേന്ദ്ര സർക്കാരിന്റെ ബജറ്റിലും ഇടപാടുകളിലുമെല്ലാം ഇത്തരത്തിലുള്ള വഞ്ചനാപരമായ നിലപാടുകൾ കാണാം. ആറു തൂണിലായാണത്രെ ഇത്തവണ കേന്ദ്രബജറ്റ് കെട്ടി ഉയർത്തിയിരിക്കുന്നത്. പക്ഷേ, അവയെല്ലാം അസ്ഥിവാരമില്ലാത്തവയാണ്. മൂലധനം, ധനമൂലധനം, അടിസ്ഥാന സൗകര്യ വികസനം എന്ന രണ്ടാം തൂണ്‌ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. പൊതു ആസ്തി വിറ്റ് പണമാക്കലാണ്‌ ഈ തൂണിന്റെ അടിത്തറ. ബജറ്റ് പ്രസംഗത്തിന്റെ 84–-ാം ഖണ്ഡികയിൽ അത്തരത്തിൽ ഈവർഷം വിറ്റുതുലയ്‌ക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി നൽകിയിരിക്കുന്നത് ബിപിസിഎൽ ആണ്. പൊതുമേഖലയാകെ വിറ്റുതുലച്ച് നേടാൻ ലക്ഷ്യമിടുന്നത് 1.75 ലക്ഷം കോടിയാണ്. കോൺഗ്രസ്, ബിജെപി സർക്കാരുകൾ പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിന്‌, അവയ്ക്കു കാര്യക്ഷമത കുറവാണെന്നാണ് നേരത്തേ പറഞ്ഞിരുന്നതെങ്കിൽ, ഇപ്പോഴത്തെ കണ്ടുപിടിത്തം പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാതായാൽ മാത്രമേ സ്വകാര്യമൂലധനത്തിന്‌ കടന്നുവരാൻ കഴിയൂ എന്നാണ്. ഈ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സമീപനം വ്യക്തമാണ്. ഇത്തരം നയങ്ങൾക്കെതിരെയുള്ള ജനകീയ പ്രതിരോധത്തെ ദേശദ്രോഹികൾ, സമരജീവികൾ എന്നൊക്കെ അധിക്ഷേപിക്കുന്ന ഫാസിസ്റ്റ്‌ രീതിയാണ് കേന്ദ്ര സർക്കാരിന്റേത്.

അമേരിക്കയിലെ ഫിലിപ്സ് പെട്രോളിയം കോർപറേഷനുമായി ചേർന്ന് 1966ൽ രൂപീകരിച്ച കൊച്ചി റിഫൈനറിയുടെ അന്നത്തെ ശേഷി പ്രതിദിനം 50,000 ബാരൽ ആയിരുന്നത്, ബിപിസിഎൽ ഏറ്റെടുത്ത് 1.68 കോടി മെട്രിക് ടൺ പ്രതിവർഷ ശേഷിയിലേക്ക്‌ വളർത്തി. അതിനായി കഴിഞ്ഞ 10 വർഷത്തിനിടയിൽമാത്രം നടന്ന നിക്ഷേപം 30,000 കോടി രൂപയുടേതാണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണയോടെയാണ് ഈ സ്ഥാപനം ഇന്നത്തെ നിലയിലേക്ക് വളർന്നത്. കെ വാറ്റ് ഇനത്തിൽ 4500 കോടി രൂപയും സിഎസ്ടി ഇനത്തിൽ 3000 കോടി രൂപയും വർക്സ് കോൺട്രാക്ട് നികുതി റീ ഇംബേഴ്സ്മെന്റ് ഇനത്തിൽ 750 കോടി രൂപയും ഇളവു നൽകാമെന്ന് സംസ്ഥാന സർക്കാർ കരാറിലേർപ്പെട്ടത് പൊതുമേഖലയോടുള്ള പ്രതിബദ്ധത കൊണ്ടാണ്.

സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ 620.31 ഏക്കറിൽ സ്ഥാപിതമായ ഈ സ്ഥാപനം കേന്ദ്ര സർക്കാർ ഏറ്റെടുത്ത്‌ പൊതുമേഖലയിൽ നിലനിർത്തിയതിന്റെ തന്ത്രപരമായ പ്രാധാന്യം രാഷ്ട്രനിർമിതിയിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത സാമ്രാജ്യത്വ മുതലാളിത്ത ദാസൻമാർക്ക് മനസ്സിലാകില്ല. 1.60 ലക്ഷം കോടിയിലധികം ഓഹരിമൂല്യവും 2018 –- 19ൽമാത്രം 7132 കോടി രൂപയുടെ ലാഭമുണ്ടാക്കിയതുമായ ഈ കമ്പനി 74000 കോടി രൂപയ്ക്കാണ് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നീക്കം. അതായത് മാർക്കറ്റ് വിലയുടെ 46.25ശതമാനംമാത്രം. ജനങ്ങളുടെ സമ്പത്ത് കുത്തകകൾക്ക് ദാനം ചെയ്യുകയാണ്. കമ്പനിയുടെ 2019–- 20 ലെ വാർഷിക റിപ്പോർട്ട് പ്രകാരം 2016–- 17 ൽ 8039 കോടി രൂപ അറ്റലാഭം ഉണ്ടായിരുന്നത് വിൽപ്പനയിലോ മാർക്കറ്റ് ഷെയറിലോ ഉൽപ്പന്ന വിലയിലോ മാറ്റമില്ലാതിരുന്നിട്ടും 2019 –- 20ൽ ഒരു പ്രത്യേക കാരണവും ചൂണ്ടിക്കാണിക്കാനില്ലാതെ 2683 കോടിയായി കുത്തനെ കുറഞ്ഞത് പരിശോധിക്കേണ്ടതാണ്. കുത്തകകൾക്ക് കമ്പനി ചുളുവിലയ്‌ക്ക് നൽകാനുള്ള നീക്കത്തിന്റെ ഫലമാണിതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

വാർഷിക റിപ്പോർട്ട് പ്രകാരം കമ്പനിയുടെ വിപണി വിഹിതം 24.52 ശതമാനവും ആകെ വാർഷിക വിറ്റുവരവ് 3,27,580.78 കോടിയുമാണ്. 5246 കോടി രൂപയുടെ പ്രൊപലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ടു വഴി പ്രതിവർഷം 5000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിയും. കൊച്ചിൻ റിഫൈനറിയിൽ നിന്നുള്ള ഉപോൽപ്പന്നങ്ങളായ പ്രൊപലീൻ, എതിലീൻ എന്നിവ ഉപയോഗിച്ച് ഏറെ ആവശ്യകതയുള്ള പോളിയോളുകൾ ഉൾപ്പെടെയുള്ളവ ഉൽപ്പാദിക്കാനുള്ള 11,130 കോടിയുടെ പദ്ധതി പ്രവൃത്തിപഥത്തിലാണ്. സംസ്ഥാനത്തെ പാചകവാതകത്തിന്റെ ആവശ്യംമുതൽ റോഡ് ടാറിങ്ങിനായുള്ള ബിറ്റുമിനിന്റെ ആവശ്യംവരെ നിറവേറ്റുന്ന ബിപിസിഎല്ലിന്‌ 12500ൽപ്പരം സ്ഥിരം തൊഴിലാളികളും ഇരുപതിനായിരത്തോളം കരാർ തൊഴിലാളികളും 14,175 ഇന്ധനവിതരണ പമ്പും ഉണ്ട്. ഇവരുടെ ആശങ്കയും ഗൗരവതരമാണ്. ഇതിനു പുറമെ കൊച്ചിയിലെ പെട്രോനെറ്റ് എൽഎൻജി ഉൾപ്പെടെ നിരവധി സംയുക്ത സംരംഭങ്ങളും ഉപ സ്ഥാപനങ്ങളും ബിപിസിഎല്ലിനുണ്ട്. ഇവയുടെയെല്ലാം പ്രവർത്തനത്തെ വിൽപ്പന ബാധിക്കും.

കൊച്ചിൻ റിഫൈനറിയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് പെട്രോകെമിക്കൽ വ്യവസായങ്ങളുടെ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള സംസ്ഥാനപദ്ധതിക്ക് ഒമ്പതിന്‌ മുഖ്യമന്ത്രി ശിലയിട്ടു. രണ്ടര വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന ഈ പദ്ധതിയിലൂടെ പതിനായിരത്തിലധികം പേർക്ക് പ്രത്യക്ഷത്തിലും തത്തുല്യ എണ്ണം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 171 ഏക്കർ ബിപിസിഎല്ലിന്റെ വികസനത്തിനായി പാട്ടവ്യവസ്ഥയിൽ അനുവദിച്ചു.

കൊച്ചി റിഫൈനറി സ്വകാര്യ മേഖലയിലാകുന്നത് മേൽപ്പറഞ്ഞ പദ്ധതി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാൽ ബിപിസിഎൽ സ്വകാര്യവൽക്കരണത്തിൽനിന്ന്‌ പിൻമാറാൻ സംസ്ഥാന നിയമസഭ കേന്ദ്ര സർക്കാരിനോട് ഏകകണ്ഠമായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതിനുപുറമേ കേന്ദ്ര ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പലതവണ കത്തെഴുതിയിട്ടുണ്ട്. അവസാനമായി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് 2021 ജനുവരി അഞ്ചിനാണ്. ഈ ലേഖകൻതന്നെ നിയമസഭയിൽ രണ്ടുതവണ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിക്കുകയുണ്ടായി. ബിപിസിഎൽ വിൽപ്പനയ്‌ക്കെതിരെ കഴിഞ്ഞ ആഗസ്ത്‌ 23ന്‌ സിപിഐ എം അംഗങ്ങളും അനുഭാവികളും ബഹുജനങ്ങളുമടങ്ങുന്ന 25 ലക്ഷത്തിലധികം പേരാണ് വീടുകൾ സമരകേന്ദ്രങ്ങളാക്കിയത്. രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യത്തേക്കാൾ കുത്തകകളുടെ താൽപ്പര്യ സംരക്ഷണമാണ് കേന്ദ്ര സർക്കാരിന്‌ പ്രധാനമെന്നതിനാൽ അതെല്ലാം അവഗണിക്കപ്പെടുകയാണുണ്ടായത്. ബിപിസിഎൽ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആ സ്ഥാപനത്തിന്റെ മുൻ ചെയർമാനായിരുന്ന സർത്തക് ബഹറുയയെ റിലയൻസിന്റെ ഉപദേശകനായി നിയമിച്ചതിന്റെ തുടർച്ചയായാണ് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

പൊതുമേഖലയ്‌ക്ക് സ്വകാര്യമേഖലയേക്കാൾ മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നുണ്ടെന്ന്‌ കേന്ദ്ര സർക്കാരിനുപോലും പരോക്ഷമായി അംഗീകരിക്കേണ്ടിവന്ന സാഹചര്യത്തിൽ രാഷ്ട്രതാൽപ്പര്യങ്ങളെ ബലികഴിച്ചുകൊണ്ട് തന്ത്രപ്രധാന മേഖലയിലെ സ്വകാര്യവൽക്കരണം തങ്ങളെ അധികാരത്തിലെത്തിച്ച വർത്തക സംഘത്തിന്റെ താൽപ്പര്യ സംരക്ഷണത്തിന്‌ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമായതിനാലാണെന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും കപട ദേശീയതയെ പുൽകാതെ രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യത്തിന്‌ പ്രധാനമന്ത്രി പ്രാധാന്യം നൽകണമെന്നാണ് സംസ്ഥാനത്തെ ജനങ്ങളുടെ അപേക്ഷ. ദുർബലമായിത്തീർന്നെങ്കിലും ഇപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങൾ തുറന്നുവിട്ട ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം(എൽപിജി) എന്ന ഭൂതം രാജ്യത്തെ വിഴുങ്ങുന്നതു കണ്ട് നിർവൃതിയടയാതെ ജനകീയ പോരാട്ടത്തിൽ അണിനിരക്കാൻ തയ്യാറാകാത്തത് യുഡിഎഫ്–- സംഘപരിവാർ സഖ്യംകൊണ്ടാണ്‌.

എസ്‌ ശർമ 

(സിപിഐ എം പാർലമെന്ററി പാർടി സെക്രട്ടറിയാണ്‌ ലേഖകൻ)

No comments:

Post a Comment