പൊതുമേഖലാ സ്ഥാപനങ്ങളെ മുഴുവൻ സ്വകാര്യവൽക്കരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ ഇപ്പോൾ ബ്യൂറോക്രസിയെയും സ്വകാര്യവൽക്കരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സ്വകാര്യമേഖലയിൽ പ്രവർത്തന പരിചയമുള്ളവരെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ എന്നീ പോസ്‌റ്റുകളിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സ്വകാര്യമേഖലയിലെ വൈദഗ്‌ധ്യം സർക്കാർ മേഖലയിലും എത്തിക്കുകയാണ് ലക്ഷ്യമെന്നു വാദിച്ചാണ് 30 പേരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതിൽ മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 27 ഡയറക്ടർമാരെയുമാണ് നിയമിക്കുന്നത്. കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിന്റെ നിർദേശപ്രകാരം യുപിഎസ്‌സിയാണ് നിയമവിരുദ്ധമായ നിയമനത്തിന് നടപടികൾ കൈക്കൊള്ളുന്നത്.
വാണിജ്യം, വ്യവസായം, റവന്യൂ, കൃഷി എന്നീ വകുപ്പുകളിൽ നിന്നാണ് സ്വകാര്യമേഖലയിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കുന്നത്. വാണിജ്യം, വ്യവസായം, ധനകാര്യ സേവനം, സാമ്പത്തിക കാര്യം, കൃഷി, നിയമം, സ്‌കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യപൊതുവിതരണം എന്നീ വകുപ്പുകളിലാണ് 27 ഡയറക്ടർമാരെ നിയമിക്കുന്നത്. സിവിൽ സർവീസ് പരീക്ഷയും യുപിഎസ്‌സി പരീക്ഷയും കടന്ന് സർക്കാർ സർവീസിൽ പ്രവേശിച്ച് സ്ഥാനക്കയറ്റമായി ലഭിക്കേണ്ട പദവികളാണ് ഡയറക്ടർ പദവിയും ജോയിന്റ് സെക്രട്ടറിയും. എന്നാൽ, സർക്കാർ സർവീസിലുള്ളവർക്ക് ഈ പദവികളിലേക്ക് അപേക്ഷ അയക്കാനുള്ള അവകാശംപോലുമില്ല. പൂർണമായും സ്വകാര്യമേഖലയിൽ നിന്നുള്ളവർക്ക് മാത്രമാണ് നിയമനം ലഭിക്കുക. അതായത് കോർപറേറ്റുകൾക്കുവേണ്ടി ഭരണം നടത്തുന്ന മോഡി സർക്കാർ ബ്യൂറോക്രസിയെയും കോർപറേറ്റ് സൗഹൃദമാക്കുകയാണ്. അതിനായി സിവിൽ സർവീസ് പരീക്ഷയുടെ വിശ്വാസ്യതയും ഗുണവും സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്യുന്നു.
ഭരണത്തിന്റെ എല്ലാ മേഖലയും സ്വകാര്യ കോർപറേറ്റുകൾക്ക് തീറെഴുതുന്ന രീതിക്ക് തുടക്കമിട്ടത് നരസിംഹറാവു സർക്കാരാണെങ്കിലും അതിന് ഗതിവേഗം ലഭിച്ചത് മോഡി സർക്കാരിന്റെ കാലത്താണ്. ആസൂത്രണകമീഷൻ പിരിച്ചുവിട്ടശേഷം മോഡി സർക്കാർ രൂപീകരിച്ച നിതി ആയോഗും കേന്ദ്ര സെക്രട്ടറിമാരുടെ സമിതിയുമാണ് സ്വകാര്യമേഖലയിൽ നിന്നുള്ള കഴിവുള്ളവരെ സർക്കാർ സർവീസിൽ തീരുമാനങ്ങൾ എടുക്കുന്ന ഉന്നതപദവികളിൽ നിയമിക്കണമെന്ന ശുപാർശ ചെയ്‌തത്. 40 പേരെ ഇങ്ങനെ ഉന്നത പദവികളിൽ നിയമിക്കാനായിരുന്നു ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിൻവാതിൽവഴി കേന്ദ്ര സർക്കാരിന് കീഴിലെ വളരെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിനുള്ള ഒരു പദ്ധതി മോഡി സർക്കാർ 2018ൽ പ്രഖ്യാപിച്ചത്. ‘ലാറ്ററൽ എൻട്രി റിക്രൂട്ട്മെന്റ്’ എന്ന ഓമനപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. മുമ്പ് വഴിവിട്ട മാർഗങ്ങളിലൂടെ കോർപറേറ്റ് ഭീമന്മാർ വിവിധ മന്ത്രാലയങ്ങളെ പരോക്ഷമായി നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇതോടെ അവർക്ക് നേരിട്ട് തീരുമാനങ്ങൾ എടുക്കാനും ഉത്തരവുകൾ നൽകാനും കഴിയും എന്ന സ്ഥിതിയായി.
ആദ്യം നിയമിതരായ ഒമ്പത് പേരിൽ ഏഴു പേരും ബഹുരാഷ്ട്ര കോർപറേറ്റ് സ്ഥാപനങ്ങളിലെ പ്രവർത്തന പരിചയത്തിനുശേഷമാണ് സർക്കാരിലെ ഉന്നത തസ്തികകളിൽ നിയമിതരാകുന്നത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന ഘട്ടംവരെ പാർലമെന്റിൽ കുത്തക കമ്പനികളുടെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന അവരുടെ പേ റോളിൽ ഉണ്ടായിരുന്ന അംഗങ്ങൾ ഉണ്ടായിരുന്നു. കോർപറേറ്റുകൾ പരോക്ഷമായാണ് അന്ന് സർക്കാരിൽ സ്വാധീനം ചെലുത്തിയിരുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ കോർപറേറ്റ് പ്രൊഫഷണലുകൾ ഭരണത്തിൽ നേരിട്ട് കൈകടത്താൻ തുടങ്ങി. എന്നാൽ, തൊണ്ണൂറുകളിലെത്തുമ്പോൾ ശതകോടീശ്വരന്മാർ നേരിട്ട് നിയമനിർമാണത്തിന്റെ ഭാഗമായി മാറി. ഇപ്പോൾ ഇന്ത്യൻ പാർലമെന്റ് പരിശോധിക്കുമ്പോൾ പകുതിയോളം പേരെങ്കിലും ശതകോടീശ്വരന്മാരാണ്.
അതിനനുസരിച്ച് തൊഴിലാളികളുടെയും കർഷകരുടെയും പ്രാതിനിധ്യം അത്യുന്നത നിയമനിർമാണസഭയിൽ കുറയുകയും ചെയ്തു. പാർലമെന്റ് തങ്ങളുടെ താൽപ്പര്യങ്ങൾക്ക് അപ്പുറം പോകില്ലെന്ന് ഉറപ്പാക്കാനായെങ്കിലും തീരുമാനങ്ങൾ നടപ്പാക്കുന്ന ഉന്നത ഉദ്യോഗസ്ഥ വൃന്ദം പൂർണമായും വരുതിക്ക് നിൽക്കേണ്ടത് ആവശ്യമാണെന്ന വിലയിരുത്തലിന്റെ പ്രാഗ്‌രൂപമാണ് ലാറ്ററൽ റിക്രൂട്ട്‌മെന്റ്. പൊതുമേഖല മാത്രമല്ല, കേന്ദ്ര ബ്യൂറോക്രസിയും സ്വകാര്യവൽക്കരിക്കുകയാണ്. ഭരണസംവിധാനത്തിന്റെ എല്ലാ മേഖലയിലും കോർപറേറ്റുകൾ പിടിമുറുക്കുകയാണ്. മോഡി സർക്കാരിന്റെ ഒത്താശയോടെ. ജനങ്ങളുടെ ആധിപത്യമല്ല മോഡി സർക്കാരിന്റെ ലക്ഷ്യം. മറിച്ച് കോർപറേറ്റ് ആധിപത്യമാണ്.
ദേശാഭിമാനി മുഖപ്രസംഗം 150221
No comments:
Post a Comment