Monday, May 31, 2021

കോർപറേറ്റ്‌ വാഴ്‌ചയുടെ മോഡിക്കാലം

രണ്ട്‌ വർഷംമുമ്പ്‌ മെയ്‌ മുപ്പതിനാണ്‌ നരേന്ദ്ര മോഡി രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറിയത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന മോഡി ഏഴ്‌ വർഷംമുമ്പാണ്‌ പ്രധാനമന്ത്രി കസേരയിലെത്തുന്നത്‌. ആദ്യ തവണത്തേക്കാൾ സീറ്റും വോട്ടും വർധിപ്പിച്ചാണ്‌ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2019ൽ അധികാരമേറിയത്‌. ജനങ്ങൾക്ക്‌ ‘അച്ഛേ ദിൻ’ വാഗ്‌ദാനംചെയ്‌ത മോഡി ‘സബ്‌കാ സാഥ്‌ സബ്‌ കാ വികാസ്‌’ എന്ന മുദ്രാവാക്യവും  ഉയർത്തുകയുണ്ടായി. എന്നാൽ, അധികാരത്തിൽ എത്തിയതോടെ  ഈ വാഗ്‌ദാനങ്ങളെല്ലാം ഉപേക്ഷിക്കുന്ന കാഴ്‌ചയാണ്‌ ദൃശ്യമായത്‌. സാധാരണ ജനങ്ങളെ പൂർണമായും മറന്ന മോഡി സർക്കാർ അതിസമ്പന്നരുടെയും കോർപറേറ്റുകളുടെയും സർക്കാരായി അതിവേഗം മാറി. 2016ലെ കറൻസി നിരോധനവും 2017ലെ ചരക്കുസേവന നികുതിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും മറ്റും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയില്ല എന്നു മാത്രമല്ല വഷളാക്കുകയും ചെയ്‌തു. കാർഷിക മേഖലയിൽ പാസാക്കിയ മൂന്ന്‌ കരിനിയമമാണ്‌ രാജ്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കർഷകപ്രക്ഷോഭം ക്ഷണിച്ചുവരുത്തിയത്‌. തൊഴിലാളികൾക്കുള്ള നാമമാത്രമായ ആനുകൂല്യങ്ങൾപോലും കവരുന്ന നാല്‌ ലേബർ കോഡും മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന്റെ നിദർശനമാണ്‌. കോവിഡ്‌ മഹാമാരി  മനുഷ്യദുരിതത്തിന്‌ ആക്കം കൂട്ടുകയും ചെയ്‌തു.

മുൻ സർക്കാർ സ്വീകരിച്ച കോർപറേറ്റ്‌ അനുകൂല നവഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ തന്നെയാണ്‌ മോഡി സർക്കാരും പിന്തുടർന്നത്‌. ജനങ്ങൾക്ക്‌ ആശ്വാസമേകുന്ന എല്ലാ നടപടിയും അനാവശ്യച്ചെലവാണെന്ന്‌ ചൂണ്ടിക്കാട്ടി ഉപേക്ഷിക്കുകയും സാമ്പത്തിക ഉത്തേജനത്തിന്‌ എന്നുപറഞ്ഞ്‌ കോർപറേറ്റുകൾക്ക്‌ കോടികളുടെ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുക എന്ന രീതിയാണ്‌ മോഡി സർക്കാർ സ്വീകരിച്ചത്‌. ഇതോടൊപ്പം ഹിന്ദുരാഷ്ട്രരൂപീകരണത്തിനുള്ള നടപടികൾക്കും തുടക്കമിട്ടു. ഇന്ത്യ ഹിന്ദുക്കളുടേത്‌ മാത്രമാണ്‌ എന്ന രാഷ്ട്രീയ സ്വയം സേവക്‌ സംഘിന്റെ ആശയം നടപ്പാക്കാനുള്ള വിവിധ നടപടികളാണ്‌ ഇക്കാലത്ത്‌ സ്വീകരിച്ചത്‌. പശുരാഷ്ട്രീയം ശക്തമായി മുന്നോട്ടുവച്ചതും ബീഫ്‌ നിരോധനം അടിച്ചേൽപ്പിച്ചതും ആൾക്കൂട്ടക്കൊലകളും ലൗജിഹാദും സിഎഎയും എൻആർസിയും മറ്റും ഹിന്ദുരാഷ്ട്ര രൂപീകരണം എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്‌. ജമ്മു കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ്‌ എടുത്തുകളഞ്ഞതും ഇപ്പോൾ ലക്ഷദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള നടപടികളും ഇതേ ലക്ഷ്യവച്ചുള്ളതുതന്നെ. കോവിഡ്‌ മഹാമാരിക്കാലത്തും വർഗീയവിഭജന അജൻഡ പുറത്തെടുക്കുന്നതിൽ ഒരു മനോവിഷമവും മോഡി സർക്കാരിനുണ്ടായില്ല. പ്രതികാരം, ഹിംസ, അന്ധവിശ്വാസങ്ങൾ എന്നിവയിലധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന്‌ മനുഷ്യത്വം, മാനവികത എന്നിവ അന്യമാണല്ലോ.

ജനാധിപത്യവ്യവസ്ഥയും സ്ഥാപനങ്ങളും തകർക്കപ്പെട്ട വർഷങ്ങളായിരുന്നു കടന്നുപോയത്‌. പാർലമെന്റിനുള്ള പ്രസക്തി നഷ്ടപ്പെട്ടുവെന്ന്‌ മാത്രമല്ല, രാജ്യസഭയെ മറികടക്കാൻ പല നിയമനിർമാണങ്ങളും ധനബില്ലുകളാക്കി രൂപമാറ്റം വരുത്തി. ചർച്ചയില്ലാതെയാണ്‌ ഭൂരിപക്ഷം നിയമനിർമാണങ്ങളും പാസാക്കിയെടുത്തത്‌. സിബിഐ, ഇഡി, ആദായനികുതി വിഭാഗം എന്നിവയെല്ലാംതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്‌തു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണം അസാധ്യമാക്കുന്ന നടപടികളാണ്‌ കൈക്കൊള്ളുന്നത്‌. പ്രതിഷേധിക്കുന്നവരെ കിരാതനിയമങ്ങൾ ഉപയോഗിച്ച്‌ നിശ്ശബ്‌ദമാക്കുന്നു. ഏത്‌ അളവുകോലെടുത്ത്‌ പരിശോധിച്ചാലും ജനാധിപത്യവും സ്വാതന്ത്ര്യവും ബലികഴിക്കപ്പെടുകയാണ്‌.

മഹാമാരി നേരിടുന്നതിൽ പ്രത്യേകിച്ചും രണ്ടാം തരംഗം നേരിടുന്നതിൽ മോഡി സർക്കാർ പൂർണമായും പരാജയപ്പെട്ടു. വേണ്ടത്ര സമയം ലഭിച്ചിട്ടും പ്രതിരോധം തീർക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടി. ജീവവായു കിട്ടാതെ നൂറുകണക്കിനാളുകളാണ്‌ രാജ്യത്ത്‌ മരിച്ചത്‌. മൃതദേഹങ്ങൾ ദഹിപ്പിക്കാൻ വഴിയില്ലാതെ ഗംഗയിലേക്ക്‌ ഒഴുക്കുന്ന ദയനീയമായ രംഗത്തിന്‌ രാജ്യം സാക്ഷിയായി. രോഗം തടയുന്നതിനുള്ള ഏക പ്രതിരോധമായ വാക്‌സിൻ എത്തിക്കുന്നതിലും ഗുരുതരമായ വീഴ്‌ചയാണ്‌ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. 18 മുതൽ 44 വയസ്സുവരെയുള്ളവർക്ക്‌ സൗജന്യവാക്‌സിൻ നൽകാനാകില്ലെന്ന മോഡി സർക്കാരിന്റെ പ്രഖ്യാപനം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്‌. സ്വകാര്യ കമ്പനികൾക്ക്‌ അതിലാഭം നേടിക്കൊടുക്കുന്നതിലായിരുന്നു മോഡിക്ക്‌ താൽപ്പര്യം. പൊതുമേഖലയിൽ വാക്‌സിൻ ഉൽപ്പാദിപ്പിച്ച്‌ മൂന്നാംതരംഗത്തിന്‌ മുമ്പുതന്നെ വാക്‌സിനേഷൻ പൂർത്തിയാക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ  കൈക്കൊണ്ടിട്ടില്ല. മൂന്നാംതരംഗവും ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന പ്രവചനമാണ്‌ ആരോഗ്യവിദഗ്‌ധർ നടത്തുന്നത്‌.

ഏഴ്‌ വർഷംമുമ്പ്‌ ഹിന്ദുത്വ രാഷ്ട്രീയത്തിനൊപ്പം സാമ്പത്തികവളർച്ചയും എന്ന ആഖ്യാനം ഉയർത്തിയാണ്‌ മോഡി  ജനവിശ്വാസം ആർജിച്ചത്‌.  എന്നാൽ, സാമ്പത്തികമായ കുതിപ്പ്‌ ഉണ്ടായില്ലെന്ന്‌ മാത്രമല്ല കിതപ്പ്‌ ദൃശ്യമാണുതാനും. മോഡി സർക്കാർ മഹത്തായ ഈ രാജ്യത്തെ പരാജിതരാഷ്ട്രമാക്കി മാറ്റിയിരിക്കുന്നു. വൻശക്തിയായി മാറ്റുമെന്ന വാക്കുകൾക്ക്‌ അർഥം നഷ്‌ടപ്പെട്ടിരിക്കുന്നു. അതിദയനീയമായ ചിത്രമാണിന്ന്‌ ലോകരാജ്യങ്ങളിൽ ഇന്ത്യക്കുള്ളത്‌. രാജ്യം പുരോഗതിയിലേക്ക്‌ നയിക്കപ്പെടണമെങ്കിൽ മോഡി ഭരണത്തെ താഴെയിറക്കണമെന്ന രാഷ്ട്രീയബോധ്യത്തിലേക്ക്‌ പതുക്കെയാണെങ്കിലും ജനങ്ങൾ മാറുകയാണ്‌. അഞ്ച്‌ സംസ്ഥാനത്ത്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും ഉത്തർപ്രദേശിൽ നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ ഫലവും അതാണ്‌ സൂചിപ്പിക്കുന്നത്‌. അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കാലിടറിയാൽ മോഡി ഭരണത്തിന്റെ അന്ത്യത്തിന്‌ തുടക്കമാകും.

deshabhimani editorial 310521

മതാടിസ്ഥാനത്തില്‍ പൗരത്വം ; മഹാമാരിക്കാലത്തും കുതന്ത്രം

കോവിഡ്‌ മഹാമാരിയിലും സാമ്പത്തികപ്രതിസന്ധിയിലും രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ പിൻവാതിൽ വഴി പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പാക്കാനുള്ള കേന്ദ്രനീക്കം ജനകീയപ്രശ്‌നങ്ങളിൽനിന്ന്‌ ശ്രദ്ധ തിരിക്കാൻ. ഉത്തർപ്രദേശിലെ ബാരാബങ്കി മുസ്ലിം പള്ളി തകർക്കൽ, ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ എന്നിവയുടെ തുടർച്ചയായാണ്‌ ഈ നടപടി.  പ്രതിസന്ധികളിൽ രാജ്യം നട്ടംതിരിയുമ്പോൾ കേന്ദ്രവും ബിജെപിയും പയറ്റുന്നത് വർഗീയധ്രുവീകരണം വളർത്താനുള്ള തന്ത്രങ്ങൾ.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന സിഎഎയ്‌ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും വിവിധ രാഷ്ട്രീയ പാർടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി തീർപ്പ്‌ കൽപ്പിച്ചിട്ടില്ല.

സിഎഎ നടപ്പാക്കാന്‍ ചട്ടങ്ങളും നിലവിലില്ല. ബംഗാൾ  നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണം സൃഷ്ടിക്കാൻ ബിജെപി സിഎഎ ഉപയോഗിച്ചു. കോവിഡ്‌ കൈകാര്യം ചെയ്‌തതിൽ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ വരുത്തിയ വീഴ്‌ച സജീവചർച്ചയാണ്‌. യുപിയും ഗുജറാത്തും അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി അണികൾ രോഷത്തിലും വേദനയിലുമാണ്‌.

ഈ സാഹചര്യം മറികടക്കാൻ  പൗരത്വനിയമവിഷയം ഉപയോഗിക്കുകയാണ്‌ കേന്ദ്രം. ഗുജറാത്ത്‌, രാജസ്ഥാൻ, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌, ഹരിയാന സംസ്ഥാനങ്ങളിലെ 13 ജില്ലയിലാണ്‌ 2009ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത്‌. പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിൽനിന്നെത്തിയ ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് പൗരത്വം നൽകുക. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിശ്‌ചയിക്കാനുള്ള വ്യവസ്ഥയൊന്നും 2009ലെ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.  അഭയാർഥികളെ സംരക്ഷിക്കലാണ്‌ ലക്ഷ്യമെങ്കിൽ മതംനോക്കാതെ വേണം പൗരത്വം നൽകേണ്ടത്.

സാജൻ എവുജിൻ 

ഗുജറാത്ത് മോഡൽ ലക്ഷദ്വീപിലും - പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

നിരവധി ദ്വീപുകളുടെ സമുച്ചയമാണ്‌ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്‌. അറുപത്തയ്യായിരത്തോളം ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശം ശാന്തസുന്ദരമാണ്‌. സമാധാനകാംക്ഷികളായ ജനങ്ങൾ വസിക്കുന്ന ഈ ദ്വീപുസമൂഹത്തിൽ അശാന്തി പടർത്താനാണ്‌ നിലവിലെ ഭരണാധികാരികൾ ശ്രമിക്കുന്നത്‌. ജനങ്ങളുടെ ജീവിതരീതിയും ജീവനോപാധിയും ഭക്ഷണ, സാംസ്‌കാരിക അവകാശങ്ങളും കവർന്നെടുക്കുകയാണിപ്പോൾ. 2020 ഡിസംബറിൽ പുതിയ അഡ്‌മിനിസ്‌ട്രേറ്റർ ചുമതലയേറ്റതോടെയാണ്‌ കാര്യങ്ങൾ ഈ വഴിക്ക്‌ നീക്കിയത്‌. അതുവരെയുണ്ടായിരുന്ന എല്ലാ അഡ്‌മിനിസ്‌ട്രേറ്റർമാരും ഐഎഎസ്‌ ഓഫീസർമാരായിരുന്നു. ആദ്യമായിട്ടാണ്‌ ഒരു രാഷ്ട്രീയക്കാരനെ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്‌. ഗുജറാത്തിലെ മുൻ എംഎൽഎയും 2011ൽ മോഡി മുഖ്യമന്ത്രിയായിരിക്കെ ആഭ്യന്തരമന്ത്രിയുമായിരുന്ന പ്രഫുൽ കെ പട്ടേലിനെയാണ്‌ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിച്ചത്‌.

കേന്ദ്ര ഭരണപ്രദേശങ്ങളായിരുന്ന ദാദ്ര, നാഗർ ഹവേലിയും ദാമൻ, ദിയുവും ലയിപ്പിച്ചപ്പോൾ അതിന്റെ ആദ്യ അഡ്‌മിനിസ്‌ട്രേറ്ററായിരുന്നു പ്രഫുൽ പട്ടേൽ. ഇവിടെ ജനവിരുദ്ധ നയത്തിലൂടെ വിവാദനായകനായിരുന്നു. ദാമൻ കടലിന്‌ അഭിമുഖമായി നിർമിച്ച കുടിലുകൾ തകർത്ത്‌ ആദിവാസികളെ ഭവനരഹിതരാക്കി. ഇതിൽ പ്രതിഷേധിച്ച നിരവധി ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ജയിലിലടച്ചു. ഹിന്ദുത്വ, നവഉദാരവൽക്കരണ നയങ്ങൾ സമന്വയിപ്പിച്ച ഗുജറാത്ത്‌ മാതൃക ലക്ഷദ്വീപിലും നടപ്പാക്കാനാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ ശ്രമിക്കുന്നത്‌. 99 ശതമാനവും മുസ്ലിംവിഭാഗങ്ങൾ അധിവസിക്കുന്ന ദ്വീപിലാണ്‌ ഹിന്ദുത്വ പരീക്ഷണം നടത്തുന്നത്‌.

ഭൂവുടമകളിൽനിന്ന്‌ ഭൂമിയുടെ ഉടമസ്ഥാവകാശം കവർന്നെടുക്കുന്നതിന്‌ തുടക്കമിട്ടിരിക്കുകയാണ്‌. മൂന്ന്‌ വർഷത്തിലൊരിക്കൽ ഉടമസ്ഥാവകാശം പുതുക്കിയില്ലെങ്കിൽ അവ നഷ്ടപ്പെടും. ഇത്‌ പുനഃസ്ഥാപിച്ചുകിട്ടണമെങ്കിൽ വൻ തുക പിഴ നൽകണം. ലക്ഷദ്വീപ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി റഗുലേഷന്റെ കരടിൽ നഗരാസൂത്രണത്തിനും മറ്റ്‌ വികസന പദ്ധതികൾക്കും ജനങ്ങളെ അവരുടെ ഭൂമിയിൽനിന്ന്‌ കുടിയൊഴിപ്പിക്കാനും മറ്റൊരുസ്ഥലത്തേക്ക്‌ മാറ്റി പാർപ്പിക്കാനും വ്യവസ്ഥകളുണ്ട്‌. നടപ്പാക്കാൻ ഉദേശിക്കുന്ന ഭൂനയപ്രകാരം കെട്ടിടനിർമാണം, മറ്റ്‌ നിർമാണം, ഖനനം, ക്വാറി തുടങ്ങിയ വികസനാവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഭൂമി ഏറ്റെടുക്കാൻ സാധിക്കും. ഇത്‌ ദ്വീപിലെ അതിലോലമായ ആവാസവ്യവസ്ഥയെ പാടെ നശിപ്പിക്കും. ഡെയ്‌റി ഫാമുകൾ അടച്ചുപൂട്ടിയ അഡ്‌മിനിസ്‌ട്രേറ്റർ അമൂലിനോട്‌ ക്ഷീരോൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. താൽക്കാലികക്കാരും കരാറുകാരുമായ നിരവധി ജീവനക്കാരെയും തൊഴിലാളികളെയും വിവിധ വകുപ്പുകളിൽനിന്ന്‌ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. മറ്റൊരു നീചമായ കൈയേറ്റം നടന്നത്‌ മത്സ്യത്തൊഴിലാളി സമൂഹത്തിനുനേരെയാണ്‌. ദ്വീപിലെ വലിയൊരു വിഭാഗമാളുകളുടെയും ജീവനോപാധി മത്സ്യബന്ധനമാണ്‌. തീരത്തോടനുബന്ധിച്ച്‌ സ്ഥാപിക്കുന്ന താൽക്കാലിക ഷെഡുകളിലാണ്‌ മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്നത്‌. തീരസംരക്ഷണ നിയമം ലംഘിച്ചെന്നാരോപിച്ച്‌ വലയും മറ്റ്‌ മത്സ്യബന്ധന ഉപകരണങ്ങളും സൂക്ഷിക്കാൻ നിർമിച്ച നിരവധി താൽക്കാലിക ഷെഡുകൾ ഉദ്യോഗസ്ഥർ തകർത്തു. വൻനഷ്ടമാണ്‌ മത്സ്യത്തൊഴിലാളികൾക്കുണ്ടായത്‌.

ജനങ്ങളുടെ ഭക്ഷണശീലത്തിനുമേൽ കണക്കുകൂട്ടിയുള്ള കടന്നാക്രമണമാണ്‌ നടത്തിയിരിക്കുന്നത്‌. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിലും സർക്കാർ നിയന്ത്രണത്തിലുള്ള ഹോസ്‌റ്റലുകളിലും സസ്യേതര ഭക്ഷണം ഒഴിവാക്കി. കന്നുകാലികളെ കശാപ്പുചെയ്യുന്നതും ബീഫ്‌ വിൽപ്പനയും നിരോധിച്ചു. ദ്വീപുവാസികളുടെ മതപരവും സാംസ്‌കാരികവുമായ വൈകാരികത കണക്കിലെടുത്ത്‌ മദ്യവിൽപ്പനയ്‌ക്ക്‌ നിരോധനമുണ്ടായിരുന്നു. എന്നാൽ, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ഇപ്പോൾ നാല്‌ ദ്വീപിൽ മദ്യവിൽപ്പനയ്‌ക്ക്‌ അനുമതി നൽകി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്‌ വിലക്കേർപ്പെടുത്തി പഞ്ചായത്ത്‌ നിയമം ഭേദഗതി ചെയ്‌തു.

കേരളവുമായി പരമ്പരാഗതമായി നിലനിൽക്കുന്ന സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവ ശ്രമം നടത്തുന്നു. കോഴിക്കോട്‌ ബേപ്പൂരിൽ നിന്നാണ്‌ ദ്വീപിലേക്കും തിരിച്ചുമുള്ള ചരക്കുകപ്പലുകൾ സർവീസ്‌ നടത്തിയിരുന്നത്‌. എന്നാൽ, അത്തരം ചരക്കുകപ്പലുകൾ ഇനിമുതൽ മംഗളൂരുവിലേക്ക്‌ തിരിച്ചുവിടാൻ ഉത്തരവിട്ടിരിക്കുകയാണ്‌.

കോവിഡ്‌ പടർത്താനും പുതിയ അഡ്‌മിനിസ്‌ട്രേറ്ററുടെ വരവ്‌ കാരണമായി. 2020ൽ ദ്വീപിൽ കോവിഡ്‌ ഉണ്ടായിരുന്നില്ല. കർശനമായ ക്വാറന്റൈൻ നടപടികൾ സ്വീകരിച്ചു മുന്നോട്ടുപോയതുകൊണ്ടാണ്‌ കോവിഡ്‌ വരാതെ പിടിച്ചുനിന്നത്‌. പുറത്തുനിന്ന്‌ ദ്വീപിലെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. എന്നാൽ, പ്രഫുൽ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായി ചുമതലയേറ്റതോടെ ക്വാറന്റൈൻ നിബന്ധനകൾ ഒഴിവാക്കി. പുറത്തുനിന്നെത്തുന്നവർ ആർടിപിസിആർ പരിശോധനയിലെ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയാൽ മതിയെന്ന വ്യവസ്ഥ നടപ്പാക്കി. ആദ്യ കോവിഡ്‌ 2020 ജനുവരിയിൽ റിപ്പോർട്ടുചെയ്‌തു. ഇതുവരെ 7000 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ജനസംഖ്യയുടെ പത്ത്‌ ശതമാനമാണിത്‌. ജനവിരുദ്ധനയങ്ങൾക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ ഭരണസംവിധാനങ്ങൾ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നു. ഗുജറാത്ത്‌ മാതൃകയിലാണ്‌ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നത്‌. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള ദ്വീപിൽ ഗുണ്ടാ ആക്ട്‌ നടപ്പാക്കുകയാണ്‌. സാമൂഹ്യവിരുദ്ധരെ മുൻകരുതലായി അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടയ്‌ക്കുന്ന നിയമമാണ്‌ ഇവിടെ നടപ്പാക്കുന്നത്‌. പ്രതിഷേധിക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യുന്നു. മാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ പോർട്ടലുകൾ പൂട്ടിച്ചു. അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ മൊബൈലിൽ സന്ദേശം അയച്ചതിന്റെ പേരിൽ മൂന്ന്‌ സ്‌കൂൾ വിദ്യാർഥികളെ ഈയിടെ അറസ്‌റ്റ്‌ ചെയ്‌തു.

ശാന്തമായ ലക്ഷദ്വീപിനെ അശാന്തിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നത്‌ അഡ്‌മിനിസ്‌ട്രേറ്ററുടെ ഹിന്ദുത്വ പരീക്ഷണ നയങ്ങളാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായോടുമാത്രം മറുപടി പറഞ്ഞാൽ മതിയെന്ന തികച്ചും ഏകാധിപത്യ സമീപനമാണ്‌ പ്രഫുൽ പട്ടേൽ സ്വീകരിക്കുന്നത്‌. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിൽ പട്ടേൽ നടപ്പാക്കുന്ന നയങ്ങളിൽ കശ്‌മീരിലെ അനുഭവങ്ങളാണ്‌ പ്രകടമാകുന്നത്‌. എങ്കിലും പരിസ്ഥിതിയെ നശിപ്പിച്ച്‌ ഗുജറാത്തിൽ നടപ്പാക്കിയ വികസനമാതൃകയാണ്‌ ലക്ഷദ്വീപിലും ലക്ഷ്യമിടുന്നത്‌. ഒപ്പം ന്യൂനപക്ഷ സമുദായത്തിനുമേൽ ഹിന്ദുത്വമൂല്യം അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നു. മഹാമാരിക്കാലത്ത്‌ ജനജീവിതം ദുസ്സഹമായിരിക്കെ പ്രതിഷേധങ്ങളെ കാടൻ നിയമങ്ങൾ ഉപയോഗിച്ച്‌ ക്രൂരമായി അടിച്ചമർത്തുന്നു. സ്വന്തം ജീവിത രീതിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുക്കാൻ ലക്ഷദ്വീപിലെ ജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുകയാണ്‌. ദ്വീപ്‌ നിവാസികളുടെ പോരാട്ടം ഒറ്റയ്‌ക്കല്ല. ബിജെപിയും ആർഎസ്‌എസും ഒഴികെയുള്ള കേരളത്തിലെ മുഴുവൻ രാഷ്ട്രീയ പാർടിയും സാമൂഹ്യസംഘടനകളും ദ്വീപ്‌ നിവാസികളുടെ പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനത്തുനിന്ന്‌ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാണ്‌ ഒറ്റക്കെട്ടായ ആവശ്യം. ശാന്തവും സമാധാനവും കളിയാടുന്ന ദ്വീപിൽ സ്ഥിതി മോശമാകുന്നതിനുമുമ്പ്‌ അഡ്‌മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യം മോഡി സർക്കാർ ചെവിക്കൊള്ളുകയാണ്‌ വേണ്ടത്‌.

പ്രകാശ്‌ കാരാട്ട് 

മൈഥിലി ശിവരാമൻ: പ്രതിബദ്ധതയുടെ പ്രതീകം - എ കെ പത്മനാഭൻ എഴുതുന്നു

മെെഥിലി ശിവരാമൻ അമേരിക്കയിൽനിന്ന്‌ ചെന്നൈയിൽ തിരിച്ചെത്തിയത്‌ 1968ലാണ്‌. അമേരിക്കയിൽ ഉപരിപഠനത്തിനിടെ അവർ ഐക്യരാഷ്ട്രസംഘടനയിൽ ജോലിയും ചെയ്‌തു. അതിനിടെ രഹസ്യമായി ക്യൂബയും സന്ദർശിച്ചു. അമേരിക്കൻ ജീവിതാനുഭവങ്ങളാണ്‌ മൈഥിലിയെ ഇടതുപക്ഷ ചിന്താഗതിക്കാരിയാക്കി മാറ്റിയത്‌. സാമ്രാജ്യത്വത്തിന്റെ സ്വഭാവം അവർ ശരിയായി മനസ്സിലാക്കി. കറുത്തവംശജർക്കുനേരെ അമേരിക്കയിൽ  നടക്കുന്ന അതിക്രമങ്ങളും വിയത്‌നാം യുദ്ധവും മൈഥിലിയുടെ രാഷ്ട്രീയബോധത്തെ സ്വാധീനിച്ചു.

കീഴ്‌ വെൺമണിയിൽ 44 കർഷകത്തൊഴിലാളികളെ ചുട്ടുകൊന്നത്‌ 1968 ഡിസംബർ 25നാണ്‌. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവിടെ എത്തിയ മൈഥിലി  അതിക്രൂരമായ സംഭവത്തിന്റെ പൂർണമായ വിവരങ്ങൾ പുറംലോകത്തെ അറിയിച്ചു. ഇതിനുശേഷം, ഭൂപ്രഭുത്വത്തിനെതിരായി കിഴക്കൻ തഞ്ചാവൂരിൽ നടന്ന സമരങ്ങളെക്കുറിച്ച്‌ പഠിക്കുകയും എഴുതുകയും ചെയ്‌തു. 1969ൽ ചെന്നൈയിൽ നടന്ന കർഷകരുടെ മഹാപ്രകടനത്തോടനുബന്ധിച്ചാണ്‌ മൈഥിലിയെ ഞാൻ നേരിട്ട്‌ പരിചയപ്പെട്ടത്‌. 2002 വരെ ചെന്നൈയിൽ മാത്രമല്ല, തമിഴ്‌നാട്ടിലാകെ നിറഞ്ഞുനിന്ന  മുഴുവൻസമയ പ്രവർത്തകയായിരുന്നു അവർ. ട്രേഡ്‌ യൂണിയൻ രംഗത്തും മഹിളാപ്രസ്ഥാനം രൂപീകരിക്കുന്നതിലും വലിയ പങ്കുവഹിച്ചു. വർക്കിങ്‌ വിമൻസ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്‌ നിർണായക നേതൃത്വം വഹിച്ചു. സ്‌ത്രീത്തൊഴിലാളികൾക്കുനേരെയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിലും മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചു.

ചെന്നൈ നഗരത്തിൽ സാമ്പത്തികമായി പരാധീനത അനുഭവിക്കുന്നവർ താമസിക്കുന്ന മേഖലകളിൽ മഹിളാ സംഘടനയുടെയും സിപിഐ എമ്മിന്റെയും പ്രവർത്തനം വ്യാപിക്കുന്നതിലും പൊലീസുകാരുടെയും ഗുണ്ടകളുടെയും ആക്രമണങ്ങളിൽനിന്ന്‌ അവരെ സംരക്ഷിക്കുന്നതിലും നേതൃത്വം നൽകി. രാഷ്ട്രീയ, താത്വിക പഠനക്ലാസുകൾ നടത്തുന്നതിലും അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.

ധർമപുരിയിലെ വാച്ചാത്തി എന്ന ആദിവാസിഗ്രാമത്തിൽ 1992ൽ നടന്ന അതിക്രമങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും കുറ്റവാളികൾക്ക്‌ ശിക്ഷ ഉറപ്പാക്കുന്നതിനും മൈഥിലി നേതൃത്വം നൽകി.  ഡിമൻഷ്യ(ഓർമ നഷ്ടപ്പെടൽ) രോഗം ബാധിച്ച്‌  കുറച്ച്‌ മാസങ്ങളായി സ്ഥിതി വളരെ മോശമായിരുന്നു. ഒടുവിൽ കോവിഡും ബാധിച്ചു. 1970കൾ മുതൽ മൈഥിലിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ ആളെന്ന നിലയിൽ, അവരെക്കുറിച്ച്‌ ഒറ്റവാചകത്തിൽ പറഞ്ഞാൽ  ‘‘മൈഥിലിയെന്നത്‌ പ്രതിബദ്ധതയും കൂറുമാണ്‌’’. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്‌ എന്നും അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ നേതൃനിരയിൽ പ്രവർത്തിച്ച സഖാവിനെയാണ്‌ നഷ്ടമായത്‌.

എ കെ പത്മനാഭൻ 

കുഴല്‍പ്പണക്കേസിനെ ചൊല്ലി ചേരിതിരിഞ്ഞ് ബിജെപി അക്രമം; ഒരാള്‍ക്ക് കുത്തേറ്റു

വാടാനപ്പള്ളി (തൃശൂര്‍)> കുഴല്‍പണക്കേസില്‍ സമൂഹമാധ്യമങ്ങളിലെ വാക്ക്പോരിനെ തുടര്‍ന്ന്  ബിജെപിയില്‍ തമ്മിലടി. ഒരാള്‍ക്ക് കുത്തേറ്റു.  കുഴല്‍പണക്കേസില്‍   ജില്ലയിലെ ഉന്നതനേതാക്കളുടെ പങ്കിനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചതിന്റെ പേരില്‍  ബിജെപി പ്രവര്‍ത്തകന്‍  ഹിരണി (27)നാണ് കുത്തേറ്റത്.

 ഞായറാഴ്ച പകല്‍  ഒന്നിന്  തൃത്തല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രത്തിലാണ് ആക്രമണം. വയറിന് അടിഭാഗത്ത്  കുത്തേറ്റ ഹിരണിനെ  തൃശൂര്‍ ദയആശുപത്രിയില്‍ സര്‍ജിക്കല്‍ ഐസിയുവില്‍  പ്രവേശിപ്പിച്ചു.  

കൊടകര കുഴല്‍പണക്കേസില്‍ ബിജെപി ജില്ലാട്രഷററും വാടാനപ്പള്ളി സ്വദേശിയുമായ സുജയ്സേനന്‍ ഉള്‍പ്പടെ നേതാക്കളെ അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു.

കേസില്‍   ജില്ലാ ട്രഷറര്‍ക്കും ചില പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും പങ്കുള്ളതായി ബിജെപി വാടാനപ്പള്ളി ബീച്ച്  വ്യാസ നഗറിലുള്ള എതിര്‍വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്നു ഇരു വിഭാഗവും   വാക്ക് പോര്  തുടരുകയാണ്.  

ഇതിനിടെ ഞായറാഴ്ച   വ്യാസനഗര്‍ ഗ്രൂപ്പില്‍പ്പെട്ട   ബിജെപി പ്രവര്‍ത്തകന്‍  ഹരിപ്രസാദ് വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍  എത്തിയപ്പോള്‍ എതിര്‍ചേരിക്കാര്‍ ആക്രമിക്കുകയായിരുന്നു. ഏഴാം കല്ല് ഗ്രൂപ്പിലെ സഹലേഷ്, സഫലേഷ്, രജു എന്നിവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.  ഇതിനിടിയിലാണ്  ഹരിപ്രസാദിനൊപ്പമുണ്ടായിരുന്ന   വാടാനപ്പിള്ളി വ്യാസനഗര്‍ഗ്രൂപ്പുകാരായ കണ്ടന്‍ ചക്കി  വീട്ടില്‍  ഹിരണിന് കുത്തേറ്റത്.

 ഹിരണിനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍  ആദ്യം എത്തിച്ചുവെങ്കിലും  അക്രമിസംഘം പിന്തുടര്‍ന്നു.   തുടര്‍ന്നാണ് ദയ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവമറിഞ്ഞ്  വാടാനപ്പിള്ളി  പൊലീസ് ഉടന്‍ സ്ഥലത്തെത്തി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി യു പ്രേമന്റെ നേതൃത്വത്തിലുള്ള  വന്‍ പൊലീസും  സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.  

 കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിലെ തമ്മിലടി ഇതോടെ മറനീക്കുകയാണ്.  കള്ളപ്പണക്കേസില്‍ സംസ്ഥാന നേതാവാണ് പൊലീസില്‍ പരാതി നല്‍കി  പ്രശ്നം വഷളാക്കിയതെന്ന് ആരോപിച്ചാണ്  എതിര്‍വിഭാഗത്തിന്റെ  ആക്രമണം. അതേസമയം കുഴല്‍പണസംഘത്തിന് താമസമൊരുക്കിയ ജില്ലാ നേതൃത്വത്തിനെതിരെ എതിര്‍വിഭാഗവും കടുത്ത ആക്രമണം തുടരുകയാണ്.   

കൊടകര കുഴൽപ്പണക്കേസ് : സമ്പദ്‌വ്യവസ്ഥ 
തകര്‍ക്കുന്ന കുറ്റകൃത്യം ; അന്വേഷണം വഴി തെറ്റിക്കാൻ 
പരാതിയിൽ 25 ലക്ഷമാക്കി

ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസ്‌ സമ്പദ്‌വ്യവസ്ഥ തകർക്കുന്ന കുറ്റകൃത്യമെന്ന്‌ പൊലീസ്‌. അന്വേഷണം വഴി തെറ്റിക്കാൻ പരാതിയിൽ 25 ലക്ഷമാക്കി ചുരുക്കി. പണത്തിന്റെ അളവും ഉറവിടവും കണ്ടെത്തണമെന്നും അന്വേഷകസംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

ഇതിനകം ഒരു കോടിയിൽപ്പരം രൂപ അന്വേഷകസംഘം കണ്ടെടുത്തു. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നതായി  പരാതിക്കാരൻ ധർമരാജ്‌ മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴി നൽകിയിട്ടുണ്ട്‌. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ  സുനിൽ നായിക്‌ വഴിയാണ്‌ ധർമരാജിന്‌ പണം എത്തിയത്‌. കാറിലുണ്ടായിരുന്നത്‌ മൂന്നരക്കോടിയോളമാണെന്ന്‌ മുഖ്യപ്രതികളിലൊരാളായ രഞ്ജിത്തും മൊഴി നൽകി. ധർമരാജ്‌ മുമ്പും ബിജെപിക്കുവേണ്ടി കുഴൽപ്പണ ഇടപാട്‌ നടത്തിയതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു‌. ധർമരാജന്റെ വിശ്വസ്‌തനാണ്‌  വണ്ടിയോടിച്ചിരുന്ന ഷംജീർ. കാർ തകർത്താണ്‌ പണം എടുത്തത്‌.  

തൃശൂർ റേഞ്ച്‌ ഡിഐജി എ അക്‌ബറിന്റെ  മേൽനോട്ടത്തിൽ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്‌. 20 പ്രതികളെ അറസ്റ്റ്‌ ചെയ്‌തു. കേസിന് അന്തർസംസ്ഥാന  ബന്ധം സംശയിക്കുന്നതിനാൽ പ്രതികളുടെ ജാമ്യാപേക്ഷ നിരസിക്കണമെന്ന് അന്വേഷകസംഘം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ആ നുണയും പൊളിഞ്ഞു ; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും കിറ്റ്‌ നൽകുന്നില്ലെന്ന് കേന്ദ്രം

കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ കേന്ദ്ര സർക്കാർ. വിവിധ പദ്ധതിവഴി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അരിയും ഗോതമ്പും മാത്രം വിതരണം ചെയ്യുന്നുണ്ട്‌. മുൻഗണനാ വിഭാഗങ്ങൾക്ക്‌ നൽകാൻ അഞ്ചു കിലോ അരിയും അന്ത്യോദയ അന്നയോജന വിഭാഗക്കാർക്ക്‌ 35 കിലോ അരിയും പ്രതിമാസം അനുവദിക്കാറുണ്ട്‌. 2020ലെ ലോക്‌ഡൗൺ സമയത്ത്‌ അന്യസംസ്ഥാന തൊഴിലാളികൾക്കായി അഞ്ചു കിലോ അരി/ഗോതമ്പ്‌ നൽകിയിരുന്നു.

തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ–-പൊതുവിതരണ മന്ത്രാലയം നൽകിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സർക്കാർ ഭക്ഷ്യക്കിറ്റ്‌ നൽകുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം.

കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌‌ സഞ്ചിയിലാക്കി സംസ്ഥാന സർക്കാർ നൽകുന്നതെന്ന്‌ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രചരിപ്പിച്ചിരുന്നു. കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലടക്കം പറഞ്ഞു‌. കെ സുധാകരൻ എംപിയും ഇത്തരത്തിൽ പ്രചാരണം നടത്തി. കേന്ദ്രം നൽകുന്ന കിറ്റാണെങ്കിൽ എന്തുകൊണ്ട്‌ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചിരുന്നു.

Sunday, May 30, 2021

പിൻവാതിൽ വഴി 
സിഎഎ നടപ്പാക്കുന്നു ; 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം

രാജ്യത്തെ 13 ജില്ലയിലെ മുസ്ലിങ്ങൾ ഒഴികെയുള്ള അഭയാർഥികൾക്ക്‌ പൗരത്വം നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടി ആരംഭിച്ചത്‌ 2009ല്‍ ഇറക്കിയ ചട്ടങ്ങൾ പ്രകാരം. 2019ൽ മോഡിസർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതി(സിഎഎ)യ്‌ക്ക്‌ ഇതുവരെ ചട്ടം രൂപീകരിച്ചിട്ടില്ല. 2009ൽ നിലവിൽവന്ന ചട്ടങ്ങൾപ്രകാരം പൗരത്വം നൽകാനാണ്‌ ഇപ്പോഴത്തെ നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിൽ പറയുന്നു. എന്നാൽ, മുസ്ലിം സമുദായത്തെ ഒഴിവാക്കി പൗരത്വത്തിന് അപേക്ഷ സ്വീകരിക്കാന്‍ ഈ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.

പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നിവിടങ്ങളില്‍നിന്നെത്തി ഗുജറാത്തിലെ വഡോദര, രാജ്‌കോട്ട്‌, മോർബി, പത്താൻ, ഛത്തീസ്‌ഗഢിലെ ദുർഗ്‌, ബലോദബസാർ, രാജസ്ഥാനിലെ ജലോർ, ഉദയ്‌പുർ, പാലി, ബാർമർ, സിറോഹി, ഹരിയാനയിലെ ഫരീദാബാദ്‌, പഞ്ചാബിലെ ജലന്ധർ ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിഖ്‌, ബുദ്ധ, പാഴ്‌സി, ജയിൻ, ക്രൈസ്‌തവ വിഭാഗത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കാനാണ്‌ അപേക്ഷ ക്ഷണിച്ചത്. ഓൺലൈനിലാണ്‌ അപേക്ഷിക്കേണ്ടത്. സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരോ കലക്ടർമാരോ ആണ്‌ തുടർനടപടിയെടുക്കേണ്ടത്.

ഹര്‍ജികള്‍ കോടതി കേട്ടില്ല; സിഎഎ നടപ്പാക്കാനൊരുങ്ങുന്നത് പിന്‍വാതിലിലൂടെ: യെച്ചൂരി

ന്യൂഡല്‍ഹി > വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. പൗരത്വ നിയമത്തിന്റെ ഭരണഘടനാസാധുതയെ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ കോടതി വാദംകേട്ട് തുടങ്ങിയിട്ട്‌പോലുമില്ല. ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണനയ്‌ക്കെടുക്കുമെന്നും, പന്‍വാതിലിലൂടെ പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ നടപടി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെച്ചൂരി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്സി, കൃസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും കേ്ന്ദ്ര വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

കുഴൽപ്പണം കടത്തിയയാളെ 
അറിയാമെന്ന്‌ ബിജെപി നേതാവ്

കുഴൽപ്പണക്കേസിലെ പ്രതി ധർമരാജനെ അറിയാമെന്ന്‌ ബിജെപി സംസ്ഥാന  ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷിന്റെ മൊഴി. ശനിയാഴ്‌ചയാണ്‌ ഗിരീഷിനെ ചോദ്യം ചെയ്‌തത്‌. ബിജെപി   സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷിനെ  വെള്ളിയാഴ്‌ച ചോദ്യം ചെയ്‌തു. പണവുമായി ഇരുവർക്കും ബന്ധമുണ്ടെന്ന് ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ അന്വേഷകസംഘത്തിന്  മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും വിളിപ്പിച്ചത്.

തൃശൂർ പൊലീസ് ക്ലബ്ബിൽ രാവിലെ പത്തരയോടെ ബിജെപി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറിനൊപ്പം കൊടിവച്ച കാറിലാണ്‌  ഗിരീഷ്‌ എത്തിയത്‌. പകൽ ഒന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷകസംഘം ഗിരീഷിനെ അറിയിച്ചിട്ടുണ്ട്. കുഴൽപ്പണം ബിജെപി തെരഞ്ഞെടുപ്പിന്‌ ഇറക്കാൻ കൊണ്ടുവന്നതാണെന്ന വിവരം അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചോദ്യങ്ങൾ. കുഴൽപ്പണവുമായി ബന്ധമില്ലെന്ന്‌ ഗിരീഷ്‌ പറഞ്ഞു. എന്നാൽ,  ധർമരാജനെ അറിയാമെന്ന്‌ സമ്മതിച്ചു.

പണം കർണാടകത്തിലെ ബിജെപി കേന്ദ്രത്തിൽനിന്ന് വന്നതാണെന്ന് അന്വേഷകസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.  കവർച്ച ചെയ്‌ത പണത്തിൽ ഒരു ഭാഗം ബിജെപി നേതാവ്‌   ബിനാമിയെ ഏൽപ്പിച്ചതായാണ്‌ വിവരം. ഇയാൾ പിടിയിലാവുന്നതോടെ നേതാവും കുടുങ്ങും. പണവുമായെത്തിയ സംഘത്തിന് തൃശൂരിൽ താമസിക്കാൻ ലോഡ്‌ജിൽ മുറിയെടുത്ത് നൽകിയത് ബിജെപി നേതാക്കളാണെന്ന്‌  ധർമരാജൻ വെളിപ്പെടുത്തി. ജില്ലാകമ്മിറ്റി  ഓഫീസിൽനിന്ന്‌ വിളിച്ചുപറഞ്ഞതു പ്രകാരമാണ്‌ മുറി നൽകിയതെന്ന്‌ ഹോട്ടൽ ജീവനക്കാരനും മൊഴി നൽകി.  ഇതനുസരിച്ച് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെയും ഉടൻ വിളിപ്പിക്കുമെന്ന് അന്വേഷകസംഘം സൂചിപ്പിച്ചു.

ബിജെപിയുടെ കുഴൽപ്പണക്കവർച്ച: ഡിജിറ്റൽ തെളിവുകളുമായി നേതാക്കളെ വീണ്ടും ചോദ്യം ചെയ്യും

തൃശൂർ > തെരഞ്ഞെടുപ്പ്‌ ഫണ്ടായെത്തിച്ച കുഴൽപ്പണം കവർന്നകേസിൽ ഡിജിറ്റൽ തെളിവുകളുമായി ബിജെപി ഉന്നതനേതാക്കളെ വീണ്ടും ചോദ്യംചെയ്യും. മൊബൈൽ റെക്കോർഡുകളും  സിസിടിവി ദൃശ്യങ്ങളുമുൾപ്പെടെയാണ് ഇനിയുള്ള ചോദ്യം ചെയ്യൽ. ഇതുവരെ ചോദ്യം ചെയ്തവരുടെ മൊഴികളിൽ ഞായറാഴ്ച പരിശോധന നടക്കും.

പണം കടത്താൻ ഇടനിലക്കാരായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ്, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരുടെ മൊഴികളാണ് അന്വേഷകസംഘം ഞായറാഴ്ച പരിശോധിക്കുക. കവർച്ചയ്‌ക്ക് തൊട്ടു മുമ്പും സമീപ ദിവസങ്ങളിലുമായി നേതാക്കൾ തമ്മിൽ ബന്ധപ്പെട്ടിരുന്നതും ധർമരാജനുമായി ബന്ധപ്പെട്ടിരുന്നതിന്റെയും തെളിവുകൾ അന്വേഷക സംഘത്തിന് ലഭിച്ചു.  ഇവരെ വീണ്ടും വിളിപ്പിക്കും. പ്രതികളിൽ ചിലരെയും ഈ ആഴ്ച ചോദ്യം ചെയ്‌തേക്കും.

‘എത്രമാത്രം പിന്തുണ തന്നു? ’പൊള്ളിക്കുന്ന ചോദ്യവുമായി ചെന്നിത്തല

പ്രതിപക്ഷ നേതാവ്‌ എന്ന നിലയിലുള്ള തന്റെ പ്രവർത്തനം കാലം വിലയിരുത്തുമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല. താനും ക്രിയാത്മക പ്രതിപക്ഷമായിരുന്നു. നിർണായക ഘട്ടത്തിൽ സർക്കാരുമായി സഹകരിച്ചിട്ടുണ്ട്‌. എതിർക്കേണ്ടവ ശക്തമായി എതിർത്തു. അതേസമയം, തനിക്ക്‌ എത്രമാത്രം പിന്തുണ തന്നിട്ടുണ്ടെന്ന്‌ ആലോചിക്കണമെന്നും കോൺഗ്രസ്‌ നേതാക്കളോടായി ചെന്നിത്തല പറഞ്ഞു. തന്റെ പ്രവർത്തനങ്ങളെ വേണ്ടവിധം ജനങ്ങളിലേക്ക്‌ എത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ്‌ സ്ഥാനത്തുനിന്ന്‌ ഒഴിഞ്ഞ്‌, നന്ദി  പ്രകാശിപ്പിച്ചുകൊണ്ടുള്ള ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലാണ്‌ ഒപ്പമുള്ള കോൺഗ്രസ്‌ നേതാക്കളെ ഉൾപ്പെടെ പൊള്ളിക്കുന്ന ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തുവന്നത്‌.

പോസ്റ്റിലെ പ്രസക്തഭാഗം:

‘അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്നനിലയിൽ മുൻനിരയിൽനിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലം എൽഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. സർക്കാരിന്റെ നല്ല ചെയ്തികളെ പിന്തുണയ്ക്കുന്നതിനൊപ്പം സംസ്ഥാന താൽപ്പര്യങ്ങൾക്കുവേണ്ടി യോജിച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വേദിയാണ് ഈ സഭയുടേത്.  ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യമുണ്ട്. ഒരു തുള്ളി രക്തംപോലും ഈ മണ്ണിൽ ചൊരിയിക്കാതെ, ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷപ്രവർത്തനം നടത്താൻ കഴിയുമെന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനം ഒഴിയുന്നത്. എന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ.  എത്രമാത്രം പിന്തുണ  എന്റെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ. സംസ്ഥാന താൽപ്പര്യത്തിനും ജനങ്ങൾക്കുവേണ്ടിയും നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് പഠനാർഹമാകട്ടെ. സഹകരിച്ച എല്ലാവരോടും നന്ദി. ’

അപമാനിച്ചു പുറത്താക്കി; സോണിയക്ക് ചെന്നിത്തലയുടെ പരാതി

തിരുവനന്തപുരം > പുതിയ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തപ്പോള്‍ താന്‍ ഏറെ അപമാനിതനായെന്ന് രമേശ് ചെന്നിത്തല. പ്രതിഷേധമറിയിച്ച് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിനെ മാറ്റുമെന്ന കാര്യം താന്‍ നേരത്തേ അറിഞ്ഞില്ലെന്നും, അറിയിച്ചിരുന്നെങ്കില്‍ സ്വയം പിന്മാറിയേനെയെന്നും ചെന്നിത്തല പരാതിയില്‍ പറയുന്നു.

ഒരു പദവിക്കും പിന്നാലെ പായുള്ള ആളല്ല താന്‍. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ സ്വയം മാറിനില്‍ക്കുമായിരുന്നു. എന്നാല്‍, അവസാന നിമിഷം തന്നെ മാറ്റിയത് നീതിനിഷേധമാണെന്നും അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും ചെന്നിത്തല സോണിയക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.

പ്രതിപക്ഷനേതാവെന്ന നിയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടിയില്‍ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. ഫലത്തില്‍ തന്നെ ഒഴിവാക്കി അപമാനിക്കുകയാണ് ചെയ്തത്. സംഘടനാദൗര്‍ബല്യമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.

തോറ്റത്‌ സംഘടനാ 
ദൗർബല്യം മൂലം ; ബൂത്തുകൾ നിർജീവം, സ്ലിപ്പ്‌ പോലും കൊടുത്തില്ല : ചെന്നിത്തല

തെരഞ്ഞെടുപ്പ്‌ തോൽവിക്ക്‌ കാരണം സംഘടനാ ദൗർബല്യമാണെന്ന്‌ ആഞ്ഞടിച്ച്‌ രമേശ്‌ ചെന്നിത്തല. ബൂത്തുകൾ നിർജീവമായിരുന്നുവെന്നും വീടുകളിൽ സ്ലിപ്പ്‌ എത്തിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്നും ചെന്നിത്തല  കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ്‌ പരാജയം പഠിക്കാൻ ഹൈക്കമാൻഡ്‌ നിയോഗിച്ച അശോക്‌ ചവാൻ സമിതി ഓൺലൈനായി നടത്തിയ തെളിവെടുപ്പിലാണ്‌ ചെന്നിത്തല യുഡിഎഫ്‌  സംവിധാനത്തിനെതിരെ ആഞ്ഞടിച്ചത്‌.

പ്രതിപക്ഷ നേതാവ്‌ എന്ന നിലയിൽ താൻ മികച്ച പ്രവർത്തനമാണ്‌ നടത്തിയതെന്നും അത്‌ താഴെത്തട്ടിൽ എത്തിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ചെന്നിത്തല വാദിച്ചു.

അതേസമയം സർക്കാരിനെതിരെ ചെന്നിത്തല ഉന്നയിച്ച പല ആരോപണങ്ങൾക്കും വിശ്വാസ്യതയുണ്ടായിരുന്നില്ലെന്നും ഓരോ ദിവസവും ഓരോ ആരോപണങ്ങളുമായി വന്നത്‌ ജനങ്ങൾ തള്ളിയെന്നും എംഎൽഎമാരടക്കം ചില നേതാക്കൾ ചവാൻ സമിതിയെ അറിയിച്ചു. എട്ട്‌ എംഎൽഎമാരുമായും ചില മുതിർന്ന കോൺഗ്രസ്‌ നേതാക്കളുമായുംഅശോക്‌ ചവാൻ കൂടിക്കാഴ്‌ച നടത്തി.

നേതൃത്വത്തെ 
പ്രതിക്കൂട്ടിലാക്കി ചെന്നിത്തല

സർക്കാരിന്റെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്താൻ യുഡിഎഫിന്‌ കഴിഞ്ഞില്ലെന്ന്‌ ആരോപിച്ച ചെന്നിത്തല കോൺഗ്രസ്‌ നേതൃത്വത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കിയാണ്‌ സംസാരിച്ചത്‌.  വീഴ്‌ചയിൽ മുഖ്യ ഉത്തരവാദി പ്രതിപക്ഷ നേതാവ്‌ എന്ന നിലയ്‌ക്ക്‌ ചെന്നിത്തലയ്‌ക്കാണെന്നും അതിന്‌ തങ്ങളെ പഴിക്കേണ്ടെന്നും യുഡിഎഫ്‌ നേതാക്കൾ മറുപടിയായി വ്യക്തമാക്കി.   ദയനീയ തോൽവി പഠിക്കാനെത്തുന്ന സമിതിക്ക്‌ മുമ്പിലും ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌.

വൻ അഴിച്ചുപണിക്ക്‌ 
ഹൈക്കമാൻഡ്‌

ഇതിനിടെ കെപിസിസി, ഡിസിസി തലത്തിൽ വൻ അഴിച്ചുപണിക്ക്‌ ഹൈക്കമാൻഡ്‌ നീക്കം തുടങ്ങി. എല്ലാ ഡിസിസി പ്രസിഡന്റുമാരെയും മാറ്റാനാണ്‌ നിർദേശം. ഇത്‌ അറിഞ്ഞ പാലക്കാട്‌ ഡിസിസി പ്രസിഡന്റ്‌ വി കെ ശ്രീകണ്‌ഠൻ രാജിവച്ചു.   അതിനിടെ, അഴിച്ചുപണി മണത്തതോടെ  കെപിസിസി, ഡിസിസി ഭാരവാഹികളായി കയറിക്കുടാനുള്ള ചരട്‌ വലികളും സജീവമായി.

സുധാകരനെതിരെ 
കെ സി ജോസഫും 
പി ടി തോമസും

മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിഞ്ഞാൽ, സ്ഥാനത്ത്‌ വരാൻ നീക്കം നടത്തുന്ന   കെ സുധാകരനെതിരെ എ ഗ്രൂപ്പ്‌ രംഗത്ത്‌. കെ സി ജോസഫ്‌, പി ടി തോമസ്‌ എന്നിവർ പ്രസിഡന്റ്‌ പദവിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്‌.  സുധാകരനെതിരെ ഹൈക്കമാൻഡിലേക്ക്‌ പരാതികൾ പ്രവഹിക്കുകയാണ്‌.

ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത്‌ 
തിരിച്ചടിയായെന്ന് ചെന്നിത്തല ; തനിക്കെതിരെ എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതി അധ്യക്ഷനായി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത്‌ തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. അഞ്ചുവർഷം പ്രതിപക്ഷനേതാവായ തന്നെ ഒഴിവാക്കി ഉമ്മൻചാണ്ടിയെ കൊണ്ടുവന്നത്‌ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ഹിന്ദുവോട്ടുകൾ നഷ്ടമാകാൻ ഇത്‌ കാരണമായെന്നും എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തിൽ ചെന്നിത്തല ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ ഉമ്മൻചാണ്ടിയെ അദ്ദേഹംപോലും ആ​ഗ്രഹിക്കാത്ത പദവിയിലേക്ക്‌ കൊണ്ടുവന്നത്‌ അസാധാരണമായി. ഒരു പരാതിക്കും ഇടകൊടുക്കാതെ ഹൈക്കമാൻഡ് തീരുമാനം അം​ഗീകരിക്കുകയാണ് ചെയ്തത്. ഈ നടപടിയിലൂടെ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്‌തെന്ന്‌ ചെന്നിത്തല ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് തീരുമാനപ്രകാരമാണ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനാക്കിയത്‌.

അതേസമയം, ഉമ്മൻചാണ്ടിയുടെ വരവാണ്‌ തിരിച്ചടിക്ക്‌ കാരണമെന്ന ചെന്നിത്തലയുടെ നിലപാട്‌ എ ഗ്രൂപ്പിൽ അസ്വാരസ്യമുണ്ടാക്കി. തനിക്കെതിരെ ചെന്നിത്തല കത്തെഴുതുമെന്ന്‌ കരുതുന്നില്ലെന്നാണ്‌ ഉമ്മൻചാണ്ടി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

തനിക്കെതിരെ 
എഴുതുമെന്ന് കരുതുന്നില്ല

സോണിയ ഗാന്ധിക്ക്‌, രമേശ് ചെന്നിത്തല അയച്ച കത്തിൽ തനിക്കെതിരെ  എഴുതുമെന്ന് കരുതുന്നില്ലെന്ന് ഉമ്മൻചാണ്ടി. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം.

തെരഞ്ഞെടുപ്പ്‌ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും  രാഷ്ട്രീയമായി ഒരു പ്രാധാന്യവും അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രൻ ഏത് സാഹചര്യത്തിലാണ് തനിക്കെതിരെ പ്രതികരിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

രാഹുൽഗാന്ധിയുടെ ഹോട്ടൽവാടക: വിവാദമായതോടെ ശനിയാഴ്‌ച പണം അടച്ചു; തീയതിയില്ലാത്ത ലെറ്റര്‍പാഡുമായി ബിന്ദുകൃഷ്ണ

കൊല്ലം > നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ കൊല്ലത്ത്‌ എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ഹോട്ടൽ മുറിയുടെ വാടക അടക്കാത്ത വിഷയത്തിൽ  എഐസിസി ഇടപെട്ടു. മാധ്യമവാർത്തകളെത്തുടർന്ന്‌ കൊല്ലം ജില്ലയിൽനിന്നുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നേതാക്കളും  പ്രവർത്തകരും  ഇക്കാര്യം കേന്ദ്രനേത്യത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതോടെയാണ്‌ അടിയന്തിര ഇടപെടലുണ്ടായത്‌. 

സമൂഹമാധ്യമങ്ങളിലും  വിഷയം ചര്‍ച്ചയായി.  ഇതോടെ  സാമ്പത്തിക ഇടപാടുകൾ സെറ്റിൽചെയ്‌തു കഴിഞ്ഞതായി ശനിയാഴ്‌ച ഉച്ചയ്‌‌ക്ക്‌  കൊല്ലം ബീച്ച്‌ ഓർക്കിഡ്‌ ഹോട്ടലിന്റെ ജനറൽമാനേജറുടെ അറിയിപ്പ്‌ വന്നു. എന്നാൽ പണം അടച്ച ബിൽ ഇല്ലാതെയും  തീയതി വയ്‌‌ക്കാതെയുമുള്ള ലെറ്റര്‍പാഡാണ്‌ പുറത്തുവന്നത്‌. ഇതിനിടെ  തീയതി വയ്‌ക്കാത്ത ലെറ്റര്‍പാഡ്‌ ചോദ്യം ചെയ്‌തും എഫ്‌ബി പോസ്‌റ്റിറങ്ങി. മാധ്യമങ്ങളിൽ വന്ന വാർത്തക്കെതിരെ  ഡിസിസി പ്രസിഡന്റു ബിന്ദുക്യഷ്‌ണ സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചാരണവും കോണ്‍ഗ്രസിന്‌ തിരിച്ചടിയായി.

തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച ശേഷമുള്ള  പ്രചാരണത്തിന്‌ രാഹുൽഗാന്ധിയും  പ്രിയങ്കഗാന്ധിയും ജില്ലകൾ സന്ദർശിച്ചതിന്റെ ചെലവ്‌ കെപിസിസി നൽകിയിരുന്നതായി കെപിസിസി ട്രഷറർ കെ കെ കൊച്ചുമുഹമ്മദ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു. കൊല്ലം ജില്ലയിൽ പ്രിയങ്കഗാന്ധി സന്ദർശനം നടത്തിയതിന്‌ 12 ലക്ഷം രൂപ നൽകിയിട്ടുണ്ട്‌.  ദേശീയനേതാക്കളുടെ  തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തീയതി തീരുമാനിച്ചതിന്‌ മുൻപായിരുന്നതിനാൽ   രാഹുൽഗാന്ധിയുടെ കൊല്ലം സന്ദർശനത്തിന്‌ കെപിസിസി പണം നൽകിയിട്ടില്ല.  തെരഞ്ഞെടുപ്പ്‌ ചെലവിന്‌ എല്ലാ ഡിസിസികൾക്കും കെപിസിസി അഞ്ചു ലക്ഷം രൂപവീതം നൽകിയിട്ടുണ്ടെന്നും  കൊച്ചുമുഹമ്മദ്‌  പറഞ്ഞു.

കൊല്ലം ബീച്ച്‌ റിസോർട്ടിലെ   സ്യൂട്ടിൽ ഫെബ്രുവരി 24 നാണ്‌ രാഹുൽഗാന്ധി താമസിച്ചത്‌.    രാഹുൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്‌ക്കെടുത്ത ബോട്ടിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ ചാടിയത്‌ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

ഹോട്ടൽവാടക നൽകാത്തതിനെക്കുറിച്ച്‌  കോൺഗ്രസ്‌  മൈനോറിറ്റി സെൽ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ മുബാറക്ക്‌ മുസ്‌തഫ കഴിഞ്ഞ ദിവസം  ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടിരുന്നു.  ശനിയാഴ്‌ച ഹോട്ടൽ ജനറൽ മാനേജർ നൽകിയ  കത്ത്‌ ഡിസിസി പുറത്തുവിട്ടശേഷം ''എല്ലാവർക്കും കാര്യം മനസിലായെന്നും പൊട്ടൻമാരാണോ കൂടെയുണ്ടായിരുന്നതെന്നും''  മുബാറക്ക് വീണ്ടും പോസ്റ്റിട്ടു.

കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി

 കോവിഡ്‌ ചികിത്സ : സ്വകാര്യ ആശുപത്രിവഴി 
സർക്കാർ ചെലവിട്ടത്‌ 132 കോടി ; സൗജന്യ ചികിത്സ ലഭ്യമാക്കിയത്‌ 
അര ലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക്

സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയ കോവിഡ്‌ രോഗികൾക്കുവേണ്ടി സംസ്ഥാന സർക്കാർ ഇതുവരെ ചെലവാക്കിയത്‌ 132.61 കോടി രൂപ. 263 സ്വകാര്യ ആശുപത്രിയാണ്‌ കോവിഡ് ചികിത്സയ്‌ക്ക്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസിയുമായി (എസ്എച്ച്എ) എംപാനൽ ചെയ്തത്‌. ഇതിലൂടെ അരലക്ഷത്തോളംപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കി.

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്‌), കാരുണ്യ ബെനവലന്റ് ഫണ്ട് (കെബിഎഫ്‌) പദ്ധതികൾ നടപ്പാക്കാൻ രജിസ്റ്റർചെയ്ത സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി ഒരു വർഷം പൂർത്തീകരിക്കുമ്പോഴാണ്‌ ഈ നേട്ടം. കോവിഡ് മഹാമാരിയിലും തടസ്സമില്ലാതെ ശ്രദ്ധേയസേവനം നൽകിയ എസ്എച്ച്എയുടെ ജീവനക്കാരെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു. സംസ്ഥാനത്ത്  ഇതുവരെ 709 സ്വകാര്യ ആശുപത്രിയിലാണ് എസ്എച്ച്എ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മൂന്ന്‌ ലക്ഷം രൂപയിൽ കുറവ് വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്എച്ച്എ വഴി ലഭ്യമാണ്‌.

2020 ജൂലൈ ഒന്നുമുതലാണ്‌ സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി നേരിട്ട്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. അനുദിനം വർധിക്കുന്ന ചികിത്സാച്ചെലവ് പരിഹരിക്കാനുള്ള നിർണായക ചുവടുവയ്പായിരുന്നു ഇത്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാർഡ് രജിസ്‌ട്രേഷൻമുതൽ ഡിസ്ചാർജുവരെ എല്ലാ സേവങ്ങളും എല്ലാ എംപാനൽ ആശുപത്രികളിലെയും ഹൈടെക് കിയോസ്‌കുകളിൽ ലഭ്യമാണ്‌. ഇതിന്‌ 2000ത്തോളം മെഡിക്കൽ കോഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. രണ്ടുലക്ഷം രൂപയുടെവരെ ചികിത്സാ സഹായം എസ്‌എച്ച്‌എയിലൂടെ ലഭ്യമാകും. വൃക്ക രോഗികൾക്ക് മൂന്നുലക്ഷം രൂപവരെ അനുവദിക്കും.

മൂന്നാം തരംഗം 
ഒക്ടോബറോടെ ; കൂട്ടായ്മകൾ സ്വയം ഒഴിവാക്കാം , പ്രായമായവരും കുട്ടികളും വീടുകളിൽ തുടരണം

രാജ്യത്ത്‌ അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടാകുമെന്ന്‌ ആരോഗ്യവിദഗ്ധർ. ഒക്‌ടോബറോടെ  ഇതിന്റെ തെളിവുകൾ പ്രകടമാകും. സംസ്ഥാനത്ത്‌ രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂർത്തിയാക്കി കുറയുകയാണ്‌. അതിനാൽ, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടിൽനിന്നുതന്നെ തുടങ്ങണമെന്നാണ്‌ ആരോഗ്യവിദഗ്ധർ പറയുന്നത്‌.

വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ്‌ സംസ്ഥാനത്തെ കോവിഡ്‌ നിരക്ക്‌ വർധിക്കാൻ കാരണമായത്‌. അതിനാൽ, അടച്ചുപൂട്ടൽ അവസാനിച്ചാലും കൂട്ടായ്മകളിൽനിന്ന്‌ സ്വയം ഒഴിഞ്ഞുനിൽക്കണം. പ്രായമായവരും കുട്ടികളും വീടുകളിൽ കഴിയുന്നത്‌ തുടരണം. രണ്ട്‌ ഡോസ്‌ വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.

ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ്‌ അടച്ചിടൽ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റർ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രിൽ അവസാനത്തോടെയാണ്‌ സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ നിരക്ക്‌ കുത്തനെ ഉയർന്നത്‌. പിന്നീട്‌ അടച്ചിടലിലൂടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകൾ കുറയ്‌ക്കാൻ സാധിച്ചു. അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ സാധ്യത പൂർണമായി ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ പത്ത്‌ ശതമാനമത്തിൽ താഴെ നിർത്താനായിരിക്കും കൂടുതൽ ശ്രദ്ധ.

ലക്ഷദ്വീപിൽ‌ സ്ഥിതി‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനം ; ലെവൽ 2 സുരക്ഷ ഏർപ്പെടുത്തി

 ലക്ഷദ്വീപിൽ‌ സ്ഥിതി‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനം ; ലെവൽ 2 സുരക്ഷ ഏർപ്പെടുത്തി ; ആരെയും 
എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാം

അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ ഭരണപരിഷ്‌കാരത്തിനെതിരായ ജനരോഷം മറികടക്കാൻ ലക്ഷദ്വീപിൽ‌ അടിയന്തരാവസ്ഥയ്‌ക്ക്‌ സമാനമായ നിയന്ത്രണം. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ഭരണപരിഷ്‌കാരം നടപ്പാക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ്‌ തീരത്തും തുറമുഖത്തും ലെവൽ 2 സുരക്ഷ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച്‌ ലക്ഷദ്വീപ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി കഴിഞ്ഞദിവസം ഉത്തരവിറക്കി. രാജ്യസുരക്ഷയ്‌ക്ക്‌ ഗുരുതര വെല്ലുവിളി നേരിടുമ്പോൾമാത്രം ഏർപ്പെടുത്തുന്ന കർശന നിയന്ത്രണത്തോടെയുള്ള ജാഗ്രതയാണ്‌ ലെവൽ 2 സുരക്ഷ‌. അപൂർവമായിമാത്രം നടപ്പാക്കുന്ന ലെവൽ 2 സുരക്ഷയുടെ പേരിൽ ആരെയും എപ്പോൾ വേണമെങ്കിലും കസ്‌റ്റഡിയിലെടുക്കാനും സഞ്ചാരസ്വാതന്ത്ര്യം തടയാനും കഴിയും.

ഇന്റലിജൻസ്‌ റിപ്പോർട്ടിനെ തുടർന്നാണ്‌ ഇതെന്ന്‌ ലക്ഷദ്വീപ്‌ ഡെവലപ്‌മെന്റ്‌ കോർപറേഷൻ എംഡി സച്ചിൻ ശർമ പറയുന്നു. തുറമുഖത്തും ജെട്ടികളിലും പരിസരങ്ങളിലും ജലയാനങ്ങളിലും 24 മണിക്കൂർ നിരീക്ഷണമുണ്ട്‌. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടപടി തുടരുമെന്നും ഉത്തരവിൽ പറയുന്നു.  നേരത്തെ ജില്ലാ പഞ്ചായത്തിന്റെ അധികാരം കവരുകയും ഗുണ്ടാ ആക്‌ട്‌ നടപ്പാക്കുകയും ചെയ്‌തശേഷമാണ്‌  പുതിയ നടപടി.

ലെവൽ 2 സുരക്ഷയിൽ, യാത്രക്കാരുടെ ബാഗേജ്‌ പരിശോധിക്കാനും തടഞ്ഞുവയ്‌ക്കാനും കഴിയും. ലക്ഷദ്വീപിലേക്കും പുറത്തേക്കുമുള്ള യാത്ര നിയന്ത്രിക്കലാകും പ്രധാന ലക്ഷ്യം. ജനപ്രതിനിധികളും രാഷ്‌ട്രീയനേതൃത്വവും ലക്ഷദ്വീപിൽ എത്തുന്നതിന്‌ അഡ്‌മിനിസ്‌ട്രേറ്റർ അനുമതി നിഷേധിച്ചിരുന്നു. മുമ്പ്‌ കോവിഡ്‌ നിയന്ത്രണങ്ങളുടെ പേരിലായിരുന്നെങ്കിൽ, ഇനി സുരക്ഷാകാരണം പറഞ്ഞും അനുമതി നിഷേധിക്കാം.

കോവിഡ്‌ വ്യാപനം 60 ശതമാനത്തിലേറെയുള്ളതിനാൽ ജനം വീടുകളിലാണ്‌‌. പരിഷ്‌കാരങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്‌. കഴിഞ്ഞദിവസം പ്രതിഷേധിച്ചവരെ കോവിഡ്‌ നിയന്ത്രണലംഘനക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ മറ്റു ഗുരുതരവകുപ്പുകളും ചുമത്താൻ നീക്കമുണ്ട്‌. കോവിഡ്‌ ഭീഷണി കുറഞ്ഞാലും ജനരോഷത്തിന്‌ തടയിടാൻ ഗുണ്ടാനിയമവും ലെവൽ 2 സുരക്ഷാനിയന്ത്രണങ്ങളും  പ്രയോഗിക്കാനുമാകും.

ദ്വീപിൽ സന്ദർശകവിലക്ക് ഏർപ്പെടുത്തി. എഡിഎമ്മിന്റെ അനുമതിയുള്ളവർക്കുമാത്രമാകും സന്ദർശനാനുമതി. സന്ദർശനത്തിന്‌ എത്തിയിട്ടുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎം അനുമതി വേണം. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ഞായറാഴ്‌ച ലക്ഷദ്വീപിൽ എത്തുമെന്നാണ്‌ വിവരം.

പട്ടേലിന്‌ പ്രത്യേക അജൻഡ:  
മുൻ അഡ്‌മിനിസ്‌ട്രേറ്റർ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ വിമർശവുമായി മുൻ അഡ്മിനിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. പുതിയ ഭരണപരിഷ്‌കാരങ്ങൾ ദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ അഭിപ്രായപ്പെട്ടു. ഗുണ്ടാ ആക്ട്‌ നടപ്പാക്കിയതും അങ്കണവാടികൾ പൂട്ടിയതും ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചതും തെറ്റായ നടപടികളാണ്.

അഡ്മിനിസ്ട്രേറ്റർക്ക്‌ പ്രത്യേക അജൻഡയുള്ളതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിന്റെ പരാമർശം.

അധികാരം കവരാനാകില്ലെന്ന് 
ലക്ഷദ്വീപ്‌‌ ജില്ലാപഞ്ചായത്ത്‌

ലക്ഷദ്വീപ്‌ ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങൾ അഡ്‌മിനിസ്‌ട്രേറ്റർ കവർന്നത്‌ നിയമവിരുദ്ധമെന്നു കാണിച്ച്‌ വകുപ്പ്‌ സെക്രട്ടറിക്ക്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റിന്റെ കത്ത്‌. ജില്ലാപഞ്ചായത്തിനുകീഴിലെ അഞ്ച്‌ സുപ്രധാന വകുപ്പുകൾ ഏറ്റെടുത്ത്‌ ഉത്തരവിറക്കിയ വകുപ്പ്‌ സെക്രട്ടറി എ ടി ദാമോദറിനാണ്‌ പ്രസിഡന്റ്‌ കത്തയച്ചത്‌. വകുപ്പ്‌ സെക്രട്ടറി അമിതാധികാരം ഉപയോഗിക്കുന്നുവെന്ന്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ ബേഡുമുക്ക ഗോത്തി കത്തിൽ പറഞ്ഞു. അഡിമിനിസ്ട്രേഷൻ നടപടികളിൽ പ്രതിഷേധം അറിയിച്ച് കവരത്തി പഞ്ചായത്ത് കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.

ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണാധികാരങ്ങൾ അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന്‌ കത്തിൽ പറഞ്ഞു. തെരഞ്ഞെടുത്ത ഭരണസംവിധാനത്തിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ അഡ്മിനിസ്ട്രേഷൻ ഏറ്റെടുക്കണമെങ്കിൽ വിജ്ഞാപനം പുറപ്പെടുവിക്കണം. അതിന് കേന്ദ്രസർക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരവും വേണം. പഞ്ചായത്തിരാജ്‌ നിയമപ്രകാരമാണ്‌ അധികാരങ്ങൾ ജില്ലാപഞ്ചായത്തിന്‌ ലഭിച്ചത്‌. അത്‌ സെക്രട്ടറിതല ഉത്തരവിലൂടെ അട്ടിമറിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. 

വികസനപദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കലക്ടർ അസ്‌കർ അലിയുടെ പ്രസ്താവനകളിലും പ്രതിഷേധം അറിയിച്ച് മൂന്നു പ്രമേയങ്ങളാണ് പാസാക്കിയത്.

എം എസ്‌ അശോകൻ 

കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്‌ ; ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌ കേരളബാങ്ക് രൂപീകരണം

സംസ്ഥാന–-- ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന്‌ കേരളം മാതൃകയാക്കി റിസർവ്‌ ബാങ്ക്. കേരളബാങ്ക് രൂപീകരണമാണ് രാജ്യത്തിനാകെ ബാധകമായ ലയന മാർഗരേഖയുടെ ഭാഗമാക്കിയത്‌‌. സംസ്ഥാന–- ജില്ലാ സഹകരണ ബാങ്ക്‌ ലയനത്തിന്‌ ഈ മാർഗനിർദേശം ബാധകമാകും. ബാങ്കിങ്‌ നിയന്ത്രണ(ഭേദഗതി) നിയമം 2020ന്റെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം. ലയനത്തിനായി കൂടുതൽ സംസ്ഥാനങ്ങൾ സമീപിക്കുന്നതിനാലാണ്‌‌ ആർബിഐ നടപടി.

ലയനത്തിന്‌ മുമ്പ്‌ വിശദ പഠനം ആവശ്യപ്പെടുന്നതാണ്‌‌‌‌ പ്രധാന നിർദേശം. കേരള ബാങ്ക് രൂപീകരണത്തിന്‌ പഠനം നടത്തിയത്‌ പ്രൊഫ. എം എസ്‌ ശ്രീറാം അധ്യക്ഷനായ സമിതിയാണ്‌. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, തുടർനടപടിക്കായി വി ആർ രവീന്ദ്രനാഥിന്റെ മേൽനോട്ടത്തിൽ കർമസമിതിയുണ്ടാക്കി. ജില്ലാ–-സംസ്ഥാന ബാങ്കുകളുടെ വായ്‌പ ഏകീകരിച്ചു. വിവിധ ഓഡിറ്റും ആസ്‌തി ബാധ്യതാ കണക്കെടുപ്പും പൂർത്തീകരിച്ചു. പുതിയ സഹകരണ സംഘങ്ങളുടെ പേരിന്‌ ബാങ്ക്‌ പദം‌ വിലക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ ഏകീകരിക്കാൻ കമീഷനെ നിയമിച്ചു.

ലയന അപേക്ഷ നബാർഡ്‌ അംഗീകരിച്ചശേഷമേ റിസർവ്‌ ബാങ്ക്‌ പരിഗണിക്കേണ്ടതുള്ളുവെന്നും മാർഗരേഖ വ്യവസ്ഥ ചെയ്യുന്നു. ലയന അനുമതി രണ്ടു ഘട്ടമായിരിക്കും. കേരള ബാങ്ക്‌ അപേക്ഷയ്‌ക്കടക്കം‌ നബാർഡ്‌ അനുമതി ഉറപ്പാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആർബിഐയുടെ തത്വത്തിലുള്ള അനുമതിയാണ്‌ ലഭിച്ചത്‌. ഐടി സംവിധാന സംയോജനമാണ്‌ മറ്റൊരു വ്യവസ്ഥ. കേരളത്തിൽ എകീകൃത സോഫ്‌റ്റുവെയർ നടപ്പാക്കൽ ചുമതല കേരള ബാങ്കിനാണ്‌‌. 769 ശാഖയും 1600 പ്രാഥമിക സംഘവും ശാഖകളുമടക്കം 5300 ഇടപാട്‌ കേന്ദ്രം ഏകീകൃത കംപ്യൂട്ടർ ശൃംഖലയിലാകും. ഇതടക്കമുള്ള പ്രധാന നിർദേശങ്ങൾക്കെല്ലാം കേരളം മാതൃകയായി.

ജി രാജേഷ്‌ കുമാർ 

Saturday, May 29, 2021

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ; 80:20 അനുപാതം; മദ്രസ്സാദ്ധ്യാപകർക്ക് സർക്കാർ ശമ്പളം! യാഥാർത്ഥ്യമെന്താണ്?

ഡോ.കെ.ടി.ജലീൽ എഴുതുന്നു

 ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് എന്തൊക്കെ ക്ഷേമ പ്രവർത്തനങ്ങളാണ് നടന്നതെന്ന് ചോദിക്കുന്നവരുടെ അറിവിലേക്കാണ് ഈ കുറിപ്പ്.

സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെയും അതിൻ്റെ അടിസ്ഥാനത്തിൽ പഠിച്ച് സമർപ്പിക്കപ്പെട്ട പാലൊളി കമ്മിറ്റി റിപ്പോർട്ടിലെയും ശുപാർശകൾ ഘട്ടം ഘട്ടമായേ ഏതൊരു സർക്കാരിനും നടപ്പിലാക്കാൻ കഴിയുകയുള്ളൂ. വിവിധ തുറകളിലെ മുസ്ലിം ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കാൻ ബന്ധപ്പെട്ട മേഖലകളിലേക്ക് അവരിലെ നിർധനരെ ആകർഷിക്കാൻ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തണമെന്ന പാലൊളി കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പ്രസക്തമെന്ന് തോന്നുന്ന പദ്ധതികൾ വിഎസ് സർക്കാറിൻ്റെ കാലത്തും അത് കഴിഞ്ഞു വന്ന UDF സർക്കാറിൻ്റെ കാലയളവിലും നടപ്പിലാക്കിയിരുന്നു. തുടർന്നുവന്ന ഒന്നാം പിണറായി സർക്കാരും ആ പാത തന്നെ പിന്തുടർന്നു. വിവിധ സർക്കാർ ഉദ്യോഗ മേഖലയിൽ മുസ്ലിം ഉദ്യോഗാർത്ഥികളുടെ കുറവ് പരിഹരിക്കപ്പെടുന്നത് വരെ ഇത്തരം പ്രത്യേക സ്കീമുകൾ പ്രസക്തമാണ് താനും. ഈയുള്ളവൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യവെ നടപ്പിലാക്കിയ പദ്ധതികളുടെ സംക്ഷിപ്തമാണ് ചുവടെ.

1) 1000 വിധവകൾക്ക് ഭവന പുനരുദ്ധാരണത്തിന് 50000 രൂപ സഹായം നൽകുന്ന ഇമ്പിച്ചിബാവാ വിധവാ ഭവന പുനരുദ്ധാരണ സ്കീം.

2) നഴ്സിംഗിനും പാരാമെഡിക്കലിനും പഠിക്കുന്ന 300 കുട്ടികൾക്ക് 15000 രൂപ വെച്ചുള്ള സ്കോളർഷിപ്പ് പദ്ധതി.

3) പത്ത് മിടുക്കരായ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപയുടെ വിദേശ പഠന സ്കോളർഷിപ്പ്.

4) SSLC, +2, ഫുൾ A+ നേടിയ വിദ്യാർത്ഥികളും 80% മാർക്കോടെ ഡിഗ്രി പാസ്സായവരുമായ 3300 വിദ്യാർത്ഥികൾക്ക് 10,000, 15000 രൂപ വെച്ച് നൽകുന്ന പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്.

5) UGC - NET പരിശീലനം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകുന്ന പദ്ധതി.

6) പ്രീമാരിറ്റൽ കൗൺസിലിംഗ് ഇതിനകം 181 ബാച്ചുകളിലായി 6500 യുവതീയുവാക്കൾക്ക് കൗൺസിലിംഗ്‌ നൽകിയ പദ്ധതി. പ്രസ്തുത പ്രൊജക്ട് ഇപ്പോഴും തുടരുന്നു.

7) പൊന്നാനി ന്യൂനപക്ഷ PSC പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കി.

8) നാഷണൽ ടാലൻ്റ് സർച്ച് പരിശീലനം ഒരു വർഷത്തിൽ 200 പേർക്ക് ഓരോ വർഷവും നൽകുന്ന പ്രോഗ്രാം.

9) ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആസ്ഥാന നവീകരണം യാഥാർത്ഥ്യമാക്കി.

10) 10000 ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനത്തിനും കരിയർ വികാസത്തിനുമായുള്ള 'എക്സ്പ്ലോറിംഗ് ഇന്ത്യ' പ്രോഗ്രാം. ഇവരിൽ ഏറ്റവും മിടുക്കരായ 120 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഫ്ലൈറ്റ് യാത്ര ഉൾപ്പടെ ഒരു ഡൽഹി ട്രിപ്പ്. ഫ്ലൈറ്റ് യാത്രക്കുള്ള ചെലവ് സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പുതുതലമുറയിൽ വളരുന്ന അരക്ഷിത ബോധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതിക്ക് രൂപകൽപന ചെയ്തത്. ഇതും ഒരു തുടർ പ്രൊജക്ടാണ്.

11) മദ്രസ്സാദ്ധ്യാപക ക്ഷേമനിധി പാലൊളിയുടെ കാലത്ത് രൂപീകരിച്ചിരുന്നെങ്കിലും ആനുകൂല്യങ്ങൾ ഉൾപ്പടെ ഭരണപരവും നയപരവുമായ കാര്യങ്ങൾ തീരുമാനിക്കാൻ മദ്രസ്സകൾ നടത്തുന്ന വിവിധ സംഘടനകളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളെ ഉൾപെടുത്തി നിയമം വഴി മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താൻ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിർവഹണ ബോർഡ് നിയമം വഴി രൂപീകരിച്ചു. തദ്വാരാ കൂടുതൽ ആനുകൂല്യങ്ങൾ മദ്രസ്സാദ്ധ്യാപകർക്ക് നൽകാൻ സാധിച്ചു. അംഗങ്ങളിൽ നിന്നും മദ്രസ്സാ മാനേജ്മെൻ്റുകളിൽ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഏകദേശം 25 കോടിയോളം രൂപ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവൺമെൻ്റ് നൽകുന്ന ഇൻസെൻ്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവിൽ നിന്ന് മദ്രസ്സാദ്ധ്യാപകർക്ക് ആനുകൂല്യമായി നൽകുന്നില്ല. ഞാൻ നിയമ സഭയിൽ പറഞ്ഞു എന്ന വ്യാജേന താഴെ ഇമേജായി നൽകിയ ഒരു വാറോല വ്യാപകമായി തൽപര കക്ഷികൾ പ്രചരിപ്പിക്കുന്നുണ്ട്. സൗഹൃദത്തിലും സ്നേഹത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ വേണ്ടി മാത്രമാണ് ഈ നുണ പ്രചരണം.

12) 8 പുതിയ ന്യൂനപക്ഷ മൽസര പരീക്ഷാ കേന്ദ്രങ്ങളും (തലശ്ശേരി, പേരാമ്പ്ര, ആലത്തിയൂർ, വളാഞ്ചേരി, പട്ടാമ്പി, മട്ടാഞ്ചേരി, കുണ്ടറ, കായങ്കുളം) 16 ഉപകേന്ദ്രങ്ങളും ആരംഭിച്ചു.

13) ന്യൂനപക്ഷ വിദ്യാർത്ഥികളിൽ ദേശീയേൽഗ്രഥന പ്രധാനമായ വിഷയങ്ങളിൽ ഗവേഷണ ത്വര പ്രോൽസാഹിപ്പിക്കുന്നതിന് അവർക്ക് താമസിച്ച് ഗവേഷണം നടത്താൻ ബൃഹത്തായ ലൈബ്രറി സംവിധാനത്തോടെയുള്ള ഒരു ന്യൂനപക്ഷ പഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ആദ്യമായി സ്ഥാപിക്കാൻ പദ്ധതിയിടുകയും ഇതിനാവശ്യമായ 5 ഏക്കർ സ്ഥലം രാമനാട്ടുകരയിൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരിൽ നിന്ന് സൗജന്യമായി സർക്കാരിലേക്ക് ലഭ്യമാക്കുകയും ചെയ്തു. തൽസംബന്ധമായ MoU ഉടൻ ഒപ്പുവെക്കും.

14) അന്യാധീനപ്പെട്ട് പല മാടമ്പിമാരും സ്വന്തമാക്കി വെച്ച് അനുഭവിച്ചിരുന്ന കണ്ണായ സ്ഥലങ്ങളിലുള്ള വഖഫ് ഭൂമികളും സ്വത്തുവഹകളും സമഗ്ര സർവ്വേ നടത്തി കണ്ടെത്തുകയും അവ വഖഫ് ബോർഡിൻ്റെതാക്കാൻ വഖഫ് സർവ്വേ കമ്മീഷണറെ നിയോഗിക്കുകയും ചെയ്തു. ഓരോ ജില്ലയിലേയും കളക്ടർമാരുടെ നേതൃത്വത്തിൽ നടന്ന സർവ്വേ പ്രവൃത്തി 90 ശതമാനവും പൂർത്തിയാക്കി. വരുന്ന ഒരു കൊല്ലത്തിനിടയിൽ സംസ്ഥാന വഖഫ് ബോർഡിൻ്റെ വരുമാനം പതിൻമടങ്ങ് വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. കേന്ദ്ര വഖഫ് മന്ത്രാലയത്തിൻ്റെ പ്രശംസ ഇക്കാര്യത്തിൽ ലഭിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്.

15) ഹജ്ജ് ഹൗസിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ മൂന്ന് കോടി രൂപ ചെലവിട്ട് സ്ത്രീകൾക്കായി ഒരു പ്രത്യേക ബ്ലോക്ക് നിർമ്മിക്കാനുള്ള പ്രവൃത്തിക്ക് തുടക്കമിട്ടു.

16) സംസ്ഥാനത്ത് ആദ്യമായി കരിപ്പൂരും കൊച്ചിയിലുമായി രണ്ട് ഹജ്ജ് എംബാർകേഷൻ പോയിൻ്റുകൾ പ്രയോഗവൽകരിക്കാൻ നേതൃത്വം നൽകി.

17) കേന്ദ്ര സർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്താൻ കേരളത്തെ പ്രാപ്തമാക്കി.

2006 - 11 കാലയളവിൽ വിഎസ് ഗവൺമെൻ്റ് നടപ്പിലാക്കിയ പദ്ധതികളും 2011 - 16 കാലത്ത് UDF സർക്കാർ നടപ്പിലാക്കിയ പദ്ധതികളും മുടക്കം കൂടാതെ ഇതിനു പുറമെ നടന്ന് വരുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ചുമതല ഞാൻ വഹിച്ചിരുന്ന സമയത്ത് നടപ്പിലാക്കാനായ പദ്ധതികളാണ് മേൽ വിശദീകരിച്ചത്. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ വിഎസ് സർക്കാരിൻ്റെ കാലത്തും UDF ഭരണ കാലയളവിലും നടപ്പിലാക്കിയ പദ്ധതികളിൽ സ്വീകരിച്ച മുസ്ലിം - കൃസ്ത്യൻ ഗുണഭോക്തൃ അനുപാതം 80:20 ആണെന്ന പോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാർ റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ നടപ്പിലാക്കിയ പദ്ധതികളും 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പൊതുവിൽ നൽകപ്പെടുന്ന സ്വയം തൊഴിൽ പദ്ധതികൾക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ്റെ സ്കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നൽകുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളും അർഹതപ്പെട്ട മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർക്കും നൽകി വരുന്നുണ്ട്.

കേരളത്തിലെ ജനസംഖ്യയിൽ 26% വരുന്ന മുസ്ലിങ്ങൾ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കിൽ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ 20% മാത്രമാണ് സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗക്കാർ

(ലത്തീൻ കത്തോലിക്കരും പരിവർത്തിത ക്രൈസ്തവരും). 80% ക്രൈസ്തവ സഹോദരൻമാരും സംവരണാനുകൂല്യം ലഭിക്കാത്ത മുന്നോക്ക വിഭാഗമായാണ് ഗണിക്കപ്പെടുന്നത്.

പാലൊളി കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുമ്പോൾ വരുന്ന ഗുണഭോക്തൃ അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകൾ നൽകിയ പരാതിയെ തുടർന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിൻ്റെ വർത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാൻ സച്ചാർ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത് നിയമിച്ചത്. പ്രസ്തുത കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ രണ്ടാം പിണറായി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കും. അതിൻ്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും.

കഴിഞ്ഞ UDF ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ഒരു പരാതി ആരും ഉയർത്തിയതായി കേട്ടിട്ടില്ല. സമാന സമീപനം ഇരു കാര്യങ്ങളിലും പിന്തുടരുക മാത്രം ചെയ്ത ഇടതുപക്ഷ സർക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തിൽ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം - ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയത്. ഞാൻ ന്യൂനപക്ഷ വകുപ്പിൻ്റെ ചുമതലക്കാരനായിരുന്നതിനാൽ പരമാവധി എന്നെ മോശക്കാരനാക്കാൻ മുസ്ലിംലീഗും ലീഗനുകൂലികളും മൽസര ബുദ്ധിയോടെ കല്ലുവെച്ച നുണകൾ പ്രചരിപ്പിക്കുന്നതിൽ അത്യാഹ്ലാദം കണ്ടെത്തി. മകൻ മരിച്ചിട്ടാണെങ്കിലും മരുമകളുടെ കണ്ണീര് കാണാൻ ആഗ്രഹിച്ച അമ്മായി അമ്മയെപ്പോലെ.

ഒരു വ്യക്തിയോടോ ജനവിഭാഗത്തോടോ അറിഞ്ഞ്കൊണ്ട് ഒരന്യായവും പ്രവർത്തിച്ചിട്ടില്ല. പ്രവർത്തിക്കുകയുമില്ല. അർഹതപ്പെട്ടത് എല്ലാവർക്കും ലഭിക്കണം. സാമൂഹ്യനീതി ഉറപ്പുവരുത്താൻ മന്ത്രിയായിരിക്കെ കഴിവിൻ്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിനിയും തുടരും. നീതി നിർവ്വഹണ വഴിയിൽ ഒരു മുതലാളി സമുദായ നേതാവിൻ്റെ ഉമ്മാക്കി കണ്ടും ഭയപ്പെട്ട് പകച്ചു നിന്നിട്ടില്ല. പിൻമാറിയിട്ടുമില്ല.

പിൻമാറുകയുമില്ല.

മദ്രസാ അധ്യാപകര്‍ക്കുള്ള സഹായത്തിന്റെയും ഗുണഭോക്‌തൃ അനുപാതത്തിന്റെയും പേരില്‍ വ്യാജപ്രചരണം; ഇതാണ് വസ്തുത

കൊച്ചി > ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ പേരില്‍ സോഷ്യല്‍മീഡിയ വഴി വ്യാജപ്രചരണം. മദ്രസാ അധ്യാപകര്‍ക്കുള്ള സഹായം ലഭിക്കുന്നതും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളിലെ ക്രൈസ്തവ-മുസ്ലിം അനുപാതവും സംബന്ധിച്ചാണ് നുണ പ്രചരിപ്പിക്കുന്നത്.   ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളും അവയിലെ മാനദണ്ഡവും വ്യക്തമാക്കി  മുന്‍ മന്ത്രി കെ ടി ജലീല്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ ഇക്കാര്യത്തിലെ വാസ്തവം തുറന്നുകാട്ടുന്നു.

ഒരുവര്‍ഷം കേരളത്തിലെ മദ്രസാ അധ്യാപകര്‍ക്കായി പെന്‍ഷനും ശമ്പളവും നല്‍കുന്നതിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 7500 കോടിയിലേറെ തുക ചെലവഴിക്കുന്നുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്ന്  ജലീല്‍ വ്യക്തമാക്കുന്നു. മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്ന ബില്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. . ഈ ക്ഷേമനിധിയിലെ അംഗങ്ങളില്‍ നിന്നും മദ്രസ്സാ മാനേജ്‌മെന്റുകളില്‍ നിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് മദ്രസാ അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവണ്‍മെന്റ് നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ഒരുപൈസ പോലും പൊതുഖജനാവില്‍ നിന്ന് മദ്രസ്സാദ്ധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ല. ഇതാണ് വാസ്തവം.

ന്യൂനപക്ഷ വിഭാഗത്തിനുള്ള ആനുകൂല്യങ്ങളിലെ അനുപാതം സംബന്ധിച്ചാണ് മറ്റൊരു കുപ്രചരണം. കേരളത്തിലെ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ട് പാലൊളി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തും യുഡിഎഫ് ഭരണ  കാലയളവിലും നടപ്പിലാക്കിയ പദ്ധതികളില്‍ സ്വീകരിച്ച മുസ്ലിം - കൃസ്ത്യന്‍ ഗുണഭോക്തൃ അനുപാതം 80:20 ആയിരുന്നു. അതുപോലെ ഒന്നാം പിണറായി ഭരണത്തിലും സച്ചാര്‍ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ 80:20 അനുപാതത്തിലാണ് നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ പൊതുവില്‍ നല്‍കപ്പെടുന്ന സ്വയം തൊഴില്‍ പദ്ധതികള്‍ക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ സ്‌കീമുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നല്‍കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളും അര്‍ഹതപ്പെട്ട മുഴുവന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്.  കേരളത്തിലെ ജനസംഖ്യയില്‍ 26% വരുന്ന മുസ്ലിങ്ങള്‍ മുഴുവനും സംവരണാനുകൂല്യമുള്ള പിന്നോക്കക്കാരാണെങ്കില്‍ 18% വരുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങളില്‍ 20% മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാര്‍ (ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും).

പാലൊളി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന ഗുണഭോക്‌തൃ  അനുപാതത്തിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് ചില സംഘടനകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിന്റെ വര്‍ത്തമാന സാമൂഹ്യ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് സമഗ്രമായി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റിക്കും പാലൊളി കമ്മിറ്റിക്കും സമാനമായി റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ചത്. ഈ കമ്മിറ്റി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. അതിന്റെ അനുപാതവും 80:20 തന്നെയാകും. 80% ക്രൈസ്തവരും 20% മറ്റു ന്യൂനപക്ഷങ്ങളും. -ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് 80:20 അനുപാതവുമായി ബന്ധപ്പെട്ടോ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയുമായി ബന്ധപ്പെട്ടോ ആരും പരാതിപ്പെട്ടിട്ടില്ല. ഇടതുപക്ഷ സര്‍ക്കാറിനെ താറടിക്കാനും ക്രൈസ്തവ സമൂഹത്തില്‍ ഒറ്റപ്പെടുത്താനും ബിജെപിയും യുഡിഎഫും ചില ക്ഷുദ്ര ശക്തികളെ കൂട്ടുപിടിച്ച് നടത്തിയ കുപ്രചരണങ്ങളാണ് മുസ്ലിം - ക്രൈസ്തവ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

പുതിയ ഐടി ചട്ടം അപകടകരം: സിപിഐ എം

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ അപകടകരവും പിന്തിരിപ്പനുമായ പുതിയ ഐടി ചട്ടം  പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. സാമൂഹ്യമാധ്യമങ്ങളുടെ സുരക്ഷാചട്ടം ദുര്‍ബലമാക്കി ജനങ്ങളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള നീക്കം പൗരന്‍മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണ്.

ഒരു സന്ദേശത്തിന്റെ ആദ്യ സ്രോതസ്സ്‌ എവിടെയെന്ന് സര്‍ക്കാരോ കോടതിയോ ആവശ്യപ്പെട്ടാല്‍ അറിയിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. ഇത് സന്ദേശക്കൈമാറ്റ സംവിധാനത്തിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ചൂണ്ടിക്കാട്ടി. സാങ്കേതികവിദഗ്ധരും വസ്തുത ശരിവയ്ക്കുന്നു. ഇത്തരം സംവിധാനങ്ങളുടെ സുരക്ഷ തകരുന്നത് ഉപയോക്താക്കളുടെ സ്വകാര്യത വലിയരീതിയില്‍ ലംഘിക്കപ്പെടാന്‍ വഴിവയ്ക്കും.

ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള വാട്‌സാപ്പിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍  ഫെയ്‌സ്ബുക്കും തയ്യാറാകണം

ഈ സാഹചര്യത്തില്‍ ബിസിനസ് ആപ്ലിക്കേഷനുകള്‍ക്കായുള്ള വാട്‌സാപ്പിന്റെ സുരക്ഷ ദുര്‍ബലപ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍  ഫെയ്‌സ്ബുക്കും തയ്യാറാകണമെന്ന് പിബി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വാട്‌സാപ് ഡാറ്റ ആവശ്യപ്പെടുന്ന ഫെയ്‌സബുക്, യൂറോപ്യന്‍ യൂണിയനില്‍ അവരുടെ നിര്‍ദേശാനുസരണം ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.

ബിജെപി നേതാക്കളുടെ ട്വീറ്റുകള്‍ക്ക് "മാനിപ്പുലേറ്റഡ് മീഡിയ' ടാഗ് നല്‍കിയതിനാണ് ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ട്വിറ്ററിനെ വിരട്ടാന്‍ കേന്ദ്രം നീക്കം നടത്തിയത്. ഐടി മന്ത്രാലയത്തെ പക്ഷപാതപരമായ രീതിയില്‍ ഉപയോഗിക്കുന്ന ബിജെപിയുടെ നടപടി അംഗീകരിക്കാനാകില്ല. ട്വിറ്റര്‍ ഓഫീസുകള്‍ റെയ്ഡ് ചെയ്ത പൊലീസ് നടപടി വിരട്ടല്‍ തന്ത്രമാണെന്ന് വ്യക്തമെന്നും പിബി ചൂണ്ടിക്കാട്ടി.

എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ; സിൽവർലൈൻ യാഥാർഥ്യമാക്കും ; ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും

എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ സർക്കാർ സേവനങ്ങൾക്ക്‌ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. പദ്ധതിയുടെ ഉദ്‌ഘാടനം ഒക്ടോബർ രണ്ടിന്‌ നടക്കും. എല്ലാ സർക്കാർ സ്ഥാപനത്തിലും ഇലക്‌ട്രോണിക്‌ ഫയൽ പ്രോസസിങ്‌ സിസ്‌റ്റം നടപ്പാക്കും. ഇതുവഴി സർക്കാർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പുവരുത്താനും കഴിയും. നിർധന കുടുംബങ്ങൾക്ക്‌ സൗജന്യമായി അതിവേഗ ഇന്റർനെറ്റ്‌ നൽകാനുള്ള കെ ഫോൺ പദ്ധതി കൂടുതൽ വിപുലപ്പെടുത്തും. കൂടുതൽ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. നിലവിൽ രണ്ടായിരം സ്ഥലത്താണുള്ളത്‌.

തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ ടിസിഎസ്‌ എയ്‌റോ സ്‌പേസ്‌ ഹബ്ബിന്റെ നിർമാണം ഈ വർഷം ആരംഭിക്കും. കളമശേരിയിലെ ടെക്‌നോളജി ഇന്നവേഷൻ സോൺ ആരംഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്‌വെയർ ഇക്കോസിസ്‌റ്റമായി മാറും. സ്‌റ്റാർട്ടപ് മിഷന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. 3900 സ്‌റ്റാർട്ടപ്പാണ്‌ നിലവിൽ പ്രവർത്തിക്കുന്നത്‌. സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കുന്നതിന്‌ പ്രോത്സാഹനം നൽകും. ഇ ഗവേണൻസ്‌ രംഗത്ത്‌ മലയാളം ഫലപ്രദമായി ഉപയോഗിക്കാൻ ഗവേഷണ കേന്ദ്രം ആരംഭിക്കും.

കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി ; 20,000 കോടിയുടെ നിക്ഷേപം

കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയിൽ പ്രതീക്ഷിക്കുന്നത്‌ 20,000 കോടി രൂപയുടെ നിക്ഷേപം. നിക്ഷേപകരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാനതല പരാതി പരിഹാരസമിതി രൂപീകരിക്കും. പാലക്കാട്‌ ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌, കോട്ടയം എച്ച്‌എൻഎൽ, കാസർകോട്‌ ഭെൽ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്‌. ഇ മാർക്കറ്റ്‌ പ്ലാറ്റ്‌ഫോമിനു പുറമെ ഓപ്പൺസോഴ്‌സ്‌ പ്ലാറ്റ്‌ഫോം രൂപീകരിക്കും. ഇതുവഴി വർഷം ഒരു ലക്ഷം തൊഴിലാണ്‌ പ്രതീക്ഷിക്കുന്നത്‌.

സിൽവർലൈൻ യാഥാർഥ്യമാക്കും

അർധ അതിവേഗ റെയിൽപാത (സിൽവർലൈൻ) സാധ്യമാക്കും. സംസ്ഥാനത്തിന്റെ ഗതാഗതമേഖലയിൽ വലിയ കുതിച്ചുചാട്ടം സാധ്യമാകുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരംമുതൽ കാസർകോടുവരെ നിലവിലെ 12 മണിക്കൂർ യാത്രാസമയം നാല്‌ മണിക്കൂറാകും. 63,900 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനസഹായത്തിന്‌ വിവിധ ഏജൻസികളെ സമീപിക്കാൻ കേന്ദ്ര ധനമന്ത്രാലത്തിനു കീഴിലെ സാമ്പത്തിക കാര്യവകുപ്പിനോട്‌ നിതി ആയോഗും റെയിൽവേ ബോർഡും ധനവിനിയോഗ വകുപ്പും ശുപാർശ ചെയ്‌തു. പദ്ധതിക്കുള്ള അന്തിമാനുമതി കേന്ദ്ര സർക്കാരിൽനിന്ന്‌ ഉടൻ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ.


വിജിലൻസിനും സൈബർ സെൽ

വിജിലൻസിന്റെ ഇന്റലിജൻസ്‌ സർവൈലൻസ്‌ സംവിധാനം മെച്ചപ്പെടുത്തുകയും ആസ്ഥാനത്ത്‌ സൈബർ സെൽ ആരംഭിക്കുകയും ചെയ്യും. കോഴിക്കോട്‌, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ ട്രൈനിങ്‌ സെന്റർ നിർമാണം പൂർത്തിയാക്കും. യൂണിറ്റുകളുടെ  ഡിജിറ്റലൈസേഷനും വീഡിയോ കോൺഫറൻസിങ്‌ വഴി കോടതികളുമായി ബന്ധിപ്പിക്കലും നടപ്പാക്കും. 

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും

ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണും. ക്രിസ്‌ത്യൻ ന്യൂനപക്ഷം നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടുണ്ട്‌. റിപ്പോർട്ട്‌ പ്രതീക്ഷിക്കുകയാണ്‌.


സൂക്ഷ്‌മ 
ജലസേചന പദ്ധതി വ്യാപകമാക്കും

മുൻ ധനമന്ത്രി കെ എം മാണിയുടെ ഓർമയ്‌ക്ക്‌ കമ്യൂണിറ്റി ബെയ്‌സ്‌ഡ്‌ മൈക്രോ–- ഇറിഗേഷൻ പദ്ധതി നടപ്പാക്കും. കുരുമുളക്‌, ഏലം, നാളികേരം, അടയ്‌ക്ക, ജാതി, കാപ്പി, ഫലവൃക്ഷ വിളകൾ, പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ ഇത്‌ സഹായിക്കും. നദീതടങ്ങളിൽ ജലസംബന്ധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റിവർ ബേസിൻ കൺസർവേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ അതോറിറ്റി രൂപീകരിക്കും. ഇതിനുള്ള നിയമം ഈ വർഷം.

കരുതലും കണക്‌ഷനും

നാല്‌ വർഷത്തിനുള്ളിൽ നഗരവാസികളായ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്‌ഷൻ. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനം, കൈപ്പമംഗലം, ചേർത്തല, പൂന്തുറ നിവാസികളുടെ സ്വത്തിനും ജീവനും അതീവ ശ്രദ്ധ. ജലവിഭവമേഖലയിൽ എൻജിനിയറിങ്‌ സ്റ്റാർട്ടപ്‌. കാലാവസ്ഥ, പ്രളയ മുന്നറിയിപ്പുകൾ, റിസർവോയറിലെ ജലപരിപാലനം, ജലത്തിന്റെ ഗുണനിലവാരം, ജലസേചനപ്രദേശം എന്നിവയ്‌ക്കായി കേരള വാട്ടർ റിസോഴ്‌സസ്‌ ഇൻഫർമേഷൻ സിസ്റ്റം.


പുതിയകരാർ

പറമ്പിക്കുളം–- ആളിയാറുമായി ബന്ധപ്പെട്ട്‌ ഇരുകൂട്ടർക്കും സമ്മതമുള്ള ഒത്തുതീർപ്പിലെത്തും. പുതിയ കരാർ നടപ്പാക്കും. കാവേരി തടത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം അട്ടപ്പാടിവാലിപോലുള്ള അനുയോജ്യ പദ്ധതികൾക്ക്‌ വിനിയോഗിക്കും.

മൃഗസംരക്ഷണ സേവനം വാതിൽപടിയിൽ

വാതിൽപടി മൃഗസംരക്ഷണ സേവനങ്ങൾക്കായി 152 ബ്ലോക്ക്‌ പഞ്ചായത്തിലും ആംബുലൻസ്‌. വിവരങ്ങളും സ്ഥിതിവിവര കണക്കുകളും ലഭ്യമാക്കാൻ കേരള സ്‌റ്റേറ്റ്‌ ഡെയ്‌റി മാനേജ്‌മെന്റ്‌ ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കും. മൃഗസംരക്ഷണ–-ക്ഷീര വികസന മേഖലകളിൽ തൊഴിലവസരം 50 ശതമാനം വർധിപ്പിക്കും. 24 മണിക്കൂർ മൃഗസംരക്ഷണ സേവനം 77 താലൂക്കിൽ. പാറശാലയിൽ ആടുകൾക്കായി മികവിന്റെ കേന്ദ്രം.

വിദ്യാവനവും നഗരവനവും

സർക്കാർ സ്‌കൂൾ, കോളേജ്‌ പരിസരങ്ങളിൽ വിദ്യാവനം പേരിൽ 500 ചെറു കാട്‌ സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങൾ, റസിഡൻസ്‌ അസോസിയേഷനുകൾ, ഏജൻസികൾ സഹകരണത്തോടെ നഗരവനം സ്ഥാപിക്കും.


ഫീൽഡ്‌ യൂണിറ്റുകൾ പുനഃസംഘടിപ്പിക്കും

വനംവകുപ്പിന്റെ ഫീൽഡ്‌ യൂണിറ്റുകൾ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കും. ജീവനക്കാർക്ക്‌ ഉചിതമായ പരിശീലനം ഉപകരണങ്ങൾ നൽകും. ഘട്ടം ഘട്ടമായി ഫോറസ്‌റ്റ്‌ സ്‌റ്റേഷനുകൾ സ്ഥാപിക്കും.

അർഹരായ 
എല്ലാവർക്കും 
പട്ടയം

ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യം. അർഹരായ എല്ലാ ഭൂരഹിതർക്കും ഈ സർക്കാരിന്റെ കാലത്ത്‌ പട്ടയം നൽകും. സർക്കാർ ഭൂമി സംരക്ഷിക്കാനും അനധികൃത കൈയേറ്റം ഒഴിവാക്കാനും നടപടിയുണ്ടാകും. എല്ലാ വില്ലേജ്‌ ഓഫീസും സ്‌മാർട്ടാക്കും. സർട്ടിഫിക്കറ്റുകൾ നൽകാനും ഭൂനികുതി അടയ്‌ക്കാനും മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം ആരംഭിക്കും.

റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്‌തുക്കളുടെ വിവരം എളുപ്പം ലഭ്യമാക്കാൻ യുണീക്ക്‌ തണ്ടപ്പേർ സംവിധാനം നടപ്പാക്കും. ഇതുവഴി ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും ഭൂപരിഷ്‌കരണ നിയമത്തിനു കീഴിലുള്ള അധിക ഭൂമി കണ്ടെത്താനും സാധിക്കും. സംയോജിത ലാൻഡ്‌ റെക്കോർഡ്‌ ഇൻഫർമേഷൻ സിസ്‌റ്റം എല്ലാ വില്ലേജിലേക്കും വ്യാപിപ്പിക്കും.

അമ്പലമുഗളിലെ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിന്റെ അതിവേഗ വികസനം ഉറപ്പാക്കും.  പാലക്കാട്‌, ആലപ്പുഴ ജില്ലകളിൽ സംയോജിത റൈസ്‌ ടെക്‌നോളജി പാർക്കുകൾ ആരംഭിക്കും. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളിൽ 48 ശതമാനവും (68,419) കഴിഞ്ഞ അഞ്ചു വർഷത്തിൽ ആരംഭിച്ചതാണ്‌. ഇതുവഴി മൂന്നുലക്ഷം തൊഴിലവസരമാണ്‌ ഉണ്ടായത്‌.

900 മെഗാവാട്ട്‌ സൗരോർജശേഷികൂടി ; ആഭ്യന്തര ഉൽപ്പാദനശേഷി കൂട്ടും

അടുത്ത രണ്ട്‌ വർഷത്തിനുള്ളിൽ 900 മെഗാവാട്ട്‌ സൗരോർജശേഷികൂടി കൈവരിക്കും. ആഭ്യന്തര ഉൽപ്പാദനശേഷി വർധിപ്പിക്കും. 170 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ കമീഷൻ ചെയ്യും. 10,000 കോടി രൂപയുടെ വിഹിതമുള്ള ട്രാൻസ്‌ഗ്രിഡ്‌ 2.0 പദ്ധതി  സൗകര്യങ്ങളെ അടുത്ത രണ്ട്‌ ദശകകാലത്തേക്ക്‌ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം നിറവേറ്റുന്ന തരത്തിൽ മാറ്റും.


ഭാവിയിലും പവർക്കട്ടില്ല

വയനാട്‌, കാസർകോട്‌ എന്നിവിടങ്ങളിലെ 400 കെവി സബ്‌സ്‌റ്റേഷനുകൾ, കോഴിക്കോടുമുതൽ ഉടുപ്പിവരെയുള്ള ലൈൻ, സംസ്ഥാനത്തിന്റ 400 കെവി ട്രാൻസ്‌മിഷൻ ഇടനാഴി എന്നിവ പൂർത്തിയാക്കും. ഇത്‌ ഭാവിയിൽ പവർക്കട്ട്‌ ഇല്ലാതാക്കും.  

മിതമായ നിരക്കിൽ വൈദ്യുതി

ദരിദ്രരിൽ ദരിദ്രരായവർക്ക്‌ മിതമായ നിരക്കിൽ വൈദ്യുതി ലഭ്യമാക്കും. വിതരണശൃംഖലയുടെ പരിധിയിൽ വരാത്ത വിദൂര പ്രദേശങ്ങളിൽ ഉചിതമായ സാങ്കേതികവിദ്യയിലൂടെ വൈദ്യുതി കണക്‌ഷൻ നൽകും. കർഷകർക്ക്‌ പിന്തുണ നൽകൻ പിഎം കെയുഎസ്‌യുഎമ്മിനു കീഴിൽ പദ്ധതികൾ വികസിപ്പിക്കും.

ഇടുക്കിയിൽ രണ്ടാംനിലയം

780 മെഗാവാട്ട്‌ ഉൽപ്പാദനശേഷിയുള്ള ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ടം 7000 കോടി രൂപ മുതൽമുടക്കിൽ ആരംഭിക്കും. വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃപരിശോധിക്കും.

സമഗ്രാരോഗ്യ പാക്കേജ്‌

പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മഹാമാരിയെ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും ഊന്നൽ നൽകി 1000 കോടി രൂപയുടെ സമഗ്ര ആരോഗ്യ പാക്കേജ്‌ നടപ്പാക്കും.

വെർച്വൽ ട്രൈബൽ 
എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌

ഗോത്രയുവജനങ്ങൾക്ക്‌ സ്വകാര്യ–- പൊതു മേഖലകളിൽ തൊഴിൽ ഉറപ്പാക്കാൻ വെർച്വൽ ട്രൈബൽ എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌. കുറഞ്ഞത്‌ 15,000 ഗോത്രയുവജനങ്ങൾക്ക്‌ അക്കാദമിക്‌ മികവ്‌ നേടാൻ 500 കമ്യൂണിറ്റി പഠനകേന്ദ്രം. നിർമാണ വ്യവസായവുമായി ബന്ധപ്പെട്ട്‌ 2000പേർക്ക്‌ ഗോത്രജീവികയിലൂടെ പരിശീലനം. ഗോത്രഉൽപ്പന്നങ്ങളുടെ വിപണനത്തിന്‌ ട്രൈബൽ വില്ലേജ്‌ മാർക്കറ്റ്‌. ട്രൈബൽ സ്‌റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ പ്രത്യേക പദ്ധതി.

ഇന്റർനെറ്റും വീടും

മുഴുവൻ ആദിവാസി ഗ്രാമത്തിലും ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി. 2021–- 22ൽ ലൈഫ്‌മിഷനിലൂടെ 4000 വീട് നിർമിക്കും. ഗോത്രവാത്സല്യനിധി വഴി 1000 പെൺകുട്ടികൾക്ക്‌ ഇൻഷുറൻസ്‌ പരിരക്ഷ. പട്ടികജാതിക്കാർക്കായുള്ള ഡോ. അംബേദ്‌കർ ഗ്രാമവികസന പദ്ധതി, വിദേശ തൊഴിൽ സബ്‌സിഡി തുടങ്ങിയവ തുടരും. പാലക്കാട്‌ ഇന്റഗ്രേറ്റഡ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ പൂർണമായി പ്രവർത്തനസജ്ജമാക്കും.

ടൂറിസം പുനരുജ്ജീവനം

കേരള പുനരധിവാസത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക വിപണന പ്രചാരണം നടത്തും. ഉത്തരവാദിത്ത ടൂറിസം സംസ്ഥാനമാകെ വ്യാപിപ്പിക്കും. തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിൽ ലോകോത്തര നിലവാരത്തിൽ ടോയ്‌ലെറ്റ് പദ്ധതികൾ ആരംഭിക്കും. മലനാട്‌ മലബാർ റിവർ ക്രൂസ്‌, മിയാവാക്കി മോഡൽ വനവൽക്കരണം, ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണം, തലശേരി പൈതൃക‌ പദ്ധതി രണ്ടാംഘട്ടം, വേളി, ശംഖുംമുഖം, കോവളം പദ്ധതികൾ, മുസിരിസ്‌ പൈതൃക‌ പദ്ധതി രണ്ടാംഘട്ടം, ട്രാവൻകൂർ പൈതൃക‌ പദ്ധതി, ട്രാവൻകൂർ–-അഞ്ചുതെങ്ങ്‌ പൈതൃക‌ ഇടനാഴി, തിരുവനന്തപുരം വിനോദസഞ്ചാര ഭവൻ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കും.

നെല്ല്‌ സംഭരണം കർഷക കേന്ദ്രീകൃതം

സംസ്ഥാനത്തെ നെല്ല്‌ സംഭരണം കൂടുതൽ കർഷക കേന്ദ്രീകൃതമാക്കും. കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾ പ്രത്യേകിച്ചും ഭക്ഷ്യയോഗ്യമായ നാണ്യവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി സപ്ലൈകോ വിപണന കേന്ദ്രം വഴി സംഭരിച്ച്‌ വിപണനം നടത്തും. സപ്ലൈകോയുടെ  ഹോം ഡെലിവറി ശൃംഖല ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്‌.

ലീഗൽ മെട്രോളജിക്ക്‌ 
സാങ്കേതിക ലാബ്‌

ലീഗൽ മെട്രോളജി വകുപ്പിന്‌ പുതിയ സാങ്കേതിക ലാബ്‌ സജ്ജമാക്കും. വകുപ്പിനെ കൂടുതൽ ജന–-ബിസിനസ്‌ സൗഹൃദവുമാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിൽ സ്വർണത്തിന്റെ മാറ്റ്‌ നോക്കാൻ പരിശോധനാ ലാബ്‌ സ്ഥാപിക്കും.

ജലപാതകളുടെ നിലവാരം ഉയർത്തും

സംസ്ഥാനത്തെ ജലപാതകളുടെ നിലവാരം ഉയർത്തും. വെസ്‌റ്റ്‌ കോസ്‌റ്റ്‌ കനാലിന്റെ വികസനവും നിർദിഷ്‌ട പുതിയ കനാലിന്റെ രൂപീകരണവും മൂന്ന്‌ ഘട്ടമായി വിഭാവനം ചെയ്‌തിട്ടുണ്ട്‌. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി ദേശീയ ജലപാതയ്‌ക്ക്‌ സമാനമായി സംസ്ഥാന ജലപാതകളുടെ നിലവാരം ഉയർത്തും.  500 ടൺ വരെ ചരക്കുഗതാഗതത്തിനുള്ള സൗകര്യം ഒരുക്കും.

എല്ലാവർക്കും കോവിഡ്‌ വാക്‌സിൻ സൗജന്യം, അർഹരായ എല്ലാവർക്കും പട്ടയം

നവകേരള സമൂഹത്തിലെ എല്ലാവർക്കും പുരോഗതിയുടെ തുല്യാവകാശം ലഭ്യമാക്കുമെന്ന ഉറപ്പുമായി‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർച്ചയിലെ ആദ്യ നയപ്രഖ്യാപനം. വികസനക്ഷേമ പദ്ധതികളിലൂടെ അസമത്വം ഇല്ലാതാക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. മുൻ സർക്കാരിന്റെ ക്ഷേമ–-വികസന പരിപാടികൾ ഈ സർക്കാർ തുടരും.‌  സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയിലും സംസ്ഥാനത്തെ ബഹുദൂരം പുരോഗതിയിലേക്ക്‌ നയിക്കും. സാമ്പത്തികവളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാത്ത ഒരാൾപോലുമുണ്ടാകില്ലെന്ന്‌ തന്റെ സർക്കാർ ഉറപ്പാക്കുമെന്ന്‌ ഗവർണർ പ്രഖ്യാപിച്ചു.

കഴിഞ്ഞ സർക്കാരിന്റെ അധികാരത്തുടർച്ച അസാധാരണ ജനവിധിയാണ്‌. ജനാധിപത്യത്തിലും മതേതരത്വത്തിലും ജനക്ഷേമത്തിലും അചഞ്ചലമായ വിശ്വാസം ഈ സർക്കാരിനെയും മുന്നോട്ട്‌ നയിക്കുന്നു‌. വകുപ്പുകളുടെ കാര്യക്ഷമവും ഏകോപിതവുമായ പ്രവർത്തനം‌ കോവിഡ്‌ മഹാമാരിയിൽ സംസ്ഥാനത്ത്‌ മരണനിരക്ക്‌ കുറയ്‌ക്കാൻ സഹായിക്കുന്നു‌. പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ തുടങ്ങിയതായും ഗവർണർ പറഞ്ഞു. എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കൽ, സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ അവകാശം, സഹകരണമേഖലയിലെ നയങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രനിലപാടുകളെ കുറ്റപ്പെടുത്താനും ഗവർണർ മടിച്ചില്ല.

പ്രധാന പ്രഖ്യാപനങ്ങൾ

● എല്ലാവർക്കും കോവിഡ്‌ വാക്‌സിൻ സൗജന്യം

● അർഹരായ എല്ലാവർക്കും പട്ടയം , ഇതിനായി 1000 കോടി രൂപ കണ്ടെത്തും

● സംസ്ഥാനത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കും

● അഞ്ചുവർഷത്തിൽ 20 ലക്ഷം പേർക്കെങ്കിലും പുതുതായി തൊഴിൽ

● കെഎസ്‌ആർടിസിയിൽ റീ സ്‌ട്രക്‌ചർ 2.0

● കൊച്ചി–-പാലക്കാട്‌ വ്യവസായ ഇടനാഴി

● ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്‌ക്കും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ

● കെ ഫോൺ പദ്ധതി പൂർത്തീകരിക്കും

● പാവപ്പെട്ടവർക്കെല്ലാം സൗജന്യ ഇന്റർനെറ്റ്‌ സൗകര്യം

● പൊതു വൈഫൈ സ്‌പോട്ടുകൾ വ്യാപിപ്പിക്കും

● അർധ അതിവേഗ യാത്രാസൗകര്യം സാധ്യമാക്കും

● മൂലധനച്ചെലവ്‌ വർധിപ്പിക്കും

● യുവസംരംഭകർക്കായി 25 സഹകരണ സംഘം

● സംസ്ഥാന നെല്ല്‌ സഹകരണ സംഘവും രണ്ട്‌ ആധുനിക റൈസ്‌ മില്ലും

● കൃഷിഭവനുകൾ സ്‌മാർട്ടാകും

● വൈദ്യുതി വാങ്ങൽ കരാറുകളിൽ പുനഃപരിശോധന

● ദരിദ്രരിൽ ദരിദ്രർക്ക്‌ മിതമായ നിരക്കിൽ വൈദ്യുതി

● ദേശീയപാതയ്‌ക്ക്‌ ഭൂമി ഏറ്റെടുക്കൽ വർഷപാതിയിൽ പൂർത്തീകരിക്കും

● കേരള ബാങ്ക്‌ കേരളത്തിന്റെ അത്താണിയാക്കും

● അഞ്ചുവർഷത്തിൽ കർഷകവരുമാനം 50 ശതമാനം ഉയർത്തും

● അഞ്ചുവർഷത്തിൽ പച്ചക്കറിയിൽ സ്വയംപര്യാപ്‌തത

● ബെയ്‌സ്‌ പ്രൈസ്‌ പ്രോഗ്രാമിൽ വിളകളുടെ വിലയിൽ വർഷാവർഷം വർധന

● നെൽക്കൃഷി വ്യാപനത്തിന്‌ ബ്ലോക്കുതല മേൽനോട്ട സമിതി

● പിന്നോക്കവിഭാഗ വികസന കോർപറേഷനെ ശക്തിപ്പെടുത്തും

● പശ്ചിമ ദേശീയ ജലപാതയുടെ വികസനത്തിന്‌ മൂന്നാംഘട്ടം

● കലാകാരന്മാർക്കായി സഹകരണ സംഘം

● കോപ്‌–-മാർട്ട്‌ പദ്ധതിയിൽ സഹകരണ ഉൽപ്പന്ന വിപണനത്തിന്‌ ഇ –-പ്ലാറ്റ്‌ഫോം

● കളമശേരിയിൽ ടെക്‌നോളജി ഇന്നൊവേഷൻ സോൺ

● കണ്ണൂരിൽ വില്ലേജ്‌ നോളജ്‌ സെന്റർ

● കളമശേരിയിൽ രാജ്യത്തെ വലിയ ഹാർഡ്‌വെയർ ഇക്കോ സിസ്റ്റം

● ഇ ഗവേണൻസിന്‌‌ മലയാള ഭാഷാ ഗവേഷണകേന്ദ്രം

● താമസത്തിനുള്ള കെട്ടിടങ്ങൾ തീരപരിപാലന മേഖലാ ക്ലിയറൻസ്‌ അപേക്ഷയ്‌ക്ക്‌ ഓൺലൈൻ

● ലഹരിമുക്ത സ്‌കൂളുകൾക്കായി ഉണർവ്‌ പദ്ധതി

● പുനർഗേഹം പദ്ധതി ത്വരിതപ്പെടുത്തും

● ഉൾനാടൻ മത്സ്യോൽപ്പാദനം ഇരട്ടിയാക്കും

● ശക്തികുളങ്ങര, നീണ്ടകര, തങ്കശേരി, കായംകുളം തുറമുഖങ്ങൾ നവീകരിക്കും

● പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ തുറമുഖം

● സ്‌കൂൾ, കോളേജ്‌ പരിസരങ്ങളിൽ 500 ചെറുവനം

● ന്യൂഡൽഹിയിലെ ട്രാവൻകൂർ പാലസ്‌ നവീകരിക്കും

● സർവകലാശാലാവകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും

● ഹൗസിങ്‌ ബോർഡിനു കീഴിൽ ഗൃഹശ്രീ ഭവനപദ്ധതി

● ഇന്റഗ്രേറ്റഡ്‌ ലോക്കൽ ഗവേണൻസ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം എല്ലാ പഞ്ചായത്തിലേക്കും

● കൃഷിവികസന പ്രവർത്തനങ്ങൾക്ക്‌ തണ്ണീർത്തടം അടിസ്ഥാനമാക്കും

● ഖരമാലിന്യ സംസ്‌കരണത്തിന്‌ മുൻഗണന

● വിദേശ തൊഴിൽ തേടുന്നവർക്കായി അധിക നൈപുണ്യപരിശീലനം

● ഗോത്ര ഉൽപ്പന്നങ്ങൾക്കായി ട്രൈബൽ വില്ലേജ്‌‌ മാർക്കറ്റുകൾ

● കായികമേഖലയിൽ മേനംകുളത്ത്‌ ജി വി രാജ സെന്റർ ഫോർ എക്‌സലൻസ്‌

● ടൂറിസംകേന്ദ്രങ്ങളിൽ 12 ലോകോത്തര ടോയ്‌ലെറ്റ്‌

● ടൂറിസത്തിന്‌ പ്രത്യേക പ്രചാരണം

● സഞ്ചരിക്കുന്ന ജലബസ്‌

ജി രാജേഷ്‌ കുമാർ

കുഴൽപ്പണം കവർച്ച : ഒഴിഞ്ഞുമാറാനാകാതെ ആർഎസ്‌എസ്‌ ബിജെപി നേതൃത്വം

സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ കുഴൽപ്പണം ഇടപാടിൽ ബിജെപി ഉന്നത നേതാക്കൾക്ക്‌ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന്‌ വ്യക്തമായി. സംഘടനാ ജനറൽ സെക്രട്ടറിക്കൊപ്പം സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയെക്കൂടി ശനിയാഴ്‌ച‌ ചോദ്യം ചെയ്യുന്നതോടെ ബിജെപിയുടെ പങ്ക്‌ മറയില്ലാതെ തെളിയുകയാണ്‌.  ബിജെപിയുടെ സംഘടനാ രീതിയനുസരിച്ച്‌ സംസ്ഥാന പ്രസിഡന്റിനു‌ മുകളിലല്ലെങ്കിലും ഏതാണ്ട്‌ തുല്യമായ സ്ഥാനമാണ്‌ സംഘടനാ ജനറൽ സെക്രട്ടറിക്ക്‌.  ആർഎസ്‌എസ്‌ ബിജെപിയെ നിയന്ത്രിക്കുന്നത്  ഈ സംഘടനാ ജനറൽ സെക്രട്ടറിയിലൂടെയാണ്‌.  ബിജെപിയുടെ പണമിടപാട്‌ കൈകാര്യം ചെയ്യുന്നതിൽ മുഖ്യപങ്ക്‌ വഹിക്കുന്നയാളാണ്‌ സംഘടനാ ജനറൽ സെക്രട്ടറി. കുഴൽപ്പണ ഇടപാട്‌ അറിയില്ലെന്നായിരുന്നു ഇതുവരെയും ബിജെപി സംസ്ഥാന പ്രസിഡന്റടക്കം പറഞ്ഞിരുന്നത്‌. നിരന്തരം പ്രസ്‌താവനകളും വാർത്താസമ്മേളനങ്ങളും നടത്താറുള്ള ബിജെപി  നേതാക്കളാരുംതന്നെ ഇതിനോട്‌  പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ്‌.  സംസ്ഥാന സംഘടനാ  ജനറൽ സെക്രട്ടറിയെ ചോദ്യം ചെയ്‌തതോടെ ആർഎസ്‌എസ്‌ ഉൾപ്പെടെയുള്ള സംഘ്‌പരിവാർ നേതൃത്വമാകെ പ്രതിരോധത്തിലായി‌. കെ സുരേന്ദ്രന്റെ  ആവർത്തിച്ചുള്ള  നിഷേധപ്രസ്‌താവനകളെ ആരും  ഗൗരവമായി എടുക്കുന്നുമില്ല.  ഈ വിഷയത്തിൽ കൃഷ്‌ണദാസ്‌ പക്ഷത്തെയും ആർഎസ്എസിനെയും  പ്രതിക്കൂട്ടിലാക്കാനാണ്‌ സുരേന്ദ്രനും മുരളീധരനും ശ്രമിക്കുന്നത്‌.

കേസിൽ ചോദ്യം ചെയ്‌ത ഗണേശനും പരാതിക്കാരനായ ധർമരാജനും ആർഎസ്‌എസുകാരാണ്‌.  സംഭവത്തിൽ ഇടപെട്ട തൃശൂർ ജില്ലാ ഭാരവാഹികളാണെങ്കിൽ കൃഷ്‌ണദാസ്‌ പക്ഷവുമാണ്‌.  പണം കാണാതായിയെന്ന്‌ കേസ്‌ കൊടുപ്പിച്ചത്‌ കെ സുരേന്ദ്രൻ സമ്മർദം ചെലുത്തിയാണെന്ന്‌ പറയുന്നു. മുമ്പ്‌ സമാനമായ  രീതിയിൽ തമിഴ്നാട്ടിൽ വച്ച്‌ കേരളത്തിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഫണ്ട്‌  തട്ടിയ സംഭവമുണ്ടായപ്പോൾ അന്നത്തെ ബിജെപി നേതൃത്വം കേസ്‌ കൊടുക്കാതെ പ്രശ്‌നം ഒതുക്കിയിരുന്നു. ഇത്തവണയും പണം കൊണ്ടുവന്ന ധർമരാജൻ കേസിന്‌ പോകേണ്ടെന്ന്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേസ്‌ കൊടുക്കണമെന്ന്‌ നിർബന്ധം പിടിച്ചത്‌ എതിർപക്ഷത്തെ ലക്ഷ്യംവച്ചാണ്‌. എന്നാൽ, സുരേന്ദ്രന്‌ അങ്ങനെ രക്ഷപ്പെടാൻ കഴിയില്ലെന്നാണ്‌ ആർഎസ്‌എസ്‌ പക്ഷം പറയുന്നത്‌. പണം ധർമരാജന്‌ കൈമാറിയ സുനിൽ നായിക്‌ സുരേന്ദ്രന്റെ വിശ്വസ്‌തനാണ്‌.  പണത്തിന്റെ ഉറവിടം സുനിൽ നായിക്കിന്‌ അറിയാം. അതുപോലെ  അഞ്ച്‌ കോടി രൂപയുണ്ടായിരുന്നുവെന്ന്‌ പറയുന്നു. ഇതിൽ ധർമരാജന്റെ കൈവശം മൂന്നരക്കോടിയേ ഉണ്ടായിരുന്നുള്ളൂവെന്നും പറയുന്നു. അങ്ങനെയെങ്കിൽ ഒന്നരക്കോടി എവിടെപ്പോയെന്ന ചോദ്യം ബാക്കിയാവുന്നു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയെക്കൂടി ചോദ്യം ചെയ്‌തതോടെ കുഴൽപ്പണ ഇടപാടിൽ സംഘ്‌പരിവാറിന്‌ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതിയായി.  

സംസ്ഥാന ഓഫീസ്‌ സെക്രട്ടറിയുടെ മൊഴികൂടി രേഖപ്പെടുത്തുന്നതോടെ ബിജെപി നേതൃത്വം കൂടുതൽ പ്രതിരോധത്തിലാവും. കേസിൽ അടുത്തത്‌ ആരെയാവും ചോദ്യം ചെയ്യുകയെന്ന ആശങ്കയിലാണ്‌ ബിജെപി നേതൃത്വം.

ഇ എസ്‌ സുഭാഷ് 

കുഴൽപ്പണക്കവർച്ച : എം ഗണേഷ്‌ 
ആർഎസ്‌എസിന്റെ വിശ്വസ്‌തൻ

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കൊണ്ടുവന്ന കുഴൽപ്പണം ബിജെപി നേതാക്കൾതന്നെ കവർന്നകേസിൽ അന്വേഷകസംഘം ചോദ്യംചെയ്‌ത എം ഗണേഷ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ  വിശ്വസ്‌തൻ. ഗണേഷിനെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയാക്കിയതും കുമ്മനമാണ്‌. സംസ്ഥാന പ്രസിഡന്റായപ്പോൾ അന്നത്തെ സംഘടനാ സെക്രട്ടറിമാരായ കെ ഉമാകാന്തൻ, കെ സുഭാഷ് എന്നിവരുമായി കുമ്മനത്തിന് അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേത്തുടർന്ന്‌  കുമ്മനത്തിന്റെ ആവശ്യപ്രകാരമാണ്‌  ഗണേഷ്‌ ഈ പദവിയിലെത്തിയത്‌.

കാഞ്ഞങ്ങാട് ആർഎസ്എസ് പ്രചാരകനായാണ് ഗണേഷിന്റെ തുടക്കം. പാലക്കാട് ജില്ലാ പ്രചാരകനായിരിക്കെ ആരോപണം നേരിട്ടതോടെ പൊതുപ്രവർത്തനത്തിൽനിന്ന്‌ ഒഴിവാക്കി  ആർഎസ്എസ് സംസ്ഥാന ഓഫീസിൽ ഓഫീസ് സെക്രട്ടറിയാക്കി മാറ്റിനിർത്തി.  2016ലെ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ പാർടി ഫണ്ട് കൈകാര്യം ചെയ്യുന്നത് ഗണേഷാണ്. നരേന്ദ്രമോഡിയടക്കം പങ്കെടുത്ത,  കോഴിക്കോട്ടു നടന്ന നാഷണൽ കൗൺസിൽ യോഗം, ലോക്‌സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ, കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും സംസ്ഥാന യാത്രകൾ എന്നിവയുടെ മുഴുവൻ ഫണ്ടുകളും കൈകാര്യംചെയ്തത് ഗണേഷായിരുന്നു.

2016ലും പാർടിയുടെ 1.60 കോടി രൂപ സേലത്തുവച്ച് ഇതുപോലെ കവർന്നിരുന്നു. എന്നാൽ പരാതിപ്പെടാൻ പാർടി നേതൃത്വം തയ്യാറായില്ല. ഇതേക്കുറിച്ചും ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കുന്നുണ്ട്‌.

കുഴൽപ്പണക്കവർച്ച: പ്രതിയുടെ അമ്മ 
സ്വർണം ഹാജരാക്കി

തെരഞ്ഞെടുപ്പ്‌ ഫണ്ടായി ബിജെപിയെത്തിച്ച കുഴൽപ്പണം കവർച്ചചെയ്ത്‌ വാങ്ങിയ സ്വർണം പ്രതിയുടെ അമ്മ ഹാജരാക്കി. 110  ഗ്രാം സ്വർണമാണ് ഹാജരാക്കിയത്. മുഖ്യപ്രതി മാർട്ടിന്റെ അമ്മയാണ് സ്വർണം അന്വേഷണസംഘത്തിനു കൈമാറിയത്. ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ നിന്ന്‌ ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ ഇടപാട് രേഖകളും കണ്ടെടുത്തിരുന്നു.

കുഴൽപ്പണസംഘത്തിന്‌ താമസമൊരുക്കിയത്‌ നേതാക്കൾ ; മുറി ബുക്ക് ചെയ്തത്‌ ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്

തെരഞ്ഞെടുപ്പ്‌ ഫണ്ടായി മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം കടത്തിയവർക്ക്‌ തൃശൂർ ജില്ലയിൽ താമസം ഏർപ്പാടാക്കിയത്‌ ബിജെപി ജില്ലാ നേതൃത്വം. കുഴൽപ്പണം കടത്തിയ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജൻ ഇക്കാര്യം ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണ സംഘത്തോട്‌ വെളിപ്പെടുത്തി. താമസവും മറ്റ്‌ സൗകര്യങ്ങളും ഒരുക്കി തന്നത്‌ ജില്ലാ നേതാക്കളാണെന്നാണ്‌ ധർമരാജൻ മൊഴിനൽകിയത്‌.  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണ്‌ മുറി ബുക്ക് ചെയ്തതെന്ന് ഹോട്ടൽ ജീവനക്കാരനും പൊലീസിന്‌ മൊഴി നൽകി.  കേസിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്‌ ആവർത്തിക്കുന്ന ബിജെപി നേതാക്കളുടെ വാദം ഇതോടെ പൊളിഞ്ഞു.

തൃശൂരിലെ ബിജെപി ഓഫീസിന്‌ സമീപത്തെ സ്വകാര്യലോഡ്‌ജിൽ രണ്ട്‌ മുറികളാണ്‌ ബുക്ക്‌ ചെയ്‌തത്‌. മൂന്ന് കിടക്കകളുള്ള 216ാം നമ്പർ മുറിയും 215–-ാം നമ്പർ മുറിയും.  215–--ലായിരുന്നു പണം കൊണ്ടുവന്ന ധർമരാജൻ താമസിച്ചത്‌. രാത്രി പന്ത്രണ്ടിനെത്തിയ സംഘം പുലർച്ചെയാണ്‌ മുറി ഒഴിഞ്ഞത്‌. ലോഡ്‌ജിന്റെ വാടകബിൽ ബിജെപി ഓഫീസിൽ നൽകുമ്പോഴാണ്‌ പണം തരാറുള്ളതെന്നും  ഈ വിവരം പൊലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റർ പൊലീസ് പരിശോധിച്ചതായും ഹോട്ടൽ ജീവനക്കാരൻ മാധ്യമങ്ങളോടും വ്യക്തമാക്കി. ലോഡ്‌ജിലെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ ധർമരാജനെയും ഡ്രൈവർ  ഷംജീറിനെയും വ്യാഴാഴ്‌ചയാണ്‌ തൃശൂർ പൊലീസ് ക്ലബ്ബിൽ വീണ്ടും ചോദ്യംചെയ്‌തത്‌. പറയാനുള്ളതെല്ലാം പൊലീസിനോട്‌ പറഞ്ഞതായി  ആറുമണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ധർമരാജൻ പറഞ്ഞു. സംഘത്തിന്‌ വാഹനം നൽകിയ ഒരു സ്‌ത്രീയെയും അന്വേഷകസംഘം വ്യാഴാഴ്‌ച വിളിപ്പിച്ചിരുന്നു.

അടുത്തദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി  ഗിരീഷ്  എന്നിവരെയും തുടർന്ന്‌ കർത്തയെയും ധർമരാജിന്‌ പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും വീണ്ടുംചോദ്യം ചെയ്യും. നേരത്തേ ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ്‌സേനൻ, മധ്യമേഖലാ സംഘടനാ സെക്രട്ടറി  ജി കാശിനാഥൻ എന്നിവരേയും  ചോദ്യംചെയ്‌തിരുന്നു.

കുഴൽപ്പണം : ബിജെപി ബന്ധം സമ്മതിച്ച്‌ മൊഴി ; 19.5 ലക്ഷത്തിന്റെ പണവും 
 രേഖകളുംകൂടി കണ്ടെത്തി

തെരഞ്ഞെടുപ്പ്‌ ഫണ്ടിലേക്ക്‌ കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ കവർന്ന കേസിൽ ബന്ധം സമ്മതിച്ച്‌ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത.  യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്‌ക്ക്‌ കൈമാറാനായിരുന്നു നിർദേശമെന്ന്‌ കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ്‌ കർത്തയെ കുടുക്കിയത്‌. ബുധനാഴ്‌ച  ചോദ്യംചെയ്യലിൽ  ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന്‌ വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ്‌ തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന്‌ സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്  എന്നിവരെ ചോദ്യം ചെയ്യും.

അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന്‌  ലഭിച്ചിട്ടുണ്ട്‌.

അതിനിടെ കേസിൽ  ആറാം പ്രതി മാർട്ടിന്റെ  വീട്ടിൽനിന്ന് ഒമ്പത്‌  ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും  കണ്ടെത്തി.  കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്‌ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ  വാങ്ങിയതായി  കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും  രേഖകളുമാണ് കണ്ടെടുത്തത്.  ഇതോടെ  കേസിൽ പ്രതികളിൽനിന്ന്‌മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ്‌  വിലയിരുത്തൽ.

പാർടി കാറിൽ 
പ്രസിഡന്റിനൊപ്പമെത്തി കർത്ത

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരായത്‌  ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറിനൊപ്പം. ആലപ്പുഴ പൊലീസ്‌ ക്ലബിൽ ബുധനാഴ്‌ച രാവിലെ 9.45ന്‌ ആരംഭിച്ച‌ ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു.  കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് കർത്ത മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോടോ മറ്റ് നേതാക്കളോടോ ചോദിക്കണമെന്നും-‌ കർത്ത പറഞ്ഞു.

‘ആദ്യം തെങ്ങുകളിൽ കാവി പൂശി... 
പിന്നെ ജീവിതത്തിലേക്ക്‌ കടന്നുകയറി, സ്വസ്ഥമായിരുന്ന പവിഴദ്വീപുകൾ ഇന്ന് അശാന്തിയുടെ തീരങ്ങൾ’’

‘‘അയാൾ വന്നപാടെ ഞങ്ങളുടെ തെങ്ങുകളിൽ കാവിനിറം പൂശി, പിന്നെയങ്ങോട്ട് തന്നിഷ്ടപ്രകാരമുള്ള നിയമ നിർമാണ നടപടികളായിരുന്നു’’. ലക്ഷദ്വീപിന്റെ പ്രിയ കഥാകാരി ഹസൂരിയാ ഖാൻ കിൽത്താന്റെ വാക്കുകളിൽ ദ്വീപുനിവാസികളുടെ പ്രതിഷേധവും രോഷവും തിരയടിക്കുന്നു. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമാണ്‌ തെങ്ങുകളിൽ കാവിനിറം പൂശിയതെന്നായിരുന്നു കരുതിയത്‌. പക്ഷേ, ദ്വീപിന്റെ ജീവിതം പതിയെ മാറുന്നതിന്റെ സൂചനയായിരുന്നു അത്‌. സ്വസ്ഥമായിരുന്ന പവിഴദ്വീപുകൾ ഇന്ന് അശാന്തിയുടെ തീരങ്ങളാണ്‌–-ഹസൂരിയാ ഖാൻ പറയുന്നു.

നൂറ്റാണ്ടുകളായി സമാധാനജീവിതം നയിക്കുന്ന നിഷ്കളങ്കരായ ഒരു ജനവിഭാഗമാണ്‌ ദ്വീപുനിവാസികൾ. എല്ലാവരും പരസ്പരം അറിയുന്നവർ, അതിഥികളായി എത്തുന്ന ആരേയും ആഥിത്യമര്യാദയിൽ മനം നിറയ്ക്കുന്നവർ. പേടികൂടാതെ രാത്രിയിൽപ്പോലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാം. കടൽത്തീരത്തെ വെള്ളാരമണലിൽ നിർഭയത്തോടെ ആകാശനീലിമയിലേക്ക് നോക്കി എത്ര രാവുകളിൽ ഞാനടക്കമുള്ള സ്ത്രീകളും കുട്ടികളും സുഖമായി കിടന്നുറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള മണ്ണിലേക്കാണ് പ്രഫുൽ കോഡാ പട്ടേൽ എന്ന സ്വേച്ഛാധിപതി വികസനത്തിന്റെ പേരുംപറഞ്ഞ് ഗൂഢലക്ഷ്യങ്ങളോടെ എത്തിയത്.

പതിവുപോലെ ഞങ്ങൾ കോൽക്കളിയും പരിചകളിയുമായി അദ്ദേഹത്തെ സ്വീകരിച്ചു. പക്ഷേ, വൈകാതെ കാര്യങ്ങൾ വ്യക്തമായിത്തുടങ്ങി. പൗരത്വ ബില്ലിനെതിരെ നേരത്തേ സ്ഥാപിച്ച ബാനർ കണ്ട് കോപാകുലനായി അതെടുത്തു മാറ്റാനും എഴുതിയവരെ അറസ്റ്റ് ചെയ്യാനും കൽപ്പിച്ചായിരുന്നു സ്വേച്ഛാധിപത്യ ഭരണത്തിന്റെ തുടക്കം. ഏഴ് മാസത്തിനിടെ അദ്ദേഹം നടത്തിയ ഓരോ പരിഷ്‌കാരങ്ങളും ദ്വീപുനിവാസികളുടെ ഹൃദയത്തിൽ കത്തികുത്തിയിറക്കുന്നപോലെയായിരുന്നു. എന്റെ ജന്മനാടായ കിൽത്താൻ ദ്വീപ് ചെറിയ പൊന്നാനി എന്നപേരിൽ അറിയപ്പെടുന്ന പ്രദേശമാണ്. നിരവധി പണ്ഡിതൻമാർക്കും സൂഫിവര്യൻമാർക്കും ജന്മം നൽകിയ മണ്ണ്‌. ഈ ദ്വീപിനെ അപകീർത്തിപ്പെടുത്തുംവിധത്തിൽ ജില്ലാ കലക്ടർ നടത്തിയ പരാമർശത്തിനെ ജനങ്ങൾ ഒറ്റക്കെട്ടായാണ് നേരിടുന്നത്. സിനിമ അഭിനയിക്കാൻ കേവലം ഒരുമാസക്കാലം വന്ന നടൻ പ്രിഥ്വിരാജിന് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലായെങ്കിൽ അത് മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആ മണ്ണിന്റെ നന്മയും സ്നേഹവും അറിഞ്ഞവർക്ക് ദ്വീപിനെതിരെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കാതിരിക്കാനാകില്ല. 

ലക്ഷദ്വീപിലെ പാവങ്ങളായ ജനതയെ ചേർത്തുപിടിക്കുന്ന കേരളത്തോട്‌ ദ്വീപുകാർ എന്നും കടപ്പെട്ടിരിക്കും.  നിങ്ങളാണ് ഞങ്ങൾക്ക് ധൈര്യം തന്നത്, നിങ്ങളാണ് ഞങ്ങൾക്ക് ആവേശം പകർന്നത്, നിങ്ങളാണ് ഞങ്ങളെ ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്. നിങ്ങൾ ഞങ്ങൾക്കൊപ്പമുള്ളതാണ്‌ ഞങ്ങളുടെ ധൈര്യം–-ഹസൂരിയാ ഖാൻ പറഞ്ഞു.

ചെങ്ങമനാട് പാലപ്രശേരി ജുമാ മസ്ജിദിലെ ഇമാമായ ഹാഫിസ് മുഹമ്മദ് നവാസിനും രണ്ടു കുട്ടികൾക്കുമൊപ്പം പാലപ്രശേരിയിൽ താമസിക്കുന്ന ഹസൂരിയാ ഖാൻ ഇടയ്ക്കിടെ ദ്വീപിൽ പോയി വരാറുണ്ട്. ഒട്ടേറെ കഥകൾ എഴുതിയിട്ടുള്ള ഹസൂരിയാ ഖാൻ 17 കഥകളുടെ സമാഹാരമായ ഇലപൊഴിയും കാലം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പി സി സോമശേഖരൻ

പ്രതിഷേധിച്ചവർ 
‘രാജ്യദ്രോഹികൾ’ ; ലക്ഷദ്വീപിൽ കിരാതവാഴ്‌ച

അഡ്‌മിനിസ്ട്രേറ്ററുടെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളെ ന്യായീകരിച്ച   കലക്ടർക്കെതിരെ പ്രതിഷേധിച്ചതിന്‌ ദ്വീപ്‌ നിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. കിൽത്താൻ ദ്വീപിലെ 12 പേരെയും  ചേത്ത്‌ലാത്ത്‌ ദ്വീപിലെ ഒരു ഡിവൈഎഫ്‌ഐ പ്രവർത്തകനെയുമാണ്‌ കഴിഞ്ഞ ദിവസം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച കൊച്ചിയിൽ  വാർത്താസമ്മേളനത്തിൽ കലക്ടർ അസ്‌കർ അലി അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ചിരുന്നു.  പിന്നാലെ ദ്വീപിൽ   പ്രതിഷേധമുയർന്നു. കിൽത്താൻ ദ്വീപിൽ യുവാക്കൾ കലക്ടറുടെ കോലം  കത്തിച്ചു.

കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ കൂട്ടം കൂടിയെന്ന പേരിലാണ്‌ കിൽത്താനിൽ 12 പേരെ കസ്‌റ്റഡിയിലെടുത്തത്‌. രാത്രി അറസ്റ്റ്‌ രേഖപ്പെടുത്തി. കോവിഡ്‌ രോഗികൾക്ക്‌ ഭക്ഷണപ്പൊതി നൽകി മടങ്ങുമ്പോഴാണ്‌ ചേത്ത്‌ലാത്ത്‌ ദ്വീപിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനെ പിടിച്ച്‌ ജയിലിലടച്ചത്‌. എല്ലാവർക്കുമെതിരെ   രാജ്യദ്രോഹം, കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ പുറത്തിറങ്ങി തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയത്‌. ഗൂഢാലോചനക്കുറ്റവുമുണ്ട്‌. യുവാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്‌ക്കാനുള്ള നീക്കത്തിൽ  ദ്വീപ്‌ നിവാസികൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്‌.   അറസ്റ്റിലായവർ ജയിലിനുള്ളിൽ ഉപവാസ സമരവും നടത്തി. അഡ്‌മിനിസ്‌ട്രേറ്റർക്കെതിരായ പ്രക്ഷോഭത്തിന്‌  രൂപംനൽകാൻ  രാഷ്ട്രീയ കക്ഷികളുടെ ഓൺലൈൻ യോഗം  ശനിയാഴ്‌ച വൈകിട്ട്‌ നാലിന്‌ ചേരും.

സുജിത്‌ബേബി 

"തിര കടലിൽ തീരുംവരെ, 
ഈ നാട്‌ ഇവിടെ കാണും'

‘‘തിര കടലിൽ തീരുംവരെ, ഉപ്പ് കടലിൽ വറ്റുംവരെ, ഈ നാട്‌ ഇവിടെ കാണും, നിങ്ങടെ ചതിയുടെ ചുണ്ടെരിയും’’–- ലക്ഷദ്വീപിന്‌ ഐക്യദാർഢ്യമർപ്പിച്ച്‌ വിദ്യാർഥികളുടെ ഗാനം വൈറൽ. കലിക്കറ്റ്‌ സർവകലാശാല വിദ്യാർഥികളായ അതുൽ നറുകരയും ശ്രീഹരി തറയിലും ചേർന്നൊരുക്കിയ പാട്ട്‌ സമൂഹ മാധ്യമങ്ങളിൽ കണ്ടത്‌ ലക്ഷങ്ങൾ. പ്രമുഖരുൾപ്പെടെ ആയിരക്കണക്കിനുപേർ വീഡിയോ പങ്കുവച്ചു. എംസിജെ വിദ്യാർഥി ശ്രീഹരിയുടേതാണ്‌ വരികൾ. 


ഫോക്ലോർ പഠന വിഭാഗത്തിൽ ഗവേഷകനായ അതുൽ നറുകര ഈണം നൽകി ആലപിക്കുന്നു. ‘കരതല്ലും തിരയിലുമങ്ങനെ തീരാത്തൊരു കഥകളിലും...’’ എന്നു തുടങ്ങുന്ന വരികൾ നാടൻപാട്ടിന്റെ ഈണത്തിലാണ്‌ ചിട്ടപ്പെടുത്തിയത്‌. ഒരു മിനുട്ട്‌ ദൈർഘ്യമുള്ള വീഡിയോ ആദ്യം ഇൻസ്‌റ്റഗ്രാമിലാണ്‌ പോസ്റ്റ്‌ ചെയ്‌തത്‌. വീഡിയോ കണ്ട്‌ അഭിനന്ദനമറിയിച്ച്‌ ദ്വീപിൽനിന്നുൾപ്പെടെ ഒരുപാട്‌ പേർ വിളിച്ചു. 2019ലെ ഫോക്ക്‌ലോർ അക്കാദമി എംഎ അവാർഡ്‌ ജേതാവാണ്‌ ഡിപ്പാർട്ട്‌മെന്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ മുൻ ചെയർമാനും നാടൻപാട്ട്‌ കലാകാരനുമായ അതുൽ. മഞ്ചേരിയാണ്‌ സ്വദേശം. തൃശൂർ സ്വദേശിയായ ശ്രീഹരി എസ്‌എഫ്‌ഐ യൂണിറ്റ്‌ ജോയിന്റ്‌ സെക്രട്ടറിയാണ്‌.

Friday, May 28, 2021

പാരിസ് കമ്മ്യൂണിന്റെ 'പതന'ത്തിന് 150 വർഷം തികയുമ്പോള്‍

മെയ്‌ 1 ഓർമ്മിക്കപ്പെടുന്നത്ര മെയ്‌ 28 സ്മരിക്കപ്പെടാറില്ല.

1886മെയ് 4ലേതിനേക്കാൾ നിഷ്ഠൂരമായാണ് 1871ലെ മെയ് 28 ന് തൊഴിലാളികൾ കൂട്ടക്കൊല ചെയ്യപ്പെട്ടത്.

അതോടെ തീർന്നു എന്ന് പലരും കരുതിയ തൊഴിലാളിവർഗം 15 വർഷത്തിനകം മറ്റൊരു

വൻകരയിൽ കൂടുതൽ കരുത്തോടെ ഉടമവർഗത്തെ വെല്ലുവിളിച്ചതിന്റെ കഥയാണ് 8 മണിക്കൂർ സമരത്തിന്റേത്.

1871 മെയ്‌ മാസം 28 ന് അവസാനത്തെ കമ്മ്യൂണാർഡിനേയും കൊന്നുതള്ളി അർമ്മാദിച്ചവർ ഞെട്ടിത്തരിച്ചു കാണണം, പാരിസ് കമ്മ്യൂണിന്റെ പതനം തൊഴിലാളിവർഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിനു തടസ്സമായില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ. തോറ്റുപോയെന്ന് തൽക്കാലം തോന്നിപ്പിക്കുന്ന ഏതു സമരവും പുതിയ മുന്നേറ്റങ്ങൾക്ക് ഊർജം നൽകും എന്നാണ് പാരിസ് കമ്മ്യൂൺ പഠിപ്പിക്കുന്നത്.

പാരിസ് കമ്മ്യൂൺ തോറ്റുപോയെന്ന് ഉടമവർഗം അഹങ്കരിച്ചിട്ട് 150 വർഷം തികയുകയാണ് ഈ മെയ്‌ 28 ന്.

മാർച്ച് 18നു പാരീസ് കമ്യൂൺ പ്രഖ്യാപനത്തിന്റെ 150–-ാം വാർഷികദിനത്തില്‍ എം എ ബേബി എഴുതിയ ലേഖനം താഴെ:

പാരീസ് കമ്യൂൺ @ 150 - എം എ ബേബി എഴുതുന്നു

മാർച്ച് 18 പാരീസ് കമ്യൂൺ പ്രഖ്യാപനത്തിന്റെ 150–-ാം വാർഷികദിനം. 1871 മാർച്ച് 18 മുതൽ മെയ് 28 വരെ 72 ദിവസമാണ് പാരീസ് ഭരണം പണിയാളർ കൈയാളിയത്. അടിച്ചമർത്തലിനും ചൂഷണത്തിനും അക്കാലംവരെ നിരന്തരം ഇരയാക്കപ്പെട്ടവർ ആദ്യമായി തിരിച്ചടിക്കാനുള്ള സ്വന്തം ശക്തി തിരിച്ചറിഞ്ഞു. പാരീസ് കമ്യൂണിലൂടെ അവർ ത്രസിപ്പിക്കുന്ന വിജയത്തിന്റെ ഒരു മിന്നലൊളി പരത്തി. ‘മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിത'മാണത് എന്നതിൽ സംശയമില്ല. എന്നാൽ, നീതിപൂർവകമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി പിന്നീടു നടന്ന വിജയകരമായ എല്ലാ ഗംഭീര പരിശ്രമങ്ങളിലും പാരീസ് കമ്യൂണിന്റെ വിലപ്പെട്ട പാഠങ്ങൾ കാണാവുന്നതാണ്.

1870ൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഫ്രാൻസ്, -പ്രഷ്യ (ജർമനി)ക്ക്‌ കീഴടങ്ങുമ്പോൾ പാരീസിലെ ശാരീരികശേഷിയുള്ളവരാകെ സായുധരായ ‘നാഷണൽ ഗാർഡു'കളായി അണിനിരന്നിരുന്നു. അവർ ഏറെയും തൊഴിലാളി വിഭാഗങ്ങളിൽ നിന്നായിരുന്നു. വൻകിട ഭൂഉടമകളുടെയും മുതലാളിമാരുടെയും പ്രതിനിധിയായിരുന്ന ഫ്രഞ്ച്‌ ഗവൺമെന്റ്തലവൻ ഥേയേഴ്സ് യൂണിഫോമിട്ട തൊഴിലാളികളായ നാഷണൽ ഗാർഡ്സിന്റെ പക്കൽനിന്ന് പീരങ്കികളും ആയുധങ്ങളും പിടിച്ചെടുക്കാൻ ഉത്തരവിട്ടു. നാഷണൽ ഗാർഡുകളുടെ പിന്തുണയോടെ ജനങ്ങൾ തൊഴിലാളികളുടെ നേതൃത്വത്തിൽ മുഖ്യ ഗവൺമെന്റ് ആസ്ഥാനങ്ങൾ മാർച്ച് 18നു കീഴടക്കി. ബൂർഷ്വാ ഭരണനേതൃത്വം ഗത്യന്തരമില്ലാതെ പിൻവാങ്ങി പാരീസിന്റെ പ്രാന്തപ്രദേശമായ വാർഴ്സേയിൽസിൽ താവളമുറപ്പിച്ചു. മാർച്ച് 26നു പാരീസ് കമ്യൂൺ നേതൃത്വത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ചുമതല ഏറ്റെടുത്ത 60 പ്രതിനിധികളിൽ 15 പേർ ഒന്നാം ഇന്റർനാഷണൽ (1864 –-1876) അംഗങ്ങളായിരുന്നു. ഒമ്പതുപേർ ബ്ലാൻക്വിസ്റ്റ് വിഭാഗത്തിൽപ്പെട്ടവർ. 25 പേർ സ്വതന്ത്ര വിപ്ലവകാരികളെന്ന് പ്രഖ്യാപിച്ചവരും.

തൊഴിൽപരമായി നോക്കിയാൽ 33 പേർ തൊഴിലാളികൾ, അഞ്ചുപേർ ചെറുകിട ബിസിനസുകാർ, 19 പേർ ഓഫീസ് ജീവനക്കാർ, 12 മാധ്യമപ്രവർത്തകർ, കലാകാരന്മാർ തുടങ്ങിയവർ. സ്ത്രീകൾ പരിഗണിക്കപ്പെട്ടില്ല എന്നത് അത്യന്തം ഗുരുതരമായ പോരായ്മയായിരുന്നുവെന്ന് പറയാതെ വയ്യ. ആ കാലഘട്ടത്തിന്റെ ദുഃസ്വാധീനം! അതേസമയം, പോരാട്ടരംഗത്ത് സ്ത്രീപങ്കാളിത്തം പാരീസ് കമ്യൂണിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഭാഗമായിരുന്നു. മാർച്ച് 28നു പാരീസ് കമ്യൂൺ നിലവിൽവന്നതായി പ്രഖ്യാപിച്ചു. താൽക്കാലിക ആസ്ഥാനമായ ഹോട്ടൽ ഡിവിയ രക്തപതാകകളും തോരണങ്ങളുംകൊണ്ട് അലംകൃതമായി.

പാരീസ് കമ്യൂൺ അതിന്റെ ചുരുങ്ങിയ ജീവിതകാലത്തിൽ കൈക്കൊണ്ട നടപടികൾ ചൂഷിതവർഗത്തിന്റെ ഭരണം എപ്രകാരം ഗുണപരമായി വ്യത്യസ്തമാണെന്നതിന്റെ തിളക്കമുള്ള തെളിവുകൾ നൽകി. നിർബന്ധിത സൈനികസേവനവും സ്ഥിരം സേനയും വേണ്ടെന്നുവച്ചു. ആയുധമെടുക്കാൻ ശേഷിയുള്ളവരടങ്ങുന്ന നാഷണൽ ഗാർഡ് രൂപീകരിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട ഉപരോധകാലത്തെ ആറു മാസ വീട്ടുവാടക വേണ്ടെന്നുവച്ചു. അടച്ചുകഴിഞ്ഞ വാടക വരാനുള്ള കാലത്തേക്ക് വരവുവച്ചു. മുനിസിപ്പൽ വായ്പാ ഓഫീസിൽ പണയംവച്ച ഉരുപ്പടികൾ വിൽക്കുന്നത് തടഞ്ഞു. ഏറ്റവും ഉയർന്ന ശമ്പളം 6000 ഫ്രാങ്കായി നിയന്ത്രിച്ചു. വിദ്യാഭ്യാസം മതനിരപേക്ഷമായിരിക്കാൻ വ്യവസ്ഥ കൊണ്ടുവന്നു. അധിക ഭൂമി ഏറ്റെടുക്കാൻ നിയമം. തലവെട്ടിക്കൊല്ലാൻ ഉപയോഗിക്കുന്ന ‘ഗില്ലറ്റിൻ' ജനകീയാഹ്ലാദപ്രകടനങ്ങൾക്ക് നടുവിൽ വച്ച് കത്തിച്ചുകളഞ്ഞു. ഉടമസ്ഥർ അടച്ചുപൂട്ടിയ ഫാക്ടറികൾ തൊഴിലാളികളുടെ സഹകരണാടിസ്ഥാനത്തിലുള്ള സംവിധാനത്തിൽ കൈമാറി. ബാലവേലയും രാത്രി ജോലിയും അവസാനിപ്പിച്ചു. സ്വകാര്യ പണമിടപാട് വഴിയുള്ള ചൂഷണത്തട്ടിപ്പ് നിരോധിച്ചു. കടം തിരിച്ചടവ് കാലാവധി നീട്ടിക്കൊടുക്കുകയും പലിശ കുടിശ്ശിക റദ്ദാക്കുകയും ചെയ്തു. ഭക്ഷണവിതരണ കേന്ദ്രങ്ങളും പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും നഗരത്തിൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് സൗജന്യമായി ഭക്ഷണവും വസ്ത്രവും ലഭ്യമാക്കി. അനാഥക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള സൗകര്യവും കുട്ടികൾക്കായുള്ള നേഴ്സറികളും സ്ഥാപിക്കപ്പെട്ടു.

പാരീസിന് ഒമ്പത് മൈൽ മാത്രം അകലെയുള്ള വാർഴ്സേയിൽസിൽനിന്ന്‌ ചൂഷകഭരണ വർഗസൈന്യം അപ്പോൾ പാരീസ് കമ്യൂണിനെ തകർക്കാനുള്ള ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു. ആഭ്യന്തര യുദ്ധത്തിന്റെ ആ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കമ്യൂണിന്റെ നേതൃത്വത്തിന് ഗുരുതരമായ പരിമിതികളുണ്ടായി. ഫ്രാൻസിലെയും ജർമനിയിലെയും ചൂഷകവർഗസേനകൾ യോജിച്ച് കമ്യൂണിനെ ആക്രമിച്ചു. മെയ് 28ന് അവർ അതിനിഷ്‌ഠുരമായ കൂട്ടക്കുരുതി നടത്തി. ചൂഷകവർഗസേന അതിന്റെ താരതമ്യേന മികവുറ്റ ആയുധസൈനിക ശക്തിയുടെ മേൽക്കൈമൂലം പ്രഥമ തൊഴിലാളി വർഗഭരണത്തെ അടിച്ചമർത്തി. 20,000ൽ അധികം സഖാക്കൾ അന്ന് അരുംകൊല ചെയ്യപ്പെട്ടു.

ഇതിന്റെ കാരണവും സാഹചര്യങ്ങളും അന്നുതന്നെ കാൾമാർക്സ് തന്റെ പ്രസിദ്ധമായ രചനയിൽ വിശകലനം ചെയ്തിട്ടുണ്ട്. ഒന്നാം ഇന്റർനാഷണലിനുള്ള റിപ്പോർട്ടിന്റെ രൂപത്തിൽ 35 പേജുള്ള ലഘുഗ്രന്ഥമായി മാർക്സ് രചിച്ച ‘ഫ്രാൻസിലെ ആഭ്യന്തരയുദ്ധം' എന്ന കൃതിയും രണ്ടു പതിറ്റാണ്ടിനുശേഷം 1891ൽ മാർക്സിന്റെ പ്രസ്‌തുത ഗ്രന്ഥത്തിന് ഫ്രെഡറിക്ക് ഏംഗൽസ് എഴുതിയ ആമുഖവും പാരീസ് കമ്യൂണിനെ മനസ്സിലാക്കാൻ ഉപകരിക്കും. 17 വർഷംകൂടി കഴിഞ്ഞ്, 1908ൽ വ്‌ളാദിമിർ ഇല്ലിച്ച് ലെനിൻ ‘കമ്യൂണിന്റെ പാഠങ്ങൾ' എന്നപേരിൽ പ്രസിദ്ധീകരിച്ച പ്രഭാഷണവും നമ്മുടെ ശ്രദ്ധയർഹിക്കുന്നു. ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും' എന്ന കൃതിയും പാരീസ് കമ്യൂണിന്റെ അനുഭവങ്ങളെ ഗൗരവപൂർവം അപഗ്രഥിക്കുന്നുണ്ട്'.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ജർമൻ പതിപ്പിന് 1872 ജൂൺ 24ന് മാർക്സും ഏംഗൽസും ചേർന്ന് മുഖവുര എഴുതുമ്പോൾ പാരീസ് കമ്യൂൺ ചോരയിൽ മുക്കിക്കൊല്ലപ്പെട്ടിട്ട് ഒരു വർഷവും ഒരു മാസവും കഴിഞ്ഞതേയുള്ളൂ. അതിലവർ എഴുതി: ‘പാരീസ് കമ്യൂൺ പ്രത്യേകിച്ചും തെളിയിച്ചത് ഒരു സംഗതിയാണ്: മുമ്പുള്ളവർ തയ്യാർ ചെയ്തുവച്ചിട്ടുള്ള ഭരണകൂടം വെറുതെയങ്ങ് കൈവശപ്പെടുത്തി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി അതിനെ അതേപടി ഉപയോഗിക്കാൻ തൊഴിലാളി വർഗത്തിന് സാധ്യമല്ല’.

ഇന്ന് നാം തിരിഞ്ഞുനോക്കുമ്പോൾ പാരീസ് കമ്യൂണിന്റെ നേട്ടങ്ങളും തിരിച്ചടിയുണ്ടാകാനുള്ള കാരണങ്ങളും സംബന്ധിച്ച് കാൾമാർക്സ്, ഏംഗൽസ്, ലെനിൻ, ട്രോട്സ്കി തുടങ്ങിയവരുടെ ഒട്ടനവധി പഠനങ്ങൾ ലഭ്യമാണ്. അതൊക്കെ സൂക്ഷ്മമായി പഠിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ, അതിനുശേഷമുണ്ടായ മുന്നേറ്റങ്ങളും പിന്നോട്ടടികളും നാം അതേ ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച 1848ൽ യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവശ്രമങ്ങൾ അടിച്ചമർത്തപ്പെട്ടതിനെക്കുറിച്ച് 1864ൽ ഒന്നാം ഇന്റർനാഷണൽ രൂപവൽക്കരിക്കപ്പെട്ടപ്പോൾ തയ്യാറാക്കിയ ഉദ്ഘാടന വിജ്ഞാപനത്തിൽ മാർക്സ് നടത്തിയ നിരീക്ഷണം ശ്രദ്ധേയവും പിന്നീടുണ്ടായ എല്ലാ തിരിച്ചടികൾക്കും വലിയ പരിധിയോളം ബാധകവുമാണ്.

‘... ആ മഹാലക്ഷ്യത്തെ ലാക്കാക്കിയുള്ള എല്ലാ പരിശ്രമങ്ങളും ഇന്നുവരെ പരാജയപ്പെട്ടത് ഓരോ രാജ്യത്തുമുള്ള തൊഴിലാളികളുടെ നാനാവിധ വിഭാഗങ്ങളുടെ അനൈക്യംമൂലവും വിവിധ രാജ്യങ്ങളിലെ തൊഴിലാളി വർഗങ്ങൾക്കിടയിലെ സാഹോദര്യത്തിന്റെ അഭാവം മൂലവുമാണ് ...'

1848ലും 1871ലും നടന്ന വിപ്ലവ പരിശ്രമങ്ങളാണ് കാൾമാർക്സും ഫ്രെഡറിക് ഏംഗൽസും ജീവിച്ചിരിക്കുമ്പോൾ സംഭവിച്ച മനുഷ്യമോചന സമരങ്ങൾ. ആദ്യത്തേത് തൽക്ഷണം അടിച്ചമർത്തപ്പെട്ടു. അതിനെത്തുടർന്ന് 1852–-1853ൽ കമ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തനങ്ങൾ തുടരാനാകാത്ത സ്ഥിതിയും സംജാതമായി. 1871ലെ പാരീസ് കമ്യൂണിന്റെ ആളിക്കത്തലിനും തകർച്ചയ്‌ക്കുംശേഷം ഒന്നാം ഇന്റർനാഷണൽ ആസ്ഥാനം യൂറോപ്പിൽനിന്ന് യുഎസ്എയിലെ ന്യൂയോർക്കിലേക്ക് മാറ്റാൻ 1872 സെപ്തംബറിൽ ഹോളണ്ടിലെ ഹേഗിൽ ചേർന്ന സംഘടനയുടെ സമ്മേളനം തീരുമാനിച്ചു. 1876 ജൂലൈയിൽ ഫിലാഡെൽഫിയയിലെ സമ്മേളനത്തോടെ ഒന്നാം ഇന്റർനാഷണലിന്റെ പ്രവർത്തനം അവസാനിച്ചു.

1917ലെ റഷ്യൻ വിപ്ലവവും ചുവപ്പുസേന ഫാസിസത്തെ പരാജയപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചതിനെ തുടർന്ന് കിഴക്കൻ യൂറോപ്പിലുണ്ടായ മാറ്റങ്ങളും ഏഷ്യയിലെ കമ്യൂണിസ്റ്റ്/തൊഴിലാളി പാർടികളുടെ നേതൃത്വത്തിലുള്ള രാഷ്ട്രങ്ങളും ക്യൂബ ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ അനുഭവങ്ങളും ഇന്ന് നമ്മുടെ മുന്നിലുണ്ട്. നേപ്പാളും ദക്ഷിണാഫ്രിക്കയും മുതലാളിത്ത രാജ്യങ്ങളിലെ ചില സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുളള പരിമിത ഭരണപരീക്ഷണവുമൊക്കെ മുന്നോട്ടുവയ്ക്കുന്ന വ്യത്യാസങ്ങളുള്ള ഇടപെടലുകളും സംഭാവനകളും സൂക്ഷ്മമായ വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്.

ജനകീയ ഭരണമോ സോഷ്യലിസ്റ്റ് ഭരണമോ സ്ഥാപിതമാകുമ്പോൾ പ്രതിലോമശക്തികളുടെ അട്ടിമറി ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കുന്നത് പ്രധാനമാണ്. ഒപ്പം ജനകീയ ജനാധിപത്യവും അധ്വാനിക്കുന്നവരുടെ സമ്പൂർണാധികാരവും കാത്തുസൂക്ഷിക്കുന്ന പരീക്ഷണവും പ്രധാനമാണ്. ഈ കടമ അവഗണിക്കാതെ മുതലാളിത്ത വ്യവസ്ഥയിലേതിനേക്കാൾ ആഴമുള്ള ജനാധിപത്യ–-പൗരസ്വാതന്ത്ര്യങ്ങൾ അതിന്റെ സമഗ്രതയിൽ എങ്ങനെ പ്രാവർത്തികമാക്കാനാകുമെന്നതും വളരെ കാതലായ കാര്യമാണ്. കൃഷിയുൾപ്പെടെ സാമ്പത്തികോൽപ്പാദനത്തിന്റെ മികച്ച കൈകാര്യ കർതൃത്വവും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ വൻമുന്നേറ്റവും സമത്വവും സാമൂഹ്യ നീതിയും സംബന്ധിച്ച അകളങ്കമായ മാതൃകകളും പുതിയ സോഷ്യലിസ്റ്റ് സമൂഹത്തിൽ അനുഭവപ്പെടുന്ന സ്ഥിതിയുണ്ടാകണം. തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിലുള്ള സമത്വ സമൂഹമെന്നത് തൊഴിലാളിവർഗ പാർടിയുടെ ആധിപത്യമായി തെറ്റിദ്ധരിക്കപ്പെട്ടതുപോലുള്ള പ്രശ്നങ്ങളും സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കേറ്റ തിരിച്ചടികൾക്ക് കാരണമാണ്. പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള മനുഷ്യ പുരോഗതിയെന്ന കാഴ്ചപ്പാടും ഇന്നത്തെ ആഗോളതാപനം സംബന്ധിച്ച ലോകാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രാധാന്യം നേടിയിട്ടുണ്ട്.

ഇതുവരെയുള്ള വ്യത്യസ്താനുഭവങ്ങളെ മുൻനിർത്തി ഉള്ളുതുറന്ന് സ്വയംവിമർശനം നടത്തിയും ഇതുപോലെ മൗലിക പ്രാധാന്യമുള്ള കാര്യങ്ങൾ പരിഗണിച്ചും മാത്രമേ കുറ്റമറ്റ സോഷ്യലിസ്റ്റ് സമൂഹസൃഷ്ടിക്കായുള്ള പരിശ്രമങ്ങൾ ഭാവിയിൽ വിജയം വരിക്കുകയുള്ളൂ. ‘സ്വർഗത്തെ കടന്നാക്രമിച്ച ധീരർ' എന്നാണ് കാൾമാർക്സ് പാരീസ് കമ്യൂണിന്റെ പോരാളികളെ കാവ്യാത്മകമായ ഭാഷയിൽ വിശേഷിപ്പിച്ചത്. ഒന്നര നൂറ്റാണ്ടിനുശേഷം നാം ഇന്നു ജീവിക്കുന്ന ലോകത്തിൽ അസാധാരണമായ മാറ്റങ്ങളാണ്‌ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ കാണാനാകുന്നത്. ഈ പുതിയ സാഹചര്യത്തിൽ ചൂഷണമുക്തമായ വ്യവസ്ഥ പടുത്തുയർത്താനുള്ള ശ്രമങ്ങൾ സമൂഹത്തിൽ രൂപപ്പെട്ട വൻമാറ്റങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാകണം വിഭാവനം ചെയ്യേണ്ടത്‌. ആ ലക്ഷ്യത്തോടെ വേണം പാരീസ് കമ്യൂൺ മുതൽ സമകാലിക ലോകാനുഭവങ്ങൾ വരെയുള്ള കാര്യങ്ങൾ നാം വിശകലനം ചെയ്യുന്നത്.