കാര്‍ഷികമേഖലക്ക് ഉണര്‍വേകി വെങ്ങപ്പള്ളി
വെങ്ങപ്പള്ളി: കാര്‍ഷികമേഖലയിലെ ഉണര്‍വില്‍ വെങ്ങപ്പള്ളി. പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും കാര്‍ഷികവൃത്തിയെ ആശ്രയിച്ച് ജീവിക്കുന്നത്കൊണ്ടുതന്നെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെയും ഈ മേഖലയെ കേന്ദ്രീകരിച്ചതന്നെ. സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ നടപ്പിലാക്കിയ എല്ലാ പദ്ധതികളും ജനപങ്കാളിത്തത്തോടെ സുതാര്യമായി നടത്താന്‍ വെങ്ങപ്പള്ളിക്ക് കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ ജൈവപുതയിടല്‍, നെല്‍കൃഷിക്ക് നിലമൊരുക്കികൊടുക്കല്‍ എന്നിവ കര്‍ഷകര്‍ക്ക് ഏറെ സഹായകമായി. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കൂട്ടുകൃഷി നടപ്പിലാക്കി. തൊഴിലുറപ്പ് പദ്ധതിയെ കാര്‍ഷിക മേഖലയുമായി കൂട്ടിയിണക്കിയാണ് നടപ്പിലാക്കിയത്. നാണ്യവിളകളുടെ നവീകരണത്തോടൊപ്പം കാപ്പികൃഷിക്ക് രാസവള സബ്സിഡി, കവുങ്ങിന്റെ മഹാളി രോഗത്തിനെതിരെയുള്ള മരുന്ന് തളി എന്നിവയും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെട്ടു.
ക്ഷീര മേഖലയിലും അസൂയാവഹമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. കാലത്തീറ്റ വില വര്‍ധനവ് മൂലം ബുദ്ധിമുട്ടുന്ന ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് സബ്സിഡി അടിസ്ഥാനത്തില്‍ കാലിത്തീറ്റ വിതരണം ചെയ്തു. കറവമാടുകള്‍ വാങ്ങുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിര്‍മാണം, കന്നുകുട്ടി പരിപാലനം, തുടങ്ങിയ പദ്ധതികളിലൂടെ പാലുല്‍പ്പാദനത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായി. കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ക്ഷീരമേഖല ഉണര്‍വേകി. മൃഗാശുപത്രിക്ക് ആവശ്യമായ മരുന്നുകളും അടിസ്ഥാന സൌകര്യങ്ങളും ലഭ്യമാക്കാന്‍ ഭരണസമിതി പ്രത്യേകം ശ്രദ്ധിച്ചു. ക്ഷീരവികസന മേഖലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന തെക്കുംതറ ക്ഷീരസഹകരണ സംഘത്തിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് പഞ്ചായതിന്റെ ഇടപെടലിന്റെ ഫലമായി ബിആര്‍ജിഎഫില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചു.
എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യത്തോടെയാണ് സേവനമേഖലയില്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇഎംഎസ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ വെങ്ങപ്പള്ളിയില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് ലഭിക്കുമെന്ന് പ്രസിഡന്റ് കെ വി രാജന്‍ പറഞ്ഞു. ഭവനരഹിതരും ഭൂരഹിതരുമായ 347കുടുംബങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ 150 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. അഞ്ച് വര്‍ഷത്തിനകം വിവിധ സ്കീമുകളിലായി ആയിരത്തിലധികം വീടുകള്‍ നല്‍കിയിട്ടുണ്ട്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി എത്താതിരുന്ന എല്ലാ പ്രദേശങ്ങളിലും വൈദ്യതി എത്തിക്കാന്‍ അഞ്ച് വര്‍ഷത്തിനകം കഴിഞ്ഞു. 98ശതമാനം വീടുകളും വൈദ്യുതീകരിച്ചു. ആരോഗ്യമേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും വെങ്ങപ്പള്ളി പഞ്ചായത്തിന് കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ആയൂര്‍വേദ ആശുപത്രിയിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കി. പഞ്ചായത്തിന്റെ ശ്രമഫലമായി പുതുതായി ഹോമിയോ ആശുപ്രതി അനുവദിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ആശാവര്‍ക്കര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തി വാര്‍ഡ് ക്ളിനിക്കുകള്‍ നല്ല രീതിയില്‍ നടന്നുവരുന്നുണ്ട്.
കുടിവെള്ള ക്ഷാമമനുഭവിച്ചിരുന്ന എല്ലാ പ്രദേശങ്ങളിലും കുടിവെള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കുന്നുമ്പുറം, കൂപപ്പാളി, കുറിഞ്ഞിന്മല്‍, ചീങ്ങോളിക്കുന്ന്, ഓടോട്ടുമ്മല്‍ കോളനി, ആലക്കണ്ടികോളനി, എന്നിവിടങ്ങളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കി. ചൂര്യാറ്റ ലാന്റ്ലെസ് കോളനി, അയനിക്കണ്ടി, നാരോക്കണ്ടി എന്നീ കുടിവെള്ള പദ്ധതികളുടെ വൈദ്യുതി കുടിശ്ശിക അടച്ചുതീര്‍ത്തു. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലും പശ്ചാത്തല മേഖലയിലും വിജയകരമായി നടപ്പിലാക്കിയപ്പോള്‍ ആദിവാസി വിഭാഗങ്ങളിലടക്കം ഏറെ മാറ്റങ്ങളുണ്ടായി. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ അഖിലേന്ത്യാശരാശരി 41ആയിരിക്കെ 71 തൊഴില്‍ദിനങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരം വെങ്ങപ്പള്ളിക്ക് ലഭിച്ചു. പശ്ചാത്തല മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിച്ചതിലൂടെ 20 ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ സാധിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ ഫണ്ട് വകയിരുത്തുന്നതിനും വിനിയോഗിക്കുന്നതിനും പഞ്ചായത്ത് ശ്രദ്ധിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് കുട, ബാഗ്, യൂണിഫോം എന്നിവ നല്‍കി. അതോടൊപ്പം ഉച്ചഭക്ഷണ പരിപാടി വിപുലീകരിക്കുകയും ബാലസഭകള്‍ക്കായി പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു. പശ്ചാത്തലമേഖലയില്‍ എല്ലാ പ്രധാന റോഡുകളുടെ നവീകരണത്തിനും സംരക്ഷണത്തിനും തുക വകയിരുത്തി. തെക്കുംതറ ചൂര്യാറ്റ റോഡ്, എംഎച്ച് നഗര്‍-ചോലപ്പുറം റോഡ്, തെക്കുംകണ്ടി വാവാടി റോഡ് എന്നിവയുടെ നവീകരണത്തിനായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഇവയുടെ നിര്‍മാണ പ്രവൃത്തി ദിവസങ്ങള്‍ക്കകം ആരംഭിക്കും. കൂടാതെ ചോലപ്പുറം -പാണ്ടിക്കടവ് റോഡ്, വെങ്ങപ്പള്ളി-മണിയങ്കോട് റോഡ് എന്നിവക്കായി ജില്ലാ പഞ്ചായത്ത് ഫണ്ടും മണിയങ്കോട്-പാലൂക്കര റോഡിനായി ബ്ളോക്ക് പഞ്ചായത്ത് ഫണ്ടും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ സ്ത്രീകളുടെ സാമൂഹ്യ പദവിയും വരുമാനവും ഉയര്‍ത്തുന്ന കാര്യത്തില്‍ വെങ്ങപ്പള്ളി പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം ഓട്ടേറെ മുന്നേറ്റങ്ങളാണുണ്ടായതെന്നും കെ വി രാജന്‍ പറഞ്ഞു.
തിരുവാണിയൂരിന് കാര്‍ഷിക സമൃദ്ധിയുടെ പൊന്‍കതിര്‍
കോലഞ്ചേരി: വികസന മുന്നേറ്റത്തിന് അടിത്തറയിട്ടാണ് തിരുവാണിയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. 2005ല്‍ 175 ഹെക്ടര്‍ കൃഷിഭൂമിയുണ്ടായിരുന്നത് 2009 ആയപ്പോള്‍ 225 ഹെക്ടറായി വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ അടിസ്ഥാനസൌകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 പാടശേഖസമിതികള്‍ക്ക് സ്വന്തമായി ടില്ലറുകള്‍ നല്‍കി. 17.50 ലക്ഷം രൂപ ചെലവില്‍ മിനി കൊയ്ത്ത് മെതിയന്ത്രവും യന്ത്രങ്ങളും ഒരു ടാക്ടര്‍ കം ട്രെയിലറും വാങ്ങി. ഇവയുടെ സഹായത്തോടെ വിളവെടുപ്പിന് ആവശ്യമായ ചെലവ് ഹെക്ടറിന് 4500 രൂപയില്‍നിന്ന് 1500 രൂപയാക്കി കുറയ്ക്കാന്‍ കഴിഞ്ഞത് കര്‍ഷകരില്‍ പ്രതീക്ഷയുണ്ടാക്കി. പച്ചക്കറി-ജൈവ പച്ചക്കറി മേഖലയിലെ ഇടപെടലിന്റെ ഫലമായി 150 ഹെക്ടറില്‍ കാര്‍ഷിക വിഭവങ്ങള്‍ വിളവെടുക്കുന്നുണ്ട്. 2500 തെങ്ങിന്‍തൈകളും 750 ജാതിതൈകളും വീതം നാലുവര്‍ഷവും പകുതി വിലയ്ക്ക് വിതരണംചെയ്തു. കാര്‍ഷിക യന്ത്രോപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പാടശേഖരസമിതിയുടെ അപ്പെക്സ് ബോഡി രൂപീകരിച്ച് ഫലപ്രദമായി ഇടപെട്ടത് കാര്‍ഷികമുന്നേറ്റത്തിനു വഴിയൊരുക്കി.
പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് മാതൃകാപരമായ ഇടപെടലുകള്‍ ഭരണസമിതി നടത്തി. ഇന്‍പേഷ്യന്റ് വിഭാഗത്തില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ഡോക്ടര്‍മാരുടെ താമസത്തിന് ക്വാട്ടേഴ്സുകള്‍ നിര്‍മിച്ചു. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ നവീകരണം നടത്തി. ആറു ലക്ഷത്തിലധികം രൂപയുടെ മരുന്ന് ലഭ്യമാക്കിയത് ഇവിടെയെത്തുന്ന രോഗികള്‍ക്ക് ആശ്വാസമായി. കൂടാതെ മറ്റക്കുഴി പണിക്കരുപടിയിലും വെണ്ണിക്കുളത്തും പുതിയ കെട്ടിടങ്ങളില്‍ പിഎച്ച്സി സബ്സെന്ററുകള്‍ ആരംഭിച്ച് നിലവിലുള്ള സബ് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. ആയുര്‍വേദ ആശുപത്രി ആരംഭിച്ചു. സ്കൂളുകളിലെ പ്രാഥമികസൌകര്യങ്ങള്‍ വര്‍ധിപ്പിച്ചും അഞ്ച് അങ്കണവാടികള്‍ പുതുതായി ആരംഭിച്ചും വിദ്യാഭ്യാസമേഖലയില്‍ കാര്യക്ഷമമായി ഇടപെട്ടു. ഇ എം എസ് ഭവനപദ്ധതിയില്‍ 32 പേര്‍ക്കും മറ്റു മേഖലകളില്‍നിന്നായി 235 പേര്‍ക്കും വീടുകള്‍ നല്‍കാന്‍ കഴിഞ്ഞത് ഭരണസമിതിയുടെ കാര്യക്ഷമമായ ഇടപെടലുകളുടെ ഫലമായിട്ടാണെന്ന് പ്രസിഡന്റ് എം എ രവി പറഞ്ഞു.
പഞ്ചായത്തിന്റെ തനതുഫണ്ട് ഉപയോഗിച്ച് തിരുവാണിയൂര്‍ ലക്ഷംവീട് കോളനിയില്‍ എട്ടു വീടുകളുടെയും ബിസിസിഎല്ലിന്റെ സഹകരണത്തോടെ 1,30,000 രൂപ ചെലവഴിച്ചുള്ള 56 വീടുകളുടെയും നിര്‍മാണം അവസാനഘട്ടത്തിലാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി സംസ്ഥാനതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലെത്തിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിരവധി വനിതാ സ്വയംതൊഴില്‍ സംരംഭങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബിപിസിഎല്‍ കമ്പനിയുടെ പൊതുനന്മ ഫണ്ടില്‍നിന്ന് വിവിധ പദ്ധതികള്‍ക്കായി ഒരുകോടി 82 ലക്ഷം രൂപ അനുവദിപ്പിക്കാന്‍ കഴിഞ്ഞത് ഭരണസമിതിയുടെ ശക്തമായ ഇടപെടലുകളുടെ ഫലമായാണ്. 28 ലക്ഷം രൂപ ചെലവഴിച്ച് ആധുനികരീതിയിലുള്ള ശ്മശാനവും 55 ലക്ഷം ചെലവഴിച്ച് പുത്തന്‍കുരിശ് കോതചിറയില്‍ കുടുംബശ്രീ വ്യവസായ സമുച്ചയവും 72 ലക്ഷം രൂപ ഉപയോഗപ്പെടുത്തി ലക്ഷംവീടുകള്‍ ഒറ്റവീടാക്കുന്ന പദ്ധതിയും 23 ലക്ഷം ചെലവഴിച്ച് മനയ്ക്കമൂല നടപ്പാതയും നിര്‍മാണമാരംഭിച്ചു. ഇവയില്‍ പലതിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണ്. പഞ്ചായത്തിന്റെ സമസ്തമേഖലയിലും വികസനമെത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് എല്‍ഡിഎഫ് ഭരണസമിതി അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നത്.
(എന്‍ കെ ജിബി)
മീന്‍വല്ലം പദ്ധതി പ്രവൃത്തി ആരംഭിച്ചു
പാലക്കാട്: ഊര്‍ജ്ജോല്‍പ്പാദനത്തിലെ ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം മിനി ജലവൈദ്യുത പദ്ധതി നിര്‍മാണം ആരംഭിച്ചു. പദ്ധതിയുടെ പവര്‍ ഹൌസ് നിര്‍മാണമാണ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രഥമ വൈദ്യുതി പദ്ധതിയാണ് മീന്‍വല്ലം. പ്രതിവര്‍ഷം 84 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ ഉല്‍പ്പാദിപ്പിക്കാനാകും. കരിമ്പ പഞ്ചായത്തില്‍ ഭാരതപ്പുഴയുടെ കൈവഴിയായ തൂതപ്പുഴയില്‍ എത്തിച്ചേരുന്ന തുപ്പനാട് പുഴയില്‍ മീന്‍വല്ലത്ത് വെളളച്ചാട്ടങ്ങള്‍ക്ക് മുകളില്‍ 6.5 മീറ്റര്‍ ഉയരവും 67.15 മീറ്റര്‍ നീളവുമുളള ഒരു തടയണ (വിയര്‍) കെട്ടി നിര്‍മിക്കുന്ന ഒരു റ ഓഫ് ദി റിവര്‍ സ്കീം ആണ് മീന്‍വല്ലം ജലവൈദ്യുത പദ്ധതി. 3.3 കെ വി വോള്‍ട്ടേജില്‍ ഉല്‍പ്പാപാദിപ്പിക്കുന്ന വൈദ്യുതി 11 കെവിആക്കി ഉയര്‍ത്തി കെഎസ്ഇബിയുടെ കല്ലടിക്കോട് ഇപ്പോള്‍ പുതുതായി സ്ഥാപിക്കുന്ന 110 കെ വി സബ് സ്റേഷനിലേക്ക് ബന്ധിപ്പിക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്.
1956 ലെ കമ്പനീസ് ആക്ടിന് വിധേയമായി പാലക്കാട് സ്മോള്‍ ഹെഡ്രോ കമ്പനി എന്ന പേരില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനും വില്‍പ്പനയ്ക്കും മാറ്റുമായി 1999 ജനുവരി 20 ന് എറണാകുളത്തുളള രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഒരു ലിമിറ്റഡ് കമ്പനി രജിസ്റര്‍ ചെയ്തു. പാലക്കാട് ജില്ലാ പഞ്ചായത്തിനും അഞ്ച് ബ്ളോക്ക് പഞ്ചായത്തുകള്‍ക്കും 13 പഞ്ചായത്തുകള്‍ക്കും ഓഹരിയുളള കമ്പനിയുടെ അധികൃത മൂലധനം അഞ്ച് കോടി രൂപയും നിലവില്‍ അടച്ചു തീര്‍ത്ത മൂലധനം 2.92 കോടിയുമാണ്. പദ്ധതിയുടെ നിര്‍മാണച്ചെലവ് 2004 ലെ പിഡബ്ള്യഡി ഷെഡ്യൂള്‍ ഓഫ് റേറ്റ് പ്രകാരം 10.11 കോടി രൂപയാണ്. നിര്‍മാണകാലത്തെ പലിശയും കൂടി കണക്കാക്കിയാല്‍ 10.86 കോടിയാണ് ആകെ ചെലവ്. പദ്ധതിയുടെ ആകെ ചെലവിന്റെ 30 ശതമാനം ഇക്യുറ്റി ആയും ബാക്കി 70 ശതമാനം തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ കടമായും സംഭരിക്കാനാണ് ഉദ്ദേശിച്ചിട്ടുളളത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ധനമന്ത്രി തോമസ് ഐസക് പദ്ധതിക്ക് മുന്തിയ പരിഗണന കൊടുക്കുന്നതായി നബാര്‍ഡ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. പിന്നീടാണ് നബാര്‍ഡ് റൈഡ് 12 സ്കീമില്‍ 7,79,32,000 രൂപ കടമായി അനുവദിച്ചത്. ഇതില്‍ 1.56 കോടി രൂപ 2009 ല്‍ അഡ്വാന്‍സായി ലഭിച്ചു. 2007 ജനുവരി 23 ന് വൈദ്യുതി മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കമ്പനിയുടെ ചെയര്‍പേഴ്സണുമായ സുബൈദ ഇസ്ഹാഖ് കെഎസ്ഇബിയുമായി 25 വര്‍ഷത്തേയ്ക്കുളള പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പുവച്ചു. പദ്ധതി പ്രവര്‍ത്തനക്ഷമമാവുന്ന മുറയ്ക്ക് അഞ്ച് വര്‍ഷത്തേക്ക് യൂണിറ്റൊന്നിന് 2.50 രൂപയും പിന്നീടുളള 20 വര്‍ഷം 2.12 രൂപ എന്നതുമാണ് നിരക്ക്.
2000 ല്‍ ഐആര്‍ടിസിയെ പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാക്കളെയും സ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡിനെ (സില്‍ക്ക്) പദ്ധതിയുടെ കരാറും ടേണ്‍ കീ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചിരുന്നു. പദ്ധതി 2011 മാര്‍ച്ചില്‍ കമീഷന്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുളളത്. പദ്ധതിക്കാവശ്യമായ ജനറേറ്ററുകള്‍ നിര്‍മിച്ചത് ഗുജറാത്തിലുളള വഡോദരയിലെ ജ്യോതി ലിമിറ്റഡ് കമ്പനി ആണ്. ടര്‍ബെനുകള്‍ നിര്‍മിച്ചത് ഛത്തീസ്ഘട്ടിലെ റായ്പുരിലൂളള സിംപ്ളെക്സ് എന്‍ജിനിയറിങ് ആന്‍ഡ് ഫൌറി കമ്പനിയാണ്. സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍മിച്ച പെന്‍സ്റോക്ക് പൈപ്പാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. പദ്ധതി പ്രദേശത്തേക്കുളള മൂന്ന് കിലോമീര്‍ റോഡ് ജനങ്ങളുടെ സഹകരണത്തോടെ കമ്പനി നിര്‍മിച്ചു. റോഡിനാവശ്യമായ ഭൂമി പലരും സൌജന്യമായി നല്‍്കി.
ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടുപോകാന്‍ മൂന്നേക്കര്‍ മുതല്‍ മീന്‍വല്ലത്ത് ഫോറസ്റ് അതിര്‍ത്തി വരെ മൂന്ന് കിലോമീറ്റര്‍ 11 കെവിലൈന്‍ ഡെപോസിറ്റ് വര്‍ക്ക് അടിസ്ഥാനത്തില്‍ 15 ലക്ഷം രൂപ ചെലവാക്കി ജില്ലാ പഞ്ചായത്ത് നിര്‍മിച്ചു. പദ്ധതിയുടെ വിയര്‍, പെന്‍സ്റോക്ക്, പവര്‍ ഹൌസ്, ടെയില്‍ റേസ്, നടപ്പാത എന്നിവക്കെല്ലാമായി ആകെ 1.15 ഹെക്ടര്‍ വനഭൂമിയാണ് ആവശ്യമായിട്ടുളളത്. ഈ പദ്ധതി നടപ്പാക്കാന്‍ മുറിച്ചുമാറ്റിയ 566 മരങ്ങള്‍ക്കു പകരം മരങ്ങള്‍വച്ചു പിടിപ്പിക്കാനാവശ്യമായ 2,02,400 രൂപ ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ അടച്ചു.
ഇതിന്റെയടിസ്ഥാനത്തില്‍ 2009 ജൂണ്‍ 23 ന് 25 വര്‍ഷ കാലാവധിക്ക് മണ്ണാര്‍ക്കാട് ഡിഎഫ്ഒ പാട്ടകരാര്‍ ഒപ്പിട്ടു. ജൂലായ് 16 ന് പദ്ധതിക്കാവശ്യമായ 1.15 ഹെക്ടര്‍ വനഭൂമി കൈമാറി. പീക്ക്ലോഡ് സമയത്ത് പ്രയോജനപ്രദമായ ഈ പദ്ധതി പ്രവര്‍ത്തനക്ഷമമാവുന്നതോടെ കരിമ്പ പഞ്ചായത്തിലെയും അയല്‍ പഞ്ചായത്തുകളിലെയും വൈദ്യുതിക്ഷാമത്തിന് പരിഹാരമാകും. പദ്ധതി പ്രവര്‍ത്തനകാലത്ത് 3000 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും. പ്രസരണനഷ്ടം കുറയ്ക്കാനും സിസ്റത്തിലെ പരിമിതികള്‍ക്ക് പരിഹാരം കാണാനും സഹായകരമാകും.
സമ്പൂര്‍ണ വൈദ്യുതീകരണം: 3 മണ്ഡലങ്ങള്‍ അന്തിമഘട്ടത്തിലേക്ക്
പത്തനംതിട്ട: എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ജില്ലയില്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ജില്ലയിലെ ഏഴ് മണ്ഡലങ്ങളില്‍ രണ്ടു മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കി പ്രഖ്യാപനവും നടത്തിയിരുന്നു. കല്ലൂപ്പാറയും അടൂരുമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. തിരുവല്ല, ആറന്മുള, റാന്നി മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുന്നതായി വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
തിരുവല്ലയില്‍ പദ്ധതി പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ നടക്കും. ആറന്മുളയില്‍ 90ശതമാനം പദ്ധതി പ്രവര്‍ത്തനവും പൂര്‍ത്തിയായി. ബാക്കിയുള്ള ജോലികളും എത്രയും വേഗം പൂര്‍ത്തിയാക്കു മെന്ന് അധികൃതര്‍ പറഞ്ഞു. വനമേഖലയടക്കമുള്ള റാന്നി മണ്ഡലത്തിലും പദ്ധതി പുരോഗമിക്കുന്നു. അടുത്ത വര്‍ഷംആദ്യത്തോടെ റാന്നി മണ്ഡലത്തിലും പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുന്നതില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് പത്തനംതിട്ട, കോന്നി, പന്തളം മണ്ഡലങ്ങളാണ്. അതത് മണ്ഡലത്തിലെ ജനപ്രതിനിധികള്‍ മുന്‍കൈയെടുത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നത്.
പുറകില്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ എംഎല്‍എമാരുടെ നിസ്സഹകരണമാണ് പദ്ധതി പൂര്‍ത്തീകരണത്തിന് വേഗത കുറയാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അത് ശരിവെക്കുന്നതാണ് യുഡിഎഫ് അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലെ പദ്ധതി നടത്തിപ്പിലെ പിന്നോക്കാവസ്ഥ. പത്തനംതിട്ടയില്‍ പദ്ധതി നടത്തിപ്പിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതേയുള്ളു. കോന്നിയില്‍വനപ്രദേശം കൂടുതലുള്ളതിനാല്‍ വളരെയധികം ജോലികളുള്ള മേഖലയാണ്. ഏകദേശം അഞ്ചുകോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രാഥമിക നടപടികള്‍ എടുക്കാന്‍ പോലും സ്ഥലം എംഎല്‍എമാര്‍ തയ്യാറാകാത്തതാണ് ഇവിടങ്ങളില്‍ പദ്ധതി നീളാന്‍ കാരണം. പന്തളത്തും പദ്ധതി പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ജില്ലയില്‍ എല്ലാ ഓണംകേറാ മൂലയിലും വെളിച്ചം എത്തിക്കുകയെന്ന പദ്ധതി തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതീകരണ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 5,00,938 സിഫ്എല്‍ ബള്‍ബുകള്‍ ഇതിനകം വിതരണം ചെയ്തു. 14 വാട്സിന്റെ ബള്‍ബുകളുടെ വിതരണം ജില്ലയിലെ ഉപഭോക്താക്കളില്‍ 77.14ശതമാനം പേര്‍ക്ക് നല്‍കി. സിഎഫ്എല്‍ ബള്‍ബുകള്‍ വിതരണം ചെയ്തതിലൂടെ ജില്ലയില്‍ മണിക്കൂറില്‍ 23,043 യൂണിറ്റ് വൈദ്യുതിയാണ് ലാഭിക്കാന്‍ സാധിക്കുന്നതെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സിഎഫ്എല്‍ ബള്‍ബുകളുടെ കൂടുതല്‍ വിതരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുകുളം പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട: ജില്ല കാര്‍ഡ്-കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍തലംവരെയുള്ള കുട്ടികളില്‍ ജൈവ വൈവിധ്യ സംരക്ഷണത്തെപ്പറ്റിയും ഭക്ഷ്യ സംരക്ഷണത്തെപ്പറ്റിയും അവബോധം ഉണ്ടാക്കുന്നതിന് ആരംഭിച്ച മുകുളം പദ്ധതിയുടെ ഉദ്ഘാടനം കലക്ടര്‍ എസ് ലളിതാംബിക നിര്‍വഹിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപ്പിനഴികത്ത് ശാന്തകുമാരി അധ്യക്ഷയായി. തുമ്പമ ഭദ്രാസന മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് ആദ്യ തൈ നട്ടു. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ ഇക്കോ ക്ളബുകള്‍ക്ക് വിത്ത് നടീല്‍ വസ്തുക്കളുടെ വിതരണവും നിര്‍വഹിച്ചു. കാര്‍ഡ് ഡയറക്ടര്‍ റവ. ഡോ. സാബു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സി പി റോബര്‍ട്ട് പദ്ധതി വിശദീകരണം നടത്തി. കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്കൂള്‍, അയിരൂര്‍ കാര്‍മ്മല്‍ കോവെന്റ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, തടിയൂര്‍, ഗവ. യുപി സ്കൂള്‍, മാന്തുക ഗവ. യുപി സ്കൂള്‍, മെഴുവേലി എസ്എന്‍ഡിപി ഹൈസ്കൂള്‍, ഇടപ്പരിയാരം, ഇലന്തൂര്‍ എന്നീ സ്കൂളുകളെയാണ് ഈ വര്‍ഷം മുകുളം പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളില്‍ അഞ്ച് സെന്റില്‍ കുറയാതെ പച്ചക്കറി, വാഴ, ഔഷധ സസ്യങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിനായി വിത്ത്, തൈകള്‍ എന്നിവയും ആവശ്യമായ സാങ്കേതിക സഹായവും കൃഷി വിജ്ഞാന കേന്ദ്രം നല്‍കും. ഡിസംബര്‍-ജനുവരി മാസത്തോടെ സ്കൂള്‍ ക്ളബുകളുടെ കൃഷിയിലെ മികവ് വിലയിരുത്തി സമ്മാനം നല്‍കും. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന സ്കൂള്‍ ക്ളബിന് 5000 രൂപ ക്യാഷ് അവാര്‍ഡും ജോസഫ് മാര്‍ത്തോമ്മാ എവര്‍ റോളിങ് ഗ്രീന്‍ ട്രോഫിയും വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ദേശാഭിമാനി
ഇടതുസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന വികസന/ക്ഷേമ പദ്ധതികളെക്കുറിച്ച് അല്പം...
ReplyDelete