Friday, March 25, 2011

യുഡിഎഫ് പതറുന്നു ഈ പെണ്‍പോരാളിക്ക് മുമ്പില്‍


നാട്ടുകാര്‍ക്ക് അമ്മയായിരുന്നു മാടത്തിയിലെ കൊറ്റ്യാല്‍ കോറോത്ത് കല്യാണി. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് യാതനസഹിച്ച് പാര്‍ടിക്കൊപ്പമായിരുന്നു അവര്‍. കല്യാണിയമ്മയെ നാടിന് മറക്കാനാവില്ല. കല്യാണിയുടെ ചെറുമകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പേരാവൂരില്‍ വീണ്ടുമൊരങ്കത്തിനിറങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുകയാണ്. കെ കെ ശൈലജയുടെ ജനസ്വാധീനം യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

കന്നിപോരാട്ടത്തില്‍ കൂത്തുപറമ്പിനെ പ്രതിനിധീകരിച്ചാണ് ശൈലജ നിയമസഭയിലെത്തിയത്. 2006-ല്‍ പേരാവൂരില്‍ യുഡിഎഫിനെ വിറപ്പിച്ച പോരാട്ടത്തില്‍ 9099 വോട്ടിന് എ ഡി മുസ്തഫയെ അട്ടിമറിച്ചു. മുസ്തഫയെയും കെ പി നൂറുദ്ദീനെയും പി രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി, സജീവ് ജോസഫ് തുടങ്ങിയ പ്രമുഖരെയെല്ലാം വകഞ്ഞുമാറ്റിയ ഗ്രൂപ്പ് യുദ്ധത്തിനൊടുവിലാണ് ഇക്കുറി കെ സുധാകരന്റെ വലംകൈയും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ സണ്ണി ജോസഫ് പേരാവൂരില്‍ എത്തുന്നത്. ജനസ്വാധീനമാണ് ശൈലജക്ക് മൂന്നാമങ്കത്തിലും മൂലധനം. നിയമസഭക്ക് അകത്തും പുറത്തും സാമൂഹ്യ തിന്മകള്‍ക്കും സ്ത്രീ സംരക്ഷണത്തിനും ഉറച്ച ശബ്ദത്തില്‍ പ്രതികരിച്ച് അവര്‍ ശ്രദ്ധേയയാണ്. വികസന രംഗത്ത് ജനകീയ കൂട്ടായ്മയോടെയുള്ള ഇടപെടല്‍ നാട് അംഗീകരിച്ചതിന്റെ എത്രയോ ഉദാഹരണങ്ങള്‍.

മട്ടന്നൂര്‍ മണ്ഡലം വന്നതോടെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകള്‍ ഒഴിവായാണ് പേരാവൂര്‍ നിലവില്‍വന്നത്. പകരം വടക്കെ വയനാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളും കൂത്തുപറമ്പിന്റെ ഭാഗമായിരുന്ന കണിച്ചാറും കൂട്ടിച്ചേര്‍ത്തു. പായം, അയ്യങ്കുന്ന്, കീഴൂര്‍ -ചാവശേരി, ആറളം, മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ 1686 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫിന്. 1977 മുതല്‍ 96വരെ കോണ്‍ഗ്രസിലെ കെ പി നൂറുദ്ദീനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 96ല്‍ തെരഞ്ഞെടുപ്പില്‍ കോഗ്രസ് എസിലെ കെ ടി കുഞ്ഞഹമ്മദിനോട് നൂറുദ്ദീന്‍ പരാജയപ്പെട്ടു. 2001ല്‍ എ ഡി മുസ്തഫയിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. പിന്നോക്കാവസ്ഥയിലുള്ള മലയോരമണ്ഡലത്തെ ദേശീയ ശ്രദ്ധനേടുന്ന നിലയിലെത്തിക്കാന്‍ എംഎല്‍എക്കായി.

അമ്പത്തിമൂന്നുകാരിയായ ശൈലജ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. നിയമസഭാ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. വനിതാ- ശിശു ക്ഷേമസമിതി അധ്യക്ഷയായിരുന്നു. സ്ത്രീശബ്ദം മാസികയുടെ ചീഫ് എഡിറ്ററാണ്. എഴുത്തുകാരി, വാഗ്മി എന്നീ നിലകളിലും തിളങ്ങുന്നു. ശാന്തയാണ് അമ്മ. അച്ഛന്‍ കുണ്ടന്‍. മട്ടന്നൂര്‍ നഗരസഭാ വൈസ് ചെയര്‍മാനും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമായ കെ ഭാസ്കരനാണ് ഭര്‍ത്താവ്. മക്കള്‍: ശോഭിത്ത്, ലസിത്ത്. ബിഎസ്സി, ബിഎഡ് ബിരുദധാരിണിയായ ഈ മുന്‍ രസതന്ത്രം അധ്യാപിക മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജോലിയില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. രണ്ട് ദശാബ്ദത്തോളം യുഡിഎഫ് കുത്തകയായിരുന്ന പേരാവൂര്‍ ഇടക്കാലത്താണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ തവണത്തെ വിജയം അരക്കിട്ടുറപ്പിക്കാനാവുന്ന ആത്മവിശ്വാസമാണിവിടെ എല്‍ഡിഎഫിന്. തടസങ്ങളും നീരസങ്ങളും വികസനകാര്യത്തില്‍ യുഡിഎഫ് നേരിടുന്ന ജനകീയ വിചാരണയുമാണ് സണ്ണി ജോസഫിന് വെല്ലുവിളിയുയര്‍ത്തുക. ഗ്രൂപ്പ് യുദ്ധങ്ങളുടെ തറവാടായ പേരാവൂര്‍ എക്കാലവും കോണ്‍ഗ്രസിന് തലവേദനയാണ്. ബിജെപി സ്ഥാനാര്‍ഥിയായി പി കെ വേലായുധനും രംഗത്തുണ്ട്.
(മനോഹരന്‍ കൈതപ്രം)

ദേശാഭിമാനി 250311

1 comment:

  1. നാട്ടുകാര്‍ക്ക് അമ്മയായിരുന്നു മാടത്തിയിലെ കൊറ്റ്യാല്‍ കോറോത്ത് കല്യാണി. കമ്യൂണിസ്റ്റ് പാര്‍ടി നിരോധിച്ച കാലത്ത് യാതനസഹിച്ച് പാര്‍ടിക്കൊപ്പമായിരുന്നു അവര്‍. കല്യാണിയമ്മയെ നാടിന് മറക്കാനാവില്ല. കല്യാണിയുടെ ചെറുമകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പേരാവൂരില്‍ വീണ്ടുമൊരങ്കത്തിനിറങ്ങുമ്പോള്‍ നാട്ടുകാര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാവുകയാണ്. കെ കെ ശൈലജയുടെ ജനസ്വാധീനം യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

    ReplyDelete