Tuesday, March 1, 2011

കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഒരു ബജറ്റ്

ജനങ്ങള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നമായ വിലക്കയറ്റം തടയാനുള്ള നടപടികളൊന്നും പ്രഖ്യാപിക്കാത്ത 2011-12 ലെ കേന്ദ്ര ബജറ്റ് വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നു. യു പി എ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയം കൂടുതല്‍ ഊര്‍ജിതമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് നിരാശാജനകമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ മാസം കേരളത്തില്‍ വന്നപ്പോള്‍ ആവര്‍ത്തിച്ച ഐ ഐ ടി നല്‍കുമെന്ന വാഗ്ദാനം വിസ്മരിക്കപ്പെട്ടു. കൊച്ചി മെട്രോയ്ക്ക് ഒരു രൂപപോലും നീക്കിവെച്ചില്ല. മറ്റു പല മെട്രോകളെ പരിഗണിക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പണം അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്ന് വളര്‍ച്ചാനിരക്കിലെ വര്‍ധനവു സംബന്ധിച്ച കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. വളര്‍ച്ചാനിരക്ക് വര്‍ധിച്ചുവെന്നതു ശരിയാണ്. ഭക്ഷ്യസാധനങ്ങളുടെ ഉല്‍പാദനത്തിലും വര്‍ധനവുണ്ടായി. എന്നാല്‍ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്. ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റം ഉത്ക്കണ്ഠാജനകമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥിതി ഗുരുതരമാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും വിലക്കയറ്റം തടയാനുള്ള നടപടികളൊന്നും ബജറ്റിലില്ല. രണ്ടു വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്ത ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവരുമെന്ന ഉറപ്പുമാത്രമാണ് ബജറ്റിലുള്ളത്. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശം പോലുമില്ല. പാചകവാതകം, മണ്ണണ്ണ എന്നിവയ്ക്കുള്ള സബ്‌സിഡി അര്‍ഹരായവര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിലയില്‍ കുറവു നല്‍കുന്ന ഇപ്പോഴത്തെ രീതിയ്ക്കു പകരം സബ്‌സിഡി പണമായി നല്‍കാനുള്ള നിര്‍ദേശമാണ് ബജറ്റിലുള്ളത്. താമസിയാതെ ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിലും ഈ നയം സ്വീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ബജറ്റിനു മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നുണ്ട്. പരസ്യ വിപണിയില്‍ വില എത്ര ഉയര്‍ന്നാലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന സബ്‌സിഡി മാത്രമേ ലഭിക്കുകയുള്ളൂ. ഭക്ഷ്യ-പൊതു വിതരണ വകുപ്പിനുള്ള വകയിരുത്തലില്‍ ഇത്തവണ കുറവുവരുത്തിയിട്ടുമുണ്ട്. 2010-11 ലെ പരിഷ്‌കരിച്ച എസ്റ്റിമേറ്റ് അനുസരിച്ച് 68021.08 കോടി രൂപ വകയിരുത്തിയ സ്ഥാനത്ത് 2011-12 ലേയ്ക്ക് 61606.01 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പൊതു വിതരണ സംവിധാനം വിപുലീകരിക്കാന്‍ സര്‍ക്കാരിനു ഉദ്ദേശമില്ലെന്നതിന്റെ തെളിവാണിത്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് അനുസരിച്ചുള്ള സൗജന്യങ്ങള്‍, മാന്ദ്യത്തിന്റെ സ്ഥിതി മാറിയ സാഹചര്യത്തില്‍ പിന്‍വലിക്കുമെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഉത്തേജന പാക്കേജുകളുടെ പേരില്‍ വ്യവസായികള്‍ക്കു വന്‍ സൗജന്യങ്ങളാണ് നല്‍കിവന്നത്. കഴിഞ്ഞ വര്‍ഷം നികുതികളുടെയും തീരുവകളുടെയും ഇനത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത് അഞ്ചു ലക്ഷം കോടിയിലധികം രൂപയാണ്. ഇവ തുടരുന്നതോടൊപ്പം പുതിയ സൗജന്യങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കാനും ധനമന്ത്രി തയ്യാറായി. കമ്പനികള്‍ നല്‍കേണ്ട സര്‍ചാര്‍ജ് ഏഴര ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമായി കുറച്ചു. വിദേശ സബ്‌സിഡിയറികളില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ക്കു ലഭിക്കുന്ന ലാഭവിഹിതത്തിന്‍മേലുള്ള നികുതി 15 ശതമാനമായി കുറച്ചു. പ്രത്യക്ഷ നികുതിയില്‍ 11500 കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചത്. ഇതിന്റെ സിംഹഭാഗവും കോര്‍പ്പറേറ്റുകള്‍ക്കാണ്. പ്രത്യക്ഷ നികുതിയില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ വരുമാന നികുതിയിലാണെങ്കില്‍ കാര്യമായ ഇളവു നല്‍കിയതുമില്ല. വരുമാന നികുതി പരിധി 1.60 ലക്ഷം രൂപയില്‍ നിന്നും 1.80 ലക്ഷം രൂപയായി മാത്രമാണ് ഉയര്‍ത്തിയത്. നാണയപ്പെരുപ്പ നിരക്കിലെ വര്‍ധനവുമായി തട്ടിച്ചു നോക്കുമ്പോള്‍ വരുമാന നികുതി പരിധിയില്‍ മാറ്റമില്ലെന്നുകാണാം.

കമ്പനികള്‍ക്കുള്ള പ്രത്യക്ഷ നികുതി നിരക്കുകള്‍ കുറച്ചപ്പോള്‍ പരോക്ഷ നികുതി നിരക്കുകളില്‍ വര്‍ധനവു വരുത്തുകയും ചെയ്തു. നിരവധി ഉല്‍പന്നങ്ങളുടെ സെന്‍ട്രല്‍ എക്‌സൈസ് തീരുവ ഉയര്‍ത്തി. പരോക്ഷ നികുതിയിലെ വര്‍ധനവുവഴി 11300 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. പരോക്ഷ നികുതി വര്‍ധനവിന്റെ ഫലമായി ഉല്‍പന്നങ്ങളുടെ വില ഉയരും. അതിന്റെ ഭാരം ജനങ്ങളുടെ മേലാണ് വന്നുപതിക്കുക.

ഉയര്‍ന്ന വരുമാനവും ലാഭവും നേടുന്ന രംഗങ്ങളില്‍ നിന്നും നികുതി ഈടാക്കാന്‍ ഇത്തവണയും കാര്യമായ ശ്രമം നടത്തിയിട്ടില്ല. അതിവേഗം വളരുന്ന രംഗമാണ് ഇന്ത്യയിലെ സര്‍വീസ് മേഖല. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 55.2 ശതമാനം സര്‍വീസ് മേഖലയില്‍ നിന്നാണ്. കെട്ടിട നിര്‍മാണ രംഗം കൂടി ചേര്‍ത്താല്‍ ഇത് 63.4 ശതമാനം വരും. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 21 ശതമാനം സര്‍വീസ് മേഖലയിലാണ്. എന്നാല്‍ സര്‍വീസ് മേഖലയില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്ന നികുതി 4000 കോടി രൂപമാത്രമാണ്. വന്‍കിടക്കാരില്‍ നിന്നും നികുതി ഈടാക്കാനുള്ള സര്‍ക്കാരിന്റെ വൈമനസ്യത്തിന്റെ തെളിവാണിത്.

ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയ ധനകാര്യ രംഗത്ത് വിദേശ മൂലധനത്തിനും ഇന്ത്യയിലെ സ്വകാര്യ മേഖലയ്ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. കൂടുതല്‍ സ്വകാര്യ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് റിസര്‍വ് ബാങ്ക് നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിലും മാറ്റം വരുത്തും. മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപകര്‍ക്ക് അനുമതി നല്‍കും. സാമ്പത്തിക ഉദാരവല്‍ക്കരണ നയം മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമാണിത്.

വിലക്കയറ്റംപോലെ ജനങ്ങളെ അലട്ടുന്ന മറ്റൊരു രൂക്ഷമായ പ്രശ്‌നമാണ് തൊഴിലില്ലായ്മ. തൊഴിലില്ലായ്മയെക്കുറിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഒരക്ഷരം പറഞ്ഞില്ല. തൊഴിലില്ലായ്മ ഒരു പ്രശ്‌നമായി യു പി എ സര്‍ക്കാര്‍ കാണുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.

അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും വേതനം ഇരട്ടിയാക്കാനുള്ള ബജറ്റിലെ നിര്‍ദേശമാണ് സ്വാഗതാര്‍ഹമായ ഒരു കാര്യം. എന്നാല്‍ മറ്റു മേഖലകളില്‍ ലഭിക്കുന്ന മിനിമം കൂലി പോലും ഈ വര്‍ധനവിലൂടെ അവര്‍ക്ക് ലഭിക്കില്ലെന്ന കാര്യം മറക്കരുത്.

ഉദാരവല്‍ക്കരണ നയങ്ങളെ ത്വരിതപ്പെടുത്തുന്ന നയം വ്യക്തമാക്കുന്നതാണ് ഈ ബജറ്റ്.

ജനയുഗം മുഖപ്രസംഗം 010311

1 comment:

  1. ജനങ്ങള്‍ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നമായ വിലക്കയറ്റം തടയാനുള്ള നടപടികളൊന്നും പ്രഖ്യാപിക്കാത്ത 2011-12 ലെ കേന്ദ്ര ബജറ്റ് വന്‍കിടക്കാര്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്നു. യു പി എ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയം കൂടുതല്‍ ഊര്‍ജിതമമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രസംഗത്തിലുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് നിരാശാജനകമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കഴിഞ്ഞ മാസം കേരളത്തില്‍ വന്നപ്പോള്‍ ആവര്‍ത്തിച്ച ഐ ഐ ടി നല്‍കുമെന്ന വാഗ്ദാനം വിസ്മരിക്കപ്പെട്ടു. കൊച്ചി മെട്രോയ്ക്ക് ഒരു രൂപപോലും നീക്കിവെച്ചില്ല. മറ്റു പല മെട്രോകളെ പരിഗണിക്കുകയും ചെയ്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പണം അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.

    ReplyDelete