Tuesday, March 1, 2011

അങ്കണവാടി വേതനവര്‍ധന പോരാട്ടത്തിന്റെ വിജയം

അങ്കണവാടി ജീവനക്കാരുടെ വേതനവര്‍ധനയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ വിജയം. വര്‍ക്കര്‍മാരുടെ വേതനം 3,000 രൂപയായും ഹെല്‍പ്പര്‍മാരുടെ വേതനം 1500 ആയുമാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍വരും. അതേസമയം, ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭമാണ് കേന്ദ്രസര്‍ക്കാരിനെ അവരുടെ ആവശ്യങ്ങള്‍ പരിമിതമായെങ്കിലും അംഗീകരിക്കുന്നതിന് പ്രേരിപ്പിച്ചത്.

ലക്ഷക്കണക്കിന് ജീവനക്കാര്‍ നിരവധി തവണ ഡല്‍ഹിയിലടക്കം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയും പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. രാജ്യത്തെ 22 ലക്ഷം അങ്കണവാടി ജീവനക്കാരെ പ്രതിനിധാനംചെയ്ത് ഇരുപത് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇരുപതിനായിരത്തോളം പേര്‍ കഴിഞ്ഞ മെയ് അഞ്ചിന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ തീര്‍ത്ത 'മഹാപടാവ്' ഐതിഹാസിക പ്രക്ഷോഭമായി. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമടക്കമുള്ള ഭരണാധികാരികളെ പലവട്ടം സന്ദര്‍ശിച്ച് നിവേദനങ്ങള്‍ നല്‍കി. ഇടതുപക്ഷ എംപിമാര്‍ നിരവധി തവണ പാര്‍ലമെന്റില്‍ അങ്കണവാടി ജീവനക്കാരുടെ പ്രശ്നം ഉന്നയിച്ചു. ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. രാജ്യത്തെ സമഗ്ര ശിശുവികസന പദ്ധതിയുടെ നട്ടെല്ലെന്ന് ധനമന്ത്രിതന്നെ വിശേഷിപ്പിച്ച അങ്കണവാടി ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന ഇതുവരെ ലഭിച്ചിട്ടില്ല. സമാനമായ മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് കിട്ടുന്നതിനേക്കാര്‍ വളരെക്കുറവാണ് ഇവരുടെ വേതനം. അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പെന്‍ഷനും ഗ്രാറ്റുവിറ്റിയും അനുവദിക്കണമെന്നതും പരിഗണിക്കപ്പെട്ടില്ല. പിരിഞ്ഞുപോകുമ്പോള്‍ ജീവനക്കാര്‍ക്ക് 'പ്രത്യേക സമ്മാനം' അനുവദിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ ഐക്യത്തോടെ പോരാട്ടം മുന്നോട്ടുനയിക്കാനും ന്യായമായ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരാനും ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ജീവനക്കാരോട് ആഹ്വാനംചെയ്തു.

deshabhimani 010311

1 comment:

  1. അങ്കണവാടി ജീവനക്കാരുടെ വേതനവര്‍ധനയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്റെ വിജയം. വര്‍ക്കര്‍മാരുടെ വേതനം 3,000 രൂപയായും ഹെല്‍പ്പര്‍മാരുടെ വേതനം 1500 ആയുമാണ് വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍വരും. അതേസമയം, ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് അടക്കമുള്ള മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ തള്ളി. ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സിന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭമാണ് കേന്ദ്രസര്‍ക്കാരിനെ അവരുടെ ആവശ്യങ്ങള്‍ പരിമിതമായെങ്കിലും അംഗീകരിക്കുന്നതിന് പ്രേരിപ്പിച്ചത്.

    ReplyDelete