Saturday, March 5, 2011

ചരിത്രം കുറിക്കാന്‍ പുതിയ രൂപത്തില്‍ ആറ്റിങ്ങല്‍

പുനര്‍ നിര്‍ണയിച്ച ആറ്റിങ്ങല്‍ നിയമസഭാ നിയോജകമണ്ഡലം അതിര്‍ത്തിയുടെയും ഘടനയുടെയും കാര്യത്തില്‍ കാര്യമായ വ്യത്യാസമുള്ള മണ്ഡലമാണ്. പഴയ കിളിമാനൂര്‍ മണ്ഡലം ഇല്ലാതായതോടെ അതിലുള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ ഭൂരിഭാഗവും ഇപ്പോഴത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടു. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പല ഗ്രാമപഞ്ചായത്തുകളും ഇപ്പോള്‍ പുതിയതായി രൂപപ്പെട്ട ചിറയിന്‍കീഴ് മണ്ഡലത്തിലാണ്. വര്‍ക്കല നിയോജകമണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളും ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലാണുള്‍പ്പെട്ടിട്ടുള്ളത്.

ഇടതുജനാധിപത്യമുന്നണിക്ക് മുന്‍തൂക്കമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിലവില്‍ ആനത്തലവട്ടം ആനന്ദനാണ് നിയമസഭയിലേയ്ക്ക് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ സി മോഹനചന്ദ്രനെയാണദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം രൂപീകരണത്തിനുശേഷം ആദ്യമായി നടന്ന 1957 ലെ തിരഞ്ഞെടുപ്പില്‍ പി എസ് പിയിലെ ഗോപാലപിള്ളയെ സി പി ഐയിലെ ആര്‍ പ്രകാശം പരാജയപ്പെടുത്തി. 1960 ല്‍ കോണ്‍ഗ്രസിലെ എന്‍ കുഞ്ഞിരാമന്‍ ആര്‍ പ്രകാശത്തെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസിനുവേണ്ടി തിരിച്ചു പിടിച്ചു.

1965 ല്‍ സി പി എം നേതാവ് കെ അനിരുദ്ധന്‍ കോണ്‍ഗ്രസിലെ കരുത്തനായ ആര്‍ ശങ്കറിനെ തീപാറുന്ന മത്സരത്തിലൂടെ ഇവിടെ പരാജയപ്പെടുത്തി. 1967 ല്‍ സി പി എമ്മിലെ കോസലരാമദാസ് വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തി. 1969 ല്‍ ഉപതിരഞ്ഞെടുപ്പില്‍ സി പി എം  സ്ഥാനാര്‍ഥി കാട്ടായിക്കോണം ശ്രീധര്‍ വിജയിച്ചു. എന്നാല്‍ 1970 ല്‍ വക്കം പുരുഷോത്തമന്‍ സി പി എം സ്ഥാനാര്‍ഥി കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തുകയായിരുന്നു. 1977 ല്‍ വര്‍ക്കല രാധാകൃഷ്ണനെയും 1980 ല്‍ വക്കം ദേവരാജനെയും പരാജയപ്പെടുത്തി വക്കം പുരുഷോത്തമന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

1982 ല്‍ പി വിജയദാസിനെ പരാജയപ്പെടുത്തി വക്കം പുരുഷോത്തമന്‍ വിജയം ആവര്‍ത്തിച്ചു. 1987 ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആയി മത്സരിച്ച ആനത്തലവട്ടം ആനന്ദന്‍ കോണ്‍ഗ്രസിലെ കാവിയാട് ദിവാകരപ്പണിക്കരെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1991 ല്‍ ശരത്ചന്ദ്രപ്രസാദ് ആനത്തലവട്ടം ആനന്ദനെ പരാജയപ്പെടുത്തി മണ്ഡലം കോണ്‍ഗ്രസിനുവേണ്ടി പിടിച്ചു. 1996 ല്‍ ആനത്തലവട്ടം ആനന്ദന്‍ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി മണ്ഡലം എല്‍ ഡി എഫിനുവേണ്ടി തിരിച്ചുപിടിച്ചു. 2001 ല്‍ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തി വീണ്ടും വക്കം പുരുഷോത്തമന്‍ വിജയിച്ചു.

കയര്‍, കൈത്തറി, കശുഅണ്ടി തൊഴിലാളികളുടെ ശക്തമായ സാന്നിധ്യമുള്ള മണ്ഡലമാണിത്. രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് പഴയ ആറ്റിങ്ങല്‍ മണ്ഡലം ഇടതുപക്ഷത്തെ ചില ഘട്ടങ്ങളില്‍ കൈവിട്ടിട്ടുണ്ടെങ്കിലും പുനര്‍നിര്‍ണയിച്ച മണ്ഡലത്തിന്റെ മനസ്സ് പൂര്‍ണമായും ഇടതുപക്ഷത്തിനൊപ്പമാണെന്ന് പറയാം. പരമ്പരാഗത തൊഴിലാളിമേഖലയില്‍ എണ്ണമറ്റ സമരങ്ങളും പോരാട്ടങ്ങളും നടന്നിട്ടുള്ള ഈ മേഖലയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയാണുള്ളത്.

ആറ്റിങ്ങല്‍ നഗരസഭ, പുളിമാത്ത്, കിളിമാനൂര്‍, പഴയകുന്നുമ്മല്‍, നഗരൂര്‍, കരവാരം, വക്കം, മണസൂര്‍, ഒറ്റൂര്‍, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പുതിയ ആറ്റിങ്ങല്‍ നിയോജകമണ്ഡലം. ഇതില്‍ നഗരസഭയും അഞ്ച് ഗ്രാമപഞ്ചായത്തുകളും എല്‍ ഡി എഫിനാണ്.

ജനയുഗം 040311

1 comment:

  1. പുനര്‍ നിര്‍ണയിച്ച ആറ്റിങ്ങല്‍ നിയമസഭാ നിയോജകമണ്ഡലം അതിര്‍ത്തിയുടെയും ഘടനയുടെയും കാര്യത്തില്‍ കാര്യമായ വ്യത്യാസമുള്ള മണ്ഡലമാണ്. പഴയ കിളിമാനൂര്‍ മണ്ഡലം ഇല്ലാതായതോടെ അതിലുള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ ഭൂരിഭാഗവും ഇപ്പോഴത്തെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടു. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പല ഗ്രാമപഞ്ചായത്തുകളും ഇപ്പോള്‍ പുതിയതായി രൂപപ്പെട്ട ചിറയിന്‍കീഴ് മണ്ഡലത്തിലാണ്. വര്‍ക്കല നിയോജകമണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളും ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലാണുള്‍പ്പെട്ടിട്ടുള്ളത്.

    ReplyDelete