Thursday, March 10, 2011

പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ പെന്‍ഷന്‍ വിതരണത്തിനും വിലക്ക്

കൊല്ലം: പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ രണ്ട് രൂപയുടെ അരിവിതരണം തടഞ്ഞതിന് പിന്നാലെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനും വിലക്ക്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭരണകേന്ദ്രങ്ങളില്‍ പെന്‍ഷന്‍തുക എത്തിയിട്ടും വിതരണം ചെയ്യാതിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

11.23 കോടി രൂപയാണ് ജില്ലയില്‍ ഇത്തരത്തില്‍ വിതരണം ചെയ്യാതെ മാറ്റിവച്ചിരിക്കുന്നത്. വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വാര്‍ധക്യകാലപെന്‍ഷന്‍, അമ്പത് വയസ്സിന് മുകളിലുള്ള അവിവാഹിതര്‍ക്കായി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷന്‍ എന്നിവയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് കൊടുക്കാതെ മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 26ന് പെന്‍ഷന്‍ തുകകകള്‍ എല്ലാം തന്നെ കലക്‌ട്രേറ്റില്‍ എത്തിയിരുന്നു.

പെന്‍ഷന്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ക്ക് കലക്‌ട്രേറ്റില്‍ നിന്നും ഇലക്ഷന്‍ കമ്മിഷനോട്  ആരാഞ്ഞിട്ടുണ്ട്. പെന്‍ഷനുകള്‍ തടഞ്ഞതിന്റെ പിന്നിലും യു ഡി എഫിന്റെ ഇടപെടലുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പെന്‍ഷന്‍ കിട്ടാത്തതിനാല്‍ പലരും നേരിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ അന്വേഷിച്ച് എത്തിത്തുടങ്ങിയിട്ടുണ്ട്. ക്ഷേമപെന്‍ഷനെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് പേരാണ് ജില്ലയിലുള്ളത്. ഇവരെ ഇത് സാരമായി ബാധിക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ചട്ടങ്ങള്‍ നിലവില്‍ വന്നതും മാര്‍ച്ച് ഒന്നിനാണെന്നിരിക്കെ സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികള്‍ തുടര്‍ന്നുകൊണ്ടുപോവുന്നതിന് യാതൊരുവിധ തടസ്സവും നിലവിലില്ല. പ്രത്യേകിച്ച് ക്ഷേമപെന്‍ഷനുകളുടെ വിതരണകാര്യത്തില്‍ രാഷ്ട്രീയ ലാക്കോടുകൂടിയാണ് പെന്‍ഷനുകള്‍ നിര്‍ത്തിവെച്ചതെന്ന നിഗമനത്തിലാണ് ഇതില്‍ നിന്നും എത്തിച്ചേരാന്‍ കഴിയുന്നത്.

janayugom 100311

1 comment:

  1. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ രണ്ട് രൂപയുടെ അരിവിതരണം തടഞ്ഞതിന് പിന്നാലെ ക്ഷേമപെന്‍ഷന്‍ വിതരണത്തിനും വിലക്ക്. സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരങ്ങള്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭരണകേന്ദ്രങ്ങളില്‍ പെന്‍ഷന്‍തുക എത്തിയിട്ടും വിതരണം ചെയ്യാതിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.

    ReplyDelete