Thursday, March 10, 2011

വിദേശ നിക്ഷേപത്തിനായി സര്‍ക്കാര്‍ ദേശസുരക്ഷ അവഗണിച്ചെന്ന് സുപ്രിം കോടതി

ടെലികോം മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം കൂട്ടുന്നതിന് ദേശീയ സുരക്ഷ അപകടത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് സുപ്രിം കോടതി. 2ജി സ്‌പെക്ട്രം ഇടപാടില്‍ നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എ ജി ഗാംഗുലി എന്നിവരടങ്ങിയ ബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് സ്‌പെക്ട്രം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുരുതരമായ കാര്യങ്ങളാണ്, വിദേശ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ചത്. രാജ്യത്തിന്റെ ആഭ്യന്തര, ബാഹ്യ സുരക്ഷയ്ക്ക് ഭീഷണയുയര്‍ത്തുന്നതാണ് ഈ കമ്പനികളുടെ പ്രവര്‍ത്തനമെന്ന് ആഭ്യന്തരമന്ത്രാലയം  അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം അവഗണിച്ച് വിദേശ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികളുമായി മന്ത്രിയായിരുന്ന എ രാജയും ടെലികോം മന്ത്രാലയവും മുന്നോട്ടുപോവുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദേശ മൂലധനത്തിന്റെ കുത്തൊഴുക്കുണ്ടാക്കാന്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനു തയ്യാറാവുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

വിദേശ കമ്പനികളായ എറ്റിസലാറ്റ് ഡി ബി, എസ് ടെല്‍ എന്നിവയ്ക്ക് ലൈസന്‍സ് നല്‍കുന്നതിലാണ് ആഭ്യന്തര മന്ത്രാലയം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നത്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പോലും അറിയാവുന്ന വിധത്തിലാണ് ഇപ്പോള്‍ കാര്യങ്ങളെന്ന് കോടതി കുറ്റപ്പെടുത്തി.

എ രാജയുടെ കാലത്ത് നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ തുടങ്ങിയ സംഘടനകളും ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമിയും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. മുന്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ജെ എം ലിങ്‌ദോ, ടി എസ് കൃഷ്ണമൂര്‍ത്തി, എന്‍ ഗോപാലസ്വാമി, മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി ശങ്കര്‍ എന്നിവരും ഇക്കാര്യത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

എസ് ടെല്ലിന് ലൈസന്‍സ് പുനസ്ഥാപിച്ചു നല്‍കിയതിനെക്കുറിച്ചും ആഭ്യന്തര വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് എറ്റിസലാറ്റിന് ലൈസന്‍ലസ് നല്‍കിയതിനെക്കുറിച്ചും അന്വേഷിക്കാന്‍ നേരത്തെ സുപ്രിം കോടതി സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

janayugom 100311

1 comment:

  1. ടെലികോം മേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം കൂട്ടുന്നതിന് ദേശീയ സുരക്ഷ അപകടത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് സുപ്രിം കോടതി. 2ജി സ്‌പെക്ട്രം ഇടപാടില്‍ നല്‍കിയ ലൈസന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എ ജി ഗാംഗുലി എന്നിവരടങ്ങിയ ബഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

    ReplyDelete