Tuesday, March 15, 2011

ജനാധിപത്യത്തിന്റെ മുന്നേറ്റത്തിന് ഇടതുപക്ഷം അനിവാര്യം

ഇന്ത്യയുടെ തനതായ പ്രത്യേകതയായ ജനാധിപത്യ വിപ്ള വ തുടര്‍ച്ചയ്ക്ക് ഇടതുപക്ഷ മുന്നേറ്റം അനിവാര്യമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ഇടതുപക്ഷം ക്ഷീണിച്ചാല്‍ അതു ജനാധിപത്യത്തേയും ക്ഷീണിപ്പിക്കും. സാമ്പത്തികവളര്‍ച്ചാ നിരക്കിലെ മുന്നേറ്റമല്ല, ജനാധിപത്യ വിപ്ളവത്തിന്റെ തുടര്‍ച്ചയായ മുന്നോട്ടുപോക്കാണ് നമുക്കാവശ്യം. ഈ തുടര്‍പ്രക്രിയയ്ക്കായി പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ കക്ഷികള്‍ മാത്രമാണ്. പുരോഗമന കലാസാഹിത്യ സംഘം 'എന്തുകൊണ്ട് ഇടതുപക്ഷം?' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ജനാധിപത്യവിപ്ളവത്തെ അട്ടിമറിക്കാന്‍ ഭൂപ്രഭുവര്‍ഗം സ്വീകരിച്ചിരിക്കുന്ന പുതിയ മാര്‍ഗമാണ് നവ സാമ്പത്തിക നയങ്ങള്‍. ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍, അസംഘടിതമേഖലയിലെ തൊഴിലാളികളടക്കം ബഹുഭൂരിപക്ഷം ജനങ്ങളും കൂടുതല്‍ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുന്നു. കുത്തകളിലേക്കുള്ള സാമ്പത്തിക കേന്ദ്രീകരണത്തെ ചൂണ്ടിക്കാട്ടി ഇന്ത്യ തിളങ്ങുന്നുവെന്ന് പറയാനും മടിക്കുന്നില്ല. ജനാധിപത്യ വിപ്ളവത്തിന്റെ മുന്നേറ്റത്തിന് ഈ സാമ്പത്തികകേന്ദ്രീകരണം തടസ്സമാകുന്നു.

ഇതിനെതിരായ ജനങ്ങളുടെ ഇടപെടല്‍ശേഷി തകര്‍ക്കുന്നതിന് കോടതി ഇടപെടലുകളും കാരണമാകുന്നു. ബന്ദ്, പ്രകടനം, യോഗം ചേരല്‍ തുടങ്ങിയവ നിരോധിക്കുന്ന കോടതി ഉത്തരവുകള്‍ ഉദാഹരണമാണ്. ജാതി- സാമുദായിക ശക്തികളുടെ ഇടപെടലാണ് മറ്റൊരു പ്രതിബന്ധം. ഇവയിലൂടെ നവ ഉദാരവല്‍ക്കൃത സമൂഹത്തിന്റെ സൃഷ്ടിക്കാണ് മുതലാളിത്ത- ഭൂപ്രഭുവര്‍ഗം ശ്രമിക്കുന്നത്. ഇതിനെ ചെറുക്കുന്ന ഇടതുപക്ഷത്തെ ദേശവിരുദ്ധര്‍ എന്ന് മുദ്ര കുത്താനാണ് മൂലധന ശക്തികള്‍ ശ്രമിക്കുന്നതെന്നും പ്രഭാത് പട്നായിക് പറഞ്ഞു. നീലംപേരൂര്‍ മധുസൂദനന്‍ അധ്യക്ഷനായി. ഡോ. നൈനാന്‍ കോശി, വി എന്‍ മുരളി, പ്രൊഫ. കെ എന്‍ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 150311

1 comment:

  1. ഇന്ത്യയുടെ തനതായ പ്രത്യേകതയായ ജനാധിപത്യ വിപ്ള വ തുടര്‍ച്ചയ്ക്ക് ഇടതുപക്ഷ മുന്നേറ്റം അനിവാര്യമാണെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ഇടതുപക്ഷം ക്ഷീണിച്ചാല്‍ അതു ജനാധിപത്യത്തേയും ക്ഷീണിപ്പിക്കും. സാമ്പത്തികവളര്‍ച്ചാ നിരക്കിലെ മുന്നേറ്റമല്ല, ജനാധിപത്യ വിപ്ളവത്തിന്റെ തുടര്‍ച്ചയായ മുന്നോട്ടുപോക്കാണ് നമുക്കാവശ്യം. ഈ തുടര്‍പ്രക്രിയയ്ക്കായി പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ കക്ഷികള്‍ മാത്രമാണ്. പുരോഗമന കലാസാഹിത്യ സംഘം 'എന്തുകൊണ്ട് ഇടതുപക്ഷം?' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete