Sunday, March 13, 2011

ചാലക്കുടിക്ക് സുവര്‍ണ്ണകാലം

ചാലക്കുടി: അടിസ്ഥാന വികസനരംഗത്തും ക്ഷേമരംഗത്തും ഒരുപോലെ മുന്നേറിയ ചാലക്കുടി ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗ്ഗമായി തുടരണമെന്നാണ് ജനഹിതം . മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നിതാന്തജാഗ്രതയോടെ പ്രവര്‍ത്തിച്ച ബി ഡി ദേവസ്സി എം എല്‍ എ യുടെ ശ്രമഫലമായി മണ്ഡലത്തിന് ലഭിച്ച പദ്ധതികളും ഫണ്ടുകളും സര്‍വ്വകാല റെക്കോര്‍ഡാണ്.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം, കൊരട്ടി ഇന്‍ഫോ പാര്‍ക്ക് ,കുടിവെള്ള പദ്ധതികള്‍ , പട്ടയവിതരണം , ജലസേചന പദ്ധതികള്‍, വിദ്യാഭ്യാസരംഗത്തെനേട്ടങ്ങള്‍,പാലങ്ങളും റോഡുകളും, ടൂറിസം, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ബി ഡി ദേവസ്സി എം.എല്‍.എക്ക് കഴിഞ്ഞു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ 385.74 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.

അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ ശ്രമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ സംസ്ഥാനത്തിന് തന്നെ അഭിമാനമായി കൊരട്ടിയിലെ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കപ്പെട്ടു. പാട്ടകരാര്‍ ലംഘിച്ച മദുരകോട്‌സ് ഫാക്ടറിയുടെ കൈവശമിരുന്നിരുന്ന സ്ഥലത്തുനിന്നും  45 ഏക്കര്‍ തിരിച്ചെടുത്താണ് ആയിരങ്ങള്‍ക്ക് തൊഴിലവസരം ലഭിക്കുന്ന ഇന്‍ഫോപാര്‍ക്ക് സ്ഥാപിച്ചത്. സമ്പൂര്‍ണ്ണവൈദ്യുതിവല്‍ക്കരണം നേട്ടങ്ങളുടെ തൊപ്പിയിലെ പൊന്‍തൂവലായി മാറി. ചാലക്കുടി പുഴയില്‍ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതിചെയ്യുന്ന പൊരിങ്ങല്‍കുത്ത്, ഷോളയാര്‍ പ്രദേശങ്ങളിലെ ആദിവാസികള്‍ക്ക് വൈദ്യുതി അപ്രാപ്യമായിരുന്നു. എം എല്‍ എ യുടെ പ്രത്യേക ശ്രമഫലമായി ഈ കോളനികളില്‍
വൈദ്യുതിയെത്തിക്കാനായി. കൊരട്ടി കിന്‍ഫ്ര പാര്‍ക്കില്‍ 10 കോടി ചിലവില്‍ കെയര്‍ കേരളം പദ്ധതി നടപ്പിലാക്കി.

വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കായി താലൂക്ക് ആസ്ഥാനമായ ഇരിങ്ങാലക്കുടയിലേക്ക് പോയിരുന്ന ചാലക്കുടിക്കാര്‍ക്ക് ആശ്വാസമേകിയ നടപടികളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആര്‍ ടി ഒ ഓഫീസ്  എന്നിവ മണ്ഡലത്തില്‍ സ്ഥാപിച്ചത്. ചാലക്കുടിയില്‍ മിനിസിവില്‍ സ്റ്റേഷന്‍ സ്ഥാപിച്ചതും കൂടുതല്‍സഹായകരമായി. അതിരപ്പിള്ളിയില്‍ വില്ലേജ് ഓഫീസിന്റെ ക്യാമ്പ് ഓഫീസ് ആരംഭിച്ചത് ആദിവാസികളടക്കമുള്ളവര്‍ക്ക് സൗകര്യമായി. ചാലക്കുടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസ് , ചാലക്കുടി സബ് രജിസ്ട്രാര്‍ ഓഫീസ് , അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ , ചാലക്കുടി എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി.

ചാലക്കുടി പുഴയുടെ സാമീപ്യം കൊണ്ട് അനുഗൃഹീതമായ മണ്ഡലത്തില്‍ ജലസേചന -ശൂദ്ധജലവിതരണ രംഗത്തും വിനോദസഞ്ചാരരംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാനായി. നദിയിലെ ജലം തടഞ്ഞുനിര്‍ത്തി സമീപപ്രദേശങ്ങളിലെ ഭൂജലനിരപ്പുയര്‍ത്താന്‍ കഴിയുന്ന തടയണകള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. ദീര്‍ഘകാലമായി നിര്‍മാണം മുടങ്ങികിടന്നിരുന്ന കൂടപ്പുഴ തടയണനിര്‍മ്മാണം പൂര്‍ത്തിയാക്കി. കൊമ്പന്‍പാറ തടയണ(107 ലക്ഷം ) നിര്‍മ്മാണമാരംഭിക്കുകയും  തട്ടുപാറ തടയണ(2 കോടി)ക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജലസംരക്ഷണമേഖലയില്‍ എ ആര്‍ എസ് മുഖേനെ 124 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി. മണ്ഡലത്തിലെ വിവിധ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 195 ലക്ഷം രൂപ ചിലവാക്കി. കനാലുകളുടെ പുനരുദ്ധാരണത്തിനായി 79 ലക്ഷം രൂപയും വിവിധകുളങ്ങള്‍ കെട്ടിസംരക്ഷിക്കുന്നതിനായി 63 ലക്ഷം രൂപയും ചിലാവാക്കി.  മുടങ്ങികിടന്നതും പുതിയതുമായ ഒട്ടേറെ കുടിവെള്ള പദ്ധതികളാണ് പൂര്‍ത്തിയാക്കാനായത്. വൈന്തല കുടിവെള്ളപദ്ധതി(2.65 കോടി) , മേലൂര്‍ -കൊരട്ടി സമഗ്ര കുടിവെള്ള പദ്ധതി(10 കോടി), കാഞ്ഞിര്പിള്ളി പട്ടികജാതി കുടിവെള്ളപദ്ധതി(25 ലക്ഷം) വാഴച്ചാല്‍ പട്ടികവര്‍ഗ കുടിവെള്ളപദ്ധതി(16.60 ലക്ഷം ) , പാറകുന്ന് കുടിവെള്ള പദ്ധതി(27 ലക്ഷം) തൃപ്പാപ്പിള്ളി കോളനി കുടിവെള്ള പദ്ധതി(33ലക്ഷം ) എന്നിവ ഉദാഹരണങ്ങള്‍.

3.5 കോടി ചിലവില്‍ അതിരപ്പിള്ളി ടൂറിസം പദ്ധതി, 3.4 കോടി രൂപചിലവില്‍ പോട്ട - കാഞ്ഞിരപ്പിള്ളി ടൂറിസം റോഡ് വികസനം , 30 കോടി ചിലവില്‍ അതിരപ്പിള്ളി -മലക്കപ്പാറ ടൂറിസം റോഡ്, 36.5ലക്ഷം രൂപയുടെ തുമ്പൂര്‍മുഴി റിവര്‍ ടൂറിസം പദ്ധതി, പൊരിങ്ങല്‍കുത്ത് ഡാമില്‍  ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി ബോട്ടിംഗ്, എന്നിങ്ങനെ വിനോദസഞ്ചാരരംഗത്ത് നിരവധി പദ്ധതികളാണ് നടപ്പിലായത്.

ഗതാഗതരംഗത്ത് മണ്ഡലത്തില്‍ വന്‍കുതിപ്പ് തന്നെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ദര്‍ശിച്ചത്. ഒമ്പത് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ചാലക്കുടിയേയും മേലൂരിനേയും ബന്ധിപ്പിക്കുന്ന വെട്ടുടവ് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സ്തംഭനാവസ്ഥയിലായിരുന്ന കൊരട്ടി റെയില്‍വേമേല്‍പാലത്തിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നു. മുരിങ്ങൂര്‍ ഡിവൈന്‍നഗര്‍ റെയില്‍വേ നേല്‍പാലത്തിന്റേയും നിര്‍മ്മാണാനുമതി ലഭിച്ചുകഴിഞ്ഞു.

പഞ്ചായത്തുറോഡുകളുടേയും പൊതുമരാമത്ത് റോഡുകളുടേയും പുനരുദ്ധാരണത്തിനായി 65 കോടി രൂപ ചിലവാക്കി. വെള്ളപൊക്കദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ റോഡുകളുടെ വികസനത്തിനായി 286 ലക്ഷം രൂപ അനുവദിച്ചു.

വിദ്യാഭ്യാസരംഗത്ത് മണ്ഡലത്തിലാകെ നിറഞ്ഞുനിന്ന വികസനമാണ് നടപ്പിലാക്കിയത്. ഹയര്‍സെക്കണ്ടറിവിദ്യാലയങ്ങളില്ലാതിരുന്നിരുന്ന  കാടുകുറ്റി, കൊരട്ടി, മേലൂര്‍ പഞ്ചായത്തുകളില്‍ പ്ലസ്ടു കോഴ്‌സ് ആരംഭിച്ചു. നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പ്ലസ്ടു അനുവദിച്ചു. കൊരട്ടി സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ 105 ലക്ഷം രൂപ ചിലവഴിച്ച് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, വനിതാഹോസ്റ്റല്‍, ചാലക്കുടി പനമ്പിള്ളി കോളേജില്‍ 10 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍, 50 ലക്ഷം രൂപ ചിലവില്‍ വനിതാഹോസ്റ്റല്‍, വി ആര്‍ പുരം ഐ ടി ഐയില്‍ 70 ലക്ഷം രൂപ ചിലവില്‍ പുതിയ കെട്ടിടം എന്നിവ നിര്‍മ്മിച്ചു. , വിവിധ വിദ്യാലയങ്ങളില്‍ കളിസ്ഥലം നിര്‍മ്മിക്കുന്നതിന് 17.5 ലക്ഷംചിലവാക്കി.

ചാലക്കുടി സര്‍ക്കാര്‍ വനിതാ ഐ ടി ഐ മികവിന്റെ  കേന്ദ്രമാക്കി. ചാലക്കുടി സര്‍ക്കാര്‍ ഐ ടി ഐ യില്‍ ഫിനീഷിംഗ് സ്‌കൂള്‍ ആരംഭിച്ചു. ഐ ടി ഐ യുടെ വികസനത്തിനായി ഇറിഗേഷന്‍ വകുപ്പിന്റെ 60 സെന്റ് സ്ഥലം ലഭ്യമാക്കി. 

ചാലക്കുടിയില്‍ പുരാവസ്തുവകുപ്പിന്റെ ഓഫീസ് ആരംഭിച്ചു. നെടുംകോട്ട- കോനൂര്‍ കോട്ടവാതില്‍ കെട്ടി സംരക്ഷിച്ചു.

ആതുരശുശ്രൂഷ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാനായി. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ആധുനിക ഓപറേഷന്‍ തിയ്യറ്ററിനായി 1 കോടി രൂപ ചിലവാക്കി. മണ്ഡലത്തില്‍ 7 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍, 2 പുതിയ ആയുര്‍വേദ ഡിസ്‌പെന്‍സറികഎന്നിവ ആരംഭിച്ചു. പൊതുവിതരണ രംഗത്ത് ചാലക്കുടിയില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റോര്‍, കുറ്റിച്ചിറയില്‍ മാവേലിസ്റ്റോര്‍, കൊരട്ടിയില്‍ സപ്ലൈക്കോ സൂപര്‍മാര്‍ക്കറ്റ് എന്നിവ ആരംഭിച്ചു. അതിരപ്പിള്ളിയില്‍ കെ എസ് ഇ ബി സബ്ബ് എഞ്ചിനീയര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കൊരട്ടി വെള്ളിക്കുളങ്ങര 33 കെ വി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനക്ഷമമാക്കി.

വികസനനേട്ടങ്ങള്‍ ഒന്നൊന്നായി കൈവരിക്കുമ്പോഴും പുതിയ പുതിയ ലക്ഷ്യങ്ങള്‍ രൂപപ്പെടുമ്പോള്‍ കാലത്തിനൊത്ത് വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് എല്‍ ഡി എഫിന് മാത്രമേ കഴിയൂ എന്ന വിലയിരുത്തലിലാണ് ചാലക്കുടിക്കാര്‍.
(സി കെ പള്ളി )

ജനയുഗം 130311

2 comments:

  1. അടിസ്ഥാന വികസനരംഗത്തും ക്ഷേമരംഗത്തും ഒരുപോലെ മുന്നേറിയ ചാലക്കുടി ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗ്ഗമായി തുടരണമെന്നാണ് ജനഹിതം . മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നിതാന്തജാഗ്രതയോടെ പ്രവര്‍ത്തിച്ച ബി ഡി ദേവസ്സി എം എല്‍ എ യുടെ ശ്രമഫലമായി മണ്ഡലത്തിന് ലഭിച്ച പദ്ധതികളും ഫണ്ടുകളും സര്‍വ്വകാല റെക്കോര്‍ഡാണ്.

    സമ്പൂര്‍ണ്ണ വൈദ്യുതീകരണം, കൊരട്ടി ഇന്‍ഫോ പാര്‍ക്ക് ,കുടിവെള്ള പദ്ധതികള്‍ , പട്ടയവിതരണം , ജലസേചന പദ്ധതികള്‍, വിദ്യാഭ്യാസരംഗത്തെനേട്ടങ്ങള്‍,പാലങ്ങളും റോഡുകളും, ടൂറിസം, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ ബി ഡി ദേവസ്സി എം.എല്‍.എക്ക് കഴിഞ്ഞു. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ 385.74 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി.

    ReplyDelete
  2. കൊരട്ടി ഇന്‍ഫോ പാര്‍ക്ക് ????? ആ‍... കുറെ കാടല്ലാതെ ഞാനൊന്നും അവിടെ കണ്ടിട്ടില്ലാ‍ാ‍ാ‍ാ..

    ReplyDelete