Saturday, March 26, 2011

എല്‍ഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റ്, വാടിക്കൊഴിയാന്‍ വീണ്ടും രണ്ടില

തളിപ്പറമ്പ്: 1982-ല്‍ തളിപ്പറമ്പില്‍ വാടിക്കൊഴിഞ്ഞു വീണുപോയതാണ് രണ്ടില. ചുവപ്പു കോട്ടയില്‍ ചാവേറാകാന്‍ അധികമാരും തയ്യാറാകാതിരുന്നപ്പോള്‍ പേരിനൊരു പോരാട്ടത്തിനാണ് 29 വര്‍ഷത്തിനുശേഷം രണ്ടിലത്തണലില്‍ യുഡിഎഫ് ശ്രമം. അതിര്‍ത്തികള്‍ മാറിയപ്പോള്‍ മണ്ഡലം കൂടുതല്‍ കരുത്തോടെയാണ് ഇടതുപക്ഷത്തോട് ചാഞ്ഞുനില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണിത്. 31,130 വോട്ട്. തളിപ്പറമ്പ് നഗരസഭയില്‍ എതിരില്ലാതെ ജയിച്ച വാര്‍ഡുകളിലെ വോട്ടുകളും കൂടിച്ചേരുമ്പോള്‍ ഭൂരിപക്ഷത്തിന് കനം കൂടും. എല്‍ഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റെന്ന് എതിരാളികള്‍ക്കിടയില്‍ വിളിപ്പേരുണ്ട് ഈ മണ്ഡലത്തിന്. യുഡിഎഫില്‍ സീറ്റിനുവേണ്ടി മാവിലാക്കാവിലെ അടിയുത്സവം പോലെ പിടിവലി നടന്നപ്പോഴും ഇവിടേക്ക് ഒന്നെത്തിനോക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. ജെയിംസ് മാത്യുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം തേച്ചുമിനുക്കി അടിവരയിട്ട് ഉറപ്പിക്കാനുള്ള നിയോഗം മാത്രമാണ് അദ്ദേഹത്തിന്. തളിപ്പറമ്പ് നഗരസഭയും കുറുമാത്തൂര്‍, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ് മണ്ഡലത്തില്‍. ഇതില്‍ കൊളച്ചേരിയിലും ചപ്പാരപ്പടവിലും മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം.

1952-ല്‍ കമ്യൂണിസ്റ്റ്- കര്‍ഷകപ്രസ്ഥാനത്തിന്റെ തേരാളിയായിരുന്ന ടി സി നാരായണന്‍ നമ്പ്യാരെ തെരഞ്ഞെടുത്താണ് മണ്ഡലം കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്കുള്ള യാത്ര തുടങ്ങിയത്. പാര്‍ടിക്ക് അടിതെറ്റിയത് ഒരിക്കല്‍ മാത്രം. 1970-ല്‍ കെ പി രാഘവപൊതുവാളിനെ 909 വോട്ടിന് സി പി ഗോവിന്ദന്‍ നമ്പ്യാര്‍ തോല്‍പിച്ചത്. സിപിഐ എമ്മിലെ എം വി രാഘവനെ തെരഞ്ഞെടുത്ത് തെറ്റ് തിരുത്തി. പുനഃസംഘടക്കുശേഷം സിപിഐ എമ്മിലെ കെ പി രാഘവപൊതുവാള്‍, സി പി മൂസാന്‍കുട്ടി, കെ കെ എന്‍ പരിയാരം, പാച്ചേനി കുഞ്ഞിരാമന്‍, എം വി ഗോവിന്ദന്‍ എന്നിവരാണ് പ്രതിനിധീകരിച്ചത്. 82-ല്‍ പി ടി ജോസ് മത്സരിച്ചതോടെ പലായനം ചെയ്ത കേരള കോണ്‍ഗ്രസ് എത്തുന്നത് ഇത്തവണ. എല്‍ഡിഎഫ് ഭൂരിപക്ഷത്തിന്റെ അക്കങ്ങള്‍ പെരുകുന്നത് കണ്ട് വാപൊളിച്ചു നില്‍ക്കുകയാണ് ഓരോ തെരഞ്ഞെടുപ്പിലും യുഡിഎഫ്. 96-ല്‍ സതീശന്‍ പാച്ചേനി എതിരിടാനെത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ ജയിച്ചത് 17,617 വോട്ടിന്. 2001-ല്‍ കെ സുരേന്ദ്രനെതിരെ 15,287 വോട്ടിന് ജയം ആവര്‍ത്തിച്ചു. 2006-ല്‍ സി കെ പി പത്മനാഭന്‍ 29538 വോട്ടിനാണ് കോണ്‍ഗ്രസിലെ ചന്ദ്രന്‍ തില്ലങ്കേരിയെ പരാജയപ്പെടുത്തിയത്.

അഞ്ചുവര്‍ഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനമെത്തിയ മണ്ഡലങ്ങളിലൊന്നാണിത്. നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്ക്, മാങ്ങാട്ടുപറമ്പ് നിഫ്റ്റ്, ചട്ടുകപ്പാറ ടെക്നോ ക്യാമ്പസ്, പട്ടുവം കുടിവെള്ള പദ്ധതി, മാങ്ങാട്ടുപറമ്പിലെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസനത്തിന്റെ പേരിലാണ് എല്‍ഡിഎഫ് വോട്ടുചോദിക്കുന്നത്. ജെയിംസ് മാത്യുവിന്റെ സ്ഥാനാര്‍ഥിത്വത്തെ അഭിമാനപൂര്‍വമാണ് കര്‍ഷക പോരാട്ടങ്ങളുടെ മണ്ണ് ഏറ്റുവാങ്ങുന്നത്. ഇരിക്കൂരില്‍ അട്ടിമറിയോളമെത്തിയ രണ്ടു പോരാട്ടങ്ങള്‍ നയിച്ച കരുത്തിലാണ് അദ്ദേഹം എത്തുന്നത്.

എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ ഇരിക്കൂറില്‍ ഇരുപത്തിയാറാം വയസ്സിലായിരുന്നു കന്നിയങ്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1831 വോട്ടിനാണ് കെ സി ജോസഫിനോട് പരാജയപ്പെട്ടത്. അമ്പതുകാരനായ ജെയിംസ് 98 മുതല്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമാണ്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷം സിപിഐ എം ശ്രീകണ്ഠപുരം ഏരിയാസെക്രട്ടറിയായിരുന്നു. നിര്‍മലഗിരി കോളേജ് വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ സംഘടനാരംഗത്തെത്തി. 95 മുതല്‍ അഞ്ചുവര്‍ഷം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിചെയര്‍മാനായിരുന്നു. വിദ്യാര്‍ഥി- യുവജന സംഘടനാപ്രവര്‍ത്തനത്തിനിടെ നിരവധി തവണ ഭീകര പൊലീസ് മര്‍ദനത്തിനിരയായി. മണിക്കടവ് നീരാക്കല്‍ എന്‍ ജെ മാത്യുവിന്റെയും ചിന്നമ്മയുടേയും മകനാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗവും പാപ്പിനിശേരി ഇ എം എസ് സ്മാരക ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ എന്‍ സുകന്യയാണ് ഭാര്യ. മക്കള്‍: സാന്ത്വന, സന്ദീപ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റാണ് ചങ്ങനാശേരി സ്വദേശിയായ അഡ്വ. ജോബ് മൈക്കിള്‍(44). ഇത് കന്നിയങ്കം. നെടുംപറമ്പില്‍ പരേതരായ തോമസ് മൈക്കിള്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. കെഎസ്സി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഭാര്യ: വിജി. മക്കള്‍: മൈക്കിള്‍ ജോബ്, അജു ജെ ജോബ്, അമല ട്രീസ ജോബ്. ബിജെപി ജില്ലാ സെക്രട്ടറിയായ കെ ജയപ്രകാശും(54) മത്സരിക്കുന്നുണ്ട്.
(പി പി സതീഷ് കുമാര്‍)

deshabhimani 260311

1 comment:

  1. 1982-ല്‍ തളിപ്പറമ്പില്‍ വാടിക്കൊഴിഞ്ഞു വീണുപോയതാണ് രണ്ടില. ചുവപ്പു കോട്ടയില്‍ ചാവേറാകാന്‍ അധികമാരും തയ്യാറാകാതിരുന്നപ്പോള്‍ പേരിനൊരു പോരാട്ടത്തിനാണ് 29 വര്‍ഷത്തിനുശേഷം രണ്ടിലത്തണലില്‍ യുഡിഎഫ് ശ്രമം. അതിര്‍ത്തികള്‍ മാറിയപ്പോള്‍ മണ്ഡലം കൂടുതല്‍ കരുത്തോടെയാണ് ഇടതുപക്ഷത്തോട് ചാഞ്ഞുനില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫിന് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണിത്. 31,130 വോട്ട്. തളിപ്പറമ്പ് നഗരസഭയില്‍ എതിരില്ലാതെ ജയിച്ച വാര്‍ഡുകളിലെ വോട്ടുകളും കൂടിച്ചേരുമ്പോള്‍ ഭൂരിപക്ഷത്തിന് കനം കൂടും. എല്‍ഡിഎഫിന്റെ ഫിക്സഡ് ഡെപ്പോസിറ്റെന്ന് എതിരാളികള്‍ക്കിടയില്‍ വിളിപ്പേരുണ്ട് ഈ മണ്ഡലത്തിന്. യുഡിഎഫില്‍ സീറ്റിനുവേണ്ടി മാവിലാക്കാവിലെ അടിയുത്സവം പോലെ പിടിവലി നടന്നപ്പോഴും ഇവിടേക്ക് ഒന്നെത്തിനോക്കാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല. ജെയിംസ് മാത്യുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം തേച്ചുമിനുക്കി അടിവരയിട്ട് ഉറപ്പിക്കാനുള്ള നിയോഗം മാത്രമാണ് അദ്ദേഹത്തിന്. തളിപ്പറമ്പ് നഗരസഭയും കുറുമാത്തൂര്‍, കൊളച്ചേരി, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, മയ്യില്‍, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ് മണ്ഡലത്തില്‍. ഇതില്‍ കൊളച്ചേരിയിലും ചപ്പാരപ്പടവിലും മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം.

    ReplyDelete