Saturday, March 12, 2011

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍

ജനാധിപത്യത്തിലേയ്ക്കും ഐക്യകേരളത്തിലേയ്ക്കുമുള്ള മുന്നേറ്റം 2

ഒന്നാം ഭാഗം ഇവിടെ

1888 ഓഗസ്റ്റ് 15 ന് ആറ് ഔദ്യോഗികാംഗങ്ങളും രണ്ട് അനൗദ്യോഗികാംഗങ്ങളുമായി നിലവില്‍വന്ന ലജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അംഗസംഖ്യ 1898 ല്‍ 15 ആയി ഉയര്‍ത്തി. 1904 ഒക്‌ടോബര്‍ ആയപ്പോള്‍ ശ്രീമൂലം പ്രജാസഭ തിരുവിതാംകൂറില്‍ നിലവില്‍വന്നു. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 അംഗങ്ങളാണ് ഈ സഭയില്‍ ഉണ്ടായിരുന്നത്. നിയമപരമായ അധികാരങ്ങള്‍ ഒന്നുമില്ലാതിരുന്ന ഈ സമിതിയിലേയ്ക്ക് വോട്ടവകാശം ഉണ്ടായിരുന്നവര്‍ അഞ്ചു രൂപയില്‍ കുറയാതെ ഭൂനികുതി ഒടുക്കുന്നവരും സര്‍വകലാശാല ബിരുദമുള്ളവരും മാത്രമായിരുന്നു. 1937 മുതല്‍ ഒരു രൂപ കരം അടയ്ക്കുന്നവര്‍ക്കും വോട്ടവകാശം ലഭിച്ചു. 1947 സെപ്തംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദ സര്‍ക്കാരും പ്രായപൂര്‍ത്തി വോട്ടവകാശവും നിലവില്‍വന്നു. ഇതുപ്രകാരം 120 അംഗങ്ങളുള്ള തിരുവിതാംകൂര്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി രൂപീകരിക്കപ്പെട്ടു.

1923 ലാണ് കൊച്ചിയില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍വന്നത്. കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയമന്ത്രിക്ക് കൃഷി, സഹകരണം, പൊതുജനാരോഗ്യം, വ്യവസായം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കാമായിരുന്നു. ഇത്തരത്തില്‍ ആദ്യമായി ജനകീയ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് അമ്പാട്ട് ശിവരാമമേനോനായിരുന്നു. 1947 ഓഗസ്റ്റ് 14 ന് കൊച്ചി രാജാവ് ലെജിസ്ലേറ്റീവ് കൗണ്‍സിലിന് പൂര്‍ണമായ ഉത്തരവാദ ഭരണം കൈമാറി. ടി കെ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ മന്ത്രിസഭ നിലവില്‍ വന്നു. 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചി രാജ്യപ്രജാ മണ്ഡലത്തിന് ഭൂരിപക്ഷം ലഭിക്കുകയും ഇക്കണ്ടവാര്യര്‍ പ്രധാനമന്ത്രിയായുള്ള മന്ത്രിസഭ നിലവില്‍വരുകയും ചെയ്തു.

1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരുകൊച്ചി നിലവില്‍ വന്നു. രണ്ട് സഭയിലെയും അംഗങ്ങളെ ഉള്‍പ്പെടുത്തി 178 അംഗങ്ങളുള്ള തിരു-കൊച്ചി സഭ രൂപീകരിച്ചു.

തിരു-കൊച്ചിയില്‍ 1948 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുകയും പട്ടം തിരുകൊച്ചിയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തു. സി കേശവന്‍, ടി എം വര്‍ഗീസ് എന്നിവരായിരുന്നു മന്ത്രിമാര്‍.

കുതികാല്‍വെട്ടിന്റെയും കലഹത്തിന്റെയും നാളുകളായിരുന്നൂ തിരു-കൊച്ചിയില്‍ പിന്നീട്. കലഹം മൂത്തപ്പോള്‍ സ്വന്തം കക്ഷിയിലെ 64 സാമാജികര്‍ പട്ടത്തിനെതിരെ അവിശ്വാസം അറിയിച്ചു. രാജിവെയ്ക്കാന്‍ പട്ടം താണുപിള്ള നിര്‍ബന്ധിതനായി. സി കേശവനെയും ടി എം വര്‍ഗീസിനെയും മറികടന്ന് പറവൂര്‍ ടി കെ നാരായണപിള്ളയെ മുഖ്യമന്ത്രിയാക്കി. പക്ഷേ നാരായണപിള്ളയ്ക്കും രാജിവച്ചൊഴിയാനായിരുന്നു കാലം അവസരമൊരുക്കിയത്. 1951 ഫെബ്രുവരി 24 ന് സി കേശവന്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1951 ഡിസംബര്‍ മുതല്‍ 52 മാര്‍ച്ച് വരെ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 108 സീറ്റുകളില്‍ 48 ലേയ്ക്ക് കോണ്‍ഗ്രസ് ചുരുങ്ങി. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളുടെ കൂടി പിന്തുണയോടെ ഭരണം നേടി. ഏ ജെ ജോണ്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് ലഹളകള്‍ക്കൊടുവില്‍ പനമ്പിള്ളി ഗോവിന്ദമേനോനെ മറികടന്ന് മുഖ്യമന്ത്രിയായി. പക്ഷേ 18 മാസം കൊണ്ട് മന്ത്രിസഭ വീണു. തമിഴ്‌നാട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതാണ് കാരണം.

ഇതിനിടയില്‍ തിരു-കൊച്ചിയില്‍ കമ്മ്യൂണിസ്റ്റുകാര്‍ വിജയിക്കുവാന്‍ തുടങ്ങിയിരുന്നു. 1948 ല്‍ തന്നെ ഇ ഗോപാലകൃഷ്ണമേനോന്‍ കൊച്ചി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എം എന്‍ ഗോവിന്ദന്‍ നായര്‍ ജയിലിലിരുന്ന് ഭരണിക്കാവ് നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനസ്വാധീനം വര്‍ധിച്ചുവരുകയായിരുന്നു.
1954 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പി എസ് പിയും മുന്നണിയായാണ് മത്സരിച്ചത്. സി പി ഐയ്ക്ക് 27 സീറ്റും പി എസ് പിക്ക് 19 സീറ്റും ലഭിച്ചു. ആകെ മുന്നണിക്ക് 46 സീറ്റുകള്‍. കോണ്‍ഗ്രസിന് 45 സീറ്റുകളെ ലഭിച്ചുള്ളൂ. പട്ടം താണുപിള്ള കോണ്‍ഗ്രസിന്റെ കൗശലത്തിന് വഴിപ്പെട്ട് മലക്കംമറിഞ്ഞില്ലായിരുന്നെങ്കില്‍ 1954 ല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കോണ്‍ഗ്രസുമായി നേരത്തെ തെറ്റിപ്പിരിഞ്ഞ് പി എസ് പി ഉണ്ടാക്കിയ പട്ടം കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണയോടെ ഏകകക്ഷി സര്‍ക്കാരാണ് രൂപീകരിച്ചത്. ടി വി തോമസ് പ്രതിപക്ഷ നേതാവായി. എന്നാല്‍ 1955 ല്‍ പട്ടം സര്‍ക്കാരും തകര്‍ന്നു. പനമ്പിള്ളി ഗോവിന്ദമേനോന്‍ മുഖ്യമന്ത്രിയായി. ആ മന്ത്രിസഭയും തമ്മില്‍തല്ലിലും കുതികാല്‍വെട്ടിലുംപെട്ട് ആടിയുലഞ്ഞു.

മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാറില്‍ നിന്ന് 30 സീറ്റുകളാണ് ഉണ്ടായിരുന്നത്. 1946 ലെ തിരഞ്ഞെടുപ്പില്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലവില്‍വന്നു. 1951 ലെ തിരഞ്ഞെടുപ്പായപ്പോള്‍ മലബാറില്‍ കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായി. കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞ് കെ കേളപ്പന്‍ രൂപീകരിച്ച കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സഖ്യത്തില്‍ മത്സരിച്ച ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ പരാജയമുണ്ടായി. മലബാറിലെ 30 സീറ്റുകളില്‍ കേവലം 4 ല്‍ കോണ്‍ഗ്രസ് ഒതുങ്ങി.

തിരു-കൊച്ചിയിലെയും മലബാറിലെയും ഇത്തരം രാഷ്ട്രീയാനുഭവങ്ങളുടെ അടിത്തറയിലാണ് ഐക്യകേരളം ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയിച്ച് അധികാരത്തിലെത്തുമെന്ന് പലരും വിശ്വസിച്ചിരുന്നില്ല. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമെന്നത് പാഴ്ക്കിനാവാണെന്ന് നാനാകോണുകളില്‍ നിന്ന് പ്രചാരണമുണ്ടായി.

എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനങ്ങളുമായുള്ള അടുപ്പം അനുദിനം വര്‍ധിച്ചുവരുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള ദുഷ്പ്രചരണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങി. നാടിനും ജനങ്ങള്‍ക്കും വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും അതിനുവേണ്ടി ത്യാഗഭരിത ജീവിതം നയിക്കുവാനും രക്തസാക്ഷിത്വം വരിക്കുവാനും കമ്മ്യൂണിസ്റ്റുകാര്‍ സന്നദ്ധമാണെന്നും കാലം തെളിയിച്ചു.

മൂര്‍ത്തമായ ഒരു പരിപാടി മുന്നില്‍ വെച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചത്. ഐശ്വര്യപൂര്‍ണമായ കേരളം എന്ന മുദ്രാവാക്യവുമായി ഐക്യകേരളത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള യുക്തിഭദ്രതയും ദീര്‍ഘവീക്ഷണവുമുള്ള പരിപാടിയായിരുന്നു അത്.

കാര്‍ഷിക-വ്യാവസായിക വികസനത്തിനുള്ള സമഗ്ര പദ്ധതികള്‍ പരിപാടി മുന്നോട്ടുവെച്ചു. കാര്‍ഷിക പരിഷ്‌കരണം, കുടിയാന്‍മാര്‍ക്കെല്ലാം ഭൂമിയില്‍ സ്ഥിരാവകാശം, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിക്കല്‍, മിനിമംകൂലി ഉറപ്പാക്കല്‍, ബോണസ് അംഗീകരിക്കല്‍, നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം എന്നിങ്ങനെ മൗലികവും പുരോഗമനാത്മകവുമായ ഒട്ടേറെ പദ്ധതികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ജനങ്ങളില്‍ അത് വലിയ സ്വീകാര്യതയുണ്ടാക്കി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായരുടെ കര്‍മകുശലതയും ക്രാന്തദര്‍ശിത്വവും സംഘടനാപരമായി പാര്‍ട്ടിയെ സജ്ജമാക്കുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും കരുത്തേകി. സി പി ഐ ഒറ്റയ്ക്കു മത്സരിച്ച് കേരളത്തിന്റെ അധികാരത്തിലെത്തി.

126 സീറ്റുകളില്‍ സ്വതന്ത്രരടക്കം 100 സീറ്റുകളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിച്ചത്. അതില്‍ 60 പാര്‍ട്ടി സ്ഥാനാര്‍ഥികളും പാര്‍ട്ടി പിന്തുണച്ച അഞ്ച് സ്വതന്ത്രരും ജയിച്ചുകയറി. 126 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 43 സീറ്റില്‍ ഒതുങ്ങി. പി എസ് പി ഒമ്പതും മുസ്ലീംലീഗ് എട്ടും സീറ്റുകള്‍ നേടി. 75,14,622 സമ്മതിദായകരാണ് 57 ലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടിയിരുന്നത്. അതില്‍ 58,99,882 പേര്‍ വോട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് മാത്രമായി 20,59,547 വോട്ടുകള്‍ ലഭിച്ചു.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 120311

1 comment:

  1. മൂര്‍ത്തമായ ഒരു പരിപാടി മുന്നില്‍ വെച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ അഭിമൂഖീകരിച്ചത്. ഐശ്വര്യപൂര്‍ണമായ കേരളം എന്ന മുദ്രാവാക്യവുമായി ഐക്യകേരളത്തെ മുന്നോട്ടുനയിക്കുന്നതിനുള്ള യുക്തിഭദ്രതയും ദീര്‍ഘവീക്ഷണവുമുള്ള പരിപാടിയായിരുന്നു അത്.

    ReplyDelete