കോമളപുരം സ്പിന്നിങ്മില്‍ ജില്ലയുടെ സ്വപ്നപദ്ധതി
എസ്എല്‍ പുരം: ഒരിക്കലും തുറക്കില്ലെന്ന് കരുതിയ കോമളപുരത്തെ സ്പിന്നിങ്മില്‍ തുറന്നതും അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ട കെഎസ്ഡിപിയും ഓട്ടോകാസ്റ്റും ഇന്ന് ലാഭത്തിലാക്കിയതിനും തൊഴിലാളികളും കുടുംബാംഗങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിവാക്കോതുകയാണ്. 1963ല്‍ ബിര്‍ളയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച കോമളപുരം സ്പിന്നിങ്മില്‍ 2003 മാര്‍ച്ച് 23നാണ് അടച്ചത്. തയ്യല്‍ നൂലുകള്‍ വിദേശത്തേക്ക് കയറ്റി അയച്ചിരുന്ന ഏക സ്ഥാപനമായിരുന്നു ഇത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടച്ച ഈ സ്ഥാപനം കഴിഞ്ഞമാസം 15ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നു. കേരള ടെക്സ്റ്റൈല്‍ മില്‍ കോര്‍പ്പറേഷന്റെ കീഴില്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് 6.5 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കമ്പനി ഏറ്റെടുത്ത് ദേശസാല്‍ക്കരിച്ചത്. രണ്ടുമാസത്തിനുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. 352 പേര്‍ക്ക് നേരിട്ടും 250 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടായിരംപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന വസ്ത്രനിര്‍മാണ വ്യവസായകേന്ദ്രമായി കോമളപുരത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ സ്ഥലത്ത് 1000 പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്ന കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് തുടങ്ങും. സ്പിന്നിങ് മില്ലിനോടുചേര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ ഹോസിയോര്‍ നിര്‍മാണ ഫാക്ടറിയും ആരംഭിക്കും. ഇതിനായി ബജറ്റില്‍ പണം നീക്കിവച്ചിട്ടുണ്ട്.
സാധാരണക്കാരെ കുത്തകമരുന്ന് കമ്പനികളുടെ ചൂഷണത്തില്‍നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1971ല്‍ സ്ഥാപിച്ച കെഎസ്ഡിപി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 'പോഷകം' നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രവര്‍ത്തനമൂലധനം നല്‍കി കെഎസ്ഡിപിയെ കരകയറ്റിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാണ്. ആന്റിബയോട്ടിക്കുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ബീറ്റാലാക്ടം പ്ളാന്റ് കഴിഞ്ഞമാസം പ്രവര്‍ത്തനം തുടങ്ങി. 10.5 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 11 ഓഫീസര്‍മാരടക്കം 67 പേര്‍ക്ക് ജോലി ലഭിക്കും. കൂടാതെ പുതിയ നോ ബീറ്റാലാക്ടം പ്ളാന്റിന് ശിലയിടുകയും ചെയ്തു. 33 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകകൊള്ളിച്ചിട്ടുള്ളത്. കെഎസ്ഡിപി ഇന്ന് രണ്ടുകോടിയിലേറെ രൂപ ലാഭത്തിലാണ്. ചേര്‍ത്തല തിരുവിഴയിലെ ഓട്ടോകാസ്റ്റ് കമ്പനിയും പ്രവര്‍ത്തനലാഭത്തിലായി. റെയില്‍വെയുമായുള്ള സംയുക്തസംരംഭത്തിന് കരാര്‍ ഒപ്പിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ കമ്പനിയെ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടത്. ഇപ്പോള്‍ 10 കോടി രൂപ മുടക്കി നവീകരണപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രതിരോധവകുപ്പിന് സ്റ്റീല്‍ യന്ത്രോപകരണങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയുന്ന സ്ഥാപനമായി ഓട്ടോകാസ്റ്റിനെ മാറ്റിയെടുക്കും. ഇതിനായി ഫര്‍ണസ് സ്ഥാപിച്ചു. ഒരുമാസത്തിനുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം 48 കോടി രൂപ ഓട്ടോകാസ്റ്റിനു നല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില്‍പ്പനയ്ക്കുവച്ചിരുന്ന സ്ഥാപനമാണിത്. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് മുന്‍കൈയെടുത്താണ് ഈ കമ്പനികളെയാകെ രക്ഷിച്ചത്.
(കെ എസ് ലാലിച്ചന്‍)
ഐടി വ്യവസായ ഭൂപടത്തില്‍ ചേര്‍ത്തലയ്ക്ക് സ്ഥാനം
ചേര്‍ത്തല: ആലപ്പുഴ ജില്ലയുടെ വ്യവസായിക പുരോഗതിയുടെ വഴിത്താരയില്‍ നാഴികക്കല്ലാണ് ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാപിച്ച വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ഏറ്റെടുത്ത 66 ഏക്കറിലാണ് ഇന്‍ഫോപാര്‍ക്ക് ഉയര്‍ന്നത്. കൊച്ചിയുടെ ഉപഗ്രഹനഗരമായി വളരുന്ന ചേര്‍ത്തലയുടെ ഭാവിവികസനം സ്വപ്നതുല്യമാകുമെന്ന് ഉറപ്പാക്കിയാണ് അന്താരാഷ്ട്ര ഐടി വ്യവസായ ഭൂപടത്തില്‍ ഈ നാടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ണിയാക്കിയത്. പ്രത്യക്ഷമായും പരോക്ഷമായും 20000ല്‍പരം പേര്‍ക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്ന സംരംഭം കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ ഉപകേന്ദ്രമാണ്. 2.4 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പടുത്തുയര്‍ത്തുന്ന കെട്ടിടസമുച്ചയത്തിന്റെ ഒന്നാംഘട്ടം ഒരുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടം ജനുവരി ഒമ്പതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു.
ഇവിടെ ഐടി വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സംരംഭകര്‍ക്ക് അടിസ്ഥാനസൌകര്യം ലഭ്യമാക്കുന്ന കേന്ദ്രമാണിത്. സോഫ്റ്റുവെയര്‍, ബിപിഒ കമ്പനികള്‍വഴി 80 ശതമാനം തൊഴിലവസരങ്ങള്‍ ലഭ്യമാവുക തദ്ദേശീയര്‍ക്കാണ്. 60 ഏക്കര്‍ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചതാണെന്നത് ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിന്റെ പ്രത്യേകതയാണ്. 500 കോടി രൂപയുടെ മുതല്‍മുടക്കാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. സ്വദേശ-വിദേശ കമ്പനികള്‍ ഇവിടെ വ്യവസായസ്ഥാപനങ്ങള്‍ തുറക്കാന്‍ മുന്നോട്ടുവന്നു. ഇന്‍ഫോപാര്‍ക്കിലൂടെ ചേര്‍ത്തല താലൂക്കില്‍ ഇതര ആധുനിക വ്യവസായസംരംഭങ്ങള്‍ക്കും വഴി തുറക്കപ്പെടും. നാടിന്റെ മുഖഛായതന്നെ മാറ്റിമറിക്കുന്ന വ്യവസായിക വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ സാധ്യമാകുന്നത്. പരമ്പരാഗത കയര്‍ വ്യവസായത്തിന്റെ നാട്ടില്‍ അത്യന്താധുനിക വ്യവസായ സ്ഥാപനസമുച്ചയമാണ് എത്തുന്നത്. ശിലാസ്ഥാപനത്തിനുശേഷം രണ്ടുവര്‍ഷത്തിനകം ഉദ്ഘാടനം സാധ്യമായത് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് ദൃഷ്ടാന്തമാണ്.
വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ആദ്യമായി എത്തിയ മലബാര്‍ സിമന്റ്സിന്റെ യൂണിറ്റ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടലിലാണ് ചേര്‍ത്തലയുടെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെട്ടത്. നൂറോളംപേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിച്ചു. അസംസ്കൃത സാധനങ്ങളുടെ ലഭ്യത സൃഷ്ടിച്ച പ്രതിസന്ധിയില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പൊതുമേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയം മലബാര്‍ സിമന്റ്സ് യൂണിറ്റ് തുറക്കാന്‍ കളമൊരുക്കുന്നു. മൂന്നുമാസത്തിനകം ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായമന്ത്രി എളമരം കരിമിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂടിയാലോചനായോഗത്തില്‍ തീരുമാനമായത് അടുത്തിടെ. നിശ്ചിത കാലാവധിക്കകം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനും കരാര്‍തൊഴിലാളികളെ ഇക്കാര്യത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. കരാര്‍ തൊഴിലാളികളെ പ്രത്യേക പരിഗണന നല്‍കി സ്ഥിരപ്പെടുത്തുന്നതിന് നടപടിയെടുക്കാനുമാണ് തീരുമാനം.
ഐശ്വര്യമായി കെല്‍ട്രോണും വ്യവസായ പാര്‍ക്കും
അരൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലയളവില്‍ വ്യവസായിക മേഖലയില്‍ അരൂര്‍ മണ്ഡലം കൈവരിച്ച പുരോഗതി ആരെയും അതിശയിപ്പിക്കുന്നതാണ്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സ്, തുറവൂര്‍ സില്‍ക്ക് എന്നിവയെ സംരക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത കാരണം അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വ്യവസായികളും തൊഴിലാളികളും വിഷമസന്ധിയിലായിരുന്ന സന്ദര്‍ഭത്തിലാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിനുണ്ടായിരുന്ന 317.47 കോടി രൂപ കടം വടൈം സെറ്റില്‍മെന്റിലൂടെ സര്‍ക്കാര്‍ നല്‍കി. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സോണാര്‍ അരെ എന്ന ഉപകരണം നിര്‍മിച്ച് കെല്‍ട്രോണ്‍ കണ്‍ട്രോള്‍സിനെ രാജ്യാന്തര പ്രശസ്തിലേക്കെത്തിച്ചു. 17 വര്‍ഷത്തിനുശേഷം തൊഴിലാളികള്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കി. മുടങ്ങിക്കിടന്ന പ്രമോഷനുകള്‍ പുനസ്ഥാപിച്ചു. 80 ഓളം കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തി. 20 ഓളം ആശ്രിതനിയമനങ്ങളും നടത്തി തൊഴിലാളികള്‍ക്ക് ആശ്വാസനടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ രണ്ടുകോടി രൂപയുടെ പ്രവര്‍ത്തനലാഭം കൈവരിച്ച് കെല്‍ട്രോണ്‍ മുന്നേറുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ വില്‍ക്കാന്‍വച്ചിരുന്ന തുറവൂര്‍ സില്‍ക്സിന്റെ ചരിത്രവും മറ്റൊന്നല്ല. 18 ലക്ഷം രൂപ കെഎസ്ഇബി കുടിശികകാരണം വൈദ്യുതിബന്ധം വിഛേദിച്ചിരുന്ന ഇവിടെ കുടിശിക ഇളവ് ചെയ്യിച്ചതും വൈദ്യുതിബന്ധം പുനസ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്. 45 ലക്ഷത്തില്‍താഴെ ടേ ഓവര്‍ ഒരുകോടിയിലേക്ക് ഉയര്‍ത്തി 20 ലക്ഷത്തോളം രൂപ തുറവൂര്‍ സില്‍ക്സിന് പ്രവര്‍ത്തനലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞു.
അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത കാരണം അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ 40 ഓളം വ്യവസായിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീഷണിയിലായിരുന്നു. റോഡ്, കാന ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചു. കണ്ടെയ്നര്‍ ലോറികളടക്കം നിരവധി വാഹനങ്ങള്‍ ദിനംപ്രതി എത്തുന്ന ഇവിടെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. സര്‍ക്കാര്‍ 10 കിലോമീറ്ററോളം റോഡ് നന്നാക്കി. മഴക്കാലത്ത് രൂക്ഷമായിരുന്ന വെള്ളക്കെട്ടുകള്‍ തടയുന്നതിന് കാനകളും നിര്‍മിച്ചു. പശ്ചാത്തല വികസന പാക്കേജില്‍ ഒരുകോടിരൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ വ്യവസായി നിക്ഷേപകസംഗമവും നടന്നത് അരൂരിലായിരുന്നു. വ്യവസായിക നിക്ഷേപ സംഗമത്തിന്റെ ഫലമായ 50 കോടിയോളം രൂപയുടെ സ്വകാര്യനിക്ഷേപങ്ങളും ടൌമേഖലയിലടക്കം ഇവിടെ നടന്നുവരുന്നു.
കെടുകാര്യസ്ഥതയുടെ കുരുക്കഴിച്ച് കായംകുളം സഹകരണ സ്പിന്നിങ് മില്‍
കായംകുളം: കരീലക്കുളങ്ങരയിലെ ആലപ്പി സഹകരണ സ്പിന്നിങ് മില്ലിന്റെ വികസനകുതിപ്പ് ഇന്ന് റെക്കോഡ് വേഗത്തിലാണ്. യുഡിഎഫ് ഭരണകാലത്ത് അഴിമതിയിലും കെടുകാര്യസ്ഥതയിലും ഒമ്പതുകോടിയുടെ പ്രവര്‍ത്തനനഷ്ടമാണ് വരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2006-07 വര്‍ഷം മുതല്‍ മില്ലില്‍ നടപ്പാക്കിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ രണ്ടുവര്‍ഷംകൊണ്ട് പ്രതിസന്ധികള്‍ ഓരോന്നായി തരണംചെയ്യാന്‍ കഴിഞ്ഞു. അങ്ങനെ ആരോഗ്യകരമായ അവസ്ഥയില്‍ എത്തിച്ച മില്ലിന് 56.50 ലക്ഷം രൂപയുടെ പ്രവര്‍ത്തനലാഭം നേടിയെടുക്കാനും കഴിഞ്ഞു. ഏഴുകോടി രൂപ വിനിയോഗിച്ച് മില്ലിന്റെ ശേഷി 6048 സ്പിന്റില്‍നിന്ന് 12096 സ്പിന്റിലായി വര്‍ധിപ്പിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ ശ്രദ്ധേയമാണ്. വികസനപ്രവര്‍ത്തനങ്ങളിലൂടെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള മെഷീനറികള്‍ മുഴുവന്‍ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ അവലംബിച്ച് നിര്‍മിച്ചിട്ടുള്ളവയാണ്. കൈത്തറിമേഖലയെ സംരക്ഷിക്കുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയംകണക്കിലെടുത്ത് രണ്ടുകോടി രൂപ മുടക്കി മില്ലില്‍ ഏറ്റവും നൂതന മെഷീനറികള്‍ ഉപയോഗിച്ച് കഴിനൂല്‍ ഉല്‍പ്പാദനകേന്ദ്രവും ആരംഭിച്ചു. ഇപ്പോഴത്തെ ബജറ്റില്‍ മില്ലിന്റെ വികസനത്തിന് ഒരുകോടി രൂപയും അനുവദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ് മില്ലിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് അനുവദിച്ചത്. മില്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പഞ്ഞി വാങ്ങുന്നതിനുള്ള സഹായവും നല്‍കി. ഈ കാലയളവില്‍ 200ല്‍ അധികംപേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. ഇതില്‍ 70 ശതമാനം സ്ത്രീതൊഴിലാളികളാണ്. രണ്ടുവര്‍ഷത്തിനുമേല്‍ സേവനദൈര്‍ഘ്യമുള്ള തൊഴിലാളികളെ സ്ഥിരം തസ്തികയില്‍ നിയമിച്ചും താല്‍ക്കാലികാടിസ്ഥാനത്തില്‍ കുറഞ്ഞശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്ഥിരം തസ്തികയില്‍ നിയമിക്കുകയും ചെയ്തു. ഇതോടൊപ്പം മുഴുവന്‍ ഓഫീസ് ജീവനക്കാരെയും സ്ഥിരപ്പെടുത്തി. ശമ്പളപരിഷ്കരണവും തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധിദിവസങ്ങള്‍ നടപ്പാക്കുകയും ചെയ്തു. കരാര്‍ കാന്റീന്‍ സംവിധാനം അവസാനിപ്പിച്ച് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സൌജന്യനിരക്കില്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിനായി എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും രൂപം നല്‍കി. പുതുതായി പ്രവേശിക്കുന്ന തൊഴിലാളികള്‍ക്ക് പരിശീലനസമയത്ത് നല്‍കുന്ന വേതനം 125 രൂപയായി വര്‍ധിപ്പിച്ചതും ശ്രദ്ധേയമാണ്. നിരവധി പദ്ധതികള്‍ നടപ്പിലാക്കി മില്ലിനെ വികസനത്തിന്റെ പാതയില്‍ എത്തിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
ദേശാഭിമാനി 110311
ഒരിക്കലും തുറക്കില്ലെന്ന് കരുതിയ കോമളപുരത്തെ സ്പിന്നിങ്മില്‍ തുറന്നതും അടച്ചുപൂട്ടല്‍ ഭീഷണിയെ നേരിട്ട കെഎസ്ഡിപിയും ഓട്ടോകാസ്റ്റും ഇന്ന് ലാഭത്തിലാക്കിയതിനും തൊഴിലാളികളും കുടുംബാംഗങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന് നന്ദിവാക്കോതുകയാണ്.
ReplyDelete