'ഓള്‍ഡ് വിമണ്‍, ഓള്‍ഡ് വൈന്‍, ഓള്‍ഡ് ബുക്സ്' എന്നൊരു പ്രയോഗം നല്ല അര്‍ഥത്തില്‍ സായിപ്പ് പ്രയോഗിക്കാറുണ്ട്. എന്നാല്‍, കൊളംബിയക്കാരിയെ പ്രണയിച്ച് ഇപ്പോള്‍ അവരെ ഉപേക്ഷിച്ച അഭിനവ യുവരാജാവ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അവസാന വാക്കായപ്പോള്‍ പിറന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക, പഴയതിനൊന്നും വീര്യമില്ലെന്ന സന്ദേശമാണ് നല്‍കിയത്. അതുകൊണ്ടാണ് വി എം സുധീരന്‍, എം എം ഹസ്സന്‍ തുടങ്ങി തലയെടുപ്പുള്ള താരങ്ങളെ പുറന്തള്ളിയത്. പകരം പുതുരക്തം കടത്തിവിട്ടെന്നു കരുതേണ്ട. രാഹുല്‍ജിക്കു മുന്നില്‍ വളയാനും കുനിയാനും കുപ്പായത്തിലെ ബട്ടന്‍സ് ഇട്ടുകൊടുക്കാനും സൌമനസ്യം കാണിച്ചവര്‍ക്കേ സീറ്റുള്ളൂ. അതുകൊണ്ടാണ് ടി സിദ്ദിഖ് പുറത്തായതും കേരളത്തിലെ പത്തണ മെമ്പര്‍ഷിപ്പെടുത്തവര്‍ മഷിയിട്ടുനോക്കിയിട്ടും അങ്ങാടിമരുന്നോ പച്ചമരുന്നോയെന്നറിയാത്ത കെ ടി ബെന്നി ('ഏതോ ഒരു ബെന്നി' യെന്നാണ് ഇപ്പോള്‍ ചാലക്കുടിയിലെ കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ഥിയെ വിളിക്കുന്നത്) യെ രായ്ക്കുരാമാനം ചാലക്കുടിയില്‍ കെട്ടിയിറക്കിയതും.
രാജ്യസേവനമെന്നാല്‍ നാടിനുവേണ്ടി കാരുണ്യപ്രവര്‍ത്തനം നടത്തുക, ജനങ്ങളുടെ രക്ഷയ്ക്കായി പൊരുതുക- അതായിരുന്നു ഗാന്ധിജിയുടെ സങ്കല്‍പ്പം. തുളവീണ ബലൂപോലെ അത് ഒടുങ്ങി. രാഹുലിന്റെ ലാപ്ടോപ് ചുമക്കുന്നതും ജീന്‍സും കളര്‍കുപ്പായവും തേച്ചുമിനുക്കികൊടുക്കുന്നതും സുഖവാസകേന്ദ്രത്തിന് കാവല്‍നില്‍ക്കുന്നതുമായി കോണ്‍ഗ്രസില്‍ അംഗീകാരമുദ്ര കിട്ടാനുള്ള രാജ്യസേവനം. അര്‍ധരാത്രി എന്നാല്‍ ഇന്ത്യക്ക് എന്നും വിലപ്പെട്ടത്. സ്വാതന്ത്യ്രം കിട്ടിയതുതന്നെ ഒരു അര്‍ധരാത്രിയില്‍. 'രാഹുല്‍ കോന്‍ഹേ'യെന്ന ചോദ്യത്തിന് കേരളത്തിലെ ഖദര്‍ധാരികള്‍ക്ക് ഉത്തരമേകിയതും അര്‍ധരാത്രിയിലായത് അര്‍ഥഗര്‍ഭം. ചൊവ്വാഴ്ചത്തെ രാവറുതിക്കുമുമ്പുള്ള ഒരു മണിക്കൂറിനുള്ളില്‍ എല്ലാം തകിടം മറിഞ്ഞെന്ന് മാമന്‍മാത്യുവിന്റെ പത്രത്തോട് മത്സരിച്ച് യുഡിഎഫ് മുഖപത്രമാകാന്‍ മത്സരിക്കുന്ന 'വീരഭൂമി' വര്‍ണിച്ചിട്ടുണ്ട്. അരമണിക്കൂര്‍മുമ്പുവരെ സ്വന്തമെന്നു കരുതിയ മണ്ഡലങ്ങള്‍ പൊടുന്നനെ കൈവിട്ടുപോയി. പ്രായം നോക്കിയും ചെവിയില്‍ ചെമ്പരത്തിപ്പൂ നോക്കിയും മുടിയില്‍ ജമന്തിയോ പിച്ചിപ്പൂവോയെന്നു നോക്കിയും എം എസ് അമ്മാവോടെ വെങ്കിടേശ സുപ്രഭാതമോ റഹ്മാന്റെ കാതല്‍ റോജാവെ നോക്കിയോ ടിക്കറ്റ് കൊടുത്തു. അപ്പോള്‍ മണലൂരില്‍ മുണ്ടുമുറുക്കിയ ടി എന്‍ പ്രതാപന്‍, കോഴി കൂകുംമുമ്പേ മണ്ഡലം നഷ്ടമായി ഞൊടിയിടയില്‍ കൊടുങ്ങല്ലൂരിലെത്തി. തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ ഈ അട്ടിമറി സംഭവിച്ചെന്ന് 'വീരഭൂമി' ഉവാച.
ഇതിനപ്പുറം മുത്തശ്ശിമാധ്യമങ്ങള്‍ അലസമായി ഒരു കാര്യം പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സ്ഥാനാര്‍ഥിപ്പട്ടിക ചര്‍ച്ചയ്ക്ക് രാഹുലിനെ കാണാന്‍ സമയം ചോദിച്ചിട്ട് ആദ്യം അത് നിഷേധിച്ചെന്ന്. പിന്നീട് ചര്‍ച്ചനടത്തിയപ്പോഴും രാഹുലുമായി യോജിക്കാന്‍ സമ്മതിക്കാതെ താന്‍ നിര്‍ദേശിച്ച പേരുകള്‍ നിര്‍ബന്ധപൂര്‍വം പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന്. യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ടി സിദ്ദിഖിന്റെ പേരുള്‍പ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി സമ്മര്‍ദം തുടര്‍ന്നിരുന്നെങ്കില്‍ ചാണ്ടി പടിക്കുപുറത്തായേനെയെന്ന്. ഇവിടെ 'രാഹുല്‍ കോക്കസി'ലെ ചിലരെ പിടികൂടി, അതിലൂടെ തന്റെ നോമിനികളെ 'യുവരാജ'യുടെ ചെലവില്‍ ചെന്നിത്തല തിരുകിവിട്ടെന്ന അരമന രഹസ്യം അങ്ങാടിപ്പാട്ടായി. എഐസിസി സെക്രട്ടറി ജിതേന്ദ്ര സിങ് രാഹുല്‍ കോക്കസിലെ പ്രധാനിയാണ്.
ലീഡറുടെ പ്രതാപഭരണകാലത്ത് ലീഡറെ സ്വാധീനിക്കാന്‍ പിച്ചബഷീറിനെയോ എം ഐ ഷാനവാസിനെയോ പ്രീതിപ്പെടുത്തുകയെന്ന തന്ത്രമുണ്ടായിരുന്നു. അതുപോലെ ചെന്നിത്തല ജിതേന്ദ്രസിങ്ങിനെ പാട്ടിലാക്കി. വരുന്ന നിയസഭാകക്ഷിയില്‍ ഉമ്മന്‍ചാണ്ടിയുടെ ശക്തി കുറയ്ക്കാനുള്ള ചാണക്യതന്ത്രം.
പക്ഷേ, ഇതിനെല്ലാം അപ്പുറം കേരളത്തിലെ രണ്ടു പ്രധാന നേതാക്കള്‍ സമയം ചോദിച്ചിട്ട് കാണാന്‍ ആദ്യം വിസമ്മതിച്ച യുവരാജാവിന്റെ ധിക്കാരത്തെപ്പറ്റി ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്ക് രോഷം തെല്ലുമില്ല. വിമോചനസമരത്തില്‍ ബസിന് കല്ലെറിഞ്ഞു തുടങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യത്തിന്റെ പ്രായംപോലുമില്ലാത്ത പയ്യനാണ് മുതിര്‍ന്ന നേതാക്കളോട് മാടമ്പിരാഷ്ട്രീയം കാട്ടിയത്. തന്റെ മകന്, കുടുംബപാരമ്പര്യംവഴി അധികാരം ഉറച്ചുകിട്ടണം എന്നാഗ്രഹിക്കുന്ന ഒരമ്മ ഇതിന് കൂട്ട്. രാഹുല്‍ സോണിയാമ്മയുടെ അരുമക്കിടാവുതന്നെ.
ഉത്സവകാലത്ത് ആനയും അമ്പാരിയുമായി അമ്പലപ്പറമ്പില്‍ എഴുന്നള്ളുന്ന മാടമ്പിമാരുണ്ടായിരുന്നു. അവരുടെ കല്‍പ്പന കല്ലേല്‍ പിളര്‍ക്കുന്നതായിരുന്നു. ഇഷ്ടക്കാര്‍ക്ക് സമ്മാനം നല്‍കുമായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസിന്റെ മേച്ചില്‍പ്പുറത്ത് ഈ മാടമ്പിരാഷ്ട്രീയമാണ് യുവരാജ അരങ്ങുതകര്‍ത്തത്. ഒപ്പം കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു കൂട്ടവന്ധ്യംകരണവും നടത്തി. ഈ മാടമ്പിരാഷ്ട്രീയവും ഉമ്മന്‍ചാണ്ടി-ചെന്നിത്തല കലഹവും കൂടിച്ചേര്‍ന്നാണ്, കോണ്‍ഗ്രസിന്റെ കേരളത്തിലെ 70 അടി നീളമുള്ള നാവായി ഇത്രനാള്‍ മുഴങ്ങിയ എം എം ഹസ്സനെ ഇരുട്ടിവെളുക്കുമ്പോഴേക്ക് നാണംകെടുത്തി ഒന്നുമില്ലാത്തവനാക്കിയത്. ഹസ്സനോട് ചെയ്ത കൊലച്ചതി കാണുമ്പോള്‍, 'ശത്രുക്കള്‍ക്കുപോലും ഈ ഗതി വരുത്തരുതേ ഭഗവാനേ' എന്ന് ദൈവവിശ്വാസികളല്ലാത്തവര്‍പോലും നീട്ടിവിളിച്ചു പറഞ്ഞുപോകും. എത്രയെത്ര സീറ്റുകള്‍ വച്ചുനീട്ടി. ഹസ്സന്‍ കൊതിയോടെ ഒന്നുതൊടാന്‍ ചെല്ലുമ്പോള്‍ മറ്റു പുമാന്മാരെ ഇറക്കി അത് തട്ടിക്കൊണ്ടുപോകും. അവസാനം ആലുവയില്‍ എത്താന്‍ തീട്ടൂരം. വണ്ടികയറി അവിടെ എത്തുംമുമ്പേ ചെന്നിത്തലയുടെ പെട്ടിചുമക്കുന്ന ആളെ രാഹുലിന്റെ അക്കൌണ്ടില്‍ സ്ഥാനാര്‍ഥിയാക്കി ഹസ്സനെ അപമാനിച്ചു.
ജയ്ഹിന്ദ് ചാനലിനെ സാരേ ജഹാന്‍ സേ അച്ചാ ആക്കുന്നത് ആരാ? ജനശ്രീയെ കെട്ടിപ്പടുത്ത് ത്രിവര്‍ണപതാക പുതപ്പിച്ചത് ആരാ? യുഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാന്‍ ഉറക്കം കളഞ്ഞതാരാ? ചെന്നിത്തല ഹിമാലയന്‍ ബ്ളേഡില്‍ കുരുങ്ങിയപ്പോഴും ഉമ്മന്‍ചാണ്ടി പാമൊലിന്‍ തെന്നി വഴാന്‍ പോകുമ്പോഴും പ്രതിരോധിക്കുന്ന പുത്തൂരം വീട്ടിലെ ചന്തു ആരാ? എല്ലാം ചെയ്തുകൊടുത്ത ഹസ്സനെ സുഖവും രുചിയും ആസ്വദിച്ചശേഷം കറിവേപ്പിലപോലല്ലേ എടുത്തെറിഞ്ഞത്. തമ്പ്രാന്റെ ദണ്ഡനീതി കണ്ട് തകര്‍ന്ന മനസ്സുമായി ഹസ്സന്‍ പാടുന്ന ശോകഗാനം ആരു കേള്‍ക്കുന്നു. 'കണ്ണുനീര്‍മുത്തുമായ് കാണാനെത്തിയ കതിരുകാണാക്കിളി ഞാന്‍... എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തുപിഴച്ചു ഞാന്‍...'
കരുണാകരനൊപ്പമുള്ളവരെ വെട്ടിനിരത്തിയതുകണ്ട് അച്ഛന്റെ ആത്മാവ് പൊറുക്കില്ലെന്നു പറഞ്ഞ പത്മജ, പാലക്കാട് ഡിസിസി ഓഫീസ് തല്ലിപ്പൊളിച്ചവരുടെ നേതാവ് എ വി ഗോപിനാഥ്, സുവര്‍ണതാരം ശോഭന ജോര്‍ജ്- ഇങ്ങനെ തഴയപ്പെട്ടവരുടെ സംഖ്യ തിരഞ്ഞാല്‍, ഹാഫ് സെഞ്ച്വറിയടിക്കും. അക്കൂട്ടത്തില്‍ ആദര്‍ശധീരനായ വി എം സുധീരനുമുണ്ട്. പക്ഷേ, വീണിട്ടും ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ നടപ്പാണ് അഭിമാനിയായ ധീരനേതാവ്. താന്‍ മത്സരത്തിനില്ലെന്ന് കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റിയില്‍ സുധീരന്‍ മത്സരിച്ചകാലത്തെല്ലാം ഭംഗിവാക്ക് പറഞ്ഞിട്ടുണ്ട്. എങ്കിലും ടിക്കറ്റ് കൊടുക്കാന്‍ എല്ലായ്പ്പോഴും എ കെ ആന്റണി എത്താറുണ്ടായിരുന്നു. ഇക്കുറി സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പോക്കണംകേട് കണ്ട് മനംമടുത്ത് വലുതായി ഇടപെടാന്‍ ആന്റണി പോയില്ല. ഫലമോ സുധീരന്‍ പുറത്ത്. ആത്മാഭിമാനം കാരണം സുധീരന് ഉണ്ടായൊരിണ്ടല്‍ പുറത്തുകാട്ടാതെ നീതിസാരം പുലമ്പുകയും സ്ഥാനാര്‍ഥിവിഷയത്തില്‍ മൌനം ദീക്ഷിക്കുകയുമാണ്. കുഞ്ഞാലിക്കുട്ടി വിഷയത്തിലെ മൌനം ഇക്കാര്യത്തിലും ബാധകം.
(ആര്‍ എസ് ബാബു)
deshabhimani 260311
പക്ഷേ, ഇതിനെല്ലാം അപ്പുറം കേരളത്തിലെ രണ്ടു പ്രധാന നേതാക്കള്‍ സമയം ചോദിച്ചിട്ട് കാണാന്‍ ആദ്യം വിസമ്മതിച്ച യുവരാജാവിന്റെ ധിക്കാരത്തെപ്പറ്റി ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ക്ക് രോഷം തെല്ലുമില്ല. വിമോചനസമരത്തില്‍ ബസിന് കല്ലെറിഞ്ഞു തുടങ്ങിയ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യത്തിന്റെ പ്രായംപോലുമില്ലാത്ത പയ്യനാണ് മുതിര്‍ന്ന നേതാക്കളോട് മാടമ്പിരാഷ്ട്രീയം കാട്ടിയത്. തന്റെ മകന്, കുടുംബപാരമ്പര്യംവഴി അധികാരം ഉറച്ചുകിട്ടണം എന്നാഗ്രഹിക്കുന്ന ഒരമ്മ ഇതിന് കൂട്ട്. രാഹുല്‍ സോണിയാമ്മയുടെ അരുമക്കിടാവുതന്നെ.
ReplyDelete