Saturday, March 26, 2011

'ഐസ്ക്രീം ഭൂതം' ഭയന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങരയില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കുമോ? കെ പി ഇസ്മായില്‍ കെ ടി ജലീല്‍ ആകുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മലപ്പുറം ജില്ലയിലെ പുതിയ മണ്ഡലമായ വേങ്ങര തേടുന്നത്. എല്ലാ സസ്പെന്‍സുകളും അവസാനിപ്പിച്ച് മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനിറങ്ങുമ്പോള്‍ അഞ്ചുവര്‍ഷംമുമ്പ് കുറ്റിപ്പുറത്തുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറികളിലൊന്നിനാണ് 2006ല്‍ കെ ടി ജലീല്‍ നിമിത്തമായത്. ആ തോല്‍വി കുഞ്ഞാലിക്കുട്ടിയെ മാത്രമല്ല മുസ്ളിംലീഗിനെയാകെ ഉലച്ചു. തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കരകയറാന്‍ ലീഗും കുഞ്ഞാലിക്കുട്ടിയും കഠിനശ്രമം നടത്തി. ഇതര മുസ്ളിം സംഘടനകളെ മാത്രമല്ല, മതതീവ്രവാദികളെപ്പോലും ഒരു കുടക്കീഴില്‍ അണിനിരത്താനാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് ശ്രമിച്ചത്. ലോക്സഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ തന്ത്രം താല്‍ക്കാലികമായി വിജയിച്ചു. ഇതിന്റെ ആവേശം മുതലാക്കി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവേയാണ് ഐസ്ക്രീമിനു വീണ്ടും തീപിടിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താസമ്മേളനത്തോടെ ജീവന്‍വച്ച ഐസ്ക്രീം പാര്‍ലര്‍ കേസ് വീണ്ടും കുഞ്ഞാലിക്കുട്ടിയുടെയും ലീഗിന്റെയും ഉറക്കം കെടുത്തുകയാണ്.

മത്സരിക്കുമോയെന്ന ലളിതമായ ചോദ്യത്തിന് എല്ലാം പാര്‍ടി പറയുമെന്നായിരുന്നു തുടക്കംമുതലേ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മത്സരിക്കുകയാണെങ്കില്‍ വേങ്ങരയെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. ഏഴാം തവണയാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 1982ലും 1987ലും മലപ്പുറത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ കുറ്റിപ്പുറത്തേക്കു മാറി അനായാസ വിജയം നേടിയ കുഞ്ഞാലിക്കുട്ടിക്ക് 2006ല്‍ അടിതെറ്റി. മണ്ഡലം പുനര്‍നിര്‍ണയത്തില്‍ കുറ്റിപ്പുറം ഇല്ലാതായി. ഇത്തവണ 'കുറ്റിപ്പുറം ദുരന്തം' ആവര്‍ത്തിക്കില്ലെന്ന പൂര്‍ണ വിശ്വാസത്തിലാണ് കുഞ്ഞാലിക്കുട്ടി.

ഐഎന്‍എല്‍ മലപ്പുറം ജില്ലാപ്രസിഡന്റ് കെ പി ഇസ്മായിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മികച്ച വാഗ്മിയായ ഈ 51കാരന്‍ ഒരട്ടിമറിക്കാണ് വട്ടംകൂട്ടുന്നത്. സ്ത്രീകളുടെ വോട്ടിലാണ് ഇസ്മായിലിന്റെ പ്രതീക്ഷ. ബിജെപി സ്ഥാനാര്‍ഥിയായി പി സുബ്രഹ്മണ്യനും എസ്ഡിപിഐയുടെ ജനറല്‍ സെക്രട്ടറി മജീദ് ഫൈസിയും രംഗത്തുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസായിരിക്കും മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചാവിഷയം. പ്രമുഖ വനിതാസംഘടനകളെല്ലാം കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രചാരണത്തിനിറങ്ങുമെന്നാണ് സൂചന. വേങ്ങര, കണ്ണമംഗലം, ഊരകം, ഒതുക്കുങ്ങല്‍, എ ആര്‍ നഗര്‍, പറപ്പൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് മണ്ഡലം. പല പഞ്ചായത്തിലും കോണ്‍ഗ്രസും ലീഗും രസത്തിലല്ല. മിനിഗള്‍ഫ് എന്നറിയപ്പെടുന്ന വേങ്ങരയില്‍ പ്രവാസികള്‍ ധാരാളമുണ്ട്. 1,43,180 വോട്ടര്‍മാരില്‍ സ്ത്രീകള്‍ 70,265.

ദേശാഭിമാനി 260311

1 comment:

  1. വേങ്ങരയില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കുമോ? കെ പി ഇസ്മായില്‍ കെ ടി ജലീല്‍ ആകുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മലപ്പുറം ജില്ലയിലെ പുതിയ മണ്ഡലമായ വേങ്ങര തേടുന്നത്. എല്ലാ സസ്പെന്‍സുകളും അവസാനിപ്പിച്ച് മുസ്ളിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാനിറങ്ങുമ്പോള്‍ അഞ്ചുവര്‍ഷംമുമ്പ് കുറ്റിപ്പുറത്തുണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് കേരളം.

    ReplyDelete