പിലാത്തറ: വലതു കണ്ണിനു കാഴ്ച തീരെയില്ല. ഇടതുകണ്ണും മങ്ങിത്തുടങ്ങി. 86-ാം വയസിലും പാര്‍വതിയമ്മ അതിരാവിലെ കാത്തിരിക്കുന്നത് ദേശാഭിമാനി പത്രം. വാര്‍ത്തകള്‍ക്കൊപ്പം രാഷ്ട്രീയ ലേഖനങ്ങളും വായിച്ചുതീര്‍ത്തേ വിശ്രമിക്കൂ. ചെറുതാഴത്തെ പാര്‍ടി സെല്ലിന്റെ ആദ്യ സെക്രട്ടറിയായിരുന്ന പാറമ്മല്‍ കൃഷ്ണന്‍ വൈദ്യരുടെ ഭാര്യ പാര്‍വതിയമ്മക്ക് ദേശാഭിമാനിയുമായുള്ള ബന്ധം പതിറ്റാണ്ടുകളുടേത്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പാറമ്മല്‍ കല്യാണം കഴിച്ച് പടന്നപ്പുറത്തേക്ക് പാര്‍വതിയെ കൊണ്ടുവന്നപ്പോള്‍ വയസ് 12. നാലാംക്ളാസ് വിദ്യാഭ്യാസമുണ്ടായിരുന്ന പാര്‍വതിയമ്മക്ക് ചെറുപ്പത്തിലേ നല്ല വായനശീലമുണ്ടായിരുന്നു. കരിവെള്ളൂര്‍ സമരത്തില്‍ പങ്കെടുത്ത് പാറമ്മല്‍ ഏറെക്കാലം ജയിലിലായിരുന്നു. അക്കാലത്ത് കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍വതിയമ്മ സജീവമായുണ്ടായി. 1948ലെ കമ്യൂണിസ്റ്റ് നരനായാട്ടിന്റെ കാലത്ത് പാറമ്മലിന് മൈസൂരിലേക്ക് നാടുവിടേണ്ടിവന്നപ്പോഴും അവര്‍ പാര്‍ടിക്കു തണലായി നിന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടും ജയിലില്‍ കിടന്നിട്ടും ജയില്‍രേഖകളില്ലാത്തതിനാല്‍ പാറമ്മലിന് സ്വാതന്ത്ര്യസമര പെന്‍ഷന്‍ അനുവദിച്ചില്ല. കുടുംബത്തിനും ഇതിന്റെ പ്രയോജനം ലഭിച്ചില്ല.
കരിവെള്ളൂര്‍ സമരസേനാനികള്‍ക്ക് ഒളിത്താവളമൊരുക്കിയതും പാറമ്മലിന്റെ പടന്നപ്പുറത്തെ വീട്ടിലായിരുന്നു. പി വി അപ്പക്കുട്ടിയും പയ്യരട്ടയുമൊക്കെയായിരുന്നു അന്ന് സഹപ്രവര്‍ത്തകര്‍. പാര്‍വതിയമ്മക്ക് ദേശാഭിമാനിയുമായുള്ള ബന്ധം തുടങ്ങുന്നത് അമ്പതുകളിലാണ്. അന്ന് ആറോ കമ്പനിയിലെ തൊഴിലാളികള്‍ക്കായി പാര്‍ടിസെല്ലിന്റെ വക ദേശാഭിമാനി കൊണ്ടുവരുമായിരുന്നു. പഴയങ്ങാടി റെയില്‍വേ സ്റ്റേഷനിലാണ് പത്രക്കെട്ടിറക്കുക. വാഹനങ്ങളൊന്നുമില്ലാത്ത അക്കാലത്ത് കമ്പനിയിലെ തൊഴിലാളിയായിരുന്ന കുളപ്പുറത്തെ മനയില്‍ കോരനാണ് എട്ടു കിലോമീറ്ററോളം നടന്ന് പത്രം കൊണ്ടുവരിക. കുളപ്പറം, പടന്നപ്പുറം, ശ്രീസ്ഥ, മണ്ടൂര്‍, പരിയാരം, മേലതിയടം പ്രദേശങ്ങളിലെ വായനശാലകളിലേക്കൊക്കെ തൊഴിലാളികളുടെ കൈയിലാണ് പത്രം കൊടുത്തയക്കുക. വൈകിട്ടായിരിക്കും മിക്ക ദിവസങ്ങളിലും വായനശാലയില്‍ പത്രം എത്തുക. പി വി അപ്പക്കുട്ടിക്കായിരുന്നു വിതരണച്ചുമതല. 1952ല്‍ കണ്ണൂരില്‍ കെ പി ഗോപാലന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായതും പാര്‍വതിയമ്മ ഓര്‍മിച്ചെടുക്കുന്നു. സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും മുന്നിട്ടിറങ്ങി. സുശീലാ ഗോപാലന്‍, എന്‍ കെ നന്ദിനി, ടി ദേവി എന്നിവരോടൊപ്പമൊക്കെ പ്രവര്‍ത്തിച്ച അവര്‍ മഹിളാസംഘം ആദ്യകാല ഭാരവാഹിയുമായിരുന്നു.
(ടി വി പത്മനാഭന്‍)
ദേശാഭിമാനി 250311
വലതു കണ്ണിനു കാഴ്ച തീരെയില്ല. ഇടതുകണ്ണും മങ്ങിത്തുടങ്ങി. 86-ാം വയസിലും പാര്‍വതിയമ്മ അതിരാവിലെ കാത്തിരിക്കുന്നത് ദേശാഭിമാനി പത്രം. വാര്‍ത്തകള്‍ക്കൊപ്പം രാഷ്ട്രീയ ലേഖനങ്ങളും വായിച്ചുതീര്‍ത്തേ വിശ്രമിക്കൂ. ചെറുതാഴത്തെ പാര്‍ടി സെല്ലിന്റെ ആദ്യ സെക്രട്ടറിയായിരുന്ന പാറമ്മല്‍ കൃഷ്ണന്‍ വൈദ്യരുടെ ഭാര്യ പാര്‍വതിയമ്മക്ക് ദേശാഭിമാനിയുമായുള്ള ബന്ധം പതിറ്റാണ്ടുകളുടേത്.
ReplyDelete