Friday, March 25, 2011

ഇന്ത്യന്‍ ഭരണം യുഎസ് പാവകളിയോ?

ഡോ. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തുവച്ചുകൊണ്ട് സോണിയ ഗാന്ധി നടത്തുന്ന യുപിഎ ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിനുവേണ്ടിയുള്ള പാവകളിയാണോ എന്നു സംശയിക്കാന്‍ വഴിവയ്ക്കുന്ന വിവരങ്ങളാണ് വിക്കിലീക്സ് രേഖകളിലൂടെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അമേരിക്ക ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍തന്നെ നഗ്നമായി കൈകടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുപിഎ സര്‍ക്കാര്‍ ഓരോ കാര്യവും ചെയ്യുന്നത് അമേരിക്കയെ ബോധ്യപ്പെടുത്തിക്കൊണ്ടും അവരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചുകൊണ്ടുമാണെന്നുവേണം കരുതാന്‍.

രണ്ടായിരത്തിയെട്ടില്‍, ആണവകരാര്‍ പ്രശ്നം മുന്‍നിര്‍ത്തി ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വിശ്വാസവോട്ടുനേടിയത് കോടികള്‍ കോഴകൊടുത്ത് എംപിമാരെ കാലുമാറ്റിക്കൊണ്ടായിരുന്നുവെന്നത് ജനാധിപത്യവിശ്വാസികളെയാകെ ഞെട്ടിച്ച കാര്യമാണ്. ഇതേപോലെയോ, ഇതിലും കവിഞ്ഞ രീതിയിലോ ഞെട്ടിക്കുന്ന കാര്യമാണ് അമേരിക്കന്‍ എംബസിയില്‍നിന്നുള്ള ഉന്നതഉദ്യോഗസ്ഥന്മാരുടെ കാര്‍മികത്വത്തിലാണ് കോടികള്‍ സംഭരിച്ചതും വിതരണം ചെയ്തതുമെന്ന കാര്യം. 50-60 കോടി രൂപയുടെ നോട്ടുപെട്ടികള്‍ അമേരിക്കന്‍ എംബസിയില്‍നിന്നുള്ള ഉദ്യോഗസ്ഥനെ വിളിച്ചുകാണിച്ച്, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് ബോധ്യപ്പെടുത്തേണ്ട കാര്യമെന്താണ്? അമേരിക്കയുടെ കല്‍പ്പനപ്രകാരമാണ് അതൊക്കെ ചെയ്തതെങ്കിലേ അത്തരമൊരു ബോധ്യപ്പെടുത്തലിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ. ആണവകരാര്‍ അപകടത്തിലാവാതെ നോക്കുകയെന്നത് അമേരിക്കയുടെ താല്‍പ്പര്യമായിരുന്നു. ആ കരാര്‍ നടപ്പാകണമെങ്കില്‍, യുപിഎ സര്‍ക്കാര്‍ നിലനില്‍ക്കണമായിരുന്നു. സഭാതലത്തിലെ ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ ആ സര്‍ക്കാര്‍ പുറത്തുപോകാതിരിക്കാന്‍ അമേരിക്ക പലവിധത്തില്‍ ഇടപെട്ടുവെന്നാണ് ഇത് കാണിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി നിരുപംസെന്‍ അമേരിക്കയോട് താല്‍പ്പര്യമുള്ള വ്യക്തിയല്ല. ആ കാരണംകൊണ്ടുതന്നെ, നിരുപം സെന്നിനെ മറികടക്കാനുള്ള അധികാരങ്ങളോടെ അജയ് മല്‍ഹോത്ര എന്നൊരാളെ അവിടെ ഡല്‍ഹി വാഴിച്ചുവെന്ന് വിക്കിലീക്സിലൂടെ വെളിപ്പെട്ടിരിക്കുന്നു. അജയ് മല്‍ഹോത്ര അമേരിക്കാനുകൂലിയാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ളതാണ് തന്റെ നിയമനമെന്ന് അയാള്‍തന്നെ പറഞ്ഞതായാണ് ഇപ്പോള്‍ അറിയുന്നത്.

2005ല്‍ ശ്യാംസര വിദേശസെക്രട്ടറിയായിരിക്കെ യുഎസ് അംബാസഡര്‍ ഡേവിഡ് മുള്‍ഫോഡ് ചെലുത്തിയ സമ്മര്‍ദമാണ് ഇറാന്‍ ആണവ പ്രശ്നത്തില്‍ ഇന്ത്യയുടെ നിലപാടുമാറ്റത്തിന് തുടക്കംകുറിച്ചതെന്ന് തെളിഞ്ഞിരിക്കുന്നു, ഇപ്പോള്‍. 2005 സെപ്തംബര്‍ 13ന് ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെ കണ്ടു. ആ കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ക്കുമുമ്പാണ് ഡേവിഡ് മുള്‍ഫോഡ് കോണ്ടലീസാ റൈസിന് ഒരു സന്ദേശമയക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യോഗത്തിലെ വോട്ടിങ് കാര്യത്തില്‍ ഇന്ത്യ വഴങ്ങുന്നില്ലെന്നും, പ്രസിഡന്റ്-പ്രധാനമന്ത്രി കൂടിക്കാഴ്ചാവേളയില്‍ ഇറാനെതിരെ വോട്ടുചെയ്യും എന്ന ഉറപ്പ് ഇന്ത്യയില്‍നിന്ന് വാങ്ങിക്കൊള്ളണമെന്നുമായിരുന്നു ആ കേബിള്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കൃത്യമായും ആ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ നിലപാട് മാറി. ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യോഗത്തില്‍ ഇന്ത്യ ഇറാനെതിരെ വോട്ടുചെയ്തു. വോട്ടിങ്ങിന് പതിനാലുദിവസം മുമ്പുപോലും ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സംസാരിച്ചയാളാണ് വിദേശസെക്രട്ടറിയായിരുന്ന ശ്യാംസര. അമേരിക്ക പ്രത്യക്ഷത്തില്‍ ഇടപെട്ടാണ് ഇന്ത്യയെക്കൊണ്ട് നിലപാടുമാറ്റിച്ചത് എന്നത് വ്യക്തം. ഇറാനെതിരായ ഏത് നടപടിയും ഇന്ത്യയുടെ താല്‍പ്പര്യത്തിലല്ല എന്ന് പരസ്യമായി പറഞ്ഞ വിദേശസെക്രട്ടറിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ എങ്ങനെ മാറ്റംവന്നു? ന്യൂയോര്‍ക്കില്‍വച്ച് പ്രസിഡന്റ് ബുഷ് മന്‍മോഹന്‍സിങ്ങിന്റെമേല്‍ നടത്തിയ സമ്മര്‍ദംകൊണ്ടുമാത്രമാണിതെന്നത് വിക്കിലീക്സ് രേഖകളില്‍നിന്ന് മനസിലാക്കാന്‍ വിഷമമില്ല.

പാകിസ്ഥാനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യക്കാവശ്യമുള്ള ഒരു രേഖയും അമേരിക്ക കൈമാറിയില്ല. '99ല്‍ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുവരികയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിരവധി തെളിവുരേഖകള്‍ അമേരിക്കയ്ക്കു കിട്ടി. അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യ ആ രേഖകള്‍ ചോദിച്ചു. തരില്ല എന്നായിരുന്നു അമേരിക്കയുടെ ഉത്തരം. ആ വിമാനറാഞ്ചലിനെത്തുടര്‍ന്ന് മൂന്ന് ഭീകരന്മാരെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു. പിന്നീട് ജയ്ഷെ മുഹമ്മദ് രൂപീകരിച്ചവരടക്കമുള്ള ഭീകരരെ. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തന നിവാരണ പരിപാടികള്‍ക്ക് സഹായകമായ രേഖകളാണ് ഇന്ത്യ ചോദിച്ചത്. അത് പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്നവയുമായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്ക അത് ഇന്ത്യക്ക് നിഷേധിച്ചു. മുംബൈ കൂട്ടക്കൊലയുടെ സൂത്രധാരനും ലഷ്കര്‍ ഇ തോയ്ബയുടെയും സിഐഎയുടെയും ഇരട്ടച്ചാരനുമായ ഡേവിഡ് ഹെഡ്ലിയെ വിട്ടുതരാനാവില്ല എന്ന അമേരിക്കയുടെ നിലപാടുമായി ഇതിനെ ചേര്‍ത്തുവച്ചു വായിക്കണം.

ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി തകര്‍ന്നതുമുതല്‍, പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യയെക്കൊണ്ട് സാമ്രാജ്യത്വവിരുദ്ധനയം ഉപേക്ഷിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ അമേരിക്കയുടെ നേരിട്ടുള്ള കൈകടത്തലുകളാണ് നടന്നിട്ടുള്ളത്. ഇന്ത്യയില്‍ ആര് മന്ത്രിയാവണം, ആര് മന്ത്രിയാവേണ്ടതില്ല എന്നുവരെ അമേരിക്ക നിശ്ചയിക്കുന്നുവെന്നതാണ് ഇന്ന് സ്ഥിതി. 2006ലെ മന്ത്രിസഭാ അഴിച്ചുപണിയില്‍ പെട്രോളിയം വകുപ്പില്‍നിന്ന് മണിശങ്കരഅയ്യരെ നീക്കുകയും മുരളിദേവ്റയെ ആ വകുപ്പില്‍ അവരോധിക്കുകയും ചെയ്തതുപോലും യുഎസ് താല്‍പ്പര്യത്തിലായിരുന്നുവെന്ന് വന്നിരിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന സ്ഥാനത്തുനിന്ന് എം കെ നാരായണന്‍ മാറുന്നതിനുപിന്നിലുള്ള അദൃശ്യകരങ്ങള്‍ ഇപ്പോള്‍ വിക്കിലീക്സ് രേഖയിലൂടെ വ്യക്തമാവുന്നു. ഇന്ത്യയില്‍ ബഹുമാനിക്കാനും ആശ്രയിക്കാനും കൊള്ളാവുന്ന രാഷ്ട്രീയനേതാവ് മന്‍മോഹന്‍സിങ്ങാണെന്ന് വിദേശപ്രമുഖരെ ഉദ്ധരിച്ചുകൊണ്ടെന്നവണ്ണം അമേരിക്ക വിലയിരുത്തിയ കാര്യം വിക്കിലീക്സ് രേഖയിലൂടെ പുറത്തുവരുന്നു. യുപിഎയുടെ ആദ്യസര്‍ക്കാരിന്റെ അവസാനനാളുകളില്‍ ഇന്ത്യാസര്‍ക്കാരിനെക്കൊണ്ട് അമേരിക്കാവിരുദ്ധ നിലപാട് എടുപ്പിക്കാന്‍ സിപിഐ എം നേതാവ് പ്രകാശ്കാരാട്ട് സമ്മര്‍ദംചെലുത്തിയതായി അമേരിക്ക വിമര്‍ശിച്ചത് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിരിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്ക് ആശ്രയിക്കാനും വിശ്വസിക്കാനും കൊള്ളാവുന്നതാരെയാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട് മന്‍മോഹന്‍സിങ്ങിനെയും പ്രകാശ്കാരാട്ടിനെയുംകുറിച്ചുള്ള ഈ വിലയിരുത്തലുകള്‍.

കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് മണിപ്പുരിനെ ഇന്ത്യയുടെ 'കോളനി' എന്നു വിശേഷിപ്പിച്ച് സന്ദേശമയച്ചിരിക്കുന്നു. തൃണമൂലിന്റെ മുതല്‍ മാവോയിസ്റ് സംഘടനയുടെവരെ നേതാക്കളെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കൊല്‍ക്കത്ത കോസുലേറ്റില്‍ വിളിച്ചുവരുത്തി ചര്‍ച്ചചെയ്യുന്നു. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനങ്ങളില്ലാത്ത സംവിധാനം സ്ഥിരമായുണ്ടാക്കാന്‍ സഹകരിക്കണമെന്ന് ചെറുകക്ഷികളെ ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ വിളിച്ചുവരുത്തി അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ ആവശ്യപ്പെടുന്നു.

ഇങ്ങനെ ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് അമേരിക്ക നടത്തുന്ന കൈകടത്തലുകള്‍ ഭയാനകമാംവിധം കൂടിവരികയാണ്. വിനീതവിധേയന്റെ മട്ടിലുള്ള മന്‍മോഹന്‍സിങ്ങിന്റെ പെരുമാറ്റമാവട്ടെ, ആശങ്കകള്‍ പിന്നെയും വര്‍ധിപ്പിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 250311

2 comments:

  1. ഡോ. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തുവച്ചുകൊണ്ട് സോണിയ ഗാന്ധി നടത്തുന്ന യുപിഎ ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിനുവേണ്ടിയുള്ള പാവകളിയാണോ എന്നു സംശയിക്കാന്‍ വഴിവയ്ക്കുന്ന വിവരങ്ങളാണ് വിക്കിലീക്സ് രേഖകളിലൂടെ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അമേരിക്ക ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ പ്രത്യക്ഷത്തില്‍തന്നെ നഗ്നമായി കൈകടത്തുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യുപിഎ സര്‍ക്കാര്‍ ഓരോ കാര്യവും ചെയ്യുന്നത് അമേരിക്കയെ ബോധ്യപ്പെടുത്തിക്കൊണ്ടും അവരില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിച്ചുകൊണ്ടുമാണെന്നുവേണം കരുതാന്‍.

    ReplyDelete
  2. വല്ല ക്യൂബയോ, നോര്‍ത്ത് കൊറിയയോ ആയിരുന്നേല്‍ സഖാക്കളുടെ സമ്മതം കിട്ടിയേനേ!

    ReplyDelete