Wednesday, March 9, 2011

കുംഭകോണങ്ങളുടെ മഹാമേളയായ യു പി എ ഭരണം

തലയുയര്‍ത്തി നടക്കാനാവാത്തവിധം കുംഭകോണങ്ങളിലും അഴിമതിയിലും ആണ്ടുകഴിഞ്ഞിരിക്കുകയാണ് യു പി എ സര്‍ക്കാര്‍. രാജ്യത്തിന്റെ സമ്പത്ത് ശതകോടീശ്വരന്‍മാരായ കോര്‍പ്പറേറ്റുകളും വന്‍വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഏതാനും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ്. അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവ നേരിടുന്നതിനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനില്ല. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും പട്ടിക കൈയിലുണ്ടായിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പ്രധാനമന്ത്രി. രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട ബിസിനസ് ലോബികളുടെയും കോര്‍പ്പറേറ്റുകളുടെയും ഇഷ്ടക്കാരനാണ് മുന്‍ലോകബാങ്ക് ഉദ്യോഗസ്ഥനായ ഇന്ത്യന്‍ പ്രധാനമന്ത്രി.

ഭരണവര്‍ഗത്തിന്റെ വിശ്വാസ്യത ഇത്രയധികം നഷ്ടപ്പെട്ട ഒരുകാലം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ജനാധിപത്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും സ്ഥാപനങ്ങളെയും അഴിമതിയില്‍ മുക്കിക്കൊല്ലുകയാണ്. കുംഭകോണങ്ങളുടെ മഹാമേളയാണ് യു പി എ ഭരണത്തില്‍ നടക്കുന്നത്. ബൂര്‍ഷ്വാഭരണത്തിന്റെ പ്രതിസന്ധിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

2 ജി സ്‌പെക്ട്രം, ഐ എസ് ആര്‍ ഒ, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് വിവാദം എന്നിങ്ങനെ ഇരച്ചുകയറിയ അഴിമതിയുടെയും കുംഭകോണങ്ങളുടെയും നീണ്ടനിരയാണ് നമുക്ക് കാണാന്‍ കഴിയുക. അഴിമതിയുടെ ഈ മലവെള്ളപ്പാച്ചലിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. കോര്‍പ്പറേറ്റ് താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഭരണം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയാണ്. കുംഭകോണങ്ങളുടെ പേരിലാണ് യു പി എ ഭരണം ഇന്നറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വലുതാണ് 2 ജി സ്‌പെക്ട്രം അഴിമതി. ശക്തമായ പ്രക്ഷോഭണത്തിന് ശേഷമാണ് ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി (ജെ പി സി) രൂപീകരിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രക്ഷോഭമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റു ഇടതുപക്ഷ പ്രസ്ഥാനങ്ങളും സംഘടിപ്പിച്ചത്. ജെ പി സി ഇല്ല എന്ന ധിക്കാരപരമായ നിലപാട് സ്വീകരിച്ച് തീവെട്ടിക്കൊള്ള നടത്തിയവരെ സംരക്ഷിക്കുന്നതിനുള്ള നിര്‍ലജ്ജമായ നിലപാടാണ് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. അവസാനം ജെ പി സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 1,77,000 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. സി ബി ഐ ടെലികോം മന്ത്രിയായ രാജയെ അറസ്റ്റ് ചെയ്തു, ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. താമസിയാതെ കരുണാനിധിയുടെ മകള്‍ കനിമൊഴിയും അറസ്റ്റിലാകും എന്നാണ് വാര്‍ത്തകള്‍.

കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതിലും അവരുടെ വകുപ്പുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിലും കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ പങ്ക് ഇതിനകം പുറത്ത് വന്നിട്ടുണ്ട്. രാജയ്ക്ക് ടെലികോം വകുപ്പ് തന്നെ ലഭിച്ചത് അങ്ങനെയാണ്. ഇതിലൂടെ ടെലികോം മേഖലയുടെ വമ്പിച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്തി കോടാനുകോടികള്‍ സമ്പാദിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ലഭിച്ചു. പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നാണ് രാജയുടെ നിലപാട്. ഈ വമ്പന്‍ അഴിമതി പ്രധാനമന്ത്രി അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല എന്ന ആരോപണമാണ് ഉയര്‍ന്നുവരുന്നത്. 'സ്‌പെക്ട്രം ഇടപാടില്‍ 1.76 കോടി രൂപ നഷ്ടമായെന്ന് പറയുന്നവര്‍ വളത്തിനും ഭക്ഷ്യസബ്‌സിഡിക്കും ചെലവാകുന്ന സംഖ്യയും നഷ്ടപ്പെട്ടു എന്നു പറയുമോ' എന്ന ചോദ്യം ഉന്നയിച്ച് അഴിമതിയെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

തൊട്ടുപിന്നാലെ ഉയര്‍ന്നുവന്ന എസ് ബാന്റ് ഇടപാടില്‍ രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായാണ് സി എ ജി കണ്ടെത്തിയത്. ഐ എസ് ആര്‍ ഒ വാണിജ്യ വിഭാഗമായ ആന്‍ട്രിക് കോര്‍പ്പറേഷനാണ് വിവാദമായ ഈ കരാര്‍ ഉണ്ടാക്കിയത്. പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്ന ബഹിരാകാശ വകുപ്പിന്റെ കീഴിലാണ് ഐ എസ് ആര്‍ ഒ. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ച മുന്‍ ഉദ്യോഗസ്ഥരും വിദേശ നിക്ഷേപകരും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ ദേവദാസ മള്‍ട്ടി മീഡിയയ്ക്ക് കുറഞ്ഞ വിലയ്ക്കാണ് സ്‌പെക്ട്രം നല്‍കിയത്. വിവാദങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് എസ് ബാന്റ് ഇടപാട് റദ്ദ് ചെയ്തു.

നാടിന് വേണ്ടി ജീവന്‍കൊടുത്ത സൈനികരുടെ കുടുംബങ്ങളെ സംരക്ഷിക്കാനാണ് ആദര്‍ശ് ഫ്‌ളാറ്റ് സമുച്ചയം പണിതുയര്‍ത്തിയത്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും അനധികൃതമായി ഫ്‌ളാറ്റുകള്‍ കൈക്കലാക്കുകയും വിറ്റഴിക്കുകയും ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചു. ദില്ലി മുഖ്യമന്ത്രി ഷീലാദീക്ഷിത് അഴിമതിയില്‍ പങ്കാളിയാണെന്ന വാര്‍ത്ത പുറത്തുവന്നു. കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖും സുശീല്‍ കുമാര്‍ ഷിന്‍ഡെയും ഈ കുംഭകോണത്തില്‍ പങ്കാളികളാണെന്ന് വ്യക്തമായിട്ടും കേന്ദ്രമന്ത്രിസഭയില്‍ സുരക്ഷിതരായി കഴിയുന്നു. ഉന്നതരായ സൈനിക മേധാവികള്‍ക്കും പങ്കുള്ള ഈ അഴിമതിയില്‍ 10,000 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. ബോംബെ ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചപ്പോഴാണ് സി ബി ഐ മനസ്സില്ലാ മനസ്സോടെ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ബൊഫോഴ്‌സ് കേസിലെന്നപോലെ ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണത്തിലും സി ബി ഐ കോണ്‍ഗ്രസ് ഭരണത്തിന്റെ ചട്ടുകമായി.

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പില്‍ 75,000 കോടി രൂപയുടെ വെട്ടിപ്പ്. സംഘാടക സമിതി അംഗങ്ങളും കല്‍മാഡിയുടെ അനുയായികളുമായിരുന്നു ലളിത് ഭനോട്ടിനേയും വി കെ വര്‍മയേയും സി ബി ഐ അറസ്റ്റ് ചെയ്തു. കല്‍മാഡിയെ ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണറിവ്. ഗ്രാമവികസന മന്ത്രി ജയ്പാല്‍ റെഡ്ഢിയേയും ഷീലാ ദീക്ഷിതിനേയും സ്‌പോര്‍ട്‌സ് മന്ത്രി എം എസ് ഗില്ലിനെയും ചോദ്യം ചെയ്യണമെന്ന് സി ബി ഐയോട് സുരേഷ് കല്‍മാഡി ആവശ്യപ്പെട്ടു. ഇവര്‍ കൂട്ടുപ്രതികളാണെന്നര്‍ഥം. 35,000 കോടി രൂപയുടെ വ്യാജമുദ്രപത്ര ഇടപാട് നടത്തിയ മുഖ്യപ്രതി അബ്ദുള്‍കരീം തേല്‍ഗിയെ സംരക്ഷിച്ചതും കോണ്‍ഗ്രസ് പാര്‍ട്ടിതന്നെ. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമാണ് തോള്‍ഗി അറസ്റ്റ് ചെയ്യപ്പെട്ടത്. 18 സംസ്ഥാനങ്ങളില്‍ പരന്ന് കിടന്ന ഈ കുംഭകോണം നടത്തിയ പ്രതി ജയിലിലായതിന് ശേഷവും വ്യാജമുദ്രപത്ര ഇടപാട് നടക്കുകയുണ്ടായി. കോണ്‍ഗ്രസ് ഭരണാധികളുടെ സമീപനമാണ് ഇതിന് വഴിയൊരുക്കിയതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.

ഇന്ത്യന്‍ കമ്പനികളുടെ വിശ്വാസ്യത തകര്‍ന്ന സത്യം കമ്പ്യൂട്ടര്‍ കുംഭകോണം നമ്മുടെ സമ്പദ്ഘടനയെ നടുക്കി. 66 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ടായിരുന്ന കമ്പനിയാണ് സത്യം കമ്പ്യൂട്ടേഴ്‌സ്. ഒരു ലക്ഷത്തോളം എന്‍ജിനീയര്‍മാര്‍ ജോലി ചെയ്ത സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് മലയാളികളും ഉണ്ടായിരുന്നു. കണക്കില്‍ കൃത്രിമം നടത്തി 10,000 കോടിയുടെ വെട്ടിപ്പാണ് നടന്നത്. ഓഹരി വിപണിയെ നിയന്ത്രിക്കുന്ന 'സെബി' കണ്ണടച്ചു. കമ്പനികാര്യ വകുപ്പ് ഫലപ്രദമായി ഇടപെട്ടുമില്ല. നിയന്ത്രണ സംവിധാനങ്ങള്‍ ശക്തമാക്കാതെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വഴിവിട്ട് സഞ്ചരിക്കാനും കോടാനുകോടികള്‍ വെട്ടിപ്പ് നടത്താനും ഇടയാക്കിയത് സര്‍ക്കാരിന്റെ നിസംഗതയമാണ്.

വിശ്വപൗരപട്ടം നല്‍കി ശശിതരൂരിനെ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കുകയും മന്ത്രിയാക്കുകയും ചെയ്തത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അധിക ബാധ്യതയായിരുന്നു. ഐ പി എല്‍ അഴിമതിയുമായി ബന്ധപ്പെട്ടാണ് ശശിതരൂരിന്റെ മന്ത്രിസ്ഥാനം തെറിച്ചത്. വിമാനത്തിലെ ഇക്കണോമി ക്ലാസിന് കന്നുകാലി ക്ലാസെന്ന വിശേഷണം നല്‍കിയ മന്ത്രിയായതിന് ശേഷവും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസവും, ഗാന്ധി ജയന്തിക്ക് അവധി നല്‍കേണ്ടതില്ലെന്ന പ്രസ്താവനയും വഴി തരൂര്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയപ്പോഴും മന്‍മോഹന്‍സിംഗിന്റെയും സോണിയയുടെയും സംരക്ഷണത്തിലായിരുന്നു. കൊച്ചി ടീമിന്റെ 19 ശതമാനം ഓഹരി ശശിതരൂരിന്റെ ഇപ്പോഴത്തെ ഭാര്യ സുനന്ദയുടെ പേരിലാണെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഐ പി എല്‍ വിവാദം കൊഴുക്കുന്നത്. ശശി തരൂരുമായുള്ള ബന്ധമാണ് സുനന്ദയ്ക്ക് വഴിവിട്ട് ഓഹരി ലഭിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ അന്തര്‍ദേശീയതലത്തില്‍ തനിക്ക് ബിസിനസിലുള്ള വൈദഗ്ദ്യം കൊച്ചി ടീമിന് നല്‍കിയെന്നും വിയര്‍പ്പിന്റെ വിലയാണ് തനിക്ക് ലഭിച്ചതെന്നും സുനന്ദ പ്രസ്താവിച്ചു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വന്‍കിടക്കാരും, ബൂര്‍ഷ്വാ രാഷ്ട്രീയത്തിലെ ചിലരും കോടികള്‍ കൊണ്ട് ചൂതാട്ടം നടത്തുന്ന മേഖലയാണ് ഐ പി എല്‍. കേന്ദ്രമന്ത്രി ശരത്പവാറിനും പ്രഫുല്‍പട്ടേലിനും ഐ പി എല്‍ ഇടപാടില്‍ ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നുവന്നു. അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ളവര്‍ ഭരണത്തിന്റെ തണലില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്.

ആദ്യത്തെ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് മാനിഫെസ്റ്റോ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷത്തിനകം ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോയ കള്ളപ്പണം 6,92,328 കോടി രൂപയാണത്രെ! നിക്ഷേപത്തിനും മുതല്‍മുടക്കിനും നികുതിയില്ല. വിവരം രഹസ്യമാക്കിവെയ്ക്കും. ഇതാണ് കള്ളപ്പണക്കാരെ ഈ രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. നികുതി വെട്ടിപ്പിന്റെ മാത്രം പ്രശ്മല്ലിത്, ഒരു സമാന്തര സമ്പദ്ഘടന സൃഷ്ടിച്ച് രാജ്യദ്രോഹമാണ് ഇവര്‍ ചെയ്യുന്നത്.

വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം രാജ്യത്തെ കൊള്ളയടിച്ച് ഉണ്ടാക്കിയതാണെന്ന് സുപ്രിംകോടതി ഈയിടെ അഭിപ്രായപ്പെടുകയുണ്ടായി. കള്ളപ്പണം പിടിച്ചെടുത്ത് ഖജനാവിലേക്ക് മുതല്‍കൂട്ടുകയാണ് വേണ്ടതെന്നാണ് സി പി ഐ നിലപാട്. പിഴ ചുമത്തി കള്ളപ്പണത്തിന് നിയമസാധുത നല്‍കണമെന്നും കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്നുമാണ് ബി ജെ പി ആവശ്യപ്പെട്ടത്. കള്ളപ്പണ നിക്ഷേപത്തിന് സുരക്ഷിതസ്ഥാനം തേടിയവരുടെ പേര് വെളിപ്പെടുത്തണമെന്ന് സുപ്രിംകോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രിക്ക് കള്ളപ്പണക്കാരെ കൈകാര്യം ചെയ്യാനാവുന്നില്ല. കള്ളപ്പണക്കാരെ രക്ഷിക്കുന്നതിനുളള വഴി തേടുകയാണവര്‍.

നികുതിവെട്ടിപ്പ് നടത്തിയ മഹാരാഷ്ട്രക്കാരന്‍ ഹസന്‍ അലിഖാനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി. ഖാനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതില്‍ നിന്ന് അന്വേഷണ ഏജന്‍സികളെ തടയുന്നതെന്തിനെന്ന്? കോടതി ചോദിച്ചു. കേസ് അന്വേഷിക്കുന്ന മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി കോടതി സ്റ്റേ ചെയ്തു. 'നിയമവിരുദ്ധമായി കൂട്ടം കൂടിയെന്ന് പറഞ്ഞ് നിങ്ങള്‍ ജനങ്ങളെ വെടിവെയ്ക്കുന്നു; കള്ളപ്പണക്കാര്‍ക്കെതിരെ എല്ലാ തെളിവുകളുണ്ടായിട്ടും അവര്‍ക്കെതിരെ നടപടിയില്ല. അവര്‍ നിര്‍ഭയരായി നടക്കുന്നു'. കോടതി രോഷം പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹസന്‍ അലിഖാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നാടകമല്ലന്നെല്ലാതെ എന്തു പറയാന്‍- കള്ളപ്പണക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്.

കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പി ജെ തോമസിന്റെ നിയമനം സുപ്രിം കോടതി അസാധുവാക്കി. തോമസിന് അഴിമതിയുടെ പശ്ചാത്തലമുണ്ട് എന്നാണ് കോടതി നിലപാട്. കേരളത്തിലെ പാമോലിന്‍ കേസിന്റെ പ്രതിപട്ടികയിലുള്ള ഇദ്ദേഹം 2 ജി സ്‌പെക്ട്രം ഇടപാട് നടക്കുന്ന സമയത്ത് ടെലികോം സെക്രട്ടറിയായിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വകവയ്ക്കാതെ മന്‍മോഹന്‍സിംഗും ചിദംബരവും വിജിലന്‍സ് കമ്മിഷണറായി തോമസിനെ നിയമിച്ചു. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടമായത്.

കോണ്‍ഗ്രസ് ഐയും ബി ജെ പിയും അധികാരത്തിലുള്ളപ്പോള്‍ കോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. 2 ജി സ്‌പെക്ട്രം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ബി ജെ പി 1 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് മിണ്ടുന്നില്ല. പ്രമോദ് മഹാജനും അരുണ്‍ഷൂറിയും ബന്ധപ്പെട്ട കേസാണിത്. ബി ജെ പി കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ ഭൂമി കുംഭകോണത്തിലെ മുഖ്യപ്രതിയാണ്. ചില ഭീകരാക്രമണങ്ങളില്‍ തെളിയിക്കപ്പെട്ട ഹിന്ദു തീവ്രവാദവും ബി ജെ പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നു. ജയിലില്‍ കഴിയുന്ന ഹിന്ദു വര്‍ഗീയവാദി സ്വാമിനി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കൊലപാതകങ്ങളുടെയും തിവെയ്പ്പുകളുടെയും ആക്രമണങ്ങളുടെയും പരമ്പരയാണ് വെളിവാക്കുന്നത്. ബി ജെ പിയുടെ തീവ്രവാദ ബന്ധമാണ് ഇതിലൂടെ പുറത്തായത്.

വന്‍ അഴിമതികളും കുംഭകോണങ്ങളും യു പി എ സര്‍ക്കാരിന്റെ ഭരണത്തിന്റെ സംസ്‌കാരമായി മാറിയിരിക്കുന്നു. രാജ്യത്തിനും ജനാധിപത്യത്തിനും ആപത്താണ് മന്‍മോഹന്‍സിംഗ് ഭരണം. ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. രാജ്യത്തെ വഞ്ചിക്കുന്ന ഇക്കൂട്ടരെ തുരത്താന്‍ രാജ്യസ്‌നേഹികള്‍ രംഗത്തിറങ്ങണം.

സി എന്‍ ചന്ദ്രന്‍ ജനയുഗം 090311

1 comment:

  1. തലയുയര്‍ത്തി നടക്കാനാവാത്തവിധം കുംഭകോണങ്ങളിലും അഴിമതിയിലും ആണ്ടുകഴിഞ്ഞിരിക്കുകയാണ് യു പി എ സര്‍ക്കാര്‍. രാജ്യത്തിന്റെ സമ്പത്ത് ശതകോടീശ്വരന്‍മാരായ കോര്‍പ്പറേറ്റുകളും വന്‍വ്യവസായികളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഏതാനും രാഷ്ട്രീയക്കാരും കൊള്ളയടിക്കുകയാണ്. അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവ നേരിടുന്നതിനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനില്ല. അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും പട്ടിക കൈയിലുണ്ടായിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പ്രധാനമന്ത്രി. രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട ബിസിനസ് ലോബികളുടെയും കോര്‍പ്പറേറ്റുകളുടെയും ഇഷ്ടക്കാരനാണ് മുന്‍ലോകബാങ്ക് ഉദ്യോഗസ്ഥനായ ഇന്ത്യന്‍ പ്രധാനമന്ത്രി.

    ReplyDelete