Monday, March 7, 2011

കുറ്റിച്ചൂല്‍ രാഷ്ട്രീയം

ചൂലും വടവൃക്ഷവും പിന്നെ യുഡിഎഫും

കുറ്റിച്ചൂല്‍ പ്രയോഗത്തിന് രാഷ്ട്രീയ പദാവലിയില്‍ ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് തറവാട്ടിലെ കുഞ്ഞുങ്ങള്‍ ഈര്‍ക്കിലും ചൂലുമായി രംഗത്തെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ സീറ്റെല്ലാം കടല്‍ക്കിഴവന്മാര്‍ കൈയടക്കിവയ്ക്കുകയാണ്. എത്രയോ കാലമായി യൂത്ത്കാരും കെഎസ്യുവും ഇതിനെതിരെ കോലാഹലമുണ്ടാക്കുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഹൈക്കമാന്‍ഡിന് കത്തും കമ്പിയുമയക്കും. ആരു കേള്‍ക്കാന്‍. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പുതിയ മുഖമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന പലര്‍ക്കും ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു. ഇത്തവണ എങ്ങനെയെങ്കിലും സീറ്റ് തരപ്പെടുത്താന്‍ പെടാപ്പാടുപെടുമ്പോഴാണ് ലീഗും മാണിയുമെല്ലാം കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടിത്തവുമായി വരുന്നത്. ക്ഷമകെട്ടാല്‍ കെഎസ്യുവും പ്രതികരിച്ചു പോകും. അങ്ങനെയാണ് കോഴിക്കോട്ടെ കെഎസ്യു സമ്മേളനത്തില്‍ കാവ്യഭംഗിയൊത്ത കിടിലന്‍ പ്രമേയം വന്നത്.

'ഈര്‍ക്കിലുകള്‍ കൂട്ടിച്ചേര്‍ത്താല്‍ ഒരിക്കലും വടവൃക്ഷമാകില്ല. അതിനെ ചൂല് എന്നേ പറയൂ.'

യുഡിഎഫ് ഘടകകക്ഷികളെപ്പറ്റി ഇത്ര മനോജ്ഞമായ പരികല്‍പ്പന ഹാസസാഹിത്യകാരന്മാര്‍ക്കു പോലും സാധിച്ചിട്ടില്ല. മധ്യതിരുവിതാംകൂറിന്റെ മഹാരാജാക്കളായ കേരള കോണ്‍ഗ്രസുകളും മലബാര്‍ മുസ്ളിങ്ങളുടെ കുത്തകയുണ്ടെന്ന് ഞെളിയുന്ന ലീഗ് പാദുഷമാരും മുതല്‍ എം വി രാഘവനെയും ഗൌരിയമ്മയെയുമെല്ലാം ഈര്‍ക്കിലും ചൂലുമായി കെഎസ്യു പ്രമേയം ബിംബവല്‍ക്കരിച്ചിരിക്കുന്നു. ഈര്‍ക്കിലുകള്‍ കൂട്ടിച്ചേര്‍ത്താല്‍ ചൂല് മാത്രമേ ആകൂ എന്ന് പറയുന്ന കെഎസ്യു ഈ ചൂലുകള്‍ ചേര്‍ത്തുവച്ച യുഡിഎഫിനെ എന്ത് വിളിക്കണമെന്നു മാത്രം പറഞ്ഞില്ല. പക്ഷേ, കോണ്‍ഗ്രസ് എന്ന 'മുത്തശ്ശിവൃക്ഷ'ത്തെ താങ്ങിനിര്‍ത്തുന്നത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ത്തന്നെ ഇത്തരം ചൂലുകളാണെന്നത് ആവേശം തലയ്ക്കുപിടിച്ചപ്പോള്‍ പാവം പയ്യന്‍സുകള്‍ ആലോചിച്ചില്ല. തമിഴ്നാട്ടില്‍നിന്നുള്ള ഒരു ചൂല് മാറി നില്‍ക്കുമെന്ന് വാര്‍ത്ത വന്നതോടെ ഇന്ദ്രപ്രസ്ഥത്തിലെ ഭരണവൃക്ഷത്തിന് ഇളക്കം തട്ടിയെന്ന വാര്‍ത്തയാണ് പിന്നാലെയെത്തിയത്. ഡല്‍ഹിയിലെ പാദുഷമാരെ മണിയടിക്കുകയല്ല, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയാണ് വേണ്ടതെന്ന വി എം സുധീരന്റെ ഉപദേശം ഏതായാലും കടന്നകൈയായിപ്പോയി. അവകാശപ്പോരാട്ടങ്ങളും കോണ്‍ഗ്രസ് പാരമ്പര്യവുമായിട്ടെന്ത് ബന്ധം.

ദേശാഭിമാനി 070311

1 comment:

  1. കുറ്റിച്ചൂല്‍ പ്രയോഗത്തിന് രാഷ്ട്രീയ പദാവലിയില്‍ ഏറെ ചരിത്ര പ്രാധാന്യമുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് തറവാട്ടിലെ കുഞ്ഞുങ്ങള്‍ ഈര്‍ക്കിലും ചൂലുമായി രംഗത്തെത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ടിയുടെ സീറ്റെല്ലാം കടല്‍ക്കിഴവന്മാര്‍ കൈയടക്കിവയ്ക്കുകയാണ്. എത്രയോ കാലമായി യൂത്ത്കാരും കെഎസ്യുവും ഇതിനെതിരെ കോലാഹലമുണ്ടാക്കുന്നു. ഓരോ തെരഞ്ഞെടുപ്പിലും ഹൈക്കമാന്‍ഡിന് കത്തും കമ്പിയുമയക്കും. ആരു കേള്‍ക്കാന്‍. സ്ഥാനാര്‍ഥിപ്പട്ടികയില്‍ പുതിയ മുഖമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന പലര്‍ക്കും ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു. ഇത്തവണ എങ്ങനെയെങ്കിലും സീറ്റ് തരപ്പെടുത്താന്‍ പെടാപ്പാടുപെടുമ്പോഴാണ് ലീഗും മാണിയുമെല്ലാം കൂടുതല്‍ സീറ്റ് വേണമെന്ന കടുംപിടിത്തവുമായി വരുന്നത്. ക്ഷമകെട്ടാല്‍ കെഎസ്യുവും പ്രതികരിച്ചു പോകും. അങ്ങനെയാണ് കോഴിക്കോട്ടെ കെഎസ്യു സമ്മേളനത്തില്‍ കാവ്യഭംഗിയൊത്ത കിടിലന്‍ പ്രമേയം വന്നത്.

    'ഈര്‍ക്കിലുകള്‍ കൂട്ടിച്ചേര്‍ത്താല്‍ ഒരിക്കലും വടവൃക്ഷമാകില്ല. അതിനെ ചൂല് എന്നേ പറയൂ.'

    ReplyDelete