Monday, March 7, 2011

ജനക്ഷേമത്തിന് ഇടതുപക്ഷത്തെ വിജയിപ്പിക്കുക: സിപിഐ എം

ന്യൂഡല്‍ഹി: അഴിമതിരഹിതവും ജനക്ഷേമപരവുമായ ഭരണത്തിന്റെ തുടര്‍ച്ചയ്ക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെയും വിജയിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. കേരളത്തില്‍ യുഡിഎഫിനെയും പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തെയും പരാജയപ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രണ്ടു ദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വിലക്കയറ്റത്തിനും വന്‍ അഴിമതിക്കും ജനങ്ങളുടെ ജീവിതോപാധിക്കെതിരായ കടന്നാക്രമണത്തിനും ഉത്തരവാദികളാണ് കോണ്‍ഗ്രസും അവരുടെ സഖ്യശക്തികളുമെന്ന് കാരാട്ട് പറഞ്ഞു.

കേരളത്തിലെയും ബംഗാളിലെയും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ജനോപകാരപ്രദവും തൊഴിലാളി വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായ പ്രവര്‍ത്തനമാണ് നടത്തിയത്. തമിഴ്നാട്, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നേരിടുന്നതിന് തയാറാക്കിയ അടവുകള്‍ക്ക് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. എഐഎഡിഎംകെയുമായി സീറ്റുചര്‍ച്ച നടന്നുവരികയാണ്. ഉടന്‍ പൂര്‍ത്തിയാകും. ഡിഎംകെ-കോണ്‍ഗ്രസ് ബന്ധം തകര്‍ന്നത് തമിഴ്നാട്ടിലെ രാഷ്ട്രീയ സഖ്യങ്ങളില്‍ മാറ്റം വരുത്തുമെന്ന്പ്രതീക്ഷിക്കുന്നില്ലെന്ന് കാരാട്ട് പറഞ്ഞു. എഐഡിഎംകെ കോണ്‍ഗ്രസുമായി അടുക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ പരിഹരിക്കും. നേരത്തെയും യുപിഎ ഘടകകക്ഷികള്‍ തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ട്. അതില്‍ പുതുമയൊന്നുമില്ല. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തെ പരാജയപ്പെടുത്തുകയെന്നതാണ് തമിഴ്നാട്ടില്‍ സിപിഐ എമ്മിന്റെ നയം. അസമില്‍ സിപിഐ എം 17 സീറ്റില്‍ മത്സരിക്കും. സിപിഐ, സിപിഐ എംഎല്‍ തുടങ്ങിയ ഇടതുപക്ഷ കക്ഷികളുമായി സഖ്യത്തിലാണ് മത്സരം. നിലവില്‍ രണ്ടു സീറ്റ് സിപിഐ എമ്മിനും ഒരു സീറ്റ് സിപിഐക്കുമുണ്ട്.

സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് കേന്ദ്രകമ്മിറ്റിയല്ലെന്നും സംസ്ഥാനഘടകങ്ങളാണെന്നും ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസിലാണ് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നത്. ബംഗാളിലും കേരളത്തിലും സംസ്ഥാനകമ്മിറ്റി വരുംദിവസങ്ങളില്‍ ചേരും. സംസ്ഥാനകമ്മിറ്റി തയ്യാറാക്കുന്ന സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് ചെയ്യുക. ബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയാണ് തെരഞ്ഞെടുപ്പു പോരാട്ടത്തിന് നേതൃത്വം നല്‍കുകയെന്ന് പ്രതീക്ഷിക്കാമെന്ന് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ഉത്തരമായി കാരാട്ട് പറഞ്ഞു. കേരളത്തില്‍ ആരായിരിക്കും മുന്നണിയെ നയിക്കുക എന്ന ചോദ്യത്തിന് സംസ്ഥാനകമ്മിറ്റി തീരുമാനിക്കുമെന്നായിരുന്നു മറുപടി. വി എസ് അച്യുതാനന്ദന്റെ മകനെതിരെ യുഡിഎഫ് ഉന്നയിച്ച അഴിമതി ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോപണങ്ങള്‍ വ്യക്തമായ തെളിവുകള്‍ നിരത്തി ഉന്നയിച്ചാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്ന് കാരാട്ട് മറുപടി നല്‍കി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വിശ്വസനീയമാണെന്ന് തോന്നുന്നില്ല. പാര്‍ടി സംസ്ഥാനസെക്രട്ടറിക്കെതിരെയുള്ള ലാവ്ലിന്‍ കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കോടതിക്ക് മുമ്പിലാണെന്നും ആരോപണം തെറ്റാണെന്ന് തെളിയുമെന്നും കാരാട്ട് പറഞ്ഞു. ഈ കേസില്‍ ജനങ്ങളോടു പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(വി ബി പരമേശ്വരന്‍)

deshabhimani 070311

1 comment:

  1. അഴിമതിരഹിതവും ജനക്ഷേമപരവുമായ ഭരണത്തിന്റെ തുടര്‍ച്ചയ്ക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെയും വിജയിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്തു. കേരളത്തില്‍ യുഡിഎഫിനെയും പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തെയും പരാജയപ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രണ്ടു ദിവസമായി എ കെ ജി ഭവനില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വിലക്കയറ്റത്തിനും വന്‍ അഴിമതിക്കും ജനങ്ങളുടെ ജീവിതോപാധിക്കെതിരായ കടന്നാക്രമണത്തിനും ഉത്തരവാദികളാണ് കോണ്‍ഗ്രസും അവരുടെ സഖ്യശക്തികളുമെന്ന് കാരാട്ട് പറഞ്ഞു.

    ReplyDelete