Monday, March 7, 2011

കൊല്ലം ജില്ലയില്‍ എല്‍ ഡി എഫ് സുശക്തം, യു ഡി എഫ് ആശയക്കുഴപ്പത്തില്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി തൂത്തെറിഞ്ഞ ജില്ലയാണ് കൊല്ലം. അഞ്ച് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒന്ന് പോലും കിട്ടിയില്ല. ഘടകകക്ഷികളായ ജെ എസ് എസ്, സി എം പി, ആര്‍ എസ് പി-ബി, ആര്‍ എസ് പി- ബാബുദിവാകരന്‍, മുസ്‌ലിംലീഗ് എന്നീ കക്ഷികള്‍ ഓരോ സീറ്റ് വീതം മത്സരിച്ചെങ്കിലും അവരെയും ജനങ്ങള്‍ തിരസ്‌കരിച്ചു. കേരളാ കോണ്‍ഗ്രസ് ബിക്ക് ലഭിച്ച രണ്ടില്‍ ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ള പരാജയപ്പെട്ടപ്പോള്‍ പത്തനാപുരത്ത് മകന്‍ ഗണേഷ്‌കുമാര്‍ വിജയിച്ചു.

ആകെയുള്ള 12 സീറ്റില്‍ 11ലും വിജയിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരും മന്ത്രിമാരായി. സി ദിവാകരന്‍(കരുനാഗപ്പള്ളി), പി കെ ഗുരുദാസന്‍(കൊല്ലം), എംഎ ബേബി(കുണ്ടറ), എന്‍ കെ പ്രേമചന്ദ്രന്‍ (ചവറ), മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം) എന്നിവരാണ് മന്ത്രിമാരായത്. സംസ്ഥാന മന്ത്രിസഭയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ജില്ലയും കൊല്ലമാണ്. എന്‍ അനിരുദ്ധന്‍(ചാത്തന്നൂര്‍), കോവൂര്‍ കുഞ്ഞുമോന്‍(കുന്നത്തൂര്‍), കെ രാജു (പുനലൂര്‍), ഐഷാപോറ്റി (കൊട്ടാരക്കര), ബി രാഘവന്‍ (നെടുവത്തൂര്‍), എ എ അസീസ്(ഇരവിപുരം) എന്നിവരാണ് ജയിച്ച് മറ്റ് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍.

ഈ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജനങ്ങളെ സമീപിക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ജനക്ഷേമ നടപടികളും മറ്റ് ഭരണനേട്ടങ്ങളും മുന്‍നിര്‍ത്തിയാണ്. പരമ്പരാഗത തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന കൊല്ലത്ത് മറ്റ് എന്നത്തേക്കാളും കൂടുതല്‍ അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയിരുന്നു. കശുഅണ്ടി, കയര്‍, കൈത്തറി, മത്സ്യം എന്നീ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമനടപടികള്‍ എല്‍ ഡി എഫിന്റെ യശസ്സ് ഏറെ ഉയര്‍ത്തി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കശുഅണ്ടി തൊഴിലാളികള്‍ക്ക് രണ്ട് മിനിമം കൂലി പുതുക്കി നിശ്ചയിച്ചു. ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയതിലും വ്യവസായത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിച്ചതും തൊഴിലാളികളില്‍ സുരക്ഷിതബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞതും ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ്. വിരമിച്ച തൊഴിലാളികള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള ഗ്രാറ്റുവിറ്റി തുക ഘട്ടംഘട്ടമായി നല്‍കാന്‍ നടപടിയെടുത്തു. മത്സ്യതൊഴിലാളികളുടെ കടം എഴുതിതള്ളിയതും അവര്‍ക്കുവേണ്ടി നടപ്പാക്കിയ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും മുന്‍പൊരുകാലത്തും ഉണ്ടാകാത്ത തരത്തിലായിരുന്നു. കൈത്തറി, കയര്‍ മേഖലയിലും ക്ഷേമനടപടികള്‍ നിരവധിയാണ്.

സുനാമി പദ്ധതിപ്രകാരം തീരപ്രദേശത്തുള്ളവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കുന്നതിനും കുടിവെള്ള വിതരണത്തിനും ബൃഹദ്പദ്ധതികളാണ് നടപ്പാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും മൃഗസംരക്ഷണം, കാര്‍ഷികമേഖലകളില്‍ നടപ്പാക്കിയ ചെറുതും വലുതുമായ പദ്ധതികളും ഈ സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളാണ്.

ഒരിക്കലും തുറക്കില്ലെന്ന് കരുതിയ പുനലൂല്‍ പേപ്പര്‍മില്‍ തുറക്കാന്‍ സ്വീകരിച്ച നടപടിയാണ് എടുത്തുപറയേണ്ട ഒരു നേട്ടം. ഒരുകാലത്ത് കൊല്ലം ജില്ലയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്നു പുനലൂര്‍ പേപ്പര്‍മില്‍. അതുപോലെ അടഞ്ഞുകിടന്ന പ്രിമോ പൈപ്പ് ഫാക്ടറി തുറക്കാനും നടപടി സ്വീകരിച്ചു. അടഞ്ഞുകിടന്ന പുനലൂരിലെ പ്ലൈവുഡ് ഫാക്ടറി, അഗ്രോഫ്രൂട്ട്‌സ് എന്നിവയ്ക്ക് പുനര്‍ജീവനം നല്‍കാനും സര്‍ക്കാരിന്റെ പരിശ്രമം സഫലമാകുകയാണ്. എണ്ണം പറഞ്ഞ നിരവധി സ്ഥാപനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുറക്കാന്‍ കഴിഞ്ഞു. അതില്‍ പ്രധാനപ്പെട്ടതാണ് കരുനാഗപ്പള്ളിയിലെ കാലിത്തീറ്റ ഫാക്ടറിയും കുണ്ടറയിലെ ടെക്‌നോപാര്‍ക്കും കുളത്തൂപ്പുഴയിലെ ഹൈടെക് ഫാമും. കുണ്ടറ അലിന്റ് ഫാക്ടറി തുറക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വികസന പ്രവര്‍ത്തനങ്ങളെല്ലാം എല്‍ ഡി എഫിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ യു ഡി എഫിന്റെ നില ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പരുങ്ങലിലാണ്. ഒന്നാമതായി അഴിമതിക്ക് പൂജപ്പുര ജയിലിലായ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വീരപരിവേഷം നല്‍കി സ്വീകരണം നല്‍കിയ യു ഡി എഫുകാര്‍ ജനമധ്യത്തില്‍ പരിഹാസ്യരായിരിക്കുകയാണ്. അഴിമതിക്ക് ജയിലിലായ ആളിന് സ്വീകരിക്കുന്ന നടപടി ജനങ്ങളില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് യു ഡി എഫിലെ തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ കൊട്ടാരക്കര സീറ്റ് പിള്ളഗ്രൂപ്പിന് നല്‍കരുതെന്ന അഭിപ്രായമം അവര്‍ പരസ്യമായി പ്രകടിപ്പിച്ചുതുടങ്ങി. ആ സീറ്റ് കോണ്‍ഗ്രസ് എടുക്കുന്നതില്‍ ഗണേഷ്‌കുമാറിന് അനുകൂലാഭിപ്രായം ഉണ്ടെന്നാണ് ചില യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നത്. കൊട്ടാരക്കര കിട്ടിയാല്‍ പിള്ളഗ്രൂപ്പിന്റെ സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ഇനിയും ബാലകൃഷ്ണപിള്ള മനസ്സ് തുറന്നിട്ടില്ല.  സംസ്ഥാന കമ്മിറ്റി ജയിലില്‍ കൂടേണ്ട ഗതികേടിലാണവര്‍. പിള്ളയുടെ ആഗ്രഹം മൂത്തമകളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ്. അത് മൂന്‍കൂട്ടി കണ്ടുകൊണ്ടാണ് സഹോദരി സ്ഥാനാര്‍ഥിയാവില്ലെന്ന് ഗണേഷ്‌കുമാര്‍ തുറന്നടിച്ചത്.

ഘടകകക്ഷികള്‍ക്ക് എല്ലാ സീറ്റും വീതംവച്ച് നല്‍കുന്ന നടപടിയോട് ശക്തിയായ വിയോജിപ്പുള്ള കോണ്‍ഗ്രസുകാരുണ്ട്. പലരും അത് പരസ്യമായി തന്നെ പ്രകടിപ്പിച്ചുതുടങ്ങി. കോണ്‍ഗ്രസിന് അഞ്ച് സീറ്റും ഘടകകക്ഷികള്‍ക്ക് ഏഴ് സീറ്റുമെന്ന നില തുടരാനാവില്ലെന്ന് അവര്‍ തുറുന്നുപറയുന്നു. മാറിയ സാഹചര്യത്തില്‍ ജില്ലയില്‍ മണ്ഡലങ്ങളുടെ എണ്ണം 11 ആയി കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളുടെ എണ്ണം നാലായി കുറയുന്നു. അതിന് പകരം എന്ന നിലയില്‍ മുസ്‌ലിംലീഗില്‍ നിന്ന് ഇരവിപുരവും സി എം പിയില്‍ നിന്ന് പുനലൂരും ജെ എസ് എസില്‍ നിന്ന് കരുനാഗപ്പള്ളിയും പിള്ള ഗ്രൂപ്പില്‍ നിന്ന് കൊട്ടാരക്കരയും കോണ്‍ഗ്രസ് പിടിച്ചെടുക്കണമെന്നാണ് അവര്‍ നിര്‍ദേശിക്കുന്നത്.

ഈ നീക്കം മുന്നില്‍കണ്ടുകൊണ്ട് ഘടകകക്ഷികളും കടുത്ത സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബാബുദിവാകരനും  സീറ്റിനുവേണ്ടി ശ്രമം തുടങ്ങി. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളും യൂത്ത്‌കോണ്‍ഗ്രസ്-കെ എസ് യു വിഭാഗവും പരമാവധി സീറ്റ് കൈക്കലാക്കാനുള്ള സമ്മര്‍ദതന്ത്രത്തിലാണ്. ചുരുക്കത്തില്‍ കൊല്ലം ജില്ലയിലെ യു ഡി എഫില്‍ ഒരു സമവായം സൃഷ്ടിക്കുക അത്ര എളുപ്പമുള്ള കാര്യമാകില്ല.

ആദ്യനോട്ടം/പി എസ് സുരേഷ് ജനയുഗം 070311

1 comment:

  1. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായി തൂത്തെറിഞ്ഞ ജില്ലയാണ് കൊല്ലം. അഞ്ച് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഒന്ന് പോലും കിട്ടിയില്ല. ഘടകകക്ഷികളായ ജെ എസ് എസ്, സി എം പി, ആര്‍ എസ് പി-ബി, ആര്‍ എസ് പി- ബാബുദിവാകരന്‍, മുസ്‌ലിംലീഗ് എന്നീ കക്ഷികള്‍ ഓരോ സീറ്റ് വീതം മത്സരിച്ചെങ്കിലും അവരെയും ജനങ്ങള്‍ തിരസ്‌കരിച്ചു. കേരളാ കോണ്‍ഗ്രസ് ബിക്ക് ലഭിച്ച രണ്ടില്‍ ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. കൊട്ടാരക്കരയില്‍ ആര്‍ ബാലകൃഷ്ണപിള്ള പരാജയപ്പെട്ടപ്പോള്‍ പത്തനാപുരത്ത് മകന്‍ ഗണേഷ്‌കുമാര്‍ വിജയിച്ചു.

    ReplyDelete