Monday, March 7, 2011

മാറിയ മുഖം; മാറാത്ത ഇടതുചായ്‌വ്

മണ്ഡലങ്ങളുടെ അതിര്‍ത്തി മാറിമറിഞ്ഞെങ്കിലും തലസ്ഥാന ജില്ലയിലെ രാഷ്ട്രീയ വിധിയെഴുത്ത് വോട്ടെടുപ്പിനുമുമ്പുതന്നെ വായിച്ചെടുക്കാം. മണ്ഡലങ്ങളുടെ എണ്ണം 14ല്‍നിന്ന് മാറിയിട്ടില്ലെങ്കിലും അഞ്ചുമണ്ഡലങ്ങള്‍ പുതിയ പേരിലായി. മണ്ഡലാതിര്‍ത്തികളിലെ മാറ്റം രാഷ്ട്രീയ ചായ്‌വിലും പ്രതിഫലിക്കാനാണ് സാധ്യത. ഈ വഴിക്ക് ചിന്തിച്ചാല്‍ പതിനാലുമണ്ഡലങ്ങളില്‍ ഏറിയപങ്കും ഇക്കുറിയും ഇടതുപക്ഷത്തായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, അരുവിക്കര, ചിറയിന്‍കീഴ് എന്നിവയാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തിലൂടെ നിലവില്‍ വന്ന പുതിയ മണ്ഡലങ്ങള്‍. തിരുവനന്തപുരം നോര്‍ത്ത്, ഈസ്റ്, വെസ്റ്, കിളിമാനൂര്‍, ആര്യനാട് എന്നിവ ഇല്ലാതായി. സംവരണ മണ്ഡലങ്ങളുടെ എണ്ണം ഒന്നില്‍നിന്നും രണ്ടായി. കിളിമാനൂരായിരുന്നു നേരത്തേ സംവരണമണ്ഡലം. ഇപ്പോള്‍ ആറ്റിങ്ങലും ചിറയിന്‍കീഴുംസംവരണ മണ്ഡലങ്ങളായി. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 23.57 ലക്ഷം. വര്‍ക്കലമുതല്‍ പാറശാലവരെയുള്ള 14 മണ്ഡലങ്ങളില്‍ ഒമ്പതെണ്ണം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പംനിന്നു. അഞ്ചിടത്ത് യുഡിഎഫിനായിരുന്നു ജയം. അതിര്‍ത്തി പുനര്‍നിര്‍ണയത്തിലൂടെയുണ്ടായ ഘടനാമാറ്റം യുഡിഎഫിന് പ്രതികൂലമാവുമെന്നാണ് വിലയിരുത്തല്‍. പുതുതായി നിലവില്‍ വന്ന അഞ്ചുമണ്ഡലങ്ങളില്‍ ഭൂരിപക്ഷവും എല്‍ഡിഎഫിന് നല്ല വളക്കൂറുള്ളതാണ്. ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍നിന്നും തികച്ചും വ്യത്യസ്തമാവും നിയമസഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്.

തിരുവനന്തപുരം വെസ്റ്, ഈസ്റ്, നോര്‍ത്ത് എന്നിവയുടെ ഏതാനും ഭാഗങ്ങള്‍ ചേര്‍ന്നതാണ് പുതിയ തിരുവനന്തപുരം മണ്ഡലം. കഴിഞ്ഞ തവണ ഈ മൂന്നുമണ്ഡലവും ഇടതുപക്ഷത്തോടൊപ്പമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ കിട്ടിയിരുന്നു. തിരുവനന്തപുരം നോര്‍ത്ത് മുറിച്ചുമാറ്റിയത് വഴി രൂപംകൊണ്ട വട്ടിയൂര്‍ക്കാവ് ഇടതുപക്ഷത്തിന് നല്ല അടിത്തറയുള്ള പ്രദേശങ്ങളുള്‍പ്പെടുന്നതാണ്. മണ്ഡലത്തില്‍ മേല്‍ക്കൈ നേടാനുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് തുടങ്ങിക്കഴിഞ്ഞു. ഈസ്റ്, നേമം എന്നിവയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത പുതിയ നേമം മണ്ഡലത്തിലെ ഭൂരിപക്ഷം നഗരസഭാ വാര്‍ഡിലും എല്‍ഡിഎഫിനാണ് ആധിപത്യം. പേരില്‍ മാറ്റമില്ലെങ്കിലും കഴക്കൂട്ടം മണ്ഡലത്തിന്റെ രൂപം ഏറെ മാറി. പഴയ കഴക്കൂട്ടം മണ്ഡലത്തിലെ കുറച്ചുഭാഗങ്ങളും നോര്‍ത്തിന്റെ ഭാഗവും ചേര്‍ന്നതാണ് പുതിയ കഴക്കൂട്ടം. പരമ്പരാഗതമായി എല്‍ഡിഎഫ് ആഭിമുഖ്യമുള്ള പ്രദേശങ്ങളാണ് ഏറിയപങ്കും. ആകെയുള്ള 22 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 13ലും എല്‍ഡിഎഫ് ആണ് വിജയിച്ചത്.

കിളിമാനൂരിന് പകരമായി വന്ന സംവരണ മണ്ഡലമായ ആറ്റിങ്ങലില്‍ മറിച്ചൊരു വിധിയെഴുത്ത് യുഡിഎഫ് സ്വപ്നം പോലും കാണുന്നില്ല. ആറ്റിങ്ങല്‍ നഗരസഭയും സമീപ പഞ്ചായത്തുകളുമാണ് ഈ മണ്ഡലത്തിലുള്ളത്. നഗരസഭയിലും ഭൂരിപക്ഷം പഞ്ചായത്തിലും എല്‍ഡിഎഫ് ഭരണമാണ്. മറ്റൊരു സംവരണ മണ്ഡലമായ ചിറയിന്‍കീഴ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളതാണ്. കഴിഞ്ഞ രണ്ടുവട്ടം യുഡിഎഫ് വിജയിച്ച വര്‍ക്കലയുടെ ഘടനയില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ഇത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചിരിക്കുന്ന നെടുമങ്ങാട് മണ്ഡലത്തിന് രൂപമാറ്റം വന്നെങ്കിലും ഇക്കുറിയും ജനവിധിയില്‍ മാറ്റം പ്രതീക്ഷിക്കാനാവില്ല. ആര്യനാടിന് പകരം വന്ന അരുവിക്കരക്ക് പുതിയ മണ്ഡലത്തിന്റെ രൂപവും ഭാവവുമുണ്ട്. യുഡിഎഫിന് മുന്‍തൂക്കമുള്ള പ്രദേശങ്ങളുണ്ടെങ്കിലും എല്‍ഡിഎഫും ശക്തം. പരമ്പരാഗതമായി എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന വാമനപുരം മണ്ഡലത്തിന്റെ ഘടനയിലും അതിര്‍ത്തി പുനര്‍നിര്‍ണയം മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ രാഷ്ട്രീയ നിറം മാറാനിടയില്ല. പതിവായി തോറ്റ് സഹികെട്ടതിനാലാകാം ജെഎസ്എസ് യുഡിഎഫ് നേതൃത്വത്തോട് മണ്ഡലം മാറ്റം ആവശ്യപ്പെട്ടുകഴിഞ്ഞു.

പുതിയ മണ്ഡലമായ കാട്ടാക്കടയിലും അതിര്‍ത്തിപുനര്‍നിര്‍ണയം എല്‍ഡിഎഫിന് അനുകൂലമായേക്കും. പാറശാല, നെയ്യാറ്റിന്‍കര എന്നിവയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഒപ്പമായിരുന്നു. കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലാത്ത ഇരുമണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ മേല്‍ക്കൈ പ്രകടമാണ്. പേര് മാറിയില്ലെങ്കിലും കോവളത്തിന്റെ രൂപത്തില്‍ മാറ്റമുണ്ട്. 1967ല്‍ നിലവില്‍ വന്നതാണ് ഈ മണ്ഡലം. എക്കാലത്തും ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇവിടെ കഴിഞ്ഞ തവണ യുഡിഎഫ് ആണ് വിജയിച്ചത്. എല്‍ഡിഎഫിന് നല്ല അടിത്തറയുള്ള മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസം പ്രവര്‍ത്തകര്‍ക്കുണ്ട്. വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളും ഇതിന് തുണയാകും. കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായതും ഈ ആത്മവിശ്വാസത്തിന് ശക്തിപകരുന്നു.
(കെ ശ്രീകണ്ഠന്‍)

ദേശാഭിമാനി 070311

1 comment:

  1. മണ്ഡലങ്ങളുടെ അതിര്‍ത്തി മാറിമറിഞ്ഞെങ്കിലും തലസ്ഥാന ജില്ലയിലെ രാഷ്ട്രീയ വിധിയെഴുത്ത് വോട്ടെടുപ്പിനുമുമ്പുതന്നെ വായിച്ചെടുക്കാം. മണ്ഡലങ്ങളുടെ എണ്ണം 14ല്‍നിന്ന് മാറിയിട്ടില്ലെങ്കിലും അഞ്ചുമണ്ഡലങ്ങള്‍ പുതിയ പേരിലായി. മണ്ഡലാതിര്‍ത്തികളിലെ മാറ്റം രാഷ്ട്രീയ ചായ്‌വിലും പ്രതിഫലിക്കാനാണ് സാധ്യത. ഈ വഴിക്ക് ചിന്തിച്ചാല്‍ പതിനാലുമണ്ഡലങ്ങളില്‍ ഏറിയപങ്കും ഇക്കുറിയും ഇടതുപക്ഷത്തായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

    ReplyDelete