Wednesday, March 2, 2011

കെ.എസ്.യു നേതാക്കളുടെ 'കരുത്തില്‍' ഉറങ്ങാനാകാതെ നഗരം

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട കെ.എസ്.യു നേതാക്കളുടെ സംഘം അര്‍ധരാത്രി റെയില്‍വേസ്റ്റേഷന്‍ പരിസരത്തും ജില്ലാആശുപത്രിയിലുമായി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടുമണിക്കൂര്‍. തട്ടുകടക്കാരെയും ട്രെയിന്‍ യാത്രക്കാരെയും ഭീഷണിപ്പെടുത്തിയ സംഘം ജില്ലാആശുപത്രിയിലെ ഡോക്ടറെയും രോഗികളെയും വെറുതെവിട്ടില്ല. നേതാക്കളുടെ അസഭ്യര്‍ഷം സഹിക്കാനാകാതെ നേഴ്സുമാര്‍ ഓടിരക്ഷപ്പെട്ടു. നഗരവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞദിവസം കടന്നുപോയത്.

കെ.എസ്.യു സംസ്ഥാന ജനറല്‍സെക്രട്ടറി ദീപുലാല്‍, മുന്‍ ജില്ലാസെക്രട്ടറി അഖില്‍, ചാത്തന്നൂര്‍ മണ്ഡലം ഭാരവാഹി സന്ദീപ് എന്നിവരുള്‍പ്പെട്ട സംഘം രാത്രി 12ഓടെയാണ് ആള്‍ട്ടോകാറില്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് എത്തുന്നത്. വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം പ്രീ പെയ്ഡ് കൌണ്ടറിന് സമീപത്തെ തട്ടുകടയില്‍ കയറിയ ഇവര്‍ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ തെറിവിളിച്ചു. ഇത് വിലക്കിയ കടക്കാരനുനേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. തുടര്‍ന്ന് തെറിപ്പാട്ടുപാടി റെയില്‍വേസ്റ്റേഷന്‍ കവാടത്തിന് മുന്നിലെത്തിയ സംഘം യാത്രക്കാരില്‍ ചിലരെ 'പരിചയപ്പെടാന്‍' ശ്രമം നടത്തി. അവര്‍ നിസഹകരിച്ചതോടെ ഓട്ടോറിക്ഷക്കാര്‍ക്ക് നേരെയായി പരാക്രമം. പ്രീ പെയ്ഡ് കൌണ്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ വിവരം കണ്‍ട്രോള്‍റൂമില്‍ അറിയിച്ചത്.

കണ്‍ട്രോള്‍ റൂം പൊലീസ് നേതാക്കളെ ഈസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചതോടെ സംഘത്തിന്റെ ഭീഷണി സ്റ്റേഷനില്‍നിന്ന പൊലീസുകാര്‍ക്ക് നേരെയായി. മെഡിക്കല്‍ പരിശോധന നടത്തണമെന്ന് പറഞ്ഞപ്പോള്‍ സംഘം പൊട്ടിത്തെറിച്ചു. ജില്ലാആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ആദ്യം പരിശോധനയ്ക്ക് വിധേയരായത് അഖിലും സന്ദീപുമായിരുന്നു. ഖദര്‍ധാരികളെ പൊലീസ് ജീപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുവരുന്നത് കണ്ട് വിശേഷമറിയാന്‍ ഈ സമയം ചില രോഗികളുടെ കൂട്ടിരിപ്പുകാരെത്തി. എന്നാല്‍, അടുത്തുവന്നവരെല്ലാം അസഭ്യവര്‍ഷംകേട്ട് പിന്തിരിഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ കൂടുതല്‍ സമയം ആശുപത്രിയില്‍ ഇരുത്തിയതിനെ ദീപുലാല്‍ ചോദ്യംചെയ്തു. ഈ സമയം കൂടുതല്‍ ആളാകരുതെന്ന് ഓര്‍മപ്പെടുത്തിയ എസ്ഐയെ മുന്നില്‍കിടന്ന സ്റ്റൂളെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

മദ്യപസംഘത്തിന്റെ ആക്രോശവും അസഭ്യവര്‍ഷവും അടിപിടിയിലെത്തിയതോടെ കാഷ്വാലിറ്റി ബ്ളോക്കില്‍ കുറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മല്‍പ്പിടിത്തത്തിലൂടെ പൊലീസുകാര്‍ വരുതിയിലാക്കിയ ദീപുലാലിനെ കൂടുതല്‍ പൊലീസ് എത്തിയാണ് സ്റ്റേഷനില്‍ എത്തിച്ചത്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊറ്റങ്കര ഡിവിഷനില്‍നിന്ന് ജില്ലാപഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ദീപുലാല്‍ കലാലയ പഠനത്തിനിടെ എബിവിപി പ്രവര്‍ത്തകനായിരുന്നു. പിന്നീട് സമുദായ സംഘടനയിലും സജീവമായി. കോണ്‍ഗ്രസില്‍ നാലാം ഗ്രൂപ്പുകാരനാണ്. കെ.എസ്.യു സംസ്കാരത്തിന്റെ തനിനിറമാണ് അര്‍ധരാത്രിയില്‍ അരങ്ങേറിയതെന്ന് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകള്‍ അഭിപ്രായപ്പെട്ടു.

deshabhimani 020311

1 comment:

  1. കൊല്ലം: മദ്യപിച്ച് ലക്കുകെട്ട കെ.എസ്.യു നേതാക്കളുടെ സംഘം അര്‍ധരാത്രി റെയില്‍വേസ്റ്റേഷന്‍ പരിസരത്തും ജില്ലാആശുപത്രിയിലുമായി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ടുമണിക്കൂര്‍. തട്ടുകടക്കാരെയും ട്രെയിന്‍ യാത്രക്കാരെയും ഭീഷണിപ്പെടുത്തിയ സംഘം ജില്ലാആശുപത്രിയിലെ ഡോക്ടറെയും രോഗികളെയും വെറുതെവിട്ടില്ല. നേതാക്കളുടെ അസഭ്യര്‍ഷം സഹിക്കാനാകാതെ നേഴ്സുമാര്‍ ഓടിരക്ഷപ്പെട്ടു. നഗരവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ട രാത്രിയാണ് കഴിഞ്ഞദിവസം കടന്നുപോയത്.

    ReplyDelete