Tuesday, March 1, 2011

കൊച്ചി മെട്രോ റയില്‍ പാളംതെറ്റും

കേന്ദ്രസര്‍ക്കാര്‍ വീണ്ടും പാളംവലിച്ചതോടെ മെട്രോ റയില്‍പദ്ധതി പാളംതെറ്റുമെന്നുറപ്പായി. കൊച്ചിയുടെ ഗതാഗതവികസനത്തിന് വന്‍തിരിച്ചടിയാവും ഇതുകൊണ്ടുണ്ടാവുക.

കേന്ദ്രം പദ്ധതിയെ പിന്തുണയ്ക്കുമെന്ന ഉറപ്പിന്മേല്‍ സംസ്ഥാനം നടത്തിയ മുന്നൊരുക്കങ്ങളും പാഴാകുന്ന അവസ്ഥയാണ്. 178 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചത്. പദ്ധതി നടത്തിപ്പുകാരായ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയില്‍ ഓഫീസ് തുറക്കുകയും കടലാസുജോലികളും സര്‍വേയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിന് മുന്‍പായി അവസാനവട്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്.

യു ഡി എഫ്‌സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതി വിഭാവനംചെയ്തപ്പോള്‍ 2239 കോടി രൂപയാണ് ചെലവ് കണക്കുകൂട്ടിയിരുന്നത്. പിന്നീട് ഇടതുമുന്നണി സര്‍ക്കാര്‍ കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിട്ടപ്പോള്‍ ചെലവ് 3048 കോടിയായി. യു ഡി എഫ് ഭരണകാലത്ത് ഡി എം ആര്‍ സി തയ്യാറാക്കിയ പദ്ധതിപ്രകാരം 2005 ഒക്‌ടോബര്‍ 31ന് നടപടികള്‍ തുടങ്ങി 2010 മാര്‍ച്ച് ഒന്നിന് കമ്മിഷന്‍ ചെയ്യുന്നതുവരെയുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.

കൊച്ചി മെട്രോ റയിലിനോട് ആദ്യം മുഖംതിരിച്ചത് കേന്ദ്ര ആസൂത്രണകമ്മിഷനാണ്. കൊച്ചി മെട്രോയില്‍ കേന്ദ്ര പങ്കാളിത്തം ആവില്ലെന്ന്  ആസൂത്രണകമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയ തീര്‍ത്തുപറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക വികസന പദ്ധതിയാണിതെന്ന ന്യായമാണ് ആസൂത്രണകമ്മിഷന്‍ മുന്നോട്ടുവച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണമെന്ന് അലുവാലിയ നിര്‍ദേശിച്ചു. മെട്രോ പദ്ധതിക്ക് ഒരു ഘട്ടത്തില്‍ അനുമതി നല്‍കിയ ആസൂത്രണ കമ്മിഷന്റെ ചുവടുമാറ്റം അപ്രതീക്ഷിതമായിരുന്നു. മൂവായിരത്തിലേറെ കോടി രൂപ ചെലവിടുന്ന പദ്ധതിക്ക് കേന്ദ്രം നല്‍കേണ്ടത് 600 കോടി രൂപയായിരുന്നു. ഒരവസരത്തില്‍ കേന്ദ്രമന്ത്രിസഭയില്‍ ഈ നിര്‍ദേശം മുന്നോട്ടുവന്നപ്പോള്‍ ധനമന്ത്രാലയം എതിര്‍പ്പുയര്‍ത്തി. ഇതേതുടര്‍ന്ന് നഗരവികസന മന്ത്രി ജയ്പാല്‍ റെഡ്ഡി പദ്ധതി നിര്‍ദേശം വീണ്ടും ചര്‍ച്ചചെയ്യുന്നതിനായി മന്ത്രിസഭയില്‍നിന്ന് പിന്‍വലിച്ചു.

ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് തുടര്‍ന്നുപോകുന്നതിനിടയിലും ആസൂത്രണകമ്മിഷന്റെ വിയോജിപ്പിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കണ്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെ നൂറുനാള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മെട്രോ റയിലിനെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പാടേ മറന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പോസ്തലന്മാരായ പല കേന്ദ്രമന്ത്രിമാര്‍ക്കും കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള പദ്ധതിനിര്‍ദേശം സ്വീകാര്യമായിരുന്നില്ല. സ്മാര്‍ട്ട്‌സിറ്റി യാഥാര്‍ഥ്യമായതിനു പിന്നാലെ മെട്രോ റയിലും നടപ്പാകുമെന്നുറപ്പായാല്‍ അത് ദോഷംചെയ്യുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംശയങ്ങളും ഇപ്പോഴുള്ള അവഗണനയ്ക്ക് പിന്നിലുണ്ട്.

മെട്രോ റയിലിന് മുന്നോടിയായി നഗരത്തിലെ റോഡുകളുടെയും മേല്‍പാലങ്ങളുടെ നിര്‍മാണത്തിനുമെല്ലാം ഈമാസം തുടക്കംകുറിക്കാനിരിക്കെ കേന്ദ്രത്തിന്റെ കാലുമാറ്റം എത്തരത്തില്‍ ബാധിക്കുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. കൊച്ചി നഗരത്തില്‍ പൊതുജീവിതം തുടങ്ങി ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ പ്രധാന സ്ഥാനംവഹിക്കുന്ന എ കെ ആന്റണിയും വലയാര്‍ രവിയും മെട്രോ റെയിലിന്റെ കാര്യത്തില്‍ ഒന്നുംചെയ്യുന്നില്ലെന്ന പരാതി ശരിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞു.

ആര്‍ ഗോപകുമാര്‍ janayugom 010311

1 comment:

  1. കേന്ദ്രസര്‍ക്കാര്‍ വീണ്ടും പാളംവലിച്ചതോടെ മെട്രോ റയില്‍പദ്ധതി പാളംതെറ്റുമെന്നുറപ്പായി. കൊച്ചിയുടെ ഗതാഗതവികസനത്തിന് വന്‍തിരിച്ചടിയാവും ഇതുകൊണ്ടുണ്ടാവുക.

    കേന്ദ്രം പദ്ധതിയെ പിന്തുണയ്ക്കുമെന്ന ഉറപ്പിന്മേല്‍ സംസ്ഥാനം നടത്തിയ മുന്നൊരുക്കങ്ങളും പാഴാകുന്ന അവസ്ഥയാണ്. 178 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചത്. പദ്ധതി നടത്തിപ്പുകാരായ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ കൊച്ചിയില്‍ ഓഫീസ് തുറക്കുകയും കടലാസുജോലികളും സര്‍വേയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിന് മുന്‍പായി അവസാനവട്ട സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്.

    ReplyDelete