Friday, March 25, 2011

സൈബര്‍കപ്പില്‍ ഐസ്ക്രീം ചൂട്

മലപ്പുറം:

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ സൈബര്‍ ലോകത്ത് തീപിടിച്ച ചര്‍ച്ചകളാണ്. സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നതോടെ സൈബര്‍ പ്രചാരണവും സജീവമായി. വാര്‍ത്തകളും കേട്ടറിവുകളുമൊക്കെ പങ്കുവയ്ക്കുകയും വിശകലനം ചെയ്യുകയുമാണ് സൈബര്‍ ലോകത്തെ കൂട്ടുകാര്‍. പത്രത്തിലും ടിവിയിലുമുള്ള വാര്‍ത്തകളും പ്രവചനങ്ങളും വരെ ചര്‍ച്ചയിലുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ പുതിയ വെളിപ്പെടുത്തലിന് ശേഷം ലീഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്കിലും ബ്ളോഗിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും സജീവമാണ്.

ചര്‍ച്ചകള്‍ നേരത്തേ തുടങ്ങിയെങ്കിലും സൈബര്‍ ലോകത്ത് ഐസ്ക്രീമിന് തീപിടിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ്. കളങ്കിതരെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി കുറിപ്പുകള്‍ ദിവസവും ഫേസ്ബുക്കില്‍ രേഖപ്പെടുത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച് മുസ്ളിംലീഗ് ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യേക പേജുതന്നെ തുടങ്ങിയിട്ടുമുണ്ട്. കുഞ്ഞാലിക്കുട്ടിയെപ്പോലൊരു നേതാവിനെ ഇപ്പോഴും സഹിക്കേണ്ടിവരുന്നത് കേരളത്തിന്റെ ശാപമാണെന്നും പോസ്റ്റുണ്ട്. ജനാധിപത്യത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള വിശ്വാസം കാക്കാന്‍ ഐസ്ക്രീം പാര്‍ലര്‍ കേസ് തെളിയണമെന്ന് 'വീ വാണ്ട് ജസ്റ്റിസ് ഇന്‍ ഐസ്ക്രീം സ്കാന്‍ഡല്‍ കേസ്' എന്ന പേജ് ആവശ്യപ്പെടുന്നു. ലീഗ് പാരമ്പര്യം അവകാശപ്പെടുന്നവരും അനുഭാവികളുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരില്‍ വലിയൊരു വിഭാഗം എന്നതും പ്രത്യേകതയാണ്. 'വീ ലവ് മുസ്ളിംലീഗ്' എന്ന ഫേസ്ബുക്ക് പേജില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം മുനീറിനെയും തെരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ മറന്നാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും സ്വയം ശുദ്ധീകരിക്കാന്‍ പാര്‍ടി തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ കുഞ്ഞാലിക്കുട്ടിയും സില്‍ബന്തികളും പരാജയപ്പെടുകയാണുണ്ടായത്. ഇത് പാഠമായില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നാണ് മുന്നറിയിപ്പ്.

ചെറുപ്പക്കാരെയും വനിതകളെയും ലീഗും കോണ്‍ഗ്രസും തഴഞ്ഞതും സജീവ ചര്‍ച്ചയാണ്. സംസ്ഥാനത്തെ മുഴുവന്‍ ചെറുപ്പക്കാരുടെയും എതിര്‍പ്പോടെയാകും പ്രായമായവരും സ്ഥിരംകുറ്റികളും മത്സരിക്കുന്നതെന്ന് ചില പോസ്റ്റുകള്‍. സൈബര്‍ ലോകത്ത് യുദ്ധം മുറുകിയപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ആരാധകര്‍ പ്രിയപ്പെട്ട 'കുഞ്ഞാപ്പ'യ്ക്കുവേണ്ടിയും രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ട് രൂപ അരി തടഞ്ഞ യുഡിഎഫിനോട് 'എങ്കില്‍ നിങ്ങള്‍ രണ്ട് രൂപയ്ക്ക് ഐസ്ക്രീം കൊടുത്തോളൂ' എന്ന് ചര്‍ച്ചക്ക് രസം പകരുന്നുണ്ട് ചിലര്‍. കോണ്‍ഗ്രസിലെ സീറ്റുവിഭജനം എന്ന കീറാമുട്ടിയെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട് ഫേസ്ബുക്കിലെ സുഹൃത്തുക്കള്‍. വീരേന്ദ്രകുമാറിന്റെ ഗതികേടും കെ എം മാണിക്കുണ്ടാകുന്ന തിരിച്ചടികളും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുന്നു. മുരളിയെക്കൂട്ടി പത്മജയെ തഴഞ്ഞതും ശോഭനാ ജോര്‍ജിന്റെ റിബല്‍ പ്രവേശനവും ചര്‍ച്ചയാണ്.

ദേശാഭിമാനി 250311 മലപ്പുറം ജില്ലാ പേജ്

1 comment:

  1. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതുമുതല്‍ സൈബര്‍ ലോകത്ത് തീപിടിച്ച ചര്‍ച്ചകളാണ്. സ്ഥാനാര്‍ഥികള്‍ രംഗത്തുവന്നതോടെ സൈബര്‍ പ്രചാരണവും സജീവമായി. വാര്‍ത്തകളും കേട്ടറിവുകളുമൊക്കെ പങ്കുവയ്ക്കുകയും വിശകലനം ചെയ്യുകയുമാണ് സൈബര്‍ ലോകത്തെ കൂട്ടുകാര്‍. പത്രത്തിലും ടിവിയിലുമുള്ള വാര്‍ത്തകളും പ്രവചനങ്ങളും വരെ ചര്‍ച്ചയിലുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ പുതിയ വെളിപ്പെടുത്തലിന് ശേഷം ലീഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്കിലും ബ്ളോഗിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും സജീവമാണ്.

    ReplyDelete