Sunday, March 6, 2011

കൊല്ലങ്കോട്- തൃശൂര്‍ റയില്‍പ്പാത അവഗണന യു ഡി എഫിന് തിരിച്ചടിയാകും

പാലക്കാട്: കൊല്ലങ്കോട്- തൃശൂര്‍ റയില്‍പ്പാതയെ കേന്ദ്രം വീണ്ടും അവഗണിച്ചത് നിയമസഭാതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയാകും. പാലക്കാട്- തൃശൂര്‍ ജില്ലകളിലെ അഞ്ചുലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമായിരുന്ന പാതയ്ക്ക് നേരെയുള്ള അവഗണന തിരഞ്ഞെടുപ്പു വിഷയമാകും. ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ കേന്ദ്രസര്‍ക്കാരോ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരോ യു ഡി എഫ് ജനപ്രതിനിധികളോ യാതൊരു താത്പര്യവും എടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്  വിലയിരുത്തപ്പെടുന്നു.

1938 -ല്‍ ബ്രിട്ടീഷുകാര്‍  ഈ റയില്‍പ്പാതയ്ക്കായി സര്‍വേ നടത്തിയിരുന്നു. 2005 -ല്‍ റീസര്‍വേക്കായി ഒന്നര കോടിയോളം രൂപ റയില്‍വേ ബജറ്റില്‍ വകയിരുത്തിയെങ്കിലും ചിലരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് യാതൊരു നടപടിയും ഉണ്ടായില്ല. 54 കിലോമീറ്ററുള്ള റയില്‍വേ ലൈനിന് 2007-08 കാലഘട്ടത്തില്‍ 321 കോടി രൂപ പദ്ധതി അടങ്കല്‍ നിശ്ചയിച്ച് സര്‍വേ പൂര്‍ത്തിയാക്കി. എന്നാല്‍ ഈ പാതയില്‍ നിന്നുള്ള ലാഭത്തിന്റെ കാര്യത്തില്‍ സംശയം ഉന്നയിച്ച് പ്ലാനിംഗ് കമ്മിഷന്‍ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്നും ആയിരക്കണക്കിന് കണ്ടെയ്‌നറുകളിലൂടെയുള്ള ചരക്കുനീക്കത്തിന് ഈ പാത പ്രയോജനപ്പെടും. ദേശീയപാത വഴിയുള്ള ചരക്കുനീക്കം വന്‍ ഗതാഗതസ്തംഭനം ഉണ്ടാക്കുമെന്നിരിക്കേ തൃശൂര്‍- കൊല്ലങ്കോട്- പൊള്ളാച്ചി വഴി തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങളിലേക്ക് ചരക്ക് എത്തിക്കാന്‍ ഈ പാത പ്രയോജനപ്പെടുത്താം എന്ന വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ ദുരൂഹതയുയര്‍ന്നിട്ടുണ്ട്.

പാലക്കാട് മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്ത എ കെ ജിയുടെ സമ്മര്‍ദഫലമായാണ് പാലക്കാടന്‍ കാര്‍ഷികമേഖലയെ മധ്യകേരളവുമായി ബന്ധപ്പെടുത്താന്‍ ഈ റെയില്‍പാതക്ക് സര്‍ക്കാര്‍ സര്‍വേ തുടങ്ങിയത്. ആലത്തൂര്‍ പെരുങ്കുളത്ത് നൂറോളം സര്‍വേ ഉദ്യോഗസ്ഥര്‍ താമസിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടപടി പൂര്‍ത്തീകരിച്ച് കല്ലുകള്‍ സ്ഥാപിച്ചു. ആദ്യ യു പി എ സര്‍ക്കാരിന്റെ കാലത്ത് പുതിയ റയില്‍പ്പാതയുടെ നിര്‍മാണത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി കെ ചന്ദ്രപ്പന്റെ നേതൃത്വത്തില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലക്ഷദ്വീപിലെയും എം പിമാര്‍ ഒപ്പിട്ട് നിവേദനം നല്‍കിയിരുന്നു. പാലക്കാട് എം പി എം ബി രാജേഷ്, ആലത്തൂര്‍ എം പി പി കെ ബിജു, മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എ ഐ വൈ എഫ് സമരവും നടത്തിയിരുന്നു.

പാലക്കാട്- ദിണ്ഡിഗല്‍ റയില്‍പാത ബ്രോഡ്‌ഗേജാക്കുന്നതോടെ തമിഴ്‌നാട്ടിലെ വ്യാപാരകേന്ദ്രമായ പൊള്ളാച്ചിയുമായുള്ള വ്യാപാര സാധ്യത പ്രയോജനപ്പെടുത്താന്‍ ഈ പാത ഉപകരിക്കും. മധുര, പഴനി, തൃശൂര്‍, ഗുരുവായൂര്‍ ക്ഷേത്രനഗരങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ പാത മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ശബരിമലയിലേക്കുള്ള പ്രധാന യാത്രാമാര്‍ഗമായും പ്രയോജനപ്പെടും. പീച്ചി, നെല്ലിയാമ്പതി, മംഗലംഡാം, പറമ്പിക്കുളം എന്നീ വിനോദസഞ്ചാരപദ്ധതികളുടെ വളര്‍ച്ചയ്ക്കും സഹായിക്കും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി ജനങ്ങളുടെ യാത്ര സുഗമമാക്കാനും ഈ പാത ഉപയോഗിക്കാനാകും.

കേരളത്തില്‍ നിന്ന് ഇത്രയേറെ സമ്മര്‍ദമുണ്ടായിട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ യാതൊരു താത്പര്യവും കാണിക്കാത്തതാണ് ബജറ്റില്‍ അവഗണനയുണ്ടാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തില്‍ നിന്ന് 16 യു ഡി എഫ് എം പിമാരുണ്ടായിട്ടും പദ്ധതിക്കാര്യത്തില്‍ കാട്ടിയ അലംഭാവം നിയമസഭാ തിരെഞ്ഞടുപ്പില്‍ യു ഡി എഫിനും കോണ്‍ഗ്രസിനും തിരിച്ചടിയാകും.
(സുരേന്ദ്രന്‍ കുത്തനൂര്‍)

ജനയുഗം വാര്‍ത്ത 040311

1 comment:

  1. കൊല്ലങ്കോട്- തൃശൂര്‍ റയില്‍പ്പാതയെ കേന്ദ്രം വീണ്ടും അവഗണിച്ചത് നിയമസഭാതിരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയാകും. പാലക്കാട്- തൃശൂര്‍ ജില്ലകളിലെ അഞ്ചുലക്ഷത്തോളം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമായിരുന്ന പാതയ്ക്ക് നേരെയുള്ള അവഗണന തിരഞ്ഞെടുപ്പു വിഷയമാകും. ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ കേന്ദ്രസര്‍ക്കാരോ കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരോ യു ഡി എഫ് ജനപ്രതിനിധികളോ യാതൊരു താത്പര്യവും എടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തപ്പെടുന്നു.

    ReplyDelete