Sunday, March 6, 2011

മാതൃകാപെരുമാറ്റച്ചട്ടം: നിര്‍ദേശങ്ങള്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായി യാതൊരുവിധ പരാതിയും പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാതിരിക്കാന്‍ കേന്ദ്രത്തിലോ സംസ്ഥാനത്തോ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളോ ഉദ്യോഗസ്ഥരേയോ ഉപയോഗിക്കുകയോ ഔദ്യോഗികയാത്രകള്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യരുത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക വാഹനങ്ങളോ വിമാനങ്ങളോ മറ്റ് ഔദ്യോഗിക സംവിധാനങ്ങളോ ഉദ്യോഗസ്ഥരേയോ ഉപയോഗിക്കാന്‍ പാടില്ല.

ഹെലിപ്പാഡുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ നടത്തുന്നതിനുളള പൊതു സ്ഥലങ്ങള്‍, മൈതാനങ്ങള്‍ എന്നിവ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് മാത്രമായി ഉപയോഗിക്കരുത്.  അവ അനുവദിക്കുന്നതിന് ഭരണത്തിലുളള പാര്‍ട്ടിക്ക് നല്‍കുന്ന അതേ വ്യവസ്ഥകള്‍ പ്രകാരം മറ്റുപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നീതിയുക്തമായി നല്‍കണം.

അതിഥി മന്ദിരങ്ങള്‍, ഡാക്ക് ബംഗ്ലാവുകള്‍ തുടങ്ങിയ സര്‍ക്കാര്‍ വക താമസസ്ഥലങ്ങള്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കും അവരുടെ സ്ഥാനാര്‍ഥികള്‍ക്കും മാത്രമായി ഉപയോഗിക്കാന്‍ പാടില്ല.  അവ മറ്റ് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും നീതിയുക്തമായ രീതിയില്‍ അനുവദിക്കണം.  അവ യാതൊരു കാരണവശാലും ഏതെങ്കിലും പാര്‍ട്ടിയുടേയോ സ്ഥാനാര്‍ഥിയുടേയോ തിരഞ്ഞെടുപ്പ് പ്രചരണത്തിനുളള യോഗങ്ങള്‍ നടത്തുന്നതിനോ പ്രചാരണ ഓഫീസായി ഉപയോഗിക്കുവാനോ അനുവദിക്കില്ല.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വിജയ സാദ്ധ്യത വര്‍ധിപ്പിക്കുമെന്ന കാഴ്ചപ്പാടോടെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ, പക്ഷപാതപരമായ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നതിനോ ഔദ്യോഗിക മാധ്യമങ്ങളിലോ പത്രങ്ങളിലോ മറ്റ് മാധ്യമങ്ങളിലോ പൊതു ഖജനാവില്‍നിന്നും പണം ചെലവഴിച്ച് പരസ്യം നല്‍കുന്നത് പരിപൂര്‍ണമായും ഒഴിവാക്കണം.  തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്നശേഷം യാതൊരു കാരണവശാലും തങ്ങള്‍ക്ക് വിവേചനാധികാരമുളള ഫണ്ടുകളില്‍നിന്നും മന്ത്രിമാരോ മറ്റ് അധികാരികളോ ഗ്രാന്റുകളോ മറ്റ് ധനസഹായമോ അനുവദിക്കാന്‍ പാടില്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മന്ത്രിമാരോ മറ്റ് അധികാരികളോ യാതൊരു കാരണവശാലും ഏതെങ്കിലും തരത്തിലുളള സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യരുത്. ഏതെങ്കിലും പദ്ധതികള്‍ക്ക് തറക്കല്ലിടുകയോ കുടിവെളള വിതരണസംവിധാനം, റോഡ് നിര്‍മാണം എന്നിവയെ സംബന്ധിച്ച് വാഗ്ദാനങ്ങള്‍ നല്‍കുകയോ ചെയ്യാന്‍ പാടില്ല. അധികാരത്തിലുളള പാര്‍ട്ടികള്‍ക്കനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കുംവിധം സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ താത്കാലിക നിയനമങ്ങള്‍ നടത്തരുത്.

തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍/അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍/ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍/ ഡപ്യൂട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍.  ഡിവിഷണല്‍ കമ്മിഷണര്‍മാര്‍.ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, മേഖലാ ഐ ജിമാര്‍, ഡി ഐ ജിമാര്‍, പൊലീസ് സൂപ്രണ്ടുമാര്‍, സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍, ജനപ്രാതിനിധ്യനിയമത്തിലെ 28 - എ. വകുപ്പ് പ്രകാരം കമ്മിഷനിലേക്ക് നിയോഗിക്കപ്പെട്ടവര്‍.  മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലുളള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് പുറപ്പെടുവിച്ചതും, ഇതുവരെ നടപ്പാക്കാത്തതുമായ ഉത്തരവുകള്‍ കമ്മിഷന്റെ വ്യക്തമായ അനുമതിയില്ലാതെ ഇനി നടപ്പാക്കാന്‍ പാടില്ല. സ്ഥലംമാറ്റ നിരോധനം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ നിലവിലുണ്ടാകും.  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുളള സീനിയര്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. ഭരണപരമായ സൗകര്യത്തിനായി ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെന്നുണ്ടെങ്കില്‍ അതിനുളള വ്യക്തമായ ന്യായീകരണം സഹിതം കമ്മിഷനെ സമീപിച്ച് മുന്‍കൂര്‍ അനുമതി തേടണം.

പരാതികള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക്


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും തിരുവനന്തപുരത്ത് ലജിസ്ലേച്ചര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കാണ് നല്‍കേണ്ടത്.  ഫോണ്‍ : 2305116.  ഇതുമായി ബന്ധപ്പെട്ട നിരവധി അന്വേഷണങ്ങളും പരാതികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് അറിയിപ്പ്.

പെരുമാറ്റച്ചട്ടം: നിര്‍ദേശം പുറപ്പെടുവിക്കാന്‍ അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനുമാത്രം

മാതൃകാ പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട എല്ലാ നിര്‍ദേശങ്ങളും പുറപ്പെടുവിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാത്രമാണെന്ന് ചീഫ് ഇലക്ടറര്‍ ഓഫീസര്‍ അറിയിച്ചു.  കാബിനറ്റ് സെക്രട്ടറിയേറ്റോ മറ്റ് സര്‍ക്കാര്‍ ഏജന്‍സികളോ അവ പുനരാവര്‍ത്തിക്കുകയും നടപ്പിലാക്കുന്നതിനുമായി താഴെത്തലങ്ങളിലേയ്ക്ക് പ്രചാരണം നടത്തുകയും ചെയ്യണം.  സാമ്പത്തിക നയപരമായ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് തടസ്സംകൂടാതെ തീരുമാനം എടുക്കാം.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ പ്രഖ്യാപനങ്ങള്‍, സാമ്പത്തിക കാര്യനടപടികള്‍, നികുതിയുമായി ബന്ധപ്പെട്ടോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ ധനമന്ത്രാലയം കമ്മിഷന്റെ മുന്‍കൂര്‍ അനുമതി തേടണം. ഏതെങ്കിലും ആനുകൂല്യങ്ങളോ ഇളവുകളോ പ്രഖ്യാപിക്കുന്നതിനുമുന്‍പ് മറ്റെല്ലാമന്ത്രാലയങ്ങളും വകുപ്പുകളും കമ്മിഷന്റെ മുന്‍കൂര്‍ അനുമതി തേടണം.മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നശേഷം നടന്നുകൊണ്ടിരുന്ന ചുവടെ ചേര്‍ക്കുന്ന പ്രവൃത്തികള്‍ കമ്മിഷന്റെ പരിഗണനയ്ക്ക് വിടാതെതന്നെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തുടരാം. എല്ലാവിധ അനുമതികളും ലഭിച്ചശേഷം നേരത്തേതന്നെ തുടങ്ങിയ പ്രവൃത്തികള്‍/പദ്ധതികള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുന്‍പ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് കഴിഞ്ഞ ഗുണഭോക്തൃ പദ്ധതികള്‍.  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുളള ഗുണഭോക്താക്കളെ നിലവിലുളള പദ്ധതികളില്‍ ചേര്‍ക്കാം.  നിയമത്തിന്റെ വകുപ്പുകള്‍ അനുശാസിക്കുന്നപ്രകാരം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ നേരത്തേതന്നെ ഫണ്ട് നീക്കിവച്ചവയും, പേരുചേര്‍ക്കപ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ചതുമായ പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാവൂ.  ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുളളതുമായ പൂര്‍ത്തീകരിച്ച ഏത് പ്രവൃത്തിയുടേയും പണം നല്‍കുന്നതിനും യാതൊരു തടസ്സവുമില്ല.മുഴുവന്‍ തുകയും പ്രവര്‍ത്തിക്കായി നീക്കിവച്ചിട്ടുളളവ, ഭരണ, സാങ്കേതിക, ധനകാര്യ അനുമതികള്‍ ലഭിച്ചവ, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അനുവദിച്ചവ, നിശ്ചിത കാലാവധിക്കുളളില്‍ പ്രവൃത്തി ആരംഭിച്ച് പൂര്‍ത്തിയാക്കാത്തപക്ഷം കോണ്‍ട്രാക്ടര്‍ പിഴ നല്‍കേണ്ടതാണെന്ന് കരാര്‍ ബാദ്ധ്യതയുളള പ്രവൃത്തികള്‍ എന്നിവ കമ്മിഷന്റെ അറിവോടെ ഏറ്റെടുക്കാം.   ആഗോള ടെന്‍ഡറുകള്‍ നേരത്തെ വിളിച്ചിട്ടുണ്ടെങ്കില്‍ അവ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാം.മറ്റ് ടെന്‍ഡറുകളുടെ പരിശോധന നടത്താമെങ്കിലും, അവയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് കമ്മിഷന്റെ മുന്‍കൂര്‍ അനുമതി തേടണം.  അത്തരം ടെന്‍ഡറുകള്‍ നാളിതുവരെ വിളിച്ചിട്ടില്ലെങ്കില്‍ അവ കമ്മീഷന്റെ അനുമതിയില്ലാതെ ഇനിയും വിളിക്കാന്‍ പാടില്ല. പ്രകൃതിക്ഷോഭങ്ങളോ മറ്റ് മനുഷ്യനിര്‍മ്മിത അത്യാഹിതങ്ങളോ സംഭവിക്കുമ്പോള്‍ ദുരിതാശ്വാസ നടപടി എന്നനിലയ്ക്ക് അടിയന്തരമായി നടത്തേണ്ട പ്രവൃത്തികളെ സംബന്ധിച്ച് കമ്മിഷന്‍ മനുഷ്യത്വപരമായ കാഴ്ചപ്പാട് സ്വീകരിക്കും. അത്യാഹിതങ്ങളോടനുബന്ധിച്ച് നഷ്ടപരിഹാരം/ധനസഹായം നിലവിലുളള നിരക്കുകളില്‍ കമ്മിഷന്റെ അനുമതിയോടെ ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് നല്‍കാം.

പ്രധാനമന്ത്രിയുടെ/മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രോഗികള്‍ക്ക് നേരിട്ട് പണം അനുവദിക്കുന്നതിനുപകരം ആശുപത്രികള്‍ക്ക് നേരിട്ട് നല്‍കുന്നതിന് കമ്മിഷന്റെ പരിഗണനയ്ക്ക് അയക്കേണ്ടതില്ല. ദുരിതാശ്വാസ നടപടികളുടെ ഭാഗമായി വ്യക്തികള്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനുളള അടിയന്തര ദുരിത നിവാരണ പ്രവൃത്തികളും നടപടികളും കമ്മിഷനെ അറിയിച്ചശേഷം ചെയ്യാം. എന്നാല്‍ പ്രകൃതിക്ഷോഭംമൂലമുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്  മുന്‍കൂട്ടി ഏറ്റെടുക്കുന്ന പുതിയപ്രവൃത്തികള്‍ കമ്മിഷന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഏറ്റെടുക്കാവൂ. കമ്മിഷന്റെ അംഗീകാരത്തോടെയല്ലാതെ ഏതെങ്കിലും സ്ഥലത്തെ വരള്‍ച്ച/വെളളപ്പൊക്ക ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ പാടില്ല.
ദുരിതബാധിതരായി തിരഞ്ഞെടുക്കപ്പെട്ട ആള്‍ക്കാര്‍ക്ക്  ദുരിതാശ്വാസ നിധിയില്‍നിന്നും സഹായം നല്‍കുന്നതിന് കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.  വിവേചനാധികാരത്തോടെ ചെലവിടാവുന്ന ഫണ്ടുകള്‍ ഉപയോഗിച്ചുളള പുതിയ പ്രവൃത്തികള്‍, മാതൃകാപെരുമാറ്റചട്ടം നിലവില്‍ വരുന്നതിനുമുന്‍പ് അനുമതി നല്‍കപ്പെട്ടതോ, നിശ്ചയിക്കപ്പെട്ടിട്ടുളളതോ ആയ പദ്ധതികള്‍ക്കല്ലാതെ പൊതുവായി നീക്കി വയ്ക്കപ്പെട്ടിട്ടുളള ബജറ്റ് വിഹിതം എന്നിവയ്ക്കും കമ്മിഷന്റെ അനുമതി ആവശ്യമാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനോ വ്യവസായങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോയുളള നിര്‍ദേശങ്ങളില്‍ തീരുമാനം എടുക്കാന്‍ പാടില്ല.  മദ്യഷാപ്പുകളുടെ ലേലം, വാര്‍ഷികമായി നടത്തുന്നതാണെങ്കില്‍ക്കൂടി, മാതൃകാപെരുമാറ്റച്ചട്ടം നിലവിലുളള സമയത്ത് നടത്താന്‍ പാടില്ല. ആവശ്യമായി വരുന്നപക്ഷം അതതുസ്ഥലത്തെ നിയമങ്ങള്‍ക്കനുസൃതമായി സര്‍ക്കാരിന് താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താം.  സര്‍ക്കാര്‍ കക്ഷിയായിട്ടുളള ഏതെങ്കിലും ധാരണാപത്രം ഒപ്പുവക്കുന്നതിനും കമ്മിഷന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍/ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷനുകള്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ തുടങ്ങിയ നിയമാനുസൃതമായ ഏജന്‍സികള്‍ നടത്തുന്ന ക്രമപ്രകാരമുളള നിയമനങ്ങളും പ്രൊമോഷനുകളും തുടരാം.  ദുരിതാശ്വാസമുള്‍പ്പെടെ ഏതുതരം വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുളള പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് രാഷ്ട്രീയ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ചടങ്ങുകളൊന്നും സംഘടിപ്പിക്കാന്‍ പാടില്ല.  ഒരു നല്ല നടപടി എന്ന നിലയ്ക്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന സാധാരണ ചടങ്ങുകളും, അവയ്ക്കുളള പ്രചാരവും പരമാവധി ചുരുക്കണം. പാലിക്കപ്പെടേണ്ടതായ അന്തര്‍ദ്ദേശീയ ബാധ്യതകളുളള പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനും ചടങ്ങുകള്‍സംഘടിപ്പിക്കുന്നതിനും കമ്മിഷന്റെ മുന്‍കൂര്‍ അനുമതിതേടണം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കമ്മിഷനുമായി ബന്ധപ്പെടുന്നത് കഴിവതും കാബിനറ്റ് സെക്രട്ടേറിയറ്റ് മുഖേനയും സംസ്ഥാന സര്‍ക്കാരുകള്‍ അതത് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മുഖേനയും ആവണം.

പ്രാദേശിക വികസന ഫണ്ട് അനുവദിക്കാനാകില്ല

പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം പിമാര്‍ എം എല്‍ എമാര്‍ എന്നിവരുടെ പ്രാദേശികവികസനഫണ്ടില്‍നിന്നും പുതുതായി തുക അനുവദിക്കുന്നത് നിരോധിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുവരുന്നതിനാല്‍ രാജ്യത്തിന്റെ ഒരുഭാഗത്തും രാജ്യസഭാ അംഗങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും പുതുതായി തുക അനുവദിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുംവരെ എം എല്‍എ/എം എല്‍ സി പ്രാദേശിക വികസന ഫണ്ടില്‍നിന്നും പുതുതായി തുകയൊന്നും അനുവദിക്കാന്‍ പാടില്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പ് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുളളവയാണെങ്കിലും ഇനിയും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികളൊന്നും തുടങ്ങാന്‍ പാടില്ല.  അവ തിരഞ്ഞെടുപ്പ്പ്രക്രിയ പൂര്‍ത്തീകരിച്ചശേഷം തുടങ്ങാം.   നേരത്തെ തുടങ്ങിയിട്ടുളള പ്രവൃത്തികള്‍ തുടരാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ പണം നല്‍കാമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

ജനയുഗം 040311

1 comment:

  1. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതായി യാതൊരുവിധ പരാതിയും പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകാതിരിക്കാന്‍ കേന്ദ്രത്തിലോ സംസ്ഥാനത്തോ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

    ReplyDelete