Monday, March 7, 2011

ബൊഫോഴ്‌സ്: കോണ്‍ഗ്രസിന്റെ ഒളിച്ചുകളി

ബൊഫോഴേസ് കുംഭകോണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എക്കാലവും ഒളിച്ചുകളി നടത്തിയിരുന്നു. ഒളിച്ചുകളിയുടെ ഒടുവില്‍ കോണ്‍ഗ്രസ് എന്താണോ ആഗ്രഹിച്ചിരുന്നത് അത് അവര്‍ സാധിച്ചെടുത്തിരിക്കുന്നു. ബൊഫോഴ്‌സ് കേസിലെ മുഖ്യപ്രതിയായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോക്കിയ്‌ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി ചീഫ് മെട്രോപൊളിറ്റന്‍ കോടതി അംഗീകരിച്ചിരിക്കുന്നു.

ക്വത്‌റോക്കിക്കെതിരായ കേസ് ഒഴിവാക്കിക്കിട്ടാന്‍ സി ബി ഐ മുന്നോട്ടുവെച്ച വാദങ്ങള്‍ വിചിത്രമാണ്. ക്വത്‌റോക്കിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങള്‍ക്കായി ഇതുവരെ 250 കോടി രൂപ സര്‍ക്കാരിനു ചെലവായിട്ടുണ്ടെന്നും ഇത് രാജ്യത്തെ സാധാരണക്കാരന്റെ പണമാണെന്നും ഇനിയും ശ്രമം തുടര്‍ന്നാല്‍ കോടികള്‍ വീണ്ടും ചെലവാകുമെന്നും അതുകൊണ്ട് കേസ് അവസാനിപ്പിക്കണമെന്നുമാണ് സി ബി ഐയ്ക്കുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

കാല്‍ നൂറ്റാണ്ട് മുമ്പ് പുറത്തുവന്ന കുംഭകോണമാണ് ബൊഫോഴ്‌സ് തോക്കിടപാട്. അന്നത്തെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സഹധര്‍മിണിയും ഇന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയും ആരോപണത്തിന്റെ പുകമറയ്ക്കുള്ളിലായിരുന്നു. ഇറ്റലിക്കാരനായ ഒട്ടാവിയോ ക്വത്‌റോക്കി സോണിയാഗാന്ധിയുടെ കുടുംബ സുഹൃത്തായിരുന്നുതാനും. കേസില്‍ പ്രതികളായ വിന്‍ഛദ്ദയെപോലുള്ളവരും രാജീവ്ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

1993 ലാണ് ക്വത്‌റോക്കി ഇന്ത്യയില്‍ നിന്നു കടന്നുകളഞ്ഞത്. ക്വത്‌റോക്കിയെ ഇന്ത്യയിലെ കോടതികളില്‍ എത്തിക്കുവാന്‍ 250 കോടിയിലേറെ രൂപ ചെലവായി എന്നതില്‍ കുണ്ഠിതപ്പെടുന്ന സര്‍ക്കാരിനും സി ബി ഐയക്കും ഒരു തവണ പോലും പക്ഷേ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാനായില്ല. മലേഷ്യയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ക്വത്‌റോക്കിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു. അതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെയും അന്വേഷണ സംഘത്തിന്റെയും താല്‍പര്യമില്ലായ്മ പ്രകടമായിരുന്നു. അര്‍ജന്റീനയില്‍ വെച്ച് അവിടത്തെ ഉദ്യോഗസ്ഥര്‍ ക്വത്‌റോക്കിയെ തടഞ്ഞുവെച്ചെങ്കിലും അര്‍ജന്റീനിയന്‍ കോടതിയില്‍ ദുര്‍ബലമായ വാദങ്ങള്‍ നിരത്തിയ സി ബി ഐ ക്വത്‌റോക്കിയെ വിട്ടയയ്ക്കാന്‍ സഹായിച്ചു. അന്ന് അര്‍ജന്റീനിയന്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം സി ബി ഐ ഏറ്റുവാങ്ങുകയും ചെയ്തു.

ഇതിനു മുമ്പും ബൊഫോഴ്‌സ് കേസില്‍ പലവട്ടം ക്വത്‌റോക്കിക്കെതിരായും മറ്റുമുള്ള കേസുകള്‍ പിന്‍വലിക്കുവാന്‍ കോണ്‍ഗ്രസ് സര്‍ക്കാരും സി ബി ഐയും പരിശ്രമിച്ചിരുന്നു. കോടതികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് നടപ്പിലായില്ല. ഹിന്ദുജ സഹോദരന്‍മാര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ 2004 ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇപ്പോള്‍ ക്വത്‌റോക്കിക്കെതിരായ കേസും പിന്‍വലിച്ചിരിക്കുന്നു. കേസ് പിന്‍വലിക്കുവാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കുന്നത് നിര്‍ഭാഗ്യകരമായിപ്പോയി എന്ന അസംതൃപ്തി കോടതി പ്രകടിപ്പിക്കുകയും ചെയ്തു.

ക്വത്‌റോക്കിയെ കൊണ്ടുവരുന്നതിനായി 250 കോടി ചെലവായതില്‍ കുണ്ഠിതപ്പെട്ട് കേസ് അവസാനിപ്പിക്കുന്നതിനായി യത്‌നിച്ചവര്‍ക്ക് ക്വത്‌റോക്കിയും കൂട്ടരും കോഴയായി കടത്തിയ ഇന്ത്യയിലെ സാധാരണക്കാരന്റെ പണത്തെക്കുറിച്ച് തെല്ലും ആശങ്കയില്ല.

അഴിമതിക്കാരെയും കുറ്റവാളികളെയും സഹായിക്കുന്ന സമീപനമാണ് ഇപ്പോഴും കേന്ദ്രസര്‍ക്കാരിന്റേതെന്ന് 2 ജി സ്‌പെക്ട്രം ഇടപാടും കള്ളപ്പണക്കാരുടെ സംരക്ഷണവും തെളിയിക്കുന്നു.

ജനയുഗം മുഖപ്രസംഗം 070311

1 comment:

  1. ബൊഫോഴേസ് കുംഭകോണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് എക്കാലവും ഒളിച്ചുകളി നടത്തിയിരുന്നു. ഒളിച്ചുകളിയുടെ ഒടുവില്‍ കോണ്‍ഗ്രസ് എന്താണോ ആഗ്രഹിച്ചിരുന്നത് അത് അവര്‍ സാധിച്ചെടുത്തിരിക്കുന്നു. ബൊഫോഴ്‌സ് കേസിലെ മുഖ്യപ്രതിയായ ഇറ്റാലിയന്‍ വ്യവസായി ഒട്ടാവിയോ ക്വത്‌റോക്കിയ്‌ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി ചീഫ് മെട്രോപൊളിറ്റന്‍ കോടതി അംഗീകരിച്ചിരിക്കുന്നു.

    ReplyDelete