Sunday, March 13, 2011

സന്തോഷിക്കാം; ഈ അക്ഷരമുറ്റത്തിന്റെ ഉയര്‍ച്ചയില്‍


കൊയിലാണ്ടി: 125 വര്‍ഷം പഴക്കമുള്ള കോതമംഗലം ഗവ. എല്‍പി സ്കൂള്‍ അപ്ഗ്രേഡ്ചെയ്ത് യുപി സ്കൂളാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ കൊയിലാണ്ടിയിലാകെ ആഹ്ളാദം! ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരടക്കമുള്ള ഒട്ടേറെ മഹദ്വ്യക്തികളുടെ പ്രാഥമിക വിദ്യാലയമാണിത്. കാനത്തില്‍ സ്കൂളെന്നും മേച്ചേരി സ്കൂളെന്നും മഠത്തില്‍ സ്്കൂളെന്നൂം വിവിധ കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നു. സ്കൂളിനെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണയ്യര്‍ 'വിദ്യാലയ സ്മരണകള്‍' എന്ന തന്റെ കൃതിയില്‍ ഇങ്ങനെ എഴുതുന്നു:

'ഈ വിദ്യാലയത്തിനടുത്തെത്തുമ്പോള്‍ പൂര്‍വ സ്മരണകള്‍ ഉണര്‍ന്നുവരാറുണ്ട്. ഇവിടെയാണ് ഞാന്‍ അഞ്ചാംതരം വരെ പഠിച്ചത്. എന്റെ മനസ്സില്‍ വലിയ മതിപ്പോടെ ഈ പ്രാഥമിക വിദ്യാലയം നിലകൊള്ളുന്നു.' ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് അല്പം വിമര്‍ശനത്തോടെയാണ് 'എന്റെ പഴയ വിദ്യാലയം ഇന്നും ഒരു ലോവര്‍ പ്രൈമറിയായി നിലകൊള്ളുന്നു. 100 കൊല്ലത്തിലധികം പാരമ്പര്യമുണ്ടായിട്ടും അതൊരു അപ്പര്‍ പ്രൈമറിയാക്കാന്‍ പോലും സര്‍ക്കാരുകള്‍ മുതിരുന്നില്ല. ദരിദ്രരായ അനവധി കുട്ടികള്‍ ഉണ്ടായിട്ടും ഈ ചെറിയ ആവശ്യം നിറവേറ്റാന്‍ വിദ്യാഭ്യാസ ബ്യൂറോക്രസി വൈമനസ്യം കാണിക്കുന്നതില്‍ എനിക്ക് ഖേദമുണ്ട്.'

ഈ വിമര്‍ശനം ഉള്‍കൊണ്ടാണ് ജസ്റ്റിസിന്റെ ഖേദം മാറ്റാന്‍ ഇടതുമുന്നണി തയ്യാറായത്. കൃഷ്ണയ്യരുടെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗം പേരും പഠിച്ചത് ഇവിടെയാണ്. കൊയിലാണ്ടിയിലെ ഏറ്റവും വലിയ മുസ്ളിം തറവാടുകളിലൊന്നായ ഹാജ്യാരകത്ത് വീട്ടിലെ നിരവധി തലമുറകള്‍ അക്ഷരം അഭ്യസിച്ചതും ഈ സ്കൂളിലാണ്. 1976ലാണ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. 65 സെന്റ് സ്ഥലത്ത് 12ഓളം ക്ളാസ് മുറികളുള്ള രണ്ട് കെട്ടിടങ്ങളുണ്ട്. ഇതിന് പുറമെ എസ്എസ്എയുടെ ബ്ളോക്ക് റിസോഴ്സസ് പേഴ്സസ് സെന്ററും പ്രീപ്രൈമറി ക്ളാസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. നൂറിലധികം കുട്ടികളും നാല് അധ്യാപകരുമാണ് ഇപ്പോള്‍ സ്കൂളിലുള്ളത്. പ്രീപ്രൈമറിയില്‍ നൂറിനടുത്ത് കുട്ടികളും രണ്ട് അധ്യാപകരും. പൊതു സ്റ്റേജടക്കം ഒരു യുപി സ്കൂളിന് വേണ്ട എല്ലാ സൌകര്യങ്ങളും ഇവിടെയുണ്ട്. സ്കൂള്‍ പിടിഎയും നഗരസഭയും പി വിശ്വന്‍ എംഎല്‍എയും നടത്തിയ നിരന്തര ബന്ധപ്പെടലിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ അപ്ഗ്രഡേഷന് അനുമതി നല്‍കിയത്. ഈ സ്കൂളിലെ അധ്യാപകനായിരിക്കെ കുട്ടികള്‍ക്ക് ക്ളാസെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പി വിശ്വന്‍ എംഎല്‍എയുടെ പിതാവ് കുഞ്ഞിക്കണ്ണന്‍മാഷ് ഹൃദയാഘാതംമൂലം മരിച്ചത്. 125ാം വാര്‍ഷികത്തിന് സ്കൂളിലെ വേദി തയ്യാറാകുമ്പോള്‍ കൃഷ്ണയ്യരുടെയും മറ്റനേകം പേരുടെയും പ്രതീക്ഷ നടപ്പാക്കാന്‍ തയ്യാറായ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ കൊയിലാണ്ടിയിലെ ജനങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ദേശാഭിമാനി 130311

1 comment:

  1. 25 വര്‍ഷം പഴക്കമുള്ള കോതമംഗലം ഗവ. എല്‍പി സ്കൂള്‍ അപ്ഗ്രേഡ്ചെയ്ത് യുപി സ്കൂളാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ കൊയിലാണ്ടിയിലാകെ ആഹ്ളാദം! ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരടക്കമുള്ള ഒട്ടേറെ മഹദ്വ്യക്തികളുടെ പ്രാഥമിക വിദ്യാലയമാണിത്. കാനത്തില്‍ സ്കൂളെന്നും മേച്ചേരി സ്കൂളെന്നും മഠത്തില്‍ സ്്കൂളെന്നൂം വിവിധ കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നു

    ReplyDelete