Sunday, March 13, 2011

കോണ്‍ഗ്രസ് തടപ്പെടുത്തിയത് വയനാടിന്റെ മുന്നേറ്റം

ഭൂമിയെടുപ്പ് തടസ്സപ്പെടുത്തിയത് കോണ്‍ഗ്രസ്; വൈകിയത് വയനാടിന്റെ കാര്‍ഷിക മുന്നേറ്റം

കല്‍പ്പറ്റ: വയനാടന്‍ കാര്‍ഷിക മേഖലയുടെ കുതിപ്പിന് കരുത്താവുന്ന വാര്യാട് ഭക്ഷ്യസംസ്കരണ പാര്‍ക്ക് പദ്ധതി തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി നടപടിയാണ് കാര്‍ഷിക വികസനം മുടക്കാനുള്ള കോണ്‍ഗ്രസ് ഗൂഡാലോചന പൊളിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏത് വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയെന്ന കോണ്‍ഗ്രസ് നയമാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടത്. ഇതോടെ തടസങ്ങള്‍ നീങ്ങി വ്യവസായ പാര്‍ക്ക് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ബ്ളോക്ക് പ്രസിഡന്റ് ഒ വി അപ്പച്ചനും വാര്യാട് എസ്റ്റേറ്റ് ഉടമകളും ചേര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് നാലുവര്‍ഷത്തോളമാണ് വൈകിയത്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് വയനാട് ഫുഡ്പാര്‍ക്ക്. വയനാട്ടിലെ കാര്‍ഷികോല്‍പ്പന്ന വിലത്തകര്‍ച്ചക്ക് കാരണം കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് വിപണിയിലെത്തിക്കാത്തതാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി, വാനില തുടങ്ങിയവ കര്‍ഷകര്‍ക്ക് തുച്ഛവില നല്‍കി വാങ്ങി സംസ്കരിച്ച് വന്‍തുകക്ക് വിപണിയിലെത്തിക്കുന്നത്. ഈ ചൂചണം അവസാനിപ്പിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച ബദല്‍ മാര്‍ഗമാണ് കാര്‍ഷിക സംസ്കരണ വ്യവസായ പാര്‍ക്ക്. എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവരികയായിരുന്നു. സ്വകാര്യവന്‍കിട കാര്‍ഷിക വ്യവസായ കമ്പനികളെ സഹായിക്കുകയായിരുന്നു ഇതിന്പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണ്. പരിസ്ഥിതി പ്രശ്നവും തൊഴിലാളികളുടെ ജോലി സുരക്ഷിതത്വവും ഉള്‍പ്പെടെയുള്ളവയും ഉയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയ രഹസ്യ അജണ്ടയാണ് ഇപ്പോള്‍ കോടതി വിധിയോടെ പരാജയപ്പെട്ടത്.

ദേശീയപാത 212 ന് സമീപത്ത് വാര്യാട് എസ്റ്റേറ്റിന്റെ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ ഇതാണ് അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വ്യവസായ മന്ത്രി എളമരം കരീം ചര്‍ച്ച നടത്തി 2006 ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 2007 ആഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചത്. ഏറ്റെടുക്കുന്ന ഭൂമി കിന്‍ഫ്രയെ ഏല്‍പ്പിക്കുകയും അവര്‍ മുഖേന പൊതുമേഖല-സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സൌകര്യമൊരുക്കുകയുമായിരുന്നു ലക്ഷ്യം. വാര്യാട് എസ്റ്റേറ്റിന്റെ ഭാഗമായ 393 ഏക്കറും സമീപത്തെ 19 ചെറുകിടക്കാരില്‍നിന്നും അഞ്ചേക്കറും ഉള്‍പ്പെടെ ഏറ്റെടുക്കാനും അതിന് 29 കോടി വിലയായി നല്‍കാനും നടപടികളായിരുന്നു.

ഏറ്റെടുക്കല്‍ നടപടികള്‍ക്കിടെയാണ് തടസവാദങ്ങളുമായി കോണ്‍ഗ്രസ് നേതാവും ഭൂഉടമയും കോടതിയിലെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ലക്ഷ്യവും സാധ്യതയും ഉള്‍പ്പെടെയുള്ളവ കോടതിയെ ബോധ്യപ്പെടുത്തിയതിനാല്‍ ഏറ്റെടുക്കല്‍ നടപടിക്കുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് പ്രാഥമിക വിജ്ഞാപനവും ഡിക്ളറേഷനും മറ്റും കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയാക്കി. വയനാടിന്റെ കാര്‍ഷിക വികസനത്തെ അട്ടിമറിച്ച കോണ്‍ഗ്രസ് നേതൃത്വം ഈ തെരഞ്ഞെടുപ്പില്‍ വികസനത്തിന്റെ പേരില്‍ വോട്ടുപിടിക്കാനിറങ്ങുമ്പോഴാണ് കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടത്. ഏതായാലും വയനാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്ന ഒരു വന്‍കിട കാര്‍ഷിക വ്യവസായ പദ്ധതിക്ക് പാരവെച്ചത് സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തിന് മറുപടി പറയേണ്ടിവരും.

ദേശാഭിമാനി 130311

1 comment:

  1. വയനാടന്‍ കാര്‍ഷിക മേഖലയുടെ കുതിപ്പിന് കരുത്താവുന്ന വാര്യാട് ഭക്ഷ്യസംസ്കരണ പാര്‍ക്ക് പദ്ധതി തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹരജി തള്ളിയ ഹൈക്കോടതി നടപടിയാണ് കാര്‍ഷിക വികസനം മുടക്കാനുള്ള കോണ്‍ഗ്രസ് ഗൂഡാലോചന പൊളിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഏത് വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയെന്ന കോണ്‍ഗ്രസ് നയമാണ് കോടതി ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടത്. ഇതോടെ തടസങ്ങള്‍ നീങ്ങി വ്യവസായ പാര്‍ക്ക് യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ ബ്ളോക്ക് പ്രസിഡന്റ് ഒ വി അപ്പച്ചനും വാര്യാട് എസ്റ്റേറ്റ് ഉടമകളും ചേര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് നാലുവര്‍ഷത്തോളമാണ് വൈകിയത്.

    ReplyDelete