Wednesday, March 9, 2011

കേരളത്തിലെ വിദ്യാഭ്യാസമാറ്റങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളുടെ അംഗീകാരം

പുതിയ വിദ്യാഭ്യാസ സംസ്കാരം ഉള്‍ക്കൊണ്ട് മുന്നേറുന്ന കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. എകെപിസിടിഎ സംസ്ഥാന കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ അക്കാദമിക് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച യുജിസി റെഗുലേഷന്‍ സംബന്ധിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസരംഗത്ത് ഉത്തരാഞ്ചല്‍ സംസ്ഥാനത്ത് കൊണ്ടുവരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അവിടത്തെ വൈസ് ചാന്‍സലര്‍ തന്നോട് സംസാരിച്ചത് ഉദാഹരിച്ചാണ് ഡോ. പണിക്കര്‍ ഇത് പറഞ്ഞത്. ദേശീയതലത്തില്‍ ഉണ്ടായ മാറ്റവും കേരളം അത് നടപ്പാക്കിയ രീതിയും ശ്രദ്ധിച്ചാണ് കേരളത്തെ മാതൃകയാക്കാന്‍ ഉത്തരാഞ്ചല്‍ തീരുമാനിച്ചത്. ഇതിനായി പ്രഗത്ഭരുടെ ഒരു ശില്‍പ്പശാല അവര്‍ സംഘടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ഉണ്ടായ മാറ്റങ്ങളും, കേരളം സ്വീകരിച്ച് നടപ്പില്‍വരുത്തിയ മാറ്റങ്ങളും എന്നിങ്ങനെ രണ്ട് കാഴ്ചപ്പാട് ഈ രംഗത്തുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി, ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാല എന്നിങ്ങനെ കേന്ദ്രം നേരിട്ട് തുറന്ന സ്ഥാപനങ്ങള്‍, നിലവാരം കാക്കുന്നുണ്ടെങ്കിലും, അവിടെ പ്രവേശനം കിട്ടുന്നവര്‍ക്കുമാത്രമായി ഗുണനിലവാരം പരിമിതപ്പെടുകയാണ്. രാജ്യത്ത് 15 ശതമാനം കുട്ടികള്‍ക്കേ ഈ നിലവാരം ലഭ്യമാകുന്നുള്ളൂ.

കേന്ദ്ര സ്കോളര്‍ഷിപ്പുകളില്‍ ഭൂരിപക്ഷവും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് നല്‍കുന്ന രീതിയും വിമര്‍ശിക്കപ്പെടേണ്ടതാണെന്ന് പണിക്കര്‍ പറഞ്ഞു. വിദ്യാഭ്യാസ സമത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാരിനേ കഴിയൂ. കേരള വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെ വിപ്ളവാത്മകം എന്ന് അടുത്തിടെ ബിബിസി വിശേഷിപ്പിച്ചത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. യുജിസി സഹായത്തോടെ നടത്തുന്ന സെമിനാറുകളുടെ അക്കാദമിക ഓഡിറ്റിങ് ആവശ്യമാണെന്നും പണിക്കര്‍ പറഞ്ഞു.

സെമിനാറുകള്‍ സംഘടിപ്പിക്കുന്ന രീതിയും മാറണം. ഉന്നത വിദ്യാഭ്യാസത്തിന് സാംസ്കാരികത്തനിമ എന്നൊരു വശംകൂടിയുണ്ട്. വിദേശ സര്‍വകലാശാലകളുടെ കടന്നുവരവിനെ താന്‍ എതിര്‍ക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ആയിരം കുട്ടികളുടെ പഠനച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതിയായ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിലേക്ക് എകെപിസിടിഎ സംഭാവനയായ അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ട്രഷറര്‍ ഡോ. ശ്രീവത്സന്‍ കെ എന്‍ പണിക്കരെ ഏല്‍പ്പിച്ചു. യുജിസി റെഗുലേഷന്‍ എന്ന വിഷയം സര്‍വീസ്സെല്‍ കവീനര്‍ ഡോ. കെ എസ് ജയചന്ദ്രന്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രൊഫ. ഡി സലിംകുമാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഡോ. വി രാജേന്ദ്രന്‍നായര്‍ സംസാരിച്ചു. ഡോ. എം ഷാഹുല്‍ ഹമീദ് സ്വാഗതവും ഡോ. എന്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 090311

1 comment:

  1. പുതിയ വിദ്യാഭ്യാസ സംസ്കാരം ഉള്‍ക്കൊണ്ട് മുന്നേറുന്ന കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറിയെന്ന് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. എകെപിസിടിഎ സംസ്ഥാന കമ്മിറ്റിയും തിരുവനന്തപുരം ജില്ലാ അക്കാദമിക് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച യുജിസി റെഗുലേഷന്‍ സംബന്ധിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete