Wednesday, March 9, 2011

ലോട്ടറി: സിബിഐ അന്വേഷണത്തിന് കേന്ദ്രത്തിന് മടിയെന്ത്- കോടതി

ലോട്ടറിത്തട്ടിപ്പില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ഹര്‍ജി നല്‍കിയതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന പ്രധാന പാര്‍ടിയുടെ നേതാവാണ് സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും ഇത് കേന്ദ്രസര്‍ക്കാരിന് നാണക്കേടാണെന്നും ചീഫ് ജസ്റിസ് ജെ ചെലമേശ്വര്‍, ജസ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം തടസ്സം നില്‍ക്കുന്നതെന്തിനാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അസിസ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരനോട് കോടതി ആരാഞ്ഞു. ലോട്ടറി രാഷ്ട്രീയ വിഷയമാണെന്നറിയാം. എന്നാല്‍, ഇതിന് കോടതിയെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

അതേസമയം സിക്കിം, ഭൂട്ടാന്‍ ലോട്ടറി തട്ടിപ്പിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സിബിഐക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരമടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. ലോട്ടറി നടത്തിപ്പുകാരുടെ അഭിഭാഷകനായിരുന്ന പി ചിദംബരം ഇവരുമായി ഗൂഢാലോചന നടത്തുകയും ജനങ്ങളെ കബളിപ്പിക്കാന്‍ ലോട്ടറി നടത്തിപ്പുകാര്‍ക്ക് ഒത്താശചെയ്തുവരികയാണെന്നും ആരോപിച്ച് തൃപ്പൂണിത്തുറയിലെ ലോട്ടറി വില്‍പ്പനക്കാരനായ കെ എം ശിവന്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ചീഫ് ജസ്റിസ് ജെ ചെലമേശ്വര്‍, ജസ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിഷിഷന്‍ ബെഞ്ച് നടപടി. സിബിഐ അന്വേഷണം വേണമെന്ന സതീശന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

കേസ് സിബിഐ അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാനും ദുരുദ്ദേശ്യത്തോടെയുമാണ് പ്രതിപക്ഷ അംഗമായ സതീശന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിരവധിതവണ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അന്വേഷണത്തിന് ഉത്തരവിടാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനംകൂടി സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ വരണം. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ആവശ്യം നിരസിക്കുകയാണ് കേന്ദ്രം. വിഷയം ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പരിഗണനയിലാണ് -സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിബിഐക്കും കോടതി നോട്ടീസ് അയച്ചു. 1998 മുതല്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ അച്ചടി, വിതരണം, സമ്മാനവിതരണം എന്നിവയെക്കുറിച്ചും പ്രൊമോട്ടര്‍മാരുടെ നിയമവിരുദ്ധ നടപടിയെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്നാണ് ലോട്ടറി വില്‍പ്പനക്കാരനായ കെ എം ശിവന്‍കുട്ടിയുടെ അഭിഭാഷകന്‍ ടി എസ് രാജന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

deshabhimani 090311

1 comment:

  1. ലോട്ടറിത്തട്ടിപ്പില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ഹര്‍ജി നല്‍കിയതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. കേന്ദ്രം ഭരിക്കുന്ന പ്രധാന പാര്‍ടിയുടെ നേതാവാണ് സിബിഐ അന്വേഷണത്തിന് ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും ഇത് കേന്ദ്രസര്‍ക്കാരിന് നാണക്കേടാണെന്നും ചീഫ് ജസ്റിസ് ജെ ചെലമേശ്വര്‍, ജസ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം തടസ്സം നില്‍ക്കുന്നതെന്തിനാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അസിസ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരനോട് കോടതി ആരാഞ്ഞു. ലോട്ടറി രാഷ്ട്രീയ വിഷയമാണെന്നറിയാം. എന്നാല്‍, ഇതിന് കോടതിയെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കാനാവില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

    ReplyDelete