Sunday, March 6, 2011

വാമനപുരം, കാട്ടാക്കട, ചിറയന്‍‌കീഴ്

ശക്തമായ ഇടതുപക്ഷ അടിത്തറയില്‍ വാമനപുരം

ഭൂമിശാസ്ത്രപരമായി ഏറെ മാറ്റമാണ് മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വാമനപുരം നിയമസഭാ മണ്ഡലത്തിനുണ്ടായിട്ടുള്ളത്. എന്നാല്‍, മണ്ഡലത്തിന്റെ ഇടതുപക്ഷ അടിത്തറയില്‍ ഒരു മാറ്റവുമില്ല. വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയും വാമനപുരം നദീതടവും ഉള്‍പ്പെടുന്നതാണ് വാനമപുരം മണ്ഡലം. വാമനപുരം ബ്ളോക്ക് പഞ്ചായത്തിലെ മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു പഴയ വാമനപുരം മണ്ഡലം. മണ്ഡലപുനര്‍നിര്‍ണയത്തില്‍ നെടുമങ്ങാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആനാടും, പനവൂരും വാനമപുരം മണ്ഡലത്തിലേക്കും മാണിക്കല്‍ പഞ്ചായത്ത് നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി.

1977ല്‍ കല്ലറ വാസുദേവന്‍പിള്ള കോണ്‍ഗ്രസിലെ കുഞ്ഞുകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയതിലൂടെയാണ് മണ്ഡലം ഇടതുപക്ഷ കോട്ടയായി മാറിയത്. തുടര്‍ന്ന് 1980ല്‍സിപിഐ എമ്മിലെ കോലിയക്കോട് കൃഷ്ണന്‍നായര്‍ ഈ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. 1982ലും 1987ലും വാമനപുരം മണ്ഡലത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ വിജയം ആവര്‍ത്തിച്ചു. 1996ലും 2001ലും പിരപ്പന്‍കോട് മുരളിയിലൂടെ എല്‍ഡിഎഫ് ഈ മണ്ഡലം നിലനിര്‍ത്തി. 2006ല്‍ സിപിഐ എമ്മിലെ ജെ അരുന്ധതി ജെഎസ്എസിലെ വി എസ് ഷൈനിനെ 6509 വോട്ടിന് പരാജയപ്പെടുത്തി. 1,60,931 വോട്ടര്‍മാരാണ് ഈ മണ്ഡലത്തില്‍ ആകെയുള്ളത്. ഇതില്‍ 76,198 പുരുഷവോട്ടര്‍മാരും 84,733 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.

കാട്ടാക്കടയില്‍ 6 പഞ്ചായത്ത്

തിരുവനന്തപുരം നഗരവുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന പുതുതായി രൂപംകൊണ്ട നിയമസഭാമണ്ഡലമാണ് കാട്ടാക്കട. ആറ് പഞ്ചായത്താണ് ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ പഴയ നേമംമണ്ഡലത്തിലും കാട്ടാക്കട പഞ്ചായത്ത് പുനഃക്രമീകരണത്തില്‍ ഇല്ലാതായ ആര്യനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നതുമാണ്.

നഗരാതിര്‍ത്തിയോട് ചേര്‍ന്ന മണ്ഡലമാണെങ്കിലും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും ഉള്‍പ്പെടെ സമ്മിശ്രമായ ജനവിഭാഗമാണ് ഇവിടെയുള്ളത്. നിലവില്‍ കാട്ടാക്കട, മാറനല്ലൂര്‍ പഞ്ചായത്തുകള്‍ ഇടതുമുന്നണിയും ബാക്കിയുള്ള പഞ്ചായത്തുകള്‍ യുഡിഎഫുമാണ് ഭരിക്കുന്നത്. മുമ്പുള്ള അഞ്ചുവര്‍ഷം ഈ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തിന്റെയും ഭരണം ഇടതുമുന്നണിക്കായിരുന്നു.

ഇപ്പോഴത്തെ കാട്ടാക്കട മണ്ഡലത്തില്‍ ഉള്‍പ്പെട്ട അഞ്ചു പഞ്ചായത്ത് പഴയ നേമം മണ്ഡലത്തിലായിരുന്നതുകൊണ്ട് നേമത്തിന്റെ രാഷ്ട്രീയചരിത്രമാണ് ഈ മണ്ഡലത്തിന് കൂടുതല്‍ ചേരുക. ഇരുമുന്നണിയെയും വിജയിപ്പിച്ച ചരിത്രമാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ മാളയ്ക്കൊപ്പം മത്സരിക്കാന്‍ തെരഞ്ഞെടുത്തത് നേമത്തെയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ നേമത്തും മാളയിലും വിജയിച്ച കരുണാകരന്‍ മാളയെ വരിച്ച് നേമത്തെ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി ജെ തങ്കപ്പന്‍ മണ്ഡലം ഇടതുമുന്നണിക്ക് പിടിച്ചെടുത്തു. തുടര്‍ന്ന് നടന്ന രണ്ടു തെരഞ്ഞെടുപ്പിലും വി ജെ തങ്കപ്പന്‍ വിജയിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വെങ്ങാനൂര്‍ ഭാസ്കരനിലൂടെ എല്‍ഡിഎഫ് മണ്ഡലം നിലനിര്‍ത്തി. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ ശക്തനാണ് ഇവിടെ വിജയിച്ചത്. 77,802 പുരുഷന്മാരും 86,234 സ്ത്രീകളും ഉള്‍പ്പെടെ 1,64,034 വോട്ടര്‍മാരാണ് ഈ മണ്ഡലത്തില്‍ ആകെയുള്ളത്.

കടലോരവും കയര്‍, കാര്‍ഷിക മേഖലയും ചിറയിന്‍കീഴിന് കരുത്ത്

അറബിക്കടല്‍ അതിരിടുന്ന ചിറയിന്‍കീഴ് മണ്ഡലത്തിന് നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനം. പഴയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, അഴൂര്‍, കിഴുവിലം പഞ്ചായത്തുകളും കിളിമാനൂരിലെ മുദാക്കലും കഴക്കൂട്ടത്തെ മംഗലപുരം, കഠിനംകുളം പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് പുതുതായി ചിറയിന്‍കീഴ് മണ്ഡലത്തിനു രൂപംനല്‍കിയത്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് മണ്ഡലം. അഞ്ചുതെങ്ങ് പഞ്ചായത്തിലെ ഒന്നാംപാലത്തില്‍നിന്ന് ആരംഭിച്ച് കഠിനംകുളത്തെ തുമ്പവരെ നീളുന്ന ചിറയിന്‍കീഴ്, അഴൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കടലോരഗ്രാമമാണ് മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍ണയിക്കുന്നത്. തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞാല്‍ കയര്‍ തൊഴിലാളികള്‍ക്കാണ് നിര്‍ണായകസ്ഥാനം.

പഞ്ചായത്തുകളില്‍ കഠിനംകുളം മാത്രമാണ് കോണ്‍ഗ്രസിന് അവകാശപ്പെടാനുള്ളത്. അതും ഒരു സീറ്റിന്റെ പിന്‍ബലത്തില്‍. മുദാക്കല്‍, കിഴുവിലം, അഴൂര്‍, ചിറയിന്‍കീഴ്, മംഗലപുരം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം കയ്യാളുമ്പോള്‍ കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം സീറ്റ് ലഭിച്ചതുകൊണ്ട് നറുക്കെടുപ്പിലൂടെ പ്രസിഡന്റുസ്ഥാനം യുഡിഎഫിന് വീണുകിട്ടുകയാണ് ഉണ്ടായത്.

ദേശാഭിമാനി 060311

1 comment:

  1. ഭൂമിശാസ്ത്രപരമായി ഏറെ മാറ്റമാണ് മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വാമനപുരം നിയമസഭാ മണ്ഡലത്തിനുണ്ടായിട്ടുള്ളത്. എന്നാല്‍, മണ്ഡലത്തിന്റെ ഇടതുപക്ഷ അടിത്തറയില്‍ ഒരു മാറ്റവുമില്ല. വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയും വാമനപുരം നദീതടവും ഉള്‍പ്പെടുന്നതാണ് വാനമപുരം മണ്ഡലം. വാമനപുരം ബ്ളോക്ക് പഞ്ചായത്തിലെ മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതായിരുന്നു പഴയ വാമനപുരം മണ്ഡലം. മണ്ഡലപുനര്‍നിര്‍ണയത്തില്‍ നെടുമങ്ങാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന ആനാടും, പനവൂരും വാനമപുരം മണ്ഡലത്തിലേക്കും മാണിക്കല്‍ പഞ്ചായത്ത് നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി.

    ReplyDelete