Sunday, March 6, 2011

എന്നും ശ്രദ്ധേയം കുന്നത്തുനാട്

കൊച്ചി: ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമാണ് കുന്നത്തുനാട്. പുനഃക്രമീകരണത്തില്‍ പരിക്കൊന്നുമേല്‍ക്കാത്ത കുന്നത്തുനാട് 12-ാമത് ജനവിധിക്കാണ് തയ്യാറെടുക്കുന്നത്. ഇരുമുന്നണികളെയും തുണച്ചിട്ടുള്ള മണ്ഡലത്തിന്റെ മുന്‍കാല ജനവിധികളില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, എഐസിസി അംഗം ടി എച്ച് മുസ്തഫ, പോള്‍ പി മാണി തുടങ്ങിയ വമ്പന്മര്‍ പലരെയും പരാജയപ്പെടുത്തിയതും ചരിത്രം. ആറുവട്ടം യുഡിഎഫിനെയും അഞ്ചുവട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച മണ്ഡലം നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംവരണ മണ്ഡലമാകുന്നത്. മഴുവന്നൂര്‍, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്-പുത്തന്‍കുരിശ്, പൂത്തൃക്ക, തിരുവാണിയൂര്‍, ഐക്കരനാട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ആകെ വോട്ടര്‍മാര്‍: 148833.

1965 ലെ ആദ്യ തെരഞ്ഞെടുപ്പില്‍തന്നെ സംവരണമണ്ഡലമായപ്പോള്‍ കോണ്‍ഗ്രസിലെ കെ കെ മാധവന്‍ തെരഞ്ഞെടുക്കപ്പെട്ടു. തോറ്റത് ജയിലില്‍നിന്നു മത്സരിച്ച സിപിഐ എമ്മിലെ എം കെ കൃഷ്ണന്‍. '67 ലും സംവരണം തുടര്‍ന്നപ്പോള്‍ എം കെ കൃഷ്ണന്‍ ജയിച്ച് വനംമന്ത്രിയുമായി. 1970ല്‍ കോണ്‍ഗ്രസ് മുന്നണിയില്‍നിന്നു മത്സരിച്ച ടി എ പരമനിലൂടെ മണ്ഡലം കളംമാറി ചവുട്ടി. '77ല്‍ ജനറലായ കുന്നത്തുനാട്ടില്‍ സിപിഐ എമ്മിലെ പി പി എസ്തോസ് വിജയിച്ചു. പോള്‍ പി മാണിയാണ് തോറ്റത്. '80 ല്‍ മറ്റൊരു പ്രമുഖനായ പി പി തങ്കച്ചന്‍ തോറ്റു. മണ്ഡലം എസ്തോസിലൂടെ വീണ്ടും എല്‍ഡിഎഫ്പക്ഷത്ത്.

1982, '87, '91 വര്‍ഷങ്ങളില്‍ ടി എച്ച് മുസ്തഫയ്ക്കൊപ്പം ഉറച്ചുനിന്ന മണ്ഡലം 1996ല്‍ മനസ്സുമാറ്റി. സിപിഐ എമ്മിലെ എം പി വര്‍ഗീസ് മുസ്തഫയെ മറികടന്ന് എംഎല്‍എയായി. 2001ല്‍ മുസ്തഫ തിരിച്ചുവന്നെങ്കിലും 2006ല്‍ എം എം മോനായിക്ക് വിജയം നല്‍കി വീണ്ടും എല്‍ഡിഎഫ് പക്ഷത്തായി. മോനായിയുടെ ഭൂരിപക്ഷം 2057 വോട്ട്.

സംവരണമണ്ഡലമായതോടെ കുന്നത്തുനാട് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കാര്‍ഷിക-വ്യവസായ മേഖലകള്‍ സമന്വയിക്കുന്ന മണ്ഡലത്തില്‍ സാമുദായിക പരിഗണനകള്‍പോലെ രാഷ്ട്രീയവും പ്രധാന ഘടകമാണ്. സ്മാര്‍ട്ട് സിറ്റി പോലെ വന്‍കിട വ്യവസായങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ തൊട്ടുടുത്ത കുന്നത്തുനാട് മണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങളും വികസനത്തിന്റെ മധുരം അനുഭവിക്കും. അഞ്ചുവര്‍ഷത്തിനിടെ മണ്ഡലമാകെ നേടിയ മുന്നേറ്റത്തിലൂടെ കുന്നത്തുനാട്ടില്‍ വികസനവും തെരഞ്ഞെടുപ്പു വിഷയമാകുമെന്നുറപ്പ്. കുന്നത്തുനാട്ടിലെ ജനവിധി എന്നും പ്രവചനാതീതമായിരുന്നു. നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു എന്നും വിജയം. മഴുവന്നൂരൊഴികെ പഞ്ചായത്തുകളിലെല്ലാം നിലവില്‍ യുഡിഎഫ് ഭരണസമിതിയാണ്.

deshabhimani 060311

1 comment:

  1. ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമാണ് കുന്നത്തുനാട്. പുനഃക്രമീകരണത്തില്‍ പരിക്കൊന്നുമേല്‍ക്കാത്ത കുന്നത്തുനാട് 12-ാമത് ജനവിധിക്കാണ് തയ്യാറെടുക്കുന്നത്. ഇരുമുന്നണികളെയും തുണച്ചിട്ടുള്ള മണ്ഡലത്തിന്റെ മുന്‍കാല ജനവിധികളില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, എഐസിസി അംഗം ടി എച്ച് മുസ്തഫ, പോള്‍ പി മാണി തുടങ്ങിയ വമ്പന്മര്‍ പലരെയും പരാജയപ്പെടുത്തിയതും ചരിത്രം. ആറുവട്ടം യുഡിഎഫിനെയും അഞ്ചുവട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെയും വിജയിപ്പിച്ച മണ്ഡലം നീണ്ട ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംവരണ മണ്ഡലമാകുന്നത്. മഴുവന്നൂര്‍, വാഴക്കുളം, കിഴക്കമ്പലം, കുന്നത്തുനാട്, വടവുകോട്-പുത്തന്‍കുരിശ്, പൂത്തൃക്ക, തിരുവാണിയൂര്‍, ഐക്കരനാട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ആകെ വോട്ടര്‍മാര്‍: 148833.

    ReplyDelete