Tuesday, March 8, 2011

അരുണയ്ക്ക് ദയാവധം: ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 37 വര്‍ഷമായി പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് ജീവച്ഛവമായി മുംബൈയിലെ കെഇഎം ആശുപത്രിയില്‍ കഴിയുന്ന അരുണ രാമചന്ദ്ര ഷാന്‍ബാഗിന് ദയാവധം (ആക്ടീവ് യുതനേസ്യ) അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നിരാകരിച്ചു. ദയാവധം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, അത്യപൂര്‍വം സാഹചര്യങ്ങളില്‍ മരുന്നുകളും ഭക്ഷണവും കൃത്രിമ വൈദ്യസംവിധാനങ്ങളും മറ്റും പിന്‍വലിച്ച് മരണത്തിനു വഴിയൊരുക്കുന്നതില്‍ (പാസീവ് യുതനേസ്യ) തെറ്റില്ലെന്ന് കോടതി വിധിച്ചു. ദയാവധത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് പുതിയ നിയമം രൂപീകരിക്കുംവരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ഗ്യാന്‍സുധ മിശ്രയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും ദയാവധം പാടില്ലെന്ന് വാദിച്ചു. ഇത് അനുവദിച്ചാല്‍ ഭാവിയില്‍ സ്വത്തിനും മറ്റുമായി ദയാവധത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

ഉണരാത്ത അബോധാവസ്ഥയില്‍ കഴിയുന്ന അറുപതുകാരിയായ അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് എഴുത്തുകാരിയായ പിങ്കി വിരാനിയാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, അരുണയെ 37 വര്‍ഷമായി സംരക്ഷിക്കുന്ന കെഇഎം ആശുപത്രി അധികൃതര്‍ കോടതിയില്‍ ദയാവധത്തോട് വിയോജിച്ചു. കെഇഎം ആശുപത്രിയില്‍ നേഴ്സായിരുന്ന അരുണ അവിടത്തെ ഒരു ജീവനക്കാരന്റെ ബലാത്സംഗത്തെ തുടര്‍ന്നാണ് കിടപ്പിലായത്. അരുണയുടെ കേസില്‍ വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ദയാവധം വേണ്ടെന്നാണ് വൈദ്യശാസ്ത്ര തെളിവുകളും മറ്റു ഘടകങ്ങളും നിര്‍ദേശിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം രോഗാതുരരായവര്‍ക്ക് നിലവിലുള്ള നിയമപ്രകാരം വിഷം കുത്തിവച്ചുള്ള ദയാവധം സാധ്യമല്ല. അത്യപൂര്‍വ കേസുകളില്‍ മരണത്തിനു വഴിയൊരുക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ കോടതി ഇതിനു മാനദണ്ഡങ്ങളും നിര്‍ദേശിച്ചു. ഇവ പാലിച്ചുള്ള ദയാവധ അപേക്ഷകളില്‍ ഹൈക്കോടതികള്‍ വേണം തീര്‍പ്പുകല്‍പ്പിക്കാന്‍. ഉണരാത്ത അബോധാവസ്ഥയില്‍ കഴിയുന്നവരുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പിന്‍വലിക്കാന്‍ നിയമപരമായി വ്യവസ്ഥയില്ല. എന്നാല്‍, അത്യപൂര്‍വകേസുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഇതനുവദിക്കാം. ഒരു ഘട്ടത്തിലും ഇതു പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തോട് യോജിക്കാനാകില്ല- കോടതി പറഞ്ഞു.

ആത്മഹത്യാശ്രമം ശിക്ഷാര്‍ഹമായി കാണുന്ന ഐപിസിയിലെ 309-ാം വകുപ്പ് എടുത്തുകളയണമെന്നും കോടതി അഭിപ്രായപ്പെട്ടു. 309-ാം ചട്ടം ഭരണഘടനാപരമായി സാധൂകരിക്കപ്പെട്ടതാണെങ്കിലും ഇത് കാലഹരണപ്പെട്ട വ്യവസ്ഥയാണ്. കടുത്ത നൈരാശ്യം അനുഭവിക്കുന്ന വ്യക്തിയാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഇത്തരക്കാര്‍ക്ക് സഹായമാണ് വേണ്ടത്. ശിക്ഷയല്ല- കോടതി നിരീക്ഷിച്ചു. ദയാവധത്തിന്റെ കാര്യത്തില്‍ പുതിയ നിയമം ആവശ്യമാണെന്ന സുപ്രീംകോടതി അഭിപ്രായത്തോട് യോജിക്കുകയാണെന്ന് നിയമമന്ത്രി എം വീരപ്പമൊയ്ലി പ്രതികരിച്ചു. ഈ വിഷയത്തില്‍ ഗൌരവത്തിലുള്ള ചര്‍ച്ച ആവശ്യമാണ്- മൊയ്ലി പറഞ്ഞു. അതേസമയം, ഹര്‍ജി സുപ്രീംകോടതി തള്ളിയതില്‍ മുംബൈയില്‍ ആഹ്ളാദം. കഴിഞ്ഞ 37 വര്‍ഷം ജീവന്റെ തുടിപ്പുമാത്രമായി കഴിയുന്ന അരുണയെ മരണത്തിന് വിടാതെ സംരക്ഷിച്ച കെഇഎം ആശുപത്രിയിലെ നേഴ്സുമാരും ജീവനക്കാരുമാണ് മധുരം വിതരണംചെയ്ത് ആഹ്ളാദം പങ്കിട്ടത്. ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിങ്കി വിരാനി കോടതിയെ സമീപിച്ചപ്പോള്‍ അതിശക്തമായി എതിര്‍ത്തവരാണ് കെഇഎം ആശുപത്രിയിലെ ജീവനക്കാര്‍.

(എം പ്രശാന്ത്) ദേശാഭിമാനി 080311

പരോക്ഷ ദയാവധം പലയിടത്തും നിയമവിധേയം

ന്യൂഡല്‍ഹി: പത്യേക സാഹചര്യങ്ങളില്‍ പരോക്ഷ ദയാവധം അനുവദിക്കാമെന്ന സുപ്രിം കോടതി അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ദയാവധം നിയമപരമായി അനുവദിക്കുന്ന രാജ്യങ്ങള്‍ക്കൊപ്പമായി ഇന്ത്യയുടെ സ്ഥാനം.

രോഗിയുടെ മരണം ലക്ഷ്യമിട്ടുകൊണ്ട് ചികിത്സ അവസാനിപ്പിക്കുന്നതിനെയാണ് പരോക്ഷ ദയാവധമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു രോഗിക്ക് ജീവിച്ചിരിക്കാന്‍ കിഡ്‌നി ഡയാലിസിസ് ആവശ്യമാണെന്നിരിക്കെ രോഗിയെ പെട്ടന്ന് മരിക്കാന്‍ അനുവദിച്ച് ഡോക്ടര്‍ ഡയാലിസിസ് മെഷീന്‍ നിറുത്തുന്നുന്നു. ഇത്തരത്തിലുള്ള പരോക്ഷ ദയാവധം നേരിട്ടുള്ള ദയാവധത്തില്‍നിന്നും വ്യത്യസ്തമാണ്. ഏതെങ്കിലും മാരക മരുന്നിന്റെ ഉപോഗത്തിലൂടെ മരണത്തിലേക്ക് നയിക്കുന്നതാണ് ദയാവധമെന്ന് പറയുന്നത്. എന്നാല്‍ ഇത് ക്രിമിനല്‍ കൊലപാതകമായാണ് പൊതുവില്‍ വിലയിരുത്തുന്നത്. എന്നാല്‍ പരോക്ഷ ദയാവധം പല രാജ്യങ്ങളിലും ക്രിമിനല്‍ വിഭാഗത്തില്‍ പരിഗണിക്കുന്നില്ല.

രോഗിയുടെ അനുമതിയോടെയുള്ള ദയാവധത്തിന് സ്വമേധയായുള്ള ദയാവധമന്നാണ് പറയുന്നത്. ഇത് ബല്‍ജിയം, ലക്‌സംബര്‍ഗ്, ഹോളണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്, അമേരിക്കന്‍ സ്റ്റേറ്റുകളായ ഓറിഗോണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ നിയമവിധേയമാണ്. ഒരു രോഗി ഡോക്ടറുടെ സഹായത്തോടെ മരണം ആവശ്യപ്പെടുന്നത് 'പിന്‍തുണയോടെയുള്ള ആത്മഹത്യ' എന്നാണ് പറയുന്നത്.

മരിക്കാനുള്ള ആഗ്രഹംപോലും പ്രകടിപ്പിക്കാനാകാത്ത അവസ്ഥയില്‍ കഴിയുന്ന രോഗിക്ക് അനുവദിക്കുന്നതാണ് ദയാവധം. കുട്ടികളുടെ ദയാവധം ലോക വ്യാപകമായി നിയമവിരുദ്ധമാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗ്രോണിന്‍ജന്‍ ഉടമ്പടി പ്രകാരം ഹോളണ്ടില്‍ ഇതിന് വിവേചാധികാരം നല്‍കിയിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്നോ അതിലധികമോ അംഗങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ അല്‍ബേനിയയിലും കുട്ടികളുടെ ദയാവധത്തിന് നിയമപരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ രണ്ട് തരത്തിലുള്ള ദയാവധവും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിയമവിരുദ്ധമാണ്. സ്വാര്‍ഥതാല്‍പര്യത്തോടെ ആത്മഹത്യയ്ക്ക് സഹായം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

1955ല്‍ ഓസ്‌ട്രേലിയയുടെ വടക്കന്‍ മേഖല ഒരു ദയാവധ ബില്ലിന് അംഗീകാരം നല്‍കി. 1996 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നെങ്കിലും അടുത്തവര്‍ഷംതന്നെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഇത് തിരുത്തി.

1997ല്‍ ദയാവധത്തിന് അനുകൂലമായി കൊളംബിയന്‍ സുപ്രിം കോടതി വിധി പുറപ്പെടുവിക്കുകയും ഇതിന്മല്‍ ചുമത്തിയിരുന്ന പിഴ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ കോടതിയുടെ ശുപാര്‍ശകള്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗീകരിക്കാത്തിനാല്‍ ഇതുവരെ പ്രാബല്യത്തിലായിട്ടില്ല. പ്രത്യേക സാഹചര്യങ്ങളില്‍ പരോക്ഷ ദയാവധമാകാമെന്ന സുപ്രിം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ദയാവധം നിയമവിരുദ്ധമാണമെന്ന അഭിപ്രായമാണ് വ്യക്തമായിരിക്കുന്നത്. മാത്രമല്ല പാര്‍ലമെന്റ് നിയമം കൊണ്ടുവരുന്നതുവരെ ഏത് തരത്തിലുള്ള ദയാവധവും നിലവില്‍വരില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അരുണ കോമയിലായത് ലൈംഗിക ആക്രമണത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി: താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ തൂപ്പുകാരന്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ്, രാജ്യം മുഴുവന്‍ ചര്‍ച്ചചെയ്ത ദയാവധ ഹര്‍ജിയിലെ മുഖ്യകക്ഷി അരുണ ഷാന്‍ബാഗ് കോമ അവസ്ഥയിലായത്. അരുണയെ ആശുപത്രിയിലെ തൂപ്പുകാരന്‍ ആക്രമിച്ചെന്നും കഴുത്തില്‍ തുടലുകൊണ്ടു മുറുക്കി തള്ളിയിട്ടതു മുതല്‍ അവര്‍ കോമ അവസ്ഥയിലായെന്നും സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചങ്ങല ഉപയോഗിച്ച് കഴുത്ത് ഞെരിച്ചതിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയും കോര്‍ട്ടക്‌സിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. കഴുത്തിന് പരിക്കേറ്റതിലൂടെ തലച്ചോറിലേക്കുള്ള രക്തക്കുഴലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. വര്‍ഷങ്ങളായി കിടക്കയില്‍ കഴിയുന്ന അരുണയുടെ ഭാരം തൂവലിനോളം കുറഞ്ഞതായും പല്ലുകള്‍ പൊടിയുകയും അസ്ഥികള്‍ ഒടിഞ്ഞു തുടങ്ങിയതായും അവര്‍ക്ക് കിടക്കയില്‍ കിടക്കുന്നതുപോലും വേദനിയുളവാക്കുന്നതായും വിരാനി കോടതിയില്‍ പറഞ്ഞു. ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് അവര്‍ക്ക് നല്‍കുന്നത്. തലച്ചോര്‍ ഇതിനകംതന്നെ മരിച്ചുകഴിഞ്ഞ അരുണയ്ക്ക് ഓര്‍മകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. കാണാനോ കേള്‍ക്കാനോ കഴിയാത്ത അവര്‍ ഒന്നും പ്രതികരിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യുന്നില്ലെന്നും ദയാവധത്തിനുള്ള അപേക്ഷയില്‍ വിരാനി പറഞ്ഞു.

ദയാവധം അനുവദിക്കണമോയെന്ന പ്രശ്‌നത്തിന്മേല്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതി, അമിക്കസ് ക്യൂറി ടി ആര്‍ അന്ത്യാര്‍ജുന എന്നിവരും ആശുപത്രിക്കുവേണ്ടി ഹാജരായ വല്ലഭ് സിസോദിയ, പരാതിക്കാരിയായ വിരാനിക്കുവേണ്ടി ഹാജരായ ശേഖര്‍ നപാദേ തുടങ്ങി നിരവധി അഭിഭാഷകരുടെ അഭിപ്രായങ്ങള്‍ കോടതി തേടിയിരുന്നു.

ദയാവധം അനുവദിക്കുന്നതിനോ തടയുന്നതിനോയുള്ള നിയമം ഇല്ലെന്ന നിലപാടാണ് കേസിന്റെ വാദം കേട്ട സമയത്ത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ജനയുഗം 080311

1 comment:

  1. ക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 37 വര്‍ഷമായി പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് ജീവച്ഛവമായി മുംബൈയിലെ കെഇഎം ആശുപത്രിയില്‍ കഴിയുന്ന അരുണ രാമചന്ദ്ര ഷാന്‍ബാഗിന് ദയാവധം (ആക്ടീവ് യുതനേസ്യ) അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നിരാകരിച്ചു. ദയാവധം നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, അത്യപൂര്‍വം സാഹചര്യങ്ങളില്‍ മരുന്നുകളും ഭക്ഷണവും കൃത്രിമ വൈദ്യസംവിധാനങ്ങളും മറ്റും പിന്‍വലിച്ച് മരണത്തിനു വഴിയൊരുക്കുന്നതില്‍ (പാസീവ് യുതനേസ്യ) തെറ്റില്ലെന്ന് കോടതി വിധിച്ചു. ദയാവധത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് പുതിയ നിയമം രൂപീകരിക്കുംവരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്ന് ജസ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ഗ്യാന്‍സുധ മിശ്രയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരും ദയാവധം പാടില്ലെന്ന് വാദിച്ചു. ഇത് അനുവദിച്ചാല്‍ ഭാവിയില്‍ സ്വത്തിനും മറ്റുമായി ദയാവധത്തിന്റെ മറവില്‍ കൊലപാതകങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

    ReplyDelete