Tuesday, March 8, 2011

കുത്തകകളെ സപ്ലൈകോ പ്രതിരോധിച്ചതായി പഠന റിപ്പോര്‍ട്ട്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ ബഹുരാഷ്ട്ര റീട്ടെയില്‍ കുത്തകള്‍ക്ക് കടുത്ത പ്രതിരോധം സൃഷ്ടിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായ കസ്റ്റമര്‍ സര്‍വീസ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയും അമേരിക്കന്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം മാനേജ്‌മെന്റ്  വിദ്യാര്‍ഥികളും നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം തെളിയിക്കപ്പെട്ടത്.

ബഹുരാഷ്ട്ര റീട്ടെയില്‍ ഭീമന്‍മാരായ ബിഗ് ബസാര്‍, റിലയന്‍സ് ഫ്രഷ്, ടാറ്റയുടെ മോര്‍, ആഭ്യന്തര കുത്തകകളായ സ്‌പെന്‍സര്‍ തുടങ്ങിവരുടെ ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകള്‍ക്കാണ് സപ്ലൈകോ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതില്‍ നിന്നും ബഹുരാഷ്ട്ര കുത്തകകള്‍ പിന്തിരിയുന്ന അവസ്ഥയാണ് നിലവിലുള്ളത്.  കൂടാതെ ബഹുരാഷ്ട്ര കുത്തകകള്‍ അവരുടെ ഔട്ട്‌ലെറ്റുകള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സ്ഥാപിക്കുന്നത്. നഗരത്തിലെ വരേണ്യ വര്‍ഗത്തെ ലക്ഷ്യമിട്ടാണ് അവരുടെ തീരുമാനം. എന്നാല്‍ നഗര ഗ്രാമ വ്യത്യസങ്ങളില്ലാതെ കമ്പോള ശക്തി മാത്രം അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ആധുനിക സൗകര്യങ്ങളുള്ള ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ഗുണനിലവാരമുള്ള വസ്തുക്കള്‍ മിതമായ വിലയില്‍ മികച്ച രീതിയില്‍ പാക്ക് ചെയ്ത് നല്‍കാന്‍ സപ്ലൈകോക്ക് കഴിഞ്ഞു.  അവശ്യ സാധനങ്ങള്‍ ആവസ്യനുസരണം ലഭ്യമാക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് കേരളത്തിലെ ജനസംഖ്യയുടെ 14 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിയിരുന്നത്. എന്നാല്‍ 2010 ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 69.78 ശതമാനം ജനങ്ങള്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്കും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും സപ്ലൈകോ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നിയന്ത്രിത ഔട്ട്‌ലെറ്റുകളെയാണ് ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപഭോക്താക്കള്‍ക്ക്  ആവശ്യമായ സാധനങ്ങള്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്നും സ്വയം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ് ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള കമ്പനിക്ക് കമ്പോളത്തില്‍ ഉണ്ടായിരുന്ന മേല്‍ക്കോയ്മയുടെ അടിസ്ഥാനം. അഞ്ച് വര്‍ഷം മുമ്പ് ഇത്തരം സൗകര്യങ്ങള്‍ സപ്ലൈകോ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ ലഭ്യമായിരുന്നില്ല. അഞ്ച് വര്‍ഷത്തിനിടെ ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ ആള്‍ക്കാര്‍ എത്തുന്നതിനും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ ജനങ്ങള്‍ എത്താത്തതിനുള്ള കാരണങ്ങള്‍ സംബന്ധിച്ച സമഗ്രമായ പഠനം നടത്തി. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാലാനുസൃമായ പരിഷ്‌കാരങ്ങള്‍ സപ്ലൈകോയില്‍ നടപ്പാക്കിയതാണ് കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള മറ്റൊരു കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.  കൂടാതെ ആധുനിക ജീവിത ശൈലികള്‍ക്ക് ഇണങ്ങുന്ന വിധത്തിലുള്ള ഉല്‍പ്പന്നങ്ങളും സപ്ലൈകോയില്‍ ലഭ്യമാക്കി.

ഐ ടി മേഖലയുടെ വികസനവും ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ആള്‍ക്കാരുടെ ഉയര്‍ന്ന വരുമാനവുമാണ് റിലയന്‍സ് പോലുള്ള കുത്തകകളെ ആശ്രയിക്കാന്‍ ഒരു വിഭാഗം ജനങ്ങളെ പ്രത്സാഹിപ്പിച്ചിരുന്ന മുഖ്യ ഘടകം. ഈ കമ്പോള ശക്തി ഉപയോഗപ്പെടുത്തുന്ന വിധത്തിലുള്ള ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കഴിഞ്ഞതാണ് സപ്ലൈകോയുടെ വര്‍ധിച്ച ജനപിന്തുണയ്ക്കുള്ള കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സാധനങ്ങള്‍ സ്വന്തം അഭിരുചിക്കും താലപ്പര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍  നടത്തിയ  പരിഷ്‌കാരങ്ങളും സപ്ലൈകോയ്ക്ക് മുതല്‍ക്കൂട്ടായി. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെയുള്ള  അവശ്യ സാധനങ്ങള്‍ ഒരേ കുടക്കീഴില്‍ ലഭ്യമാകുന്ന സംവിധാനത്തോട് മറ്റേത് സംസ്ഥാനത്തേയും പോലെ കേരളത്തിലെ ജനങ്ങള്‍ക്കും താല്‍പ്പര്യമുണ്ട്. ഇത്തരം താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആധുനികവല്‍ക്കരണമാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കി. കമ്പ്യൂട്ടര്‍ ബില്ലിംഗ് സംവിധാനവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

മറ്റേത് ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പ്രവാസികള്‍ കൂടുതലായുള്ളത് കേരളത്തിലാണ്. ഗള്‍ഫ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സൈലന്റ് സെയില്‍സ് മാന്‍ (നിശബ്ദ കച്ചവടക്കരന്‍) എന്ന സങ്കല്‍പ്പമാണ്  സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ അവലംബിക്കുന്നത്. ഇത്തരം ആധുനിക ഉപഭോക്തൃ രീതികള്‍ അഞ്ച് വര്‍ഷം മുമ്പുവരെ കേരളത്തില്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ ഭാഗമായി സമൂഹത്തിലെ സമ്പന്ന വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ ബിഗ് ബസാര്‍ പോലുള്ള ഔട്ട്‌ലെറ്റുകളില്‍  പോകുന്നതിന്റെ ആക്കം കൂട്ടി. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതോടെ ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചിരുന്ന ഭൂരിഭാഗം  ജനങ്ങളേയും ആകര്‍ഷിക്കാന്‍ കഴിഞ്ഞു.  ഉപഭോക്താക്കളുടെ തിരക്ക് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ ബിസിനസിന്റെ കണക്കുകള്‍  പ്രകാരം കേരളത്തില്‍ ഒരു രൂപ വരുമാനം ലഭിക്കുന്ന ഒരാള്‍ 37 പൈസ മരുന്നുകള്‍ വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് മനസിലാക്കി സപ്ലൈകോ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിച്ചു. പത്ത് മുതല്‍ മുപ്പത് ശതമാനം വരെ വിലക്കുറച്ചാണ് സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ വില്‍ക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് കേവലം 9 ശതമാനം ആള്‍ക്കാരാണ് ഇവിടെ നിന്നും മരുന്നുകള്‍ വാങ്ങിയിരുന്നത്. എന്നാല്‍ 2010ലെ കണക്കുകള്‍ പ്രകാരം 39.78 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് അടിവരയിടുന്നു.

കെ ആര്‍ ഹരി ജനയുഗം 080311

1 comment:

  1. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ ബഹുരാഷ്ട്ര റീട്ടെയില്‍ കുത്തകള്‍ക്ക് കടുത്ത പ്രതിരോധം സൃഷ്ടിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായ കസ്റ്റമര്‍ സര്‍വീസ് നെറ്റ്‌വര്‍ക്ക് എന്ന സംഘടനയും അമേരിക്കന്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം മാനേജ്‌മെന്റ് വിദ്യാര്‍ഥികളും നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം തെളിയിക്കപ്പെട്ടത്.

    ReplyDelete