Saturday, March 5, 2011

പാറമേക്കാവ്, കൂടല്‍മാണിക്യം ക്ഷേത്രഭൂമിക്ക് ഉടമസ്ഥാവകാശം

ദേശക്കാരുടെ കാത്തിരിപ്പിന് വിരാമം പാറമേക്കാവ്, കൂടല്‍മാണിക്യം ക്ഷേത്രഭൂമിക്ക് ഉടമസ്ഥാവകാശം

തൃശൂര്‍: വര്‍ഷങ്ങളായി നിയമാനുസൃത രേഖകളില്ലാതിരുന്ന തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിനോടുചേര്‍ന്ന ഭൂമിക്ക് ഉടമസ്ഥാവകാശം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവികസനത്തിന് വഴിതെളിച്ച് 1.42 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ അനുവദിച്ചു. ബ്രഹ്മസ്വം മഠം പുനരുദ്ധാരണത്തിന് ഒരുകോടി അനുവദിച്ചു. ക്ഷേത്ര നവീകരണത്തിനും ഒട്ടേറെ പദ്ധതികള്‍. ക്ഷേത്രം ആചാര്യന്മാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു. ക്ഷേമനിധി ഏര്‍പ്പെടുത്തി. കൂടല്‍മാണിക്യക്ഷേത്രം ദേവസ്വം ഭൂമിയായ 1.42 ഏക്കറില്‍ നിലവില്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭൂമിയാണ് ദേവസ്വത്തിനു വിട്ടുകൊടുത്തത്. നേരത്തെ ഇവിടെ ആറു കോടതികള്‍ പ്രവര്‍ത്തിച്ചിരുന്നു. മിനി സിവില്‍സ്റ്റേഷന്‍ ആരംഭിച്ചതോടെ അഞ്ചു കോടതി അവിടേക്ക് മാറ്റി. നൂറുവര്‍ഷം കോടതിക്ക്വേണ്ടി ഈ ഭൂമി പാട്ടത്തിനു നല്‍കുകയായിരുന്നു. ഭൂമി തിരിച്ചുകിട്ടാന്‍ കൂടല്‍മാണിക്യക്ഷേത്രം ദേവസ്വം ബോര്‍ഡ് വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. 2007ല്‍ ബോര്‍ഡ് നിയമാനുസൃതം പുനഃസംഘടിപ്പിച്ചു. ക്ഷേത്രം വികസനത്തിനുവേണ്ടി ഭൂമി വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചു. ഇതേ ആവശ്യവുമായി വിശ്വാസി സംഘടനകളും രംഗത്തെത്തി. ഇതുകണക്കിലെടുത്ത് ഭൂമി കൂടല്‍മാണിക്യക്ഷേത്രത്തിനു കൈമാറാനും കോടതി അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രണ്ടു നൂറ്റാണ്ടുമുമ്പ് ശക്തന്‍തമ്പുരാന്റെ കാലത്ത് പണികഴിപ്പിച്ച് പാറമേക്കാവ് ക്ഷേത്രത്തിനു സമര്‍പ്പിച്ച ക്ഷേത്രക്കുളം ഉള്‍പ്പെട്ട സ്ഥലത്തിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമസാധുത നല്‍കിയത്. 1.06 ഏക്കര്‍ ക്ഷേത്രക്കുളവും, 4.67 സെന്റ് ഭൂമിയും വര്‍ഷങ്ങളായി ക്ഷേത്രം കൈവശംവച്ച് വരികയാണ്. ദേവസ്വം ഇതിനായി അപേക്ഷനല്‍കിയിരുന്നെങ്കിലും ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. സര്‍ക്കാരിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് 'ക്ഷേത്രാവശ്യത്തിനുമാത്രം' എന്ന ഉപാധിയോടെ പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി കെ പി രാജേന്ദ്രന്‍ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. തൃശൂര്‍ ബ്രഹ്മസ്വം മഠം നവീകരണത്തിന് ഒരു കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. ബ്രഹ്മസ്വം മഠം, തെക്കേമഠം, നടുവില്‍മഠം എന്നിവയുടെ തനിമ നിലനിര്‍ത്തി പുനരുദ്ധരിക്കാന്‍ പദ്ധതി തയ്യാറാക്കാന്‍ മന്ത്രി ഡോ. തോമസ് ഐസക് നിര്‍ദേശിച്ചിരുന്നു. നമ്പൂതിരി സമുദായത്തിന്റെ ചരിത്രരേഖ സൂക്ഷിക്കാന്‍ കഴിയുന്ന മ്യൂസിയം നിര്‍മിക്കാനും നിര്‍ദേശമുയര്‍ന്നിരുന്നു.

deshabhimani 050311

1 comment:

  1. വര്‍ഷങ്ങളായി നിയമാനുസൃത രേഖകളില്ലാതിരുന്ന തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിനോടുചേര്‍ന്ന ഭൂമിക്ക് ഉടമസ്ഥാവകാശം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രവികസനത്തിന് വഴിതെളിച്ച് 1.42 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ അനുവദിച്ചു. ബ്രഹ്മസ്വം മഠം പുനരുദ്ധാരണത്തിന് ഒരുകോടി അനുവദിച്ചു. ക്ഷേത്ര നവീകരണത്തിനും ഒട്ടേറെ പദ്ധതികള്‍. ക്ഷേത്രം ആചാര്യന്മാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിച്ചു. ക്ഷേമനിധി ഏര്‍പ്പെടുത്തി

    ReplyDelete