Saturday, March 5, 2011

പ്രതിപക്ഷത്ത് വനിതകളില്ലാത്ത സഭ

നിയമസഭയില്‍ പ്രതിപക്ഷത്ത് വനിതകളില്ലാത്ത അഞ്ചുവര്‍ഷമാണ് കടന്നുപോയത്. 2006ലെ തെരഞ്ഞെടുപ്പില്‍ മൊത്തം 70 വനിതകള്‍ മത്സരിച്ചപ്പോള്‍ വിജയിക്കാനായത് ഇടതുപക്ഷത്തുനിന്നുള്ള ഏഴുപേര്‍ക്കുമാത്രമായിരുന്നു. ഇവരില്‍ അഞ്ചുപേരും പുതുമുഖങ്ങളായിരുന്നെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ആറുപേര്‍ സിപിഐ എം പ്രതിനിധികളായാണ് സഭയിലെത്തിയത്. പി കെ ശ്രീമതി, കെ കെ ശൈലജ, കെ കെ ലതിക, കെ എസ് സലീഖ, അയിഷാപോറ്റി, ജെ അരുന്ധതി (സിപിഐ എം), ഇ എസ് ബിജിമോള്‍ (സിപിഐ) എന്നിവരായിരുന്നു സഭയിലെ വനിതകള്‍. അതില്‍ പി കെ ശ്രീമതി മന്ത്രിയുമായി.

പ്രധാന പാര്‍ടികളില്‍ കഴിഞ്ഞതവണയും ഏറ്റവും കൂടുതല്‍ വനിതകളെ പരിഗണിച്ചത് സിപിഐ എം തന്നെ. സിപിഐ എമ്മിന്റെ ഒമ്പതുപേര്‍ രംഗത്തിറങ്ങി. ആറുപേര്‍ വിജയിച്ചു. സിപിഐയില്‍നിന്ന് രണ്ടുപേര്‍ മത്സരിച്ചപ്പോള്‍ ഒരാള്‍ വിജയിച്ചു. എന്നാല്‍, കോണ്‍ഗ്രസ് മൂന്ന് വനിതകള്‍ക്കുമാത്രമാണ് ടിക്കറ്റ് നല്‍കിയത്. മൂന്നുപേരും പരാജയപ്പെടുകയും ചെയ്തു. യുഡിഎഫിലെ രണ്ടാംകക്ഷിയായിരുന്ന മുസ്ളിംലീഗ് 23 സീറ്റില്‍ മത്സരിച്ചപ്പോള്‍ ഒരു സീറ്റുപോലും വനിതയ്ക്ക് നല്‍കിയില്ല. മൂന്നാംകക്ഷിയായിരുന്ന മാണി വിഭാഗവും വനിതകളെ പരിഗണിച്ചിരുന്നില്ല.

കേരളത്തില്‍ ഏറ്റവും അധികം വനിതകള്‍ സഭയിലെത്തിയത് '96ലായിരുന്നു. അന്ന് 55 വനിതകള്‍ മത്സരിച്ചതില്‍ 13 പേര്‍ വിജയിച്ചു. 2001ല്‍ 54 വനിതകള്‍ മത്സരിച്ചപ്പോള്‍ എട്ടുപേര്‍ വിജയിച്ചു. '67ലും '77ലും ഓരോ വനിതയാണ് സഭയിലുണ്ടായിരുന്നത്. '57ലെ ആദ്യസഭയില്‍ ആറ് വനിതകളാണ് ഉണ്ടായിരുന്നത്. കെ ആര്‍ ഗൌരിയമ്മ, കെ ഒ അയിഷാബായി, റോസമ്മ പുന്നൂസ്, ലീല ദാമോദരമേനോന്‍, ഒ ടി ശാരദ കൃഷ്ണന്‍, കുസുമം ജോസഫ് എന്നിവരായിരുന്നു ആദ്യസഭയിലെ വനിതകള്‍. ഇതില്‍ കെ ആര്‍ ഗൌരിയമ്മ മന്ത്രിയും കെ ഒ അയിഷാബായി ഡെപ്യൂട്ടി സ്പീക്കറുമായി. കഴിഞ്ഞ സഭയില്‍ 65 പുതുമുഖങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒമ്പതുപേര്‍മാത്രമായിരുന്നു യുഡിഎഫില്‍നിന്ന് ഉണ്ടായിരുന്നത്. ഇടതുപക്ഷത്തെ മുതിര്‍ന്ന നേതാക്കളായ എം എ ബേബി, പി കെ ഗുരുദാസന്‍, സി കെ പി പത്മനാഭന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരടക്കം പുതുമുഖങ്ങളായിരുന്നു. മുന്‍ സഭയിലുണ്ടായിരുന്ന 56 എംഎല്‍എമാര്‍ കഴിഞ്ഞകുറി വീണ്ടും സഭയിലെത്തിയിരുന്നു.

ദേശാഭിമാനി 050311

1 comment:

  1. നിയമസഭയില്‍ പ്രതിപക്ഷത്ത് വനിതകളില്ലാത്ത അഞ്ചുവര്‍ഷമാണ് കടന്നുപോയത്. 2006ലെ തെരഞ്ഞെടുപ്പില്‍ മൊത്തം 70 വനിതകള്‍ മത്സരിച്ചപ്പോള്‍ വിജയിക്കാനായത് ഇടതുപക്ഷത്തുനിന്നുള്ള ഏഴുപേര്‍ക്കുമാത്രമായിരുന്നു. ഇവരില്‍ അഞ്ചുപേരും പുതുമുഖങ്ങളായിരുന്നെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ആറുപേര്‍ സിപിഐ എം പ്രതിനിധികളായാണ് സഭയിലെത്തിയത്. പി കെ ശ്രീമതി, കെ കെ ശൈലജ, കെ കെ ലതിക, കെ എസ് സലീഖ, അയിഷാപോറ്റി, ജെ അരുന്ധതി (സിപിഐ എം), ഇ എസ് ബിജിമോള്‍ (സിപിഐ) എന്നിവരായിരുന്നു സഭയിലെ വനിതകള്‍. അതില്‍ പി കെ ശ്രീമതി മന്ത്രിയുമായി.

    ReplyDelete