Thursday, May 10, 2012

അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി


കലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ ഭൂമിദാനം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിഞ്ചു ഭൂമി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇതേക്കുറിച്ച് അനാവശ്യവിവാദമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ട്രസ്റ്റുകളുടെ പേരില്‍ സര്‍വകലാശാലാഭൂമി കൈമാറാനുള്ള നടപടി അന്വേഷിക്കാനോ ഭൂമിദാനത്തിന് ചുക്കാന്‍ പിടിച്ച വൈസ് ചാന്‍സലറെ നീക്കാനോ സര്‍ക്കാര്‍ ഒരുക്കമല്ല. ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ കെ ജി സെന്ററിന് താന്‍കൂടി ഉള്‍പ്പെട്ട മന്ത്രിസഭയാണ് ഭൂമി അനുവദിച്ചത്. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. മന്ത്രിസഭ കൊടുത്താല്‍ കൊടുത്തതാണ്. കലിക്കറ്റ് സര്‍വകലാശാലയിലെ വിഷയം സമവായത്തില്‍ കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ ആഗ്രഹം.

മുതലമടയില്‍ ഡിസ്റ്റിലറിക്ക് അനുവാദം നല്‍കിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 26നുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കില്‍ 27ന് നികുതി വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നിലവിലുള്ള ലൈസന്‍സ് റദ്ദാക്കി പുതിയ ലൈസന്‍സ് നല്‍കുകയാണ് ചെയ്തത്. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി ചോദിച്ചെങ്കിലും അനുവദിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ എതിര്‍പ്പ് സ്വാഭാവികമാണ്. ഇഷ്ടമുള്ളതുമാത്രം ചെയ്യാന്‍ സര്‍ക്കാരിനാവില്ല. നിയമപ്രകാരം പ്രവര്‍ത്തിക്കുമ്പോള്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടിവരും. വിമര്‍ശിക്കുന്നവരോട് സഹിഷ്ണുതയോടെ മറുപടി പറയും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച എല്ലാ സഹായവും നല്‍കും. ഇതിന്റെ സാമ്പത്തികബാധ്യത പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടംകുളം ആണവനിലയത്തില്‍നിന്ന് വൈദ്യുതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന് കിട്ടാന്‍ അര്‍ഹതയുള്ള വൈദ്യുതിയാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 100512

4 comments:

  1. കലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ ഭൂമിദാനം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരിഞ്ചു ഭൂമി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഇതേക്കുറിച്ച് അനാവശ്യവിവാദമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ട്രസ്റ്റുകളുടെ പേരില്‍ സര്‍വകലാശാലാഭൂമി കൈമാറാനുള്ള നടപടി അന്വേഷിക്കാനോ ഭൂമിദാനത്തിന് ചുക്കാന്‍ പിടിച്ച വൈസ് ചാന്‍സലറെ നീക്കാനോ സര്‍ക്കാര്‍ ഒരുക്കമല്ല. ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    ReplyDelete
  2. ഭൂമി കൊടുത്തുമില്ല..ഭൂമി വാങ്ങിയുമില്ല..
    ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപനം
    നേര് ചികയുന്ന താന്താന്റെ സ്വപ്നം..
    എല്ലാവരും കൂടി ചുമ്മാ നിഷ് ക്കലങ്കന്‍ ആയ ഒരു വി സി യെ
    ചുമ്മാ അനാവശ്യമായി ഓരോന്ന് ആരോപിച്ചു മോശക്കാരന്‍ ആക്കുന്നു
    നിങ്ങള്ക്ക് അന്വേഷണം ആവശ്യപെടാന്‍
    ലജ്ജയില്ലേ ലജ്ജയില്ലേ നിനക്ക് ലജ്ജയില്ലേ..
    എന്നാ ട്യൂണില്‍ വേണം പാടാന്‍
    വി സി എന്ത് ചെയ്തെന്ന ഇത്ര പെരുത്ത്‌ അന്വേഷിക്കാന്‍
    ഭൂമി വെറും നാല്‍പ്പത്തി ആറു ഏക്കെര്‍ നാലോ അഞ്ചോ സന്നദ്ധ സേവന സംഘടനകള്‍ക്ക് കൊടുത്തു.
    കടലാസുകള്‍ എല്ലാം ശരിയാക്കി .കൊടുക്കുന്നതിനു മുന്‍പ് പത്രക്കാര്‍ വിവരം അറിഞ്ഞു..
    അറിഞ്ഞ സ്ഥിതിക്ക് വി സി ഉടനെ പിറകോട്ടു പോന്നു..
    എല്ലാം കത്തിച്ചു ചാമ്പലാക്കി.
    അനേഷണം പോലും അന്വേഷണം..
    എന്നിട്ടും ഇവര്‍ വിടുന്നില്ല..വി സി രാജി വൈക്കണം പോലും..നടന്നത് തന്നെ..ചുമ്മാ വീട്ടില്‍ വിളിച്ചു തന്നതാണോ ഈ വി സി പോസ്റ്റു.നന്നായി വിയര്‍പ്പൊഴുക്കി..കേട്റെണ്ടാവരെ കെട്ടി പൂട്റെണ്ടാവരെ പൂട്ടി കൊടുകെണ്ടാവരെ എല്ലാം വേണ്ട പോലെ കണ്ടു കൊടുത്ത്..മേടിച്ച വി സി പണി കളയാന്‍ പറ്റുമോ

    ReplyDelete
  3. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി കൈമാറാന്‍ ശ്രമിച്ച വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഗവര്‍ണ്ണര്‍ക്ക് നിവേദനം നല്‍കി. സംഭവത്തില്‍ ഇടപെട്ട മന്ത്രിക്കെതിരെയും വിസി, പിവിസി എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സിന്റിക്കേറ്റ് പിരിച്ചുവിടണം. സര്‍വകലാശാല നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയെന്ന് വി എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിനോട് ഗവര്‍ണ്ണര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സി ദിവാകരന്‍,എഎ അസീസ്,എകെ ശശീന്ദ്രന്‍,സികെ നാണു, പി സി തോമസ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.

    ReplyDelete
  4. കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി കൈമാറാന്‍ ശ്രമിച്ച വി സിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെ കരിങ്കൊടി കാട്ടി. എസ്ഇആര്‍ടിയിലെ ജീവനക്കാരെ പിരിച്ചുവിട്ട് ആസ്ഥാനം മലപ്പുറത്തേക്ക് നീക്കാനുള്ള ശ്രമവും ഉപേക്ഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് മര്‍ദ്ദിച്ചു. പൂജപ്പുരയിലെ എസ്ഇആര്‍ടി ഓഫീസില്‍ ഗവേണിങ്ങ് ബോഡി യോഗത്തിനെത്തിയതായിരുന്നു മന്ത്രി. അധ്യാപകപാക്കേജിനോടനുബന്ധിച്ച് അധ്യാപകര്‍ക്ക് 50 ദിവസത്തെ പരിശീലനം നല്‍കുമെന്ന് മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു. താല്‍ക്കാലികജീവനക്കാരെ പിരിച്ചുവിടുന്നതിനെതിരെ ജീവനക്കാര്‍ നടത്തിയ ധര്‍ണ്ണ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ആസ്ഥാനം മാറ്റുന്നതിലൂടെ അഴിമതിയും സ്വജനപക്ഷപാതവും നടത്താനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പണ്‍സ്കൂളിന്റെ പ്രവര്‍ത്തനം താറുമാറാക്കാനാണ് ശ്രമം.

    ReplyDelete