Thursday, May 10, 2012

എപി സുന്നി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം


പട്ടുവം അരിയിലിനടുത്ത വെള്ളിക്കീലില്‍ മുസ്ലിംലീഗ് ഭീകരത. എ പി സുന്നി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. എസ്എസ്എഫ്-എസ്വൈഎസ് നേതാക്കള്‍ക്കുനേരെ ബോംബേറ്. നിരവധി പേര്‍ക്ക് പരിക്ക്. വെള്ളിക്കീല്‍ മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റും എസ്വൈഎസ് പ്രവര്‍ത്തകനുമായ പടിഞ്ഞാറെ പുരയില്‍ ബഷീറിനെ (40)യാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തലയ്ക്കും മുഖത്തുമുള്‍പ്പെടെ വെട്ടേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ തളിപ്പറമ്പ് സഹകരണാശുപത്രിയിലാണ്.

ബുധനാഴ്ച രാവിലെ ഏഴോടെ വെള്ളിക്കീല്‍ കടവിനടുത്തുവച്ചാണ് അക്രമം. വെള്ളിക്കീല്‍ ജുമാമസ്ജിദില്‍ വൈകിട്ട് നിസ്കാരം കഴിഞ്ഞിറങ്ങുമ്പോഴാണ് എസ്വൈഎസ് - എസ്എസ്എഫ് നേതാക്കള്‍ക്കുനേരെ ബോംബെറിഞ്ഞത്. കെ അബൂബക്കര്‍ മൗലവി (36), എം നാസര്‍ മൗലവി (36), കെ മുനീര്‍ (28), പി അബ്ദുള്‍ ബാരി (29) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ അബൂബക്കര്‍ മൗലവി അപകടനില തരണം ചെയ്തിട്ടില്ല. ബോംബേറില്‍ പരിക്കേറ്റ മൂന്നുപേരെ പൊലീസ് പിടികൂടി ലോക്കപ്പിലിട്ടു. ആശുപത്രിയിലെത്തിക്കാമെന്നു പറഞ്ഞ് പൊലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എ പി വിഭാഗം സുന്നികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.

വെള്ളിക്കീല്‍ കടവിനടുത്തെ മുസ്ലിംലീഗ്-ഇ കെ സുന്നികളുടെ നിയന്ത്രണത്തിലുള്ള പള്ളിയുടെ മുന്നില്‍ ബുധനാഴ്ച രാവിലെ ഏഴോടെയാണ് ബഷീറിനു നേരെ വധശ്രമം നടന്നത്. അടുത്തിടെ ഗള്‍ഫില്‍നിന്നെത്തിയ ബഷീര്‍ വീട്ടില്‍ കിണര്‍ നിര്‍മിക്കുന്നതിന് തൊഴിലാളിയെ കൂട്ടാന്‍ പുറപ്പെട്ടതായിരുന്നു. ലീഗ് പഞ്ചായത്ത് സെക്രട്ടറിയും വളക്കൈ മാപ്പിള എല്‍പി സ്കൂള്‍ അധ്യാപകനുമായ ഹമീദിന്റെ നേതൃത്വത്തില്‍ ഫൈസല്‍, ഷെബീര്‍, റഷീദ്, തളിപ്പറമ്പ് മാര്‍ക്കറ്റിലെ കായിപ്പീടിക ഹബീബ് എന്നിവരും കണ്ടാലറിയാവുന്ന മറ്റു നാലുപേരും ചേര്‍ന്നാണ് അക്രമം നടത്തിയത്. ബഷീര്‍ അരമണിക്കൂറോളം രക്തംവാര്‍ന്ന് കിടന്നു. മൊബൈല്‍ ഫോണിലൂടെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ബഷീറിനെതിരെ മുമ്പും ഭീഷണി ഉയര്‍ന്നിരുന്നതായി എസ്വൈഎസ് നേതാക്കള്‍ പറഞ്ഞു. അതിനിടെ എസ്എസ്എഫ് വെള്ളിക്കീല്‍ ശാഖാസെക്രട്ടറി കെ ജുനൈദിനെ തേടി ചൊവ്വാഴ്ച രാത്രി ലീഗുകാര്‍ വീട്ടില്‍ പോയിരുന്നു. ജുനൈദ് ഇല്ലെന്നറിഞ്ഞ് വധഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയത്. ടി വി രാജേഷ് എംഎല്‍എ ബഷീറിനെ സന്ദര്‍ശിച്ചു.

deshabhimani 100512

1 comment:

  1. പട്ടുവം അരിയിലിനടുത്ത വെള്ളിക്കീലില്‍ മുസ്ലിംലീഗ് ഭീകരത. എ പി സുന്നി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം. എസ്എസ്എഫ്-എസ്വൈഎസ് നേതാക്കള്‍ക്കുനേരെ ബോംബേറ്. നിരവധി പേര്‍ക്ക് പരിക്ക്. വെള്ളിക്കീല്‍ മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റും എസ്വൈഎസ് പ്രവര്‍ത്തകനുമായ പടിഞ്ഞാറെ പുരയില്‍ ബഷീറിനെ (40)യാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. തലയ്ക്കും മുഖത്തുമുള്‍പ്പെടെ വെട്ടേറ്റ ഇയാള്‍ ഗുരുതരാവസ്ഥയില്‍ തളിപ്പറമ്പ് സഹകരണാശുപത്രിയിലാണ്.

    ReplyDelete