Thursday, May 24, 2012

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; പുത്തനുടുപ്പില്ലാതെ കുട്ടികള്‍


സംസ്ഥാനത്തെ ഒമ്പതര ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കടലാസില്‍ത്തന്നെ. സര്‍ക്കാരിനെ വിശ്വസിച്ച് യൂണിഫോം വാങ്ങാന്‍ ടെന്‍ഡര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയാക്കിയ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ കുരുക്കിലായി. പതിവായി യൂണിഫോം സൗജന്യമായി വിതരണം ചെയ്തിരുന്ന സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ നല്‍കുമെന്നുകരുതി പിന്മാറിയതിനാല്‍ പുത്തനുടുപ്പില്ലാതെയാകും ഇക്കുറി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം.

സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 4,88,815 വിദ്യാര്‍ഥികള്‍ക്ക് രണ്ടു സെറ്റ് യൂണിഫോം സൗജന്യമായി നല്‍കുമെന്നായിരുന്നു മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. പിന്നീട് എയ്ഡഡ് സ്കൂളിലെ വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. യൂണിഫോം വാങ്ങാനാവശ്യമായ പണം മെയ് 15നുള്ളില്‍ അതത് സ്കൂളുകള്‍ക്ക് നല്‍കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. ഒരു കുട്ടിക്ക് 400 രൂപ നിരക്കില്‍ യൂണിഫോം വാങ്ങാനുള്ള 37.37 കോടി രൂപ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍നിന്നു നല്‍കാനായിരുന്നു പദ്ധതി. ഓരോ സ്കൂളിനോടും അവിടുത്തെ ആവശ്യമനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ച് പര്‍ച്ചേസിന് കരാറുണ്ടാക്കാനും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ആയിരക്കണക്കിന് രൂപ സ്വന്തം ഫണ്ടില്‍നിന്നുചെലവാക്കി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കരാറും ഉറപ്പിച്ചു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി ഉണ്ടായില്ല. എസ്എസ്എയില്‍ ആവശ്യത്തിന് പണമുണ്ടെന്ന വിവരമാണ് കമ്മിറ്റികളുടെ അന്വേഷണത്തില്‍ ലഭിച്ചത്.

പദ്ധതിയില്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ ശേഷം അധികമായി കണ്ടെത്തേണ്ട തുക സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. എയ്ഡഡ് മേഖലയില്‍ ഈ ആവശ്യത്തിന് എസ്എസ്എയുടെ പണം ചെലവഴിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തണം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അധ്യാപക, രക്ഷാകര്‍തൃ സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍തീരുമാനം ഇനിയും വൈകിയാല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ പണം കണ്ടെത്തി യൂണിഫോം വാങ്ങി നല്‍കേണ്ടിവരും.

കാതലിക് മാനേജ്മെന്റ് കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ 75,000 രൂപ

തിരു: സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട്് കാതലിക് എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. പന്ത്രണ്ട് കോളേജുകളിലെ ആറായിരം സീറ്റിലേക്കാണ് പ്രവേശനം. സര്‍ക്കാരിന് വിട്ടുനല്‍കുന്ന 50 ശതമാനം മെറിറ്റ് സീറ്റില്‍ 75,000രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ മൂന്നുലക്ഷംരൂപയാണ്. ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ മുഴുവന്‍സീറ്റിലും സ്വന്തം}നിലയിലായിരുന്നു അവര്‍ പ്രവേശനം }നടത്തിയിരുന്നത്. കഴിഞ്ഞദിവസം കാതലിക് മാനേജ്മെന്റ് ഒഴികെയുള്ള സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലുള്ള 92 കോളേജുകളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഈ കോളേജുകളില്‍ മെറിറ്റ് സീറ്റില്‍ 65,000 രൂപയാണ് ഫീസ്.

deshabhimani 240512

No comments:

Post a Comment