Thursday, May 24, 2012

യുഡിഎഫ്-മാധ്യമ-പൊലീസ്-ഗൂഢാലോചന അവസാനിപ്പിക്കുക: സിപിഐ എം


ചേലക്കര: പാര്‍ടിയുടെ അന്തസ്സിന് ചേരാത്ത പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കിയയാള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പേരില്‍ പാര്‍ടിക്കെതിരെ യുഡിഎഫ്-മാധ്യമ-പൊലീസ് കൂട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഐ എം ചേലക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ടി മൂല്യങ്ങള്‍ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്ഥാനങ്ങള്‍ പണസമ്പാദനത്തിന് ഉപയോഗിക്കുകയും മദ്യപിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതിനാണ് റഫീക്കിനെ രണ്ട് വര്‍ഷം മുമ്പ് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത്. ഇയാള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഐ എമ്മിന് ബന്ധമില്ലെന്ന് ഏരിയാ കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.

ചേലക്കര പൊലീസ് സ്റ്റേഷനിലെ കെഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട റഫീക്കിനെ വാഴ്ത്തപ്പെട്ടവനാക്കുന്ന പ്രവര്‍ത്തനമാണ് യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്നത്. 15ന് ചേലക്കര മേപ്പാടത്തുള്ള ബാറില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് 16ന് നടന്ന ആക്രമണം. ഇതിനെ സിപിഐ എം ഗൂഢാലോചനയും പാര്‍ടി വിട്ടവരെ ഉന്മൂലനം ചെയ്യലായും ചിത്രീകരിച്ച് പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. ചെത്ത് തൊഴിലാളി സഹകരണസംഘത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ അഴിമതി നടത്തിയതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപടിക്ക് വിധേയരായവരെ ചില മാധ്യമങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയില്‍ പ്രതിഷ്ഠിക്കുന്നത് ഇതിന്റെ ഭാഗമായാണ്. റഫീക്കുള്‍പ്പെടെയുള്ളവര്‍ ഏതെങ്കിലും ആശയ-അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായി പാര്‍ടിവിട്ടുപോയവരല്ല. റഫീക്കിന്റെ ക്രിമിനല്‍ സ്വഭാവത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് രാഷ്ട്രീയമാനം നല്‍കുന്നത് പാര്‍ടിയെ വേട്ടയാടുന്നതിനാണ്.

എസ്ഐയെ മര്‍ദിച്ച കേസില്‍ റഫീക്കിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനോ, ഫലപ്രദമായി അന്വേഷണം നടത്തുന്നതിനോ തയ്യാറാവാത്ത പൊലീസ് ഈ സംഭവത്തിന്റെ മറവില്‍ പാര്‍ടി നേതാക്കള്‍ക്ക് എതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസെടുക്കുകയാണ്. ഈ സംഭവങ്ങള്‍ പാര്‍ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കി എന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം പാര്‍ടി ഏരിയാ കമ്മിറ്റി തള്ളിക്കളയുന്നു. പാര്‍ടിയെ തകര്‍ക്കാനുള്ള ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഏരിയ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

deshabhimani 240512

No comments:

Post a Comment