Friday, May 11, 2012

ഉമ്മന്‍ചാണ്ടി നുണ പറയുന്നു: എ കെ ബാലന്‍


വൈദ്യുതി പ്രസരണ-വിതരണ ശൃംഖല നവീകരിക്കാനുള്ള പദ്ധതിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയതില്‍ അഴിമതി ആരോപിച്ചാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി കത്തു നല്‍കിയതെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ആരോപണമുന്നയിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് കള്ളമാണ്. യോഗ്യരായ കമ്പനികളെ ഒഴിവാക്കിയാണ് കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കരാര്‍ റദ്ദാക്കി അന്വേഷണം നടത്തണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ കത്തില്‍ ആവശ്യപ്പെട്ടതെന്ന് ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ കള്ളപ്രചാരണത്തിന്റെ ഭാഗമായാണ് കരാര്‍ റദ്ദാക്കിയത്. ഊര്‍ജ-നിയമ-ധന മന്ത്രാലയത്തിന്റെ അനുമതിയോടെ സുതാര്യമായി എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയശേഷമാണ് കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയത്. കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന് 240 കോടി രൂപ അനുവദിച്ചത് കൃത്യമായി പരിശോധിച്ചശേഷമാണ്. ഈ തീരുമാനം ചോദ്യംചെയ്താണ് ഉമ്മന്‍ചാണ്ടി കത്തയച്ചത്. യോഗ്യരായവരെ മറികടന്ന് ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പറത്തി കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍, കരാര്‍ റദ്ദാക്കിയതിനെതിരെ കൊറിയന്‍ കമ്പനി ഹൈക്കോടതിയില്‍ കേസ് നല്‍കിയപ്പോള്‍ കരാര്‍ ലഭിക്കാത്ത മറ്റു കമ്പനികള്‍ കക്ഷി ചേര്‍ന്നില്ല. ഉമ്മന്‍ചാണ്ടിയും തന്റെ വാദം കോടതിയില്‍ ഉന്നയിച്ചില്ല. കള്ളം പ്രചരിപ്പിച്ച് വൈദ്യുതിവികസനം അട്ടിമറിച്ച ഉമ്മന്‍ചാണ്ടി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുതലമടയില്‍ ഡിസ്റ്റിലറിക്ക് അനുമതി നല്‍കിയത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാതെയും ജലലഭ്യത ഉറപ്പുവരുത്താതെയുമാണെന്ന് ബാലന്‍ പറഞ്ഞു. ഡിസ്റ്റിലറിയുടെ ശേഷി ഇരട്ടിയായി വര്‍ധിപ്പിച്ചാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. ചട്ടങ്ങള്‍ ഭേദഗതിചെയ്ത് തിരക്കിട്ട് ഡിസ്റ്റിലറി അനുവദിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 110512

1 comment:

  1. വൈദ്യുതി പ്രസരണ-വിതരണ ശൃംഖല നവീകരിക്കാനുള്ള പദ്ധതിയുടെ കരാര്‍ കൊറിയന്‍ കമ്പനിക്ക് നല്‍കിയതില്‍ അഴിമതി ആരോപിച്ചാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി കത്തു നല്‍കിയതെന്ന് മുന്‍ വൈദ്യുതി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ആരോപണമുന്നയിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് കള്ളമാണ്. യോഗ്യരായ കമ്പനികളെ ഒഴിവാക്കിയാണ് കൊറിയന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കരാര്‍ റദ്ദാക്കി അന്വേഷണം നടത്തണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ കത്തില്‍ ആവശ്യപ്പെട്ടതെന്ന് ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete